Image

ജെൻഡർ ന്യൂട്രൽ കാലത്തെ പെണ്ണെഴുത്ത് (വിജയ് സി.എച്ച്)

Published on 14 March, 2023
ജെൻഡർ ന്യൂട്രൽ കാലത്തെ പെണ്ണെഴുത്ത് (വിജയ് സി.എച്ച്)

സാമൂഹികവും, ഭാഷാപരവും, നയപരവുമായ കാര്യങ്ങളിൽ ആണെന്നോ, പെണ്ണെന്നോ, ട്രാൻസ്ജെൻഡറെന്നോ ഉള്ള വിവേചനമരുതെന്ന വിശാലമായ കാഴ്ച്ചപ്പാടാണ് ജെൻഡർ ന്യൂട്രാലിറ്റി, അല്ലെങ്കിൽ ലിംഗ നിഷ്പക്ഷത. ഈ സമഭാവനകൊണ്ടു പൊതുവെ ഉദ്ദേശിക്കുന്നത് പക്ഷപാത രഹിതമായി എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുക എന്നതാണ്.  
ആൺപെൺ തരംതിരിവുകൾ കഴിയുന്നത്ര കുറച്ചുകൊണ്ടുവരുവാൻ ലോകരാഷ്ട്രങ്ങൾ പ്രവർത്തിച്ചു വരുന്നതിനിടയിലാണ് പെണ്ണെഴുത്തെന്നൊരു ചിന്താധാര കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭാഷാപരമായ വിവേചനം ദൂരീകരിക്കാനാണ് അന്തർദേശീയമായ പരിശ്രമങ്ങളേറെ നടക്കുന്നതെന്ന യാഥാർത്ഥ്യത്തിനുമേൽ പെണ്ണെഴുത്തൊരു വിപരീതസത്യമായി നിലകൊള്ളുന്നു.  
കോളേജ് അധ്യാപനത്തിൽ നിന്ന് ഈയിടെ വിരമിച്ച പ്രശസ്ത കവി ഡോ. ഇ. സന്ധ്യ ഈ വൈജ്ഞാനിക മേഖലയിലെ ഒട്ടനവധി സമസ്യകൾക്ക് ഉത്തരം നൽകുന്നു... 
🟥 ജെൻഡർ ന്യൂട്രൽ എന്ന ആശയം 
സമൂഹത്തിലെ വിവിധ തുറകളിൽ ആൺപെൺ അസമത്വം ഇല്ലാതാക്കുന്നതിൻ്റെ ചെറിയൊരു തുടക്കം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈയിടെ ആരംഭിച്ച ജെൻഡർ ന്യൂട്രൽ വസ്ത്രധാരണം. എന്നാൽ, ഭാഷയിൽ കണ്ടുവരുന്ന ലിംഗഭേദം ആണിനേയും പെണ്ണിനേയും പ്രത്യക്ഷത്തിൽ തന്നെ വേർതിരിയ്ക്കുന്നു. ജെൻഡർ ന്യൂട്രൽ എന്ന ആശയത്തിനു യോജിക്കാത്ത ജോലിപ്പേരുകളും, സ്ഥാനപ്പേരുകളും ഉപേക്ഷിയ്ക്കാൻ നാം തയ്യാറാവുകയും, പകരം സ്ത്രീപുരുഷന്മാരെ പൊതുവായി സംബോധന ചെയ്യാവുന്ന പദങ്ങൾ കണ്ടെത്തുകയുമാണെങ്കിൽ, ഭാഷാശാസ്‌ത്രപരമായ സമാനത്വത്തിന് സാധ്യത തെളിയുന്നു. 


🟥 ന്യൂട്രൽ വാക്കുകൾ യഥേഷ്ടമുണ്ടോ? 
ഉചിതമായ പദങ്ങളുടെ ദൗർലഭ്യതയായിരിയ്ക്കാം ഭാഷാപരമായ ലിംഗ നിഷ്പക്ഷതയ്ക്ക് തടസ്സം നിൽക്കുന്ന ഏറ്റവും വലിയ സംഗതി. അധ്യാപകനും അധ്യാപികയും, ഗായികയും ഗായകനും, നായകനും നായികയും, കാമുകിയും കാമുകനും പോലെ വേർതിരിച്ചുള്ള പരശ്ശതം വാക്കുകൾ ഉപയോഗിച്ചു ശീലിച്ചവരാണ് നാം. വിദ്യ അർത്ഥിയ്ക്കുന്ന ആൺകുട്ടിയും പെൺകുട്ടിയും വിദ്യാർത്ഥിയാണ്, അങ്ങനെയെങ്കിൽ വിദ്യാർത്ഥിനിയെന്തിന്? കവിതയെഴുതുന്ന വനിതയേയും കവിയെന്നു വിളിയ്ക്കാം, അപ്പോൾ കവയിത്രി വേണോ? അധ്യാപനം ചെയ്യുന്നവരെ ആൺപെൺ വ്യത്യാസമില്ലാതെ ഗുരുവെന്നു സംബോധന ചെയ്യാം, പക്ഷെ അധ്യാപകർ ഗുരുതുല്യരാണോ എന്നൊരു ചോദ്യം അവിടെ അവശേഷിയ്ക്കുന്നു. നഗരസഭ ഭരിയ്ക്കുന്നയാൾ അധ്യക്ഷനുമല്ല, അധ്യക്ഷയുമല്ല, എന്നാൽ ചെയർമാനോ ചെയർപേഴ്സണോ ആകുന്നു. പേഴ്സൺ എന്ന ആംഗലേയ പദത്തിന് ലിംഗഭേദമില്ലാത്തതിനാൽ ഭരണ നേതൃത്വത്തിലുള്ള വ്യക്തിയ്ക്ക് സ്ത്രീപുരുഷഭേദമന്യേ ഈ സ്ഥാനനാമം അനുയോജ്യമാണ്. പക്ഷെ, നാമതു ചെയ്യുന്നില്ല. ഗായകനെന്നോ ഗായികയെന്നോ പറയാതെ, മ്യൂസിഷ്യൻ എന്ന പൊതു ഇംഗ്ളീഷ് നാമത്തിൽ അഭയം തേടുന്ന പുതു രീതിയും ഇവിടെ വിജയം കണ്ടില്ല. വിവേചനത്തിന് ശിലായുഗത്തോളം പഴക്കമുള്ള ഇത്തരം മേഖലകളിൽ വിപ്ലവകരമായൊരു പരിവർത്തനം അനിവാര്യമാണ്. ജെൻഡർ ന്യൂട്രൽ പദങ്ങൾ യഥേഷ്ടമില്ലെന്ന യാഥാർത്ഥ്യത്തെക്കാൾ സങ്കീർണമായൊരു വാദമുഖവുമാണിത്. 


🟥 പെണ്ണെഴുത്ത് പിറക്കുന്നു 
ഫ്രഞ്ച് സാമൂഹിക സൈദ്ധാന്തികയും എഴുത്തുകാരിയുമായിരുന്ന സിമോൺ ഡി ബ്യൂവോയർ 1949-ൽ രചിച്ച 'ദ സെക്കൻഡ് സെക്സ്' എന്ന കൃതിയാണ് ലോകത്തെ പ്രഥമ സ്ത്രീപക്ഷ പുസ്തകമായി അറിയപ്പെടുന്നത്. എന്നാൽ, ഉന്നത വിദ്യാഭ്യാസത്തിനോ, ഉദ്യോഗത്തിനോ, രാഷ്ട്രീയ ഇടപെടലുകൾക്കോ സ്ത്രീയ്ക്കു താൽപര്യമില്ലെന്നും, ഗാർഹികമായ കാര്യങ്ങളിൽ തന്നെ അവൾ സംതൃപ്തയാണെന്നുമുള്ള സാമൂഹിക ധാരണ അബദ്ധമാണെന്ന് അമേരിക്കൻ എഴുത്തുകാരി ബെറ്റി ഫ്രീഡൻ തൻ്റെ 'ദി ഫെമിനിൻ മിസ്റ്റിക്' എന്ന പുസ്തകത്തിൽ തുറന്നെഴുതി. 1963-ൽ പ്രസിദ്ധീകരിച്ച പുസ്തകം ബെസ്റ്റ് സെല്ലറായി മാറിയതോടെ സ്ത്രീപക്ഷ ചിന്തകൾക്ക് ലോകമെമ്പാടും ഒരു പുത്തൻ ഉണർവ് ലഭിച്ചു. പക്ഷെ, ആൾജീരിയയിൽ ജനിച്ച ഫ്രഞ്ച് സാഹിത്യകാരി ഹെലീൻ സിക്സസ് എന്നവരാണ് 1975-ൽ എഴുതിയ 'ദ ന്യൂലി ബോൺ വുമെൻ' എന്ന പ്രബന്ധത്തിൽ സ്ത്രീയുടെ എഴുത്തനുഭവമെന്തെന്ന് ആദ്യമായി തരം തിരിച്ചു പറഞ്ഞത്. ഇങ്ങ് കേരളത്തിൽ, 'ആലാഹയുടെ പെൺമക്കൾ' എഴുതിയ സാറാ ജോസഫിൻ്റെ 'പാപത്തറ' എന്ന കഥാസമാഹാരത്തിന് കവി സച്ചിദാനന്ദൻ 2011-ൽ എഴുതിയ ആമുഖത്തിൽ, പുസ്തകത്തിലെ 11 കഥകളെയും അദ്ദേഹം പൊതുവെ വിശേഷിപ്പിച്ചത് 'പെണ്ണെഴുത്ത്' എന്ന ഒരൊറ്റ ലളിതമായ വാക്കുകൊണ്ടായിരുന്നു. ഹാ, കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഈ പ്രയോഗം സമകാലിക മലയാള സാഹിത്യത്തിലെ ഒരു ദൈനംദിന വ്യവഹാരമായി മാറുകയായിരുന്നു! 
🟥 പെണ്ണെഴുത്തിനു മുമ്പെ 
മറ്റു മേഖലകളിലേതു പോലെ എഴുത്തിലും പുരുഷാധിപത്യം നിലനിൽക്കുന്നതിനാൽ സ്ത്രീകൾക്ക് വേണ്ടത്രയിടം ലഭിയ്ക്കാതിരിക്കുകയും, അതേ സമയം കൂടുതൽ പെണ്ണുങ്ങൾ എഴുത്തിലേയ്ക്കു വരികയും ചെയ്ത സാഹചര്യത്തിലാവണം പെണ്ണെഴുത്തെന്ന പദത്തിന് കൂടുതൽ പ്രസക്തി ലഭിച്ചത്. എന്നാൽ, ഈ സംജ്ഞ പ്രയോഗത്തിൽ വരുന്നതിനു എത്രയോ മുമ്പു തന്നെ മലയാളത്തിൽ സ്ത്രീപക്ഷ രചനകൾ ധാരാളമുണ്ടായിരുന്നു. പക്ഷെ, അവയ്ക്ക് പെണ്ണെഴുത്തെന്ന പ്രത്യേക മേൽവിലാസക്കുറി പതിക്കപ്പെട്ടിട്ടില്ല. 1944-ൽ ആരംഭിച്ച 13 കൊല്ലത്തിനുള്ളിൽ 13 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സരസ്വതിയമ്മ പുരുഷാധീശ വ്യവസ്ഥയെ തൻ്റെ കൃതികളിലൂടെ നിരന്തരം ചോദ്യം ചെയ്തു. അവരുടെ 'പെൺബുദ്ധി'യും, 'പുരുഷന്മാരില്ലാത്ത ലോക'വും നവോത്ഥാനകാല രചനകളായിത്തന്നെ വിലയിരുത്തപ്പെടേണ്ടതാണ്. ചങ്ങമ്പുഴ കൃഷ്ണപിള്ള 'വാഴക്കുല' എഴുതിയ കാലഘട്ടമായിരുന്നു അത്. ലോകത്തെ പ്രഥമ സ്ത്രീപക്ഷ പുസ്തകമായ 'ദി സെക്കൻഡ് സെക്സ്' രചിക്കപ്പട്ടതു തന്നെ സരസ്വതിയമ്മയുടെ 'സീതാഭവനം' എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടതിനു പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ്! സ്വസമുദായത്തിലെ അനാചാരങ്ങൾക്കെതിരെ വീറോടെ പോരാടിയ ലളിതാംബിക അന്തർജനത്തെയും, സ്ത്രൈണ വിചാരങ്ങൾക്ക് പുതു മാനങ്ങൾ നൽകിയ ബാലാമണിയമ്മയെയും, ഭാവതീവ്രമായ കഥകളെഴുതിയ രാജലക്ഷ്മിയെയും, സാമൂഹിക-പാരിസ്ഥിതിക ഇടപെടലുകൾ വരെ നടത്തിയ സുഗതകുമാരിയെയും പെണ്ണെഴുത്തിൻ്റെ പരിമിതിയിൽ തളച്ചിടാനാകുമോ? 


🟥 എന്തുകൊണ്ട് പെണ്ണെഴുത്ത്? 
പുരുഷൻ്റെ അനുഭവമല്ല സ്ത്രീയുടേത്. സ്ത്രീക്കു മാത്രം അനുഭവിക്കാനാകുന്ന പലതുമുണ്ട്. ആർത്താവാനുഭവങ്ങൾ, ഗർഭധാരണം, പ്രസവം, മുലയൂട്ടൽ മുതലായവയെക്കുറിച്ചു പുരുഷനെത്ര ശ്രമിച്ചാലും അതേ ആഴത്തിൽ, അതേ തീവ്രതയിൽ എഴുതാനാകില്ല. മാതൃത്വ സംബന്ധമായതു മാത്രമല്ല, പ്രണയവും ലൈംഗികതയും സ്ത്രീക്കും പുരുഷനും രണ്ടനുഭവങ്ങളാണ്. ഒരു സ്ത്രീ എങ്ങനെയാണ് ഇവ അനുഭവിക്കുന്നത് എന്നെഴുതേണ്ടത് അവൾ തന്നെയാണ്. അതിനാലാണ് പെണ്ണെഴുത്ത് സാധൂകരിക്കപ്പെടുന്നത്. 
🟥 ആണിൻ്റെ പെണ്ണെഴുത്ത് ഉപരിപ്ലവം 
സ്ത്രീയുടെ അനുഭവങ്ങൾ പുരുഷനെഴുതിയാൽ അത്  ഉപരിപ്ലവമാവുന്നതെങ്ങനെയെന്നു നിരൂപിയ്ക്കാൻ 1973-ൽ തോപ്പിൽ ഭാസി സംവിധാനം ചെയ്ത 'ഏണിപ്പടികൾ' എന്ന ചലച്ചിത്രത്തിലെ 'പ്രാണനാഥനെനിയ്ക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ...' എന്നു തുടങ്ങുന്ന ഗാനം മാത്രമൊന്ന് പരിശോധിച്ചാൽ മതി. ഒരു സ്ത്രീയുടെ അനുഭവം ഒരു പുരുഷൻ വർണ്ണിയ്ക്കുകയാണ് മാധുരിയുടെ ശബ്ദത്തിൽ. സ്വാതിതിരുനാളിൻ്റെ ഗുരുവും സംഗീത സദസ്സിലെ പ്രതാഭാശാലിയുമായിരുന്ന ഇരയിമ്മൻ തമ്പിയാണ് ഗാനരചയിതാവ്. കേവലം ശരീരാധിഷ്ഠിതമായ ഈ ലൈംഗികാനുഭവം ആ സ്ത്രീയുടേതല്ല. അത് ഇരയിമ്മൻ തമ്പി അവൾക്കുമേൽ ആരോപിച്ചതാണ്. ഈ ഗാനത്തിൽ ശരീരത്തിൻ്റെ ആഹ്ളാദം മാത്രമാണ് വിസ്തരിയ്ക്കുന്നത്. ഇത്തരമൊരു ലൈംഗിക വേഴ്ചയെക്കുറിച്ച് ഒരു സ്ത്രീ പാടുകയേയില്ല! കാരണം, ലൈംഗികതയിൽ ഒരു സ്ത്രീയ്ക്ക് മനസ്സാണ് മുഖ്യം, അതിനു ശേഷമേ ശരീരമുള്ളൂ. മനസ്സിലൂടെ ശരീരത്തിലെത്തുമ്പോഴാണ് സ്ത്രീ സുരതത്തിൽ ലയിക്കുന്നത്. അതിനാൽ അതിൻ്റെ ദൈർഘ്യവും കൂടുതലാണ്. കാമസൂത്രത്തിൽപ്പോലും ഒരു സ്ത്രീയെ മാനസികമായി ലൈംഗിക വേഴ്ചയ്ക്കു സജ്ജമാക്കേണ്ടതിൻ്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്. ഇത് കേവലമായ ബാഹ്യകേളികൾക്ക് അതീതമാണ്. ഇരയിമ്മൻ തമ്പിയുടെ വരികളിൽ ഇങ്ങനെ വല്ലതുമുണ്ടോ? 


🟥 'മോഹിനിയാട്ടം -- ഒരു ട്രാൻസ്ജെൻഡർ ഭാഷ' 
പുരുഷ മനസ്സിനെ സ്ത്രീ ശരീരത്തിലേയ്ക്ക് പരാവർത്തനം ചെയ്യുമ്പോൾ വൈകല്യങ്ങളും കൃത്യവിലോപവും വന്നുപെടുന്നുവെന്ന തിരിച്ചറിവിൽ നിന്നു ജന്മം കൊണ്ടതാണ് എൻ്റെ ഏറെ വായിക്കപ്പെട്ട 'മോഹിനിയാട്ടം -- ഒരു ട്രാൻസ്ജെൻഡർ ഭാഷ' എന്ന കവിത. നമ്മുടെ തനതു നൃത്തത്തിൻ്റെ ലാസ്യച്ചുവടുകൾക്ക് ഉപയോഗിക്കുന്ന ചില പ്രശസ്ത  നൃത്തപദങ്ങളുണ്ട്. സ്വാതി തിരുനാൾ രചിച്ചതാണ് അവയിൽ മിക്കതും. പ്രണയവും വിരഹവുമാണല്ലോ മോഹിനിയാട്ടത്തിൻ്റെ സ്വത്വം. കൈശികീവൃത്തിയിൽ ആവിഷ്കരിക്കപ്പെടുന്നത് രസരാജനായ ശൃംഗാരമാണ്. എന്നാൽ, ആട്ടത്തെ മോഹനമാക്കുന്ന നൃത്തപദങ്ങളിലെ സാഹിത്യമൊന്നു പരിശോധിച്ചാൽ അയുക്തമായ സ്ഥിതിഭേദങ്ങൾ തെളിഞ്ഞു കാണാം. ഈ നൃത്തശാഖയുടെ അവതാരകർ സ്ത്രീകളാണെങ്കിലും, വശ്യനടനത്തിനാവശ്യമായ പദങ്ങളും, വർണ്ണങ്ങളും, തില്ലാനകളും ചിട്ടപ്പെടുത്തിയതത്രയും പുരുഷന്മാർ! കാമദേവൻ്റെ അമ്പു കൊള്ളൽ മാത്രമാണ് നായികയുടെ പ്രണയാനുഭവം. മനസ്സിൻ്റെ സൂക്ഷ്മ തലങ്ങളിലേയ്ക്ക് നൃത്തപദങ്ങളൊന്നും കടന്നു ചെല്ലുന്നില്ലയെന്നത് മോഹിനിയാട്ട നർത്തകികൂടിയായ എൻ്റെ വ്യക്തിഗത അനുഭവവുമാണ്. സ്ത്രീശരീരത്തിൽ പുരുഷനാണ് നൃത്തമാടുന്നത്. സംശയമുണ്ടോ, 'ബലിഷ്ഠവും ദൃഢവുമായ ആണുടലിൽ ചേരാത്ത ആർദ്ര മനസ്സിൻ്റെ കുടിയിറക്കമാണ്' മോഹിനിയാട്ടം! അസന്ദിഗ്‌ദ്ധമാണ്, ഇതൊരു ട്രാൻസ്ജെൻഡർ ഭാഷ. 'കാമത്തിൻ്റെ വാക്കുകൾ പ്രണയമഷിയിൽ മുക്കി കവിതയായി പകർത്തലാണ്, ഞരമ്പുകളെ മാത്രം ത്രസിപ്പിക്കുന്ന വികാരങ്ങളിൽ നിന്നൊരു വീണക്കമ്പി മുറിച്ചെടുത്ത് ഹൃദയത്തോടു ചേർത്തുവെച്ചു മീട്ടലാണ്, താപത്തിൻ്റെ ആവേഗങ്ങളെ ചന്ദനലേപനത്താൽ തണുപ്പിക്കലാണ്, നട്ടുച്ച വെയിലുപോലെ കത്തുന്ന കാമനകളെ പനിമതിച്ചാറിനാൽ കുളിർപ്പിക്കലാണ്, പരിധിയില്ലാത്ത ശരീരത്തിൻ്റെ പാച്ചിലുകളെ വൃത്തങ്ങളിലേയ്ക്ക് ഒതുക്കലാണ്, വന്യതയുടെ താണ്ഡവങ്ങളിൽ നിന്ന് സൗമ്യതയുടെ ലാസ്യങ്ങളിലേയ്ക്കുളള പ്രയാണമാണ്, കാടുകുലുക്കി വിറപ്പിയ്ക്കുന്ന കൊമ്പനെ ശാദ്വലഭൂമികളിലേയ്ക്ക് തിരിപ്പിക്കലാണ്...' 
🟥 പെണ്ണെഴുത്ത് വിപ്ലവം 
കൂട്ടുകുടുംബങ്ങളോടു വിട ചൊല്ലി, സമൂഹം അണുകുടുംബ ഘടനയിലേയ്ക്കു നീങ്ങിയപ്പോൾ സ്ത്രീകൾ പൂർവാധികം സ്വതന്ത്രരായി. ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ ഏബ്രഹാം മാസ്ലോവ് മുന്നോട്ടു വെച്ചതു പോലെ, മനുഷ്യൻ്റെ അഞ്ചു ശ്രേണികളിലുള്ള ആവശ്യങ്ങൾ പെണ്ണുങ്ങൾക്കും വകവെച്ചു കിട്ടാൻ തുടങ്ങി. അദ്ദേഹത്തിൻ്റെ 'എ തിയറി ഓഫ് ഹ്യൂമൻ  മോട്ടിവേഷൻ' ഏറ്റവുമധികം പ്രചോദിപ്പിച്ച മേഖലകളിലൊന്ന് കേരളത്തിലെ സ്ത്രീപക്ഷ സാഹിത്യ ലോകമായിരുന്നു. തങ്ങളുടെ വ്യക്ത്യാധിഷ്ഠിതമായ പ്രശ്നങ്ങളെ കൂടുതൽ അടുത്തു കാണാനും ഇഴ പിരിയ്ക്കാനും പെണ്ണുങ്ങൾ പ്രാപ്തി നേടി. എഴുത്തിലെ ചട്ടക്കൂടുകളും, അസ്വാതന്ത്ര്യങ്ങളും നീങ്ങിത്തുടങ്ങി. സ്വഭാവികമായും ധാരാളം എഴുത്തുകാരികളുണ്ടായി, അവരുടെ രചനകളുമുണ്ടായി. ശരീരത്തിൻ്റെ ആനന്ദങ്ങളെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ കഥകളിൽ നിന്ന് പ്രേരണ ഉൾക്കൊള്ളാനുള്ള നിർഭയത്വം പെണ്ണെഴുത്തുകാരികൾ കാണിച്ചു. പക്ഷെ, പുന്നയൂർക്കുളത്തുകാരി തുറന്നു കൊടുത്ത അനന്ത സാധ്യതകളെ ശരീരസുഖത്തിനപ്പുറം കൊണ്ടുപോകുവാൻ പലർക്കും കഴിഞ്ഞില്ല. പുരുഷനു സമാനമല്ല സ്ത്രീയുടെ ശാരീരികാഹ്ളാദങ്ങൾ എന്നു തിരിച്ചറിഞ്ഞിട്ടും സമഗ്രമായ ആവിഷ്കാരങ്ങളൊന്നും വൻ തോതിൽ നടന്നില്ല. മറുഭാഗത്ത് പെണ്ണെഴുത്തുകാരികൾ സ്വന്തം ഉടലിനെക്കുറിച്ചും തൃഷ്ണകളെക്കുറിച്ചും മാത്രമല്ല, അവർ മോഹിയ്ക്കുന്ന, അവരെ മോഹിപ്പിയ്ക്കുന്ന ആണുടലുകളെക്കുറിച്ചുമുള്ള തുറന്നെഴുത്തിനു പേടിയില്ലാത്തവരായി. സ്ത്രീയുടലുകളെക്കുറിച്ച് പുരുഷന്മാർ അവരുടെ കാഴ്ചപ്പാടിൽ മുന്നെ എഴുതിയിരുന്നുവെങ്കിലും, മറിച്ചുണ്ടായിരുന്നില്ലല്ലൊ! സ്ത്രീയുടെ ലൈംഗികാഭിനിവേശവും മൂടിവെച്ച തൃഷ്ണകളും അതിൽ സ്വാഭാവികമായി ഭാഗഭാക്കാവുന്ന പുരുഷശരീരവും അവളുടെ കാഴ്ചപ്പാടിൽ വരച്ചിടുവാൻ ആരംഭിച്ചതായിരിയ്ക്കും ഒരു പക്ഷെ പെണ്ണെഴുത്തുകാരികൾ തുടങ്ങിവെച്ച സാഹിത്യവിപ്ലവം! 
🟥 മാനവ വൈകാരികത മാറുന്നില്ല 
താളിയോലയിലെ വട്ടെഴുത്തായ 'രാമചരിത'മാണ് ആദ്യത്തെ കൃതിയായി വിലയിരുത്തപ്പെടുന്നതെങ്കിൽ, മലയാള സാഹിത്യത്തിന് 800-ലേറെ വർഷത്തെ ചരിത്രമുണ്ട്. ജ്ഞാനപീഠമാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമെങ്കിൽ, അത് ആദ്യം നേടിയത് ഒരു മലയാള കൃതിയാണ്. ഇന്ത്യയിലെ അഞ്ചു ശ്രേഷ്ഠഭാഷകളിലൊന്ന് നമ്മുടേതാണെങ്കിൽ, കാലഘട്ടത്തിൻ്റെ ഭാഷപ്പെരുമ മലയാളത്തിനുമുണ്ട്. 'കുന്ദലത'യും, 'ഇന്ദുലേഖ'യും, 'മാർത്താണ്ഡവർമ്മ'യും, 'രണ്ടിടങ്ങഴി'യും, 'നാലുകെട്ടും' കഴിഞ്ഞു നാമിപ്പോൾ 'മീശ'വരെയെത്തി. കാലത്തിൻ്റെ ആവശ്യവും ആവേശവും അഭിരുചിയുമാണത്. 1891-ൽ പ്രസിദ്ധീകരിക്കപ്പെട്ട, മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ 'വാസനാവികൃതി'യിലും ഈ ആഴ്ച്ചയിൽ ന്യൂസ്-സ്റ്റാൻഡിലെത്തിയ വാരികയിലുള്ള സമാനമായ ഒരു രചനയിലും, ഭാഷയിലും അവതരണ രീതിയിലും വ്യത്യാസമുണ്ടാകാമെങ്കിലും, മാനവ വൈകാരികത ഒന്നുതന്നെയായിരിയ്ക്കും. ആണോ, പെണ്ണോ, മൂന്നാംലിംഗക്കാരോ എഴുതിയാലും, കാലദേശ ഭിന്നതകൾക്കനുസരിച്ചു മനുഷ്യൻ്റെ അടിസ്ഥാനപരമായ അഭിലാഷങ്ങളും ഉൽകണ്ഠകളും മാറുന്നില്ലയെന്നതാണ് ഇതിനു കാരണം. 
🟥 എഴുത്തിൻ്റെ ഉറവിടം ശരീരങ്ങളല്ല 
ഒരു വ്യക്തിയുടെ ചിന്താശക്തിയും, അഭിരുചിയും, സർഗഭാവനയും യോജിച്ചുണ്ടാകുന്നതാണ് എഴുത്ത്. വ്യക്തം, എഴുത്തിൻ്റെ ഉറവിടം ആൺപെൺ ശരീരങ്ങളല്ല! പ്രാഥമികമായ കഴിവുകളിലും ഉൻമുഖതകളിലും രണ്ടു പുരുഷന്മാർ വിഭിന്നരാകുന്നതു പോലെ രണ്ടു തരത്തിലാകാം രണ്ടു സ്ത്രീകളും, രണ്ടു ട്രാൻസ്ജെൻഡറുകളും. സ്വാനുഭവങ്ങൾ ഒരു വ്യക്തിയ്ക്ക് മറ്റൊരാളേക്കാൾ ആത്മ സമർപ്പണത്തോടെ എഴുതുവാൻ കഴിയുമെന്ന യാഥാർത്ഥ്യത്തിൽ ലിംഗ വ്യത്യാസമില്ല താനും. അതിനാൽ പെണ്ണെഴുത്തെന്നോ ആണെഴുത്തെന്നോ ഉള്ള പ്രയോഗങ്ങൾ ഒഴിവാക്കാവുന്നൊരു ലിംഗവിവേചനമാണ്. പുരുഷൻ എഴുതുന്നത് അവൻ്റെ മാത്രം ഇടപഴക്കമല്ല എന്നതു പോലെ സ്ത്രീ രചനകളെല്ലാം അവളുടെ അനുഭവലോകവുമല്ല എന്നതാണ് യാഥാർത്ഥ്യം. ആര്, എന്തെഴുതിയാലും നല്ലത് മാത്രം കാലത്തിൻ്റെ പരീക്ഷണങ്ങളെ അതിജീവിയ്ക്കും. മനുഷ്യനെന്ന മഹാ സമഷ്ടിയുടെ ഘടകങ്ങളാണ് ആണും പെണ്ണും ട്രാൻസ്ജെൻഡറും. ഒരു സ്ത്രീ അവളുടെ അനുഭവങ്ങൾ എഴുതുമ്പോൾ അത് സ്ഥൂലാംശത്തിൽ അവൾക്കു മാത്രം ബാധകമായതാണെന്ന ഇത്തിരി ചിന്തയിൽ വ്യാപൃതയാകാതെ, സൂക്ഷ്മാംശത്തിൽ മനുഷ്യൻ്റെ പൊതു അനുഭവമായി വീക്ഷിക്കാൻ കഴിയുമ്പോഴാണ് എഴുത്ത് വിശ്വവിശാലമാകുന്നത്. തൻ്റെ അച്ഛനും, സഹോദരനും, ഭർത്താവും, മകനും പുരുഷന്മാരാണെന്നും, തൻ്റെയും തൻ്റെ കുഞ്ഞിൻ്റെയും ജനനം സാധ്യമായതിനു പുറകിൽ യഥാക്രമം പിതാവെന്നും, പതിയെന്നും സ്ഥാന നാമങ്ങളുള്ള ആണുങ്ങളുണ്ടെന്നും ഹൃദയം കൊണ്ടു ഗ്രഹിച്ചവൾക്ക് പുരുഷൻ അന്യനുമാകുന്നില്ലല്ലൊ!   

# Vijai CH Article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക