HOTCAKEUSA

മക്കൾക്കും  അമ്മയ്ക്കും മാത്രം കേൾക്കാവുന്ന ചില മൗനങ്ങളുണ്ട് (മാതൃദിനം : രാരിമ ശങ്കരൻകുട്ടി )

Published on 14 May, 2023
മക്കൾക്കും  അമ്മയ്ക്കും മാത്രം കേൾക്കാവുന്ന ചില മൗനങ്ങളുണ്ട് (മാതൃദിനം : രാരിമ ശങ്കരൻകുട്ടി )

കഴിഞ്ഞ ദിവസം More സൂപ്പർ മാർക്കറ്റിൽ മൂപ്പെത്താത്ത വെണ്ടക്ക തിരയുന്നതിനിടയിൽ  പിന്നിൽ നിന്നും ഒരു വിളി "അമ്മേ "......
പച്ചക്കറി ഷെൽഫിൽ പരതിക്കൊണ്ടിരുന്ന ഞങ്ങൾ നാലു സ്ത്രീകളും തിരിഞ്ഞു നോക്കി. 5 വയസ്സായ കുട്ടി ആവശ്യപ്പെട്ടതനുസരിച്ച്   താഴേന്ന് എടുത്തുയർത്തി അവനെ കൊണ്ട് തന്നെ ബിസ്കറ്റ് പായ്ക്കറ്റ് എടുപ്പിക്കുകയാണ് ഒരു  യുവതിയമ്മ. 

ഏത് പ്രായത്തിലും  അമ്മേ എന്നൊരു വിളി കേട്ടാൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ആയി മാറുകയാണ് ഓരോ അമ്മയും.

ഉറക്കത്തിൽ  സ്വപ്നം കണ്ട് കരഞ്ഞ മോളുടെ ദേഹത്ത്  ഒരു കൈ കൊണ്ട് താളം പിടിച്ച്  എൻ്റെ ഉറക്കം മുറിയാതിരിക്കാൻ കണ്ണുകൾ തുറക്കാതെ  'ഒന്നൂല്ല വാവ ഒങ്ങിക്കോ' എന്ന് പറഞ്ഞു  ഞാൻ മൂളിയ താരാട്ടിൻ്റെ  അക്ഷരങ്ങൾ ,ഒറക്കപ്പിച്ചിൽ 
മുറിഞ്ഞു പോയിരുന്നു.പ്ലേ സ്ക്കൂളിൽ ആദ്യ ദിവസം മോനെ  വിട്ടിട്ട് തിരികെ പോരുമ്പോൾ മകളെ പോലെ അവനും കരയുമെന്ന് കരുതി തിരിഞ്ഞു  തിരിഞ്ഞു നോക്കി നടന്നപ്പോൾ , ക്ലാസ്സിനകത്ത് നിന്ന് എന്നെ കണ്ട  അവൻ്റെ ചുണ്ടുകളിൽ ഒരു അമ്മേ വിളി ഉണർന്നു ഒപ്പം കണ്ണിൽ ഗോളമണികളും. 

മുതിർന്നു കഴിഞ്ഞു  എവിടേയോ എപ്പോഴോ എങ്ങനേയോ  ഇപ്പോഴും മക്കൾ  സ്ക്കൂളിൽ വെച്ച് കൂട്ടുകാരി ബാഗിലെ സ്റ്റിക്കർ പറിച്ചു കളഞ്ഞതിനു കരഞ്ഞ നേഴ്സറിക്കാരിയും  സാൻഡലിനു പകരം വീട്ടിലിടുന്ന സ്ലിപ്പർ ഇട്ടു കൊണ്ട് പോയതു കൊണ്ട്  കാറിൽ നിന്നിറങ്ങാതെ കരഞ്ഞ 
പ്ലേസ്ക്കുളുകാരനുമായി മാറുന്നുണ്ട്. 

അമ്മമാരെ  പലതും പരിശീലിപ്പിക്കുന്നത് മക്കളാണല്ലേ? ക്ഷമ ഉൾപ്പടെ!ഒരിക്കലും പത്തുമാസം ചുമന്നതിന്റെയും നൊന്തു പെറ്റതിന്റെയും കണക്കു പിള്ളേരോട് ഞാൻ പറയാറില്ല .പെണ്ണുങ്ങളായാൽ  ഗർഭം ധരിക്കുന്നതും വേദനയറിഞ്ഞു പ്രസവിക്കുന്നതും സാധാരണമാണ് എന്നു അവർ തിരികെ പറഞ്ഞാലോ എന്തിനാ വടി കൊടുത്ത് .....!

മക്കൾക്കും  അമ്മയ്ക്കും മാത്രം കേൾക്കാവുന്ന ചില മൗനങ്ങളുണ്ട്. പറയാതെ കേൾക്കപ്പെടുന്ന ചിലത്.
മക്കൾ ചിരിച്ചാൽ ചിന്തിച്ചാൽ അവർക്ക് വിശന്നാൽ അവരുടെ മുഖം വാടിയാൽ  അതിൻ്റെ    അർത്ഥം മനസ്സിലാക്കുവാനും ,അവർ misplace ചെയ്ത എന്തും തപ്പിയെടുക്കുവാനും , CID ബുദ്ധിയുള്ള അമ്മമാരോട്, മക്കൾ ഒരു തവണയെങ്കിലും പറഞ്ഞിരിക്കും  'ഈ അമ്മക്കൊന്നും അറിഞ്ഞു കൂടാ' 

കുട്ടികൾ   കളിക്കുന്നതിനിടയിൽ ഒച്ച പൊങ്ങിയാൽ എൻ്റെ സ്ഥിരം ഡയലോഗ്  'രണ്ടാളും ഗുസ്തി പിടിച്ച് എന്തേലും പറ്റിയാൽ എൻ്റടുത്തോട്ട് വന്നേക്കല്ല് .'

അവർ കോറസ്സായി - "ഞങ്ങള് വഴക്കിടുവല്ല കളിക്കുവാമ്മെ  ഈ അമ്മക്കൊന്നും അറിഞ്ഞു കൂടാ "

ഒരിക്കൽ മോൾക്കു കളർ ചെയ്യാനായി പെൻസിൽ കൊണ്ട്  ഞാൻ വരച്ചു കൊടുത്ത,വള്ളമൂന്നിപോകുന്ന ഒരു ആമയ്ക്ക്  അവൾ ഓറഞ്ചും പച്ചയും നിറം കൊടുത്തു. 'എവിടേലും നീ കണ്ടിട്ടുണ്ടോ ഈ കളറിൽ ആമയെ ' എന്ന ചോദ്യത്തിന് അഞ്ചു വയസ്സുകാരിയുടെ മറുപടി എന്നെ
  നിശ്ശബ്ദയാക്കി  :-
"ആമ വളളം ഓടിക്കുന്നതും ഞാൻ  കണ്ടിട്ടില്ലല്ലോമ്മെ  ,ഈ അമ്മക്കൊന്നു മറിയത്തില്ല."
  
അല്പം വലുതാവുമ്പോൾ നമ്മുടെ ഉച്ഛാരണത്തെ അറിവിനെ വരെ അവർ വിമർശിക്കും . ടീനേജായാൽ നമ്മുടെ ഡ്രസ്സ് സെൻസിനേയും !! ,
അപ്പോഴൊക്കെയും  കേൾക്കാം ''അമ്മക്കൊന്നുമറിയത്തില്ല."

"ഈ ചെറുക്കനെ കൊണ്ട് ഞാൻ
തോറ്റു " എന്നു റീഹാനെപ്പറ്റി  മകൾ പരിഭവം പറയുമ്പോൾ 'അവൻ കുഞ്ഞല്ലേ' എന്ന എൻ്റെ  സൈഡ് പിടിക്കൽ  കേട്ട്   ആ പഴയ പല്ലവി വീണ്ടും  ഉതിർന്നു വീഴുന്നു... "ഈ അമ്മക്കൊന്നും അറിഞ്ഞൂടാ"

ഞാനെൻ്റെയമ്മയെ ഫോൺ ചെയ്തിട്ട് രണ്ടു  ദിവസമായി. ഇന്നാണ് വിളിച്ചത്. കോട്ടയത്തെ  ഒരു കല്യാണ ഫംഗ്ഷന് (അമ്മക്ക് നന്നായി അറിയാവുന്ന) ആലപ്പുഴയിലെ ചില  പഴയ പരിചയക്കാരെ  കണ്ട വിവരം  പങ്കുവെച്ചപ്പോൾ   അമ്മ - "ഏയ്  നിനക്കു തെറ്റി നീ കണ്ടത് ഇളയ ആളല്ല. മൂത്ത ആളാ."

ഞാൻ പറഞ്ഞു - 'അല്ലമ്മേ, ശ്ശോ ഈ അമ്മയ്ക്കൊന്നുമറിയത്തില്ല!
#mothersday 
Pic courtesy google

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക