Image

ഫോമായുടെ 'ഓജസ്' (യു.എസ് പ്രൊഫൈൽ: മീട്ടു റഹ്മത്ത് കലാം) 

Published on 10 April, 2023
ഫോമായുടെ 'ഓജസ്' (യു.എസ് പ്രൊഫൈൽ: മീട്ടു റഹ്മത്ത് കലാം) 

read magazine format: https://profiles.emalayalee.com/us-profiles/ojus-john/

READ PDF: https://emalayalee.b-cdn.net/getPDFNews.php?pdf=288087_Ojus%20John.pdf

ഒരാൾ ഹൃദയംകൊണ്ട് സംസാരിച്ചാൽ, കേൾക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് ആ വാക്കുകൾ ആഴത്തിൽ ചെന്നുപതിക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി നടത്തുന്ന മാജിക് പ്ലാനറ്റിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കൈത്താങ്ങേകുന്നതിനായി ഫണ്ട് റെയ്‌സിംഗ് പരിപാടി നടത്തിയപ്പോൾ, ഓജസ് ജോൺ സംസാരിച്ചത് ഹൃദയംകൊണ്ടായിരുന്നു. അതിന്റെ ഫലമായാണ്, 50,000 ഡോളർ എന്ന ലക്ഷ്യത്തെ ഭേദിച്ച് 25 മിനിറ്റിനുള്ളിൽ 1,02,400 ഡോളർ സമാഹരിക്കാൻ സാധിച്ചത്. ഓജസ്സിനെ അടുത്തറിയുന്നവർക്ക് ഇതിൽ അത്ഭുതം തോന്നാൻ ഇടയില്ല. ഏറ്റെടുക്കുന്ന എല്ലാ ദൗത്യങ്ങളിലും നൂറുശതമാനം ആത്മാർത്ഥത പ്രകടിപ്പിക്കുന്നതുകൊണ്ടാണ്, ചുരുങ്ങിയ കാലം കൊണ്ടുതന്നെ അമേരിക്കൻ സംഘടനകളുടെ സംഘടനയായ ഫോമായുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഫോമായിൽ മാറ്റങ്ങളുടെ ശംഖൊലി മുഴങ്ങുന്നത്,സംഘാംഗങ്ങൾക്കും പുത്തനുണർവ്വ് നൽകിയിരിക്കുന്നു. സംഘടനയുടെ പുത്തൻ പ്രതീക്ഷകളും പദ്ധതികളും ജനറൽ സെക്രട്ടറി ഓജസ് ജോൺ ഇ-മലയാളി  വായനക്കാരുമായി പങ്കുവയ്ക്കുന്നു...

കഥ ഇതുവരെ?

 മൂവാറ്റുപുഴയാണ് സ്വദേശം. പപ്പ കെ.വി.ഉലഹന്നാൻ(ജോൺ) വെറ്ററിനറി ഡയറക്ടറായും അമ്മ ശാന്തകുമാരി ഹെഡ്മിസ്ട്രസായും വിരമിച്ചു. അനിയൻ തേജസ് സഹകരണ ബാങ്കിൻറെ പ്രസിഡന്റാണ്.
നിർമ്മല സ്കൂളിലെയും കോളജിലെയും പഠനകാലയളവിൽ തന്നെ കായികരംഗത്ത് താല്പര്യം കാണിച്ചിരുന്നു. നാട്ടിലെ സ്പോർട്സ് ക്ലബ്ബുകളിൽ സ്ഥിരംസാന്നിധ്യമായിരുന്നത് പിന്നീടുള്ള യാത്രയിൽ ഏറെ സഹായകമായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. കമ്പ്യൂട്ടർ എൻജിനീയറിങ് ചെയ്തത് മദ്രാസ് യൂണിവേഴ്സിറ്റിയിലാണ്. അവിടെ അസോസിയേഷൻ പ്രസിഡൻറ് ആകാൻ അവസരം ലഭിച്ചു രണ്ടായിരം മുതൽ നാലുവർഷക്കാലം ബാംഗ്ലൂരിലെ ഇൻഫോസിസിൽ 
 പ്രവർത്തിച്ചു. ബോയിങ് കമ്പനിയുടെ ഒരു പ്രോജക്റ്റുമായി ബന്ധപ്പെട്ട് 2004ലാണ് അമേരിക്കയിലെ സിയാറ്റിലിലേക്ക് വരുന്നത്. കഴിഞ്ഞ 
 19 വർഷമായി ഇവിടെയാണ്. 2005ൽ വിവാഹിതനായി. ഭാര്യ മിലി മൈക്രോസോഫ്റ്റ് സീനിയർ പ്രിൻസിപ്പൽ എൻജിനീയർ.  മിലിയുടെ സ്വദേശം പത്തനംതിട്ടയാണ്.  പിതാവ് ഐബി യിലെ അസിസ്റ്റൻറ്
 ഡയറക്ടർ ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു.ഞാനിപ്പോൾ സിഡികെ ഗ്ലോബലിന്റെ പ്രോഗ്രാം മാനേജ്മന്റ് ലീഡാണ്.മകൻ ജോഷ്വ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.നന്നായി സോക്കർ കളിക്കും,വീഡിയോഗ്രഫിയിലാണ് കൂടുതൽ താല്പര്യം.

അമേരിക്കയിലെ സംഘടനാപ്രവർത്തനങ്ങളുടെ തുടക്കം?

 കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിലൂടെയാണ് ഇവിടത്തെ സംഘടനാപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. 2007ൽ ഞങ്ങൾ 10 സ്പോർട്സ് ടൂർണമെന്റുകൾ ആരംഭിച്ചു. 
ജോജോ ചാലിശ്ശേരി എന്ന സുഹൃത്തിനെ കിട്ടിയതാണ് ഏറ്റവും വലിയ വഴിത്തിരിവ്.ആ കഥ രസകരമാണ്.സ്കിറ്റിലേക്ക് അനശ്വരനടൻ ജയനുമായി രൂപസാദൃശ്യമുള്ള ഒരാളെ അന്വേഷിച്ചുനടക്കുമ്പോഴാണ് എന്നെ കണ്ടുമുട്ടിയത്. അന്നെനിക്ക് ഇപ്പോഴത്തതിനേക്കാൾ വണ്ണമുണ്ട്. എന്തായാലും, പരിപാടിയിൽ ജയനായി വേഷമിട്ടു. നല്ലൊരു സൗഹൃദവലയത്തിൽ ചെന്നുപെടാനുള്ള നിയോഗമായിരുന്നു അത്. പിന്നീട്, അസോസിയേഷനിൽ കമ്മിറ്റി മെമ്പറും ട്രഷററും  സെക്രട്ടറിയും  പ്രസിഡന്റുമായി പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു. മലയാളം സ്കൂൾ തുടങ്ങാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. ഒറ്റയ്ക്കല്ല,കൂട്ടായ പ്രവർത്തനത്തിലൂടെയാണ് എല്ലാം സാധ്യമായത്. നമ്മളും അതിൽ ഭാഗമായി എന്നുള്ളതാണ് അഭിമാനകരം. ആറു വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള  227 കുട്ടികൾ ഇന്നവിടെ പഠിക്കുന്നുണ്ട്.ആദ്യം വാരാന്ത്യങ്ങളിൽ മാത്രമായിരുന്നു ക്ലാസ്. ഇപ്പോൾ ഇരുപതോളം ടീച്ചർമാർ എല്ലാദിവസവും വൈകുന്നേരം ക്ലാസ്സെടുക്കുന്നുണ്ട്.

ഫോമായുമായുള്ള ബന്ധം?

2008 മുതൽ ഫോമായുമായി ബന്ധമുണ്ട്. 2010 ൽ സംഘടനയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റേൺ റീജിയന്റെ ആർവിപി റീജിയനൽ വൈസ് പ്രസിഡന്റ് ആയിക്കൊണ്ടാണ് ഫോമായുടെ ഭാരവാഹിത്വത്തിലേക്ക് കടന്നത്.ഇമിഗ്രെഷൻ-വിസ-ലീഗൽ സഹായത്തിന് ഉതകുന്ന റീജിയണൽ വെബ്സൈറ്റ് അക്കാലയളവിൽ ആരംഭിക്കാൻ സാധിച്ചു. ചെറിയ കമ്മിറ്റികളിൽ പ്രവർത്തിച്ചുകൊണ്ട് നേടിയ അനുഭവപാഠങ്ങൾ വളരെ വലുതാണ്. 

കോവിഡ് കാലഘട്ടത്തിൽ എന്തൊക്കെ ചെയ്യാൻ സാധിച്ചു?

കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ യൂത്ത് ക്ലബ് തുടങ്ങി.27 വോളന്റിയർമാരെ  സംഘടിപ്പിച്ച് ഏഴ് ദിവസങ്ങൾകൊണ്ട് 1000 കോട്ടൺ മാസ്കുകളും സാനിറ്റൈസറും നിർമ്മിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു.സീനിയർസിന്റെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബാങ്ക് തയ്യാറാക്കി.അത്യാവശ്യ യാത്രകൾ നടത്തുന്നതിന് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു.

എങ്ങനെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത്?

ജോയിന്റ് ട്രഷറർ ജെയിംസ് ജോർജും ഞാനും പ്രീഡിഗ്രിക്ക്  ഒരുമിച്ച് പഠിച്ചതാണ്.ഞങ്ങളുടെ സൗഹൃദസംഭാഷണത്തിനിടയിൽ യാദൃച്ഛികമായാണ് ഡോ.ജേക്കബ് തോമസിന്റെ പാനലിനെക്കുറിച്ച് പറഞ്ഞത്.കേട്ടപ്പോൾ, ആ ടീമിനെക്കുറിച്ച് മതിപ്പുതോന്നി. ഒരേ ദിശയിൽ ചിന്തിക്കുന്നവർ എന്ന് മനസ്സിലായശേഷം,വളരെ പെട്ടെന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.   കെഎഡബ്ലിയുവിന്റെ 31 വർഷത്തെ പ്രസിഡന്റുമാരും എന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു എന്നത് സംതൃപ്തി നൽകിയ അനുഭവമാണ്.

സംഘടനയിൽ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങൾ? താങ്കൾ സ്ഥാനമേറ്റശേഷം പ്രധാനമായും വരുത്തിയ മാറ്റങ്ങൾ?

സബ്-കമ്മിറ്റികൾ ഏകോപിപ്പിക്കുന്നത് പ്രധാനമായും ജനറൽ സെക്രട്ടറിയാണ്.പലപ്പോഴും ഫോമായ്ക്ക് സബ് കമ്മിറ്റികൾ കുറവാണ്.ഇത്തവണ അതിന് മാറ്റം വരുത്തി. ഇതിനോടകം 15  സബ് കമ്മിറ്റികൾക്ക് തുടക്കംകുറിച്ചുകഴിഞ്ഞു. ജൂനിയർ ഫോറം എന്നത് ആദ്യമായാണ് തുടങ്ങിയിരിക്കുന്നത്. വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകും എന്നുള്ള വാഗ്ദാനം നിറവേറ്റാനും സാധിച്ചു.

ഫോമായിലൂടെ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ?

നിലവിൽ ഒരു യൂണിവേഴ്സിറ്റിയുമായി മാത്രമേ ഫോമായ്ക്ക് പാർട്ണർഷിപ്പുള്ളൂ.അംഗത്വമുള്ള അമേരിക്കൻ മലയാളിക്ക് 10 ശതമാനം സ്‌കോളർഷിപ്പ് അതിലൂടെ ലഭിക്കും.ഒരുവർഷം ഒരു വിദ്യാർത്ഥിക്ക് 3000 ഡോളർ ലാഭിക്കാമെന്നു സാരം.കൂടുതൽ സർവ്വകലാശാലകളുമായി ഇത്തരത്തിൽ കൈകോർക്കാൻ ആഗ്രഹമുണ്ട്.നമ്മളിൽപ്പെട്ട ഒരാൾക്ക് പെട്ടെന്ന് ഒരു കിഡ്‌നി വേണമെങ്കിൽ,ദാതാവിനെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.അതുകൊണ്ടുതന്നെ,
അവയവദാനത്തെക്കുറിച്ച് അമേരിക്കൻ മലയാളികളെ ബോധവൽക്കരിക്കുന്ന പരിപാടിയും ആലോചനയിലുണ്ട്. 

മറ്റു പ്രവർത്തനങ്ങൾ?

പ്രോഗ്രാം മാനേജ്മെന്റിന്റെ ലീഡായാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞല്ലോ.ഏതുരംഗത്തായാലും ആളുകളെ കോ-ഓർഡിനേറ്റ് ചെയ്യാൻ ഇഷ്ടമാണ്. യൂഷ്വൽ സസ്‌പെക്ട്സ് എന്നൊരു ഗ്രൂപ്പുണ്ട്.ഞങ്ങൾ സ്‌കിറ്റുകളും ഡ്രാമകളും ചെയ്യാറുണ്ട്,അടുത്തിടെ ഒരു ഷോർട് ഫിലിമും അണിയിച്ചൊരുക്കി.
ഈസ്റ്റ് ലേയ്ക്ക് ഹൈസ്‌കൂളിന്റെ പിടിഎസ്എ വൈസ് പ്രസിഡന്റായിരുന്നു. റെഡ്മൺട് പോലീസ് ഡിപ്പാർട്മെന്റിന്റെ കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡിൽ പ്രവർത്തിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്. പുതുതായി ഒരു തോക്കോ മറ്റോ വരികയാണെങ്കിൽ ആ വിവരം പൊലീസ് കമ്മ്യൂണിറ്റി നേതാക്കളുമായി ആദ്യമേ പങ്കുവയ്ക്കുകയും നമ്മുടെ ആശങ്കകൾ തുറന്നുപറയാൻ അവസരമൊരുക്കുകയും ചെയ്യും. പുതിയ ആശയങ്ങൾ പറയാനും അനുവദിക്കും. മാസത്തിൽ രണ്ടു മീറ്റിങ്ങുകൾ ഉണ്ടായിരിക്കും.
70 മലയാളികൾ കളിക്കുന്ന പുലിക്കൂട്ടം എന്ന ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റനാണ്.ഞങ്ങൾക്ക് അഞ്ച് ടീമുണ്ട്.
 
അടുത്തിടെ ഏറ്റവും സന്തോഷിച്ച നിമിഷം? 

മജീഷ്യൻ മുതുകാട് സാർ നടത്തുന്ന മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി സപ്തസ്വര ഗാനോത്സവം എന്ന ഫണ്ട് റെയ്‌സിംഗ് പരിപാടി നടത്തിയതാണ് 2023 ലെ ഏറ്റവും ആനന്ദകരമായ അനുഭവം.അൻപതിനായിരം ഡോളറായിരുന്നു ലക്‌ഷ്യം. എന്നാൽ, 25 മിനിറ്റിനുള്ളിൽ 1,02,400 ഡോളർ സമാഹരിക്കാൻ സാധിച്ചു. 

പ്രവർത്തനങ്ങളിൽ ആരെയാണ് റോൾ മോഡലായി കാണുന്നത്?

ഒരാളിൽ നിന്നല്ല,ചുറ്റുമുള്ള എല്ലാവരിൽ നിന്നും നല്ലതായി തോന്നുന്ന കാര്യങ്ങൾ പകർത്താറുണ്ട്.പൊതുകാര്യങ്ങളിൽ ഇടപെടാനുള്ള താല്പര്യം പപ്പയിൽ നിന്ന് കിട്ടിയതാകാം.പലരുടെയും നേതൃപാടവം സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. മകനിൽ നിന്നായാലും അവന്റെ സുഹൃത്തുക്കളിൽ നിന്നായാലും പുതുതലമുറയുടേതായ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടും പകർത്തിയിട്ടുമുണ്ട്.


സിയാറ്റലിൽ നിന്ന് ഫോമായുടെ ഭാഗമാകുന്നവർ കുറവാണെന്ന് പൊതുവെ ഒരു സംസാരമുണ്ട്.ഇപ്പോൾ അതിന് മാറ്റം  വന്നിട്ടുണ്ടോ?

 മാപ്പ് നോക്കിയാൽ ഒത്തിരി അകലെയാണ് സിയാറ്റൽ.ന്യൂയോർക്കിൽ പോകണമെങ്കിൽ ആറുമണിക്ക് മണിക്കൂർ യാത്ര ചെയ്യണം അതുകൊണ്ടുതന്നെ ഫോമായിൽ പൊതുവേ അധികം പേർ ഭാഗമാകാത്ത സാഹചര്യം ഉണ്ട്. വെസ്റ്റിൽ നിന്നും ഇപ്പോൾ ഒരു ഉണർവ് വന്നിട്ടുണ്ട്.പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവർ വിവിധ കമ്മിറ്റികളിലേക്ക് കടന്നുവരുന്നുണ്ട്. ഇനി നടക്കുന്ന കൺവൻഷനിൽ ഇവിടെനിന്ന് നല്ലൊരു പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.

പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിട്ടുള്ള ഗുണം ?

 മുൻകൂട്ടി പ്ലാൻ ചെയ്ത് പോകുന്നത് ഗുണം ചെയ്തിട്ടുണ്ട്. ഈ വർഷം ജൂൺ-ജൂലൈയിൽ കേരള കൺവൻഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 2024 ജൂലൈ-ഓഗസ്റ്റിലായിരിക്കും അമേരിക്കൻ കൺവൻഷൻ.അത് ന്യൂയോർക്കിലോ സമീപ പ്രദേശത്തോ ആയിരിക്കും.ഇനിയും ഒരു വർഷമുണ്ടല്ലോ എന്ന് വിചാരിച്ച് വെറുതെ ഇരിക്കാതെ കാര്യങ്ങൾ നേരത്തെ തന്നെ സെറ്റ് ആക്കും.അവസാന നിമിഷം ഓടിപ്പാഞ്ഞ് നടക്കുന്നതിനേക്കാൾ,സമയമെടുത്ത് ആസ്വദിച്ച് കാര്യങ്ങൾ നീക്കാനാണ് ഇഷ്ടം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക