Image

ന്യുമോണിയക്കു മരുന്ന് മന്ത്രവാദം; മൂന്നു മാസം പ്രായമായ കുഞ്ഞു മരിച്ചു (ദുർഗ മനോജ്)

Published on 04 February, 2023
ന്യുമോണിയക്കു മരുന്ന് മന്ത്രവാദം; മൂന്നു മാസം പ്രായമായ കുഞ്ഞു മരിച്ചു (ദുർഗ മനോജ്)

വാർത്ത മധ്യ പ്രദേശിൽ നിന്നാണ്. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ന്യുമോണിയ ബാധിച്ചു. തുടർന്ന് രോഗം മാറാൻ കുഞ്ഞിനെ എത്തിച്ചത് മന്ത്രവാദിയുടെ മുന്നിൽ. മന്ത്രവാദി വേഗം മരുന്നു നിശ്ചയിച്ചു. പഴുപ്പിച്ച ലോഹ ദണ്ഡ് കൊണ്ട് കുഞ്ഞിൻ്റെ വയറ്റിൽ കുത്തുക! ഒരു തവണയല്ല, 51 തവണ. ഏതായാലും, മധ്യപ്രദേശിലെ ഷാഡോൾ എന്ന ഗോത്രമേഖലയിൽ ക്രൂരതയ്ക്ക് ഇരയായ കുഞ്ഞ് മരിച്ചു. ഗുരുതരാവസ്ഥയിൽ ആ കുഞ്ഞ് പതിനഞ്ചു ദിവസം നരകിച്ച ശേഷം മരണപ്പെട്ടു. മന്ത്രവാദം ചെയ്ത സ്ത്രീക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തയിൽ നിന്നും അല്പം കൂടി യാഥാർത്ഥ്യബോധത്തോടെ പ്രശ്നത്തെ അവലോകനം ചെയ്യാം. എന്താണ് യഥാർത്ഥ ചിത്രം?
കൃത്യമായ വൈദ്യസഹായം കിട്ടാത്ത, നിറയെ അന്ധവിശ്വാസം സൂക്ഷിക്കുന്ന മനുഷ്യരുടെ നാട്ടിൽ അവർക്ക് ആശ്രയം മന്ത്രവാദികളാണ്. അവരിൽ ആണ് വിശ്വാസം. ആധുനിക ലോകം ആദിവാസികളോട് ഇക്കാലമത്രയും കാണിച്ചതും വിശ്വാസ വഞ്ചനയാണല്ലോ. അവിടെ നിന്നും ഗ്രാമത്തിൻ്റേയും ഉള്ളിൽ ആദിവാസി ഊരുകളിലേക്ക് ആരാണു ചെല്ലുക സേവനത്തിനായി? ഊരിൽ നിന്നും പുറത്തു വന്ന് വൈദ്യസഹായം തേടാനും പണം വേണം.
അപ്പോൾ, അവരെ സംബന്ധിച്ച് ഏറ്റവും എളുപ്പം, ഒരു മന്ത്രവാദിയെ സമീപിക്കുക എന്നതാണ്. അവരതാണ് ചെയ്തത്.
മന്ത്രവാദം ചെയ്തവരും ഇവരിൽ നിന്നും വ്യത്യസ്തരല്ല. ഒരേ പരിസ്ഥിതിയിൽ ദാരിദ്ര്യത്തിൽ കഴിയുന്നവർ. തണുപ്പിൻ്റെ അസുഖത്തിന് ചൂട് വെയ്ക്കൽ മരുന്ന്!
ഈ അവസ്ഥ മാറണമെങ്കിൽ, കതിരിൽ വളം വെയ്ക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യ, ബഹുസ്വരതയുടെ നാടാണ്. ഇന്ത്യയുടെ വികസനം എന്നാൽ ഇന്ത്യയുടെ ഗ്രാമങ്ങളിലെ അടിസ്ഥാന കാര്യങ്ങളിലെ വികസനം എന്നാണ്. അത് എന്ന് നമുക്ക് സാക്ഷാത്ക്കരിക്കാൻ സാധിക്കുമോ അന്ന് നമുക്ക്, ഈ മന്ത്രവാദ ചികിത്സ അന്നും തുടരുന്നെങ്കിൽ നമുക്കു പറയാം അതു വ്യക്തികളുടെ തെറ്റാണെന്ന്. ഇല്ലെങ്കിൽ ഓർക്കാം ഇത് നമ്മുടെ തെറ്റാണ്. നമ്മൾ തന്നെയാണ് അജ്ഞതയിൽ നിന്നുണ്ടാകുന്ന ഇത്തരം മരണങ്ങൾക്കു കാരണം.
ലജ്ജിക്കാം നമുക്ക്.

# Medicine spell for pneumonia

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക