Image

ഫോമാ ക്യാപിറ്റല്‍ റീജിയന്‍ ഈസ്റ്റര്‍, ഈദ്, വിഷു സമുചിതമായി ആഘോഷിച്ചു

Published on 04 May, 2023
ഫോമാ ക്യാപിറ്റല്‍ റീജിയന്‍ ഈസ്റ്റര്‍, ഈദ്, വിഷു സമുചിതമായി ആഘോഷിച്ചു

ആഘോഷങ്ങളുടെ ആത്മീയ മാസം കൂടിയായ ഏപ്രില്‍ മാസത്തെ 25-ാം തീയതി ഫോമായുടെ ക്യാപിറ്റല്‍ റീജിയന്‍ ഈസ്റ്ററും ഈദും വിഷുവും ഒരേ വേദിയില്‍ സമുചിതമായി ആഘോഷിച്ചു. ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് സമൂഹത്തില്‍ നന്നായി ജീവിക്കുന്നതിനു വേണ്ടിയുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞ ചര്‍ച്ചയായിരുന്നു ഈ ആഘോഷങ്ങളുടെ ഹൈലൈറ്റ്.

ഫോമാ ക്യാപിറ്റല്‍ റീജിയന്‍ വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ഗൗരി രാജിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ്ബ് തോമസ്, സംഘടനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവുകള്‍, ഭാരവാഹികള്‍, ഫോമാ കുടുംബാംഗങ്ങള്‍, ക്യാപിറ്റല്‍ റീജിയന്‍ കമ്മറ്റി അംഗങ്ങള്‍, രാജീവ് സുകുമാരന്‍, മാത്യു വര്‍ഗീസ്, മലയാളി അസോസിയേഷന്‍ പ്രസിഡന്റുമാര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ക്യാപിറ്റല്‍ റീജിയന്‍ ആര്‍.വി.പി ഡോ. മധുസൂധന നമ്പ്യാര്‍ സ്വാഗതം ആശംസിച്ചു.

റവ. ഏബ്രഹാം ഒ കടവില്‍ കോര്‍ എപ്പിസ്‌കോപ്പ, ഇസ്ലാം ഹഫിസ് മുഹമ്മദ് കമാല്‍, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള തുടങ്ങിയവരെയും അദ്ദേഹം ഊഷ്മളമായി സ്വാഗതം ചെയ്തു.



ക്യാപിറ്റല്‍ റീജിയന്‍ സെക്രട്ടറി നിഷാ ചന്ദ്രന്‍, എം.സി ആയ പ്രോഗ്രാമില്‍ ബാള്‍ട്ടിമോറിലെ കൈരളി സെക്രട്ടറി ലെഞ്ചി ജേക്കബ്ബ്, ആദരണീയനായ കടവില്‍ അച്ചന്‍ എന്നു വിളിക്കുന്ന ബാള്‍ട്ടിമോര്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പരമാധികാരി ഏബ്രഹാം ഒ കടവില്‍ കോര്‍ എപ്പിസ്‌കോപ്പയെ സദസ്സിന് പരിചയപ്പെടുത്തി. സമൂഹത്തില്‍ സ്‌നേഹവും ഐക്യവും സമാധാനവും പുലരുവാന്‍ ഏവരും ഒരേ മനസ്സോടെ നിലകൊള്ളണമെന്ന് കടവില്‍ അച്ചന്‍ തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നെടും തൂണും നോര്‍ത്ത് അമേരിക്കന്‍ മലയാളി മുസ്ലീംസ് ഗ്രൂപ്പിന്റെ നേതാവും സന്നദ്ധ പ്രവര്‍ത്തകനുമായ ഇസ്ലാം ഹഫിസ് മുഹമ്മദ് കമാലിനെ കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ മുന്‍ പ്രസിഡന്റ് ഡാ. മധുസൂധന നമ്പ്യാര്‍ സദസ്സിനെ പരിചയപ്പെടുത്തി. ഉപവാസം, ശുദ്ധീകരണം, സഹാനുഭൂതി തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് ഹഫിസ് മുഹമ്മദ് കമാല്‍ ഈദ് സന്ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷത്തെ കെ.എച്ച്.എന്‍.എ റീജിയണല്‍ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ സജീവ പ്രവര്‍ത്തകയുമായ ലക്ഷ്മിക്കുട്ടി പണിക്കര്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയെ സദസ്സിന് പരിചയപ്പെടുത്തി. വിഷുക്കൈനീട്ടത്തിന്റെയും വിഷുക്കണിയുടെയും പ്രാധാന്യം എല്ലാ കാലങ്ങളിലും നിലനിര്‍ത്താന്‍ നമ്മള്‍ തയ്യാറാകണമെന്ന് വിഷു സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ഈസ്റ്റര്‍ ആഘോഷങ്ങളുടെ ആത്മീയതയും സന്തോഷവും നിഴലിക്കുന്ന ബാള്‍ട്ടിമോര്‍ കൈരളി അംഗങ്ങളുടെ സ്‌കിറ്റ് ശ്രദ്ധേയമായി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ആകര്‍ഷകമായ ഒപ്പനയും അവര്‍ അവതരിപ്പിച്ചു. 'പദ്മനാഭ പാഹി' എന്ന കീര്‍ത്തനത്തെ അടിസ്ഥാനമാക്കി ഗ്രേറ്റര്‍ വാഷിങ്ടണിലെ നായര്‍ സൊസൈറ്റി അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തം ആകര്‍ഷകമായി. ഫോമാ ക്യാപിറ്റല്‍ റീജിയന്റെ സജീവ പ്രവര്‍ത്തകനായ ജോയി പാരിക്കപ്പള്ളി ഏവര്‍ക്കും നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക