Image

കേസി ഡിസന്റിസ് ശ്രദ്ധാകേന്ദ്രം; പ്രശംസ  ചൊരിയുന്നവരും കല്ലെറിയുന്നവരും ഏറെ 

Published on 26 May, 2023
കേസി ഡിസന്റിസ് ശ്രദ്ധാകേന്ദ്രം; പ്രശംസ  ചൊരിയുന്നവരും കല്ലെറിയുന്നവരും ഏറെ 

റോൺ ഡിസന്റിസ് 44 വയസിൽ രംഗപ്രവേശം ചെയ്യുമ്പോൾ 76 വയസായ ഡൊണാൾഡ് ട്രംപിനും 80ൽ എത്തിയ ജോ ബൈഡനും തലമുറകളുടെ വിടവ് അവഗണിക്കാനാവില്ല. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ ഫ്ലോറിഡ ഗവർണർ എത്തിയതോടെ മത്സരത്തിന്റെ ശൈലി തന്നെ മാറുന്ന മട്ടാണ്. 

ഡിസന്റിസിന്റെ തീവ്ര വലതു പക്ഷ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർക്ക് അദ്ദേഹം ട്രംപിനെക്കാൾ പ്രിയങ്കരനായാൽ ബൈഡനെ 2024ൽ നേരിടുന്നത് മറ്റാരുമാവില്ല. മത്സരത്തിൽ കരുക്കളെല്ലാം പുറത്തെടുത്തു കഴിഞ്ഞില്ല ഗവർണർ. പക്ഷെ പെട്ടെന്നു ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരാൾ അദ്ദേഹത്തിന്റെ വാമഭാഗത്തുണ്ട്: ഭാര്യ കേസി ഡിസന്റിസ്. 

തിളക്കമാർന്ന മുഖമുള്ള 42കാരി ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞതു ടെലിവിഷൻ അവതാരക ആയിരുന്നതു കൊണ്ടു മാത്രമല്ല. ഡിസന്റിസിന്റെ രഹസ്യ ആയുധം, സിംഹാസനത്തിന്റെ പിന്നിലെ അധികാരകേന്ദ്രം എന്നൊക്കെ മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഗവർണറുടെ ഏറ്റവും വലിയ ബാധ്യത എന്നു വിളിക്കുന്നവരും ഉണ്ട്. 

സ്തനാർബുദത്തെ അതിജീവിച്ച കേസി മൂന്നു കൊച്ചു കുട്ടികളുടെ അമ്മയുമാണ്.  മത്സരത്തിലേക്കു യൗവനം കൊണ്ടുവന്ന ഗവർണറുടെ ഉയർച്ചയ്ക്കു പിന്നിൽ അവരുടെ പങ്കു കുറച്ചോന്നുമല്ലെന്നു അമേരിക്ക കേട്ടു തുടങ്ങി. 

ഒഹായോ സ്വദേശിനി ഗോൾഫ് ചാനലിൽ നിന്നാണ് തുടക്കം കുറിച്ചത് എന്നു ചരിത്രം. പിന്നെ ഫ്ലോറിഡയിലെ ജാക്‌സൺവില്ലിൽ ഡബ്ലിയു ജെ എക്സ് ടി ടെലിവിഷനിൽ റിപ്പോർട്ടറായി. ക്രൈമിൽ നിന്നു തുടങ്ങി പ്രഭാത അവതാരക വരെയെത്തി. 2019ൽ ഫ്ലോറിഡ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഥമ വനിതയായി. അന്നു പ്രായം 38 മാത്രം. 

ഊഷ്മളമായ വ്യക്തിത്വമാണ് അവരിൽ പലരും കാണുന്ന സവിശേഷത. പലപ്പോഴും സാമൂഹ്യ വൃത്തങ്ങളിൽ ഇടപെടാൻ കഴിയാത്ത വിധം വഴങ്ങാത്ത രീതികളുളള ഡിസന്റിസിനു അക്കാര്യത്തിൽ കേസി പിന്തുണയാകുമെന്നാണ് പ്രതീക്ഷ. ഒരു മുൻ സഹായി പറഞ്ഞത്: യന്ത്രമനുഷ്യനെ യഥാർത്ഥ മനുഷ്യനാകാൻ അവരുടെ സാന്നിധ്യം സഹായിക്കും. 

ഭർത്താവ് നല്ല പിതാവാണെന്നും അമേരിക്കൻ സ്വപ്നത്തിന്റെ പ്രതീകമാണെന്നും പറയുന്ന കേസി ആൾക്കൂട്ടങ്ങളിൽ അനായാസം ഇടപെടാൻ കഴിയുന്ന വ്യക്തിത്വമാണ്. 

ചിലരൊക്കെ അവരെ ജാക്കി കെന്നഡിയോടു താരതമ്യം ചെയ്യാറുണ്ട്. ഭാര്യയും ഭർത്താവും രാഷ്ട്രീയമായി ഒറ്റക്കെട്ടാണെന്നു അടുത്തറിയുന്നവർ പറയുന്നു. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു മുതൽ നയങ്ങൾ രൂപീകരിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ അവരുടെ ഉപദേശമാണ് ഡിസന്റിസ് ആശ്രയിക്കാറുള്ളത്. 

മാഡിസൺ (6), മൈസൺ (4), മൈമി (2) എന്നീ മൂന്നു മക്കളും പശ്ചാത്തലത്തിൽ സദാ ഉള്ളതു ചിത്രങ്ങൾക്കു പകിട്ടേറ്റുന്നു. 2018ലെ ഗവർണർ മത്സരത്തിൽ മാഡിസൺ പ്രചാരണത്തിൽ സജീവമായിത്തന്നെ ദൃശ്യമായിരുന്നു. 

ഇതൊക്കെയെങ്കിലും കേസിക്കു മനോവിഭ്രാന്തിയും പ്രതികാര ബുദ്ധിയുമുണ്ടെന്നു വിമർശിക്കുന്നവരുണ്ട്. ട്രംപിന്റെ ഒരു സഹായി അവരെ വിളിച്ചത് 'ലേഡി മാക്ബത്' എന്നാണ്. 

ഡിസന്റിസും കടുത്ത പ്രതികാര ദാഹിയാണെന്നു പ്രചാരണത്തിൽ പ്രവർത്തിച്ചിട്ടുള്ള ഒരാൾ പറയുന്നു. "കേസി ആവട്ടെ അതിന്റെ ഇരട്ടിയാണ്." 

ഇന്നു ഗവർണറുടെ ശത്രുവായ ഡിസ്‌നി വേൾഡിൽ വച്ചായിരുന്നു 2009ൽ വിവാഹം. സാമ്പത്തിക ശാസ്ത്രത്തിലാണ് കേസിക്കു ബിരുദമുള്ളത്. 

സ്തനാർബുദം ബാധിച്ചതായി 2021 ലാണ് കേസി വെളിപ്പെടുത്തിയത്. ആറു മാസം കഴിഞ്ഞപ്പോൾ രോഗവിമുക്തയായി എന്ന് അവർ പ്രഖ്യാപിച്ചു. 

Casey DeSantis in focus 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക