Image

കറിവേപ്പ് (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 26 May, 2023
കറിവേപ്പ് (രാജു മൈലപ്രാ)

'അമേരിക്കയിലെ കേരളം' എന്നു മലയാളികള്‍ വിളിക്കുന്ന ഫ്‌ളോറിഡായിലേക്കു താമസം മാറ്റിയിട്ട് മാസങ്ങളാകുന്നു. കാലാവസ്ഥ സാമ്യമാണു ഇതിനുള്ള ഒരു കാരണമെന്നാണ് ഞാന്‍ കരുതുന്നത്.

പേരു കേരളമെന്നാണെങ്കില്‍ത്തന്നെയും ഇവിടെ ഫയലു കത്തിക്കലോ, നോക്കുകൂലിയോ, മാലിന്യകൂമ്പാരമോ ഒന്നുമില്ല എന്നൊരു പോരായ്മയുണ്ട്. ഒന്നു കല്ലെറിഞ്ഞു കളിക്കാന്‍ ഒരു 'വന്ദേഭാരത്' പോലുമില്ല.

അരിക്കൊമ്പന്‍ ആനയുടെ അഭാവം ഒരു പരിധിവരെ 'ഫൊക്കാന' പരിഹരിക്കുന്നുണ്ട്. 'അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന' എന്ന ആശയത്തില്‍ രൂപം കൊണ്ട 'ഫൊക്കാന' ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും, ഭൂഖണ്ഡത്തിന്റെ വിവിധ  മേഖലകളിലും വിഹരിക്കുന്നുണ്ട്.

കേന്ദ്രം പ്രധാനമന്ത്രി ഭരിക്കും, കേരളം മുഖ്യമന്ത്രി ഭരിക്കും, എന്നതു പോലെ ഇവിടെ ഫൊക്കാനയെ നിയന്ത്രിക്കുന്നത് പ്രസിഡന്റാണ്. തിരുവായ്ക്ക് എതിര്‍വായ്' ഇല്ലെന്നതു പോലെ, എന്തു തീരുമാനങ്ങളും അവര്‍ക്ക് ഒറ്റയ്ക്കു എടുക്കാം. കാരണം അധികാരവും പണവും അവരുടെ കൈയിലാണുള്ളത്. ബാക്കിയുള്ളവര്‍ വെറുതെ ഏറാന്‍ മൂളികളായി നിന്നു കൊടുത്താല്‍ മതി. വേണമെങ്കില്‍ അവസാനം, 'ഞാനും പുലിയച്ചനും കൂടി  പാലം കുലുക്കി' എന്നു വെറുതേ വീമ്പിളക്കി നടക്കാം.

ന്യൂയോര്‍ക്കിലെ കൊടുംതണുപ്പില്‍ നിന്നും ഫ്‌ളോറിഡായിലെ ചൂടിലേക്കു പറിച്ചു മാറ്റപ്പെട്ടപ്പോള്‍ എന്നിലെ കര്‍ഷകര്‍ വീണ്ടുമുണര്‍ന്നു. ചില സുഹൃത്തുക്കളുടെ വീടു സന്ദര്‍ശിച്ചപ്പോള്‍, അവരുടെ പൂത്തലഞ്ഞു നില്‍ക്കുന്ന മാവും, പ്ലാവും, കാടുപോലെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കറിവേപ്പും(കരിയാപ്പ്), കുലച്ചു നില്‍ക്കുന്ന കദളിവാഴയും കണ്ട് എന്റെ കണ്ണും തള്ളി.
ന്യൂയോര്‍ക്കിലെ വേനല്‍കാലത്തു ചില പച്ചക്കറികൃഷി നടത്തി പരാജയപ്പെട്ട അനുഭവസമ്പത്തുള്ള ഒരാളാണു ഞാന്‍. ഇവിടെയും കൃഷിപരീക്ഷണങ്ങള്‍ പച്ചക്കറിയില്‍ നിന്നുതന്നെ തുടങ്ങാമെന്നു ഞാന്‍ തീരുമാനിച്ചു. വെണ്ടയ്ക്കാ, വഴുതനങ്ങാ, തക്കാളി, പച്ചമുളക് തുടങ്ങിയ പച്ചക്കറിത്തൈകള്‍ സംഘടിപ്പിച്ചു.

പറമ്പു കളിച്ചപ്പോള്‍ പാറപ്പൊടി പോലെയുള്ള മണ്ണ്- അതുകണ്ടപ്പോള്‍ മനസ്സൊന്നു മടിച്ചെങ്കിലും, പിന്മാറാന്‍ ഞാന്‍ തയ്യാറായില്ല. സമീപത്തുള്ള 'ഹോം ഡിപ്പോ' യില്‍ നിന്നും Topsoil, Potting soil, peat moss തുടങ്ങിയ സാധനങ്ങള്‍ വാങ്ങി ഞാന്‍ നിലമൊരുക്കി.
ഇനി മാവ്, പ്ലാവ്, കറിവേപ്പ് തുടങ്ങിയവയുടെ തൈകള്‍ വേണം. ചില പരിചയക്കാരുടെ മുന്നില്‍ ഞാന്‍ വിഷയം അവതരിപ്പിച്ചു.  'ഞഞ്ഞാ കുഞ്ഞാ' പറഞ്ഞ് അവര്‍ ഒഴിഞ്ഞു മാറി.

കൂട്ടത്തില്‍ ദാനശീലനായ ഒരാള്‍, രണ്ടു മാങ്ങയണ്ടിയും, നാലു ചക്കക്കുരുവും തന്നു.

തൈ വെച്ചു പിടിപ്പിക്കുന്നതിനേക്കാള്‍ നല്ലത്, വിത്തു പാകി കിളിപ്പിക്കുന്നതാ- തേന്‍ വരിക്കയും, സേലം മാങ്ങായുമാ- മൂന്നാലു കൊല്ലം കൊണ്ടു വളരും- ഒടുക്കത്തെ രുചിയാ-' അതു പറയുമ്പോള്‍ അയാളുടെ വായില്‍ നിന്നും വെള്ളമൂറുന്നുണ്ടായിരുന്നു.
പിന്നെ കറിവേപ്പിന്റെ കാര്യം- അതിന്റെ തൈ തരുവാന്‍ പറ്റുകയില്ല. ഒന്നും തോന്നരുത്-അതു തന്നാല്‍ ഇവിടുള്ളത് നശിച്ചു പോകുമെന്നാണ് വിശ്വാസം- കരിയാപ്പു കട്ടോണ്ടു പോകണമെന്നാണ് പ്രമാണം.
'പോടാ തെണ്ടി' എന്നു പറയണമെന്നു മനസ്സില്‍ തോന്നിയെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാല്‍ ഞാനൊന്നും മിണ്ടിയില്ല.
അപ്പോഴാണ് പള്ളിപറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന കറിവേപ്പിന്റെ കാര്യം ഞാനോര്‍ത്തത്- അതിന്റെ ചുവട്ടില്‍ ധാരാളം തൈകള്‍ വളരുന്നുണ്ട്. അവിടെ പൂത്തുലഞ്ഞു നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ നിന്നും ഞാനും പ്രിയതമയും കൂടി ഒരു ഫോട്ടോയെടുത്ത് 'ഞങ്ങളുടെ സ്വന്തം മാവ്' എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതാണ്.
'അച്ചായ, ഇതു നമ്മുടെ പള്ളിപറമ്പില്‍ നില്‍ക്കുന്ന മാവാണല്ലോ!' എന്ന കമന്റിട്ട്, എന്റെ സുഹൃത്ത് സുനില്‍ എന്റെ കള്ളി വെളിച്ചത്താക്കി.
ഏതായാലും പള്ളിപറമ്പില്‍ നിന്നു തന്നെ കറിവേപ്പിന്‍ തൈ സംഘടിപ്പിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു.

ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ 'ഓപ്പറേഷന്‍ കറിവേപ്പിന്റെ' പ്ലാന്‍ ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തി. ഈ നാഴികയില്‍ നാം എല്ലാവരുടേയും ബോധങ്ങളും വിചാരങ്ങളും, ഹൃദയങ്ങളും ദൈവമായ കര്‍്തതാവിങ്കല്‍ ആയിരിക്കണം എന്ന പട്ടക്കാരന്റെ പ്രാര്‍ത്ഥക്കു പ്രതിവാക്യമായി 'ഞങ്ങളുടെ ബോധങ്ങളും വിചാരങ്ങളും ദൈവമായ കര്‍ത്താവിങ്കല്‍ ഇരിക്കുന്നു.' എന്നു ചൊല്ലുകയാണ്. എല്ലാവരും ഭക്തിനിര്‍ഭരായി മദ്ബഹയിലേക്കു നോക്കിനിന്നു പ്രാര്‍ത്ഥിക്കുകയാണ്.

എന്റെ മനസ്സിലെ പാപത്തിന്റെ പാമ്പ് പത്തിവിടര്‍ത്തി. മോഷണത്തിനു പറ്റിയ സമയം. ആരുടേയും ശ്രദ്ധയില്‍പെടാതെ, ഒച്ചയുണ്ടാക്കാതെ കതകു തുറന്നു ഞാന്‍ പുറത്തിറങ്ങി.
പ്രതീക്ഷിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല എന്റെ ഉദ്യമം. തായ് വേരുകളില്‍ നിന്നും തൈകളെ പറിച്ചെടുക്കാന്‍ നന്നേ പാടുപെട്ടു.
തൊണ്ടി മുതല്‍ ഒരു ഗാര്‍ബേജ് ബാഗിലാക്കി ഭാര്യ പോലുമറിയാതെ ഞാന്‍ വീട്ടിലെത്തിച്ചു.

ചാണകപ്പൊടിയും, എല്ലുപൊടിയും കൂടി കലര്‍ത്തി ഇട്ടു കൊടുത്താല്‍, കറിവേപ്പ് കാടുപോലെ വളരുമെന്നു 'കര്‍ഷകശ്രീ' അവാര്‍ഡു നേടിയ ഒരു സുഹൃത്തു ഉപദേശിച്ചു. വളം തേടി കടയില്‍ ചെന്നപ്പോഴാണ് ചാണകം എന്ന വാക്കിന്റെ ഇംഗ്ലീഷ് പദം എനിക്കറിയില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്.

ഏതായാലും രണ്ടും കല്പിച്ച് അവിടെ കണ്ട ഒരു സെയില്‍സ് ഗേളിനോട്
'1 need som cow fertilizer' എ്ന്നു പറഞ്ഞു.

'wthat?' ഞാന്‍ പറഞ്ഞത് അവര്‍ക്കു പിടികിട്ടിയില്ല.

you see. I need som cow fertilizer. It is very good fof curry tree.
'I don't understand.' - പല രീതിയില്‍ പറഞ്ഞു നോക്കിയിട്ടും മദാമ്മക്ക് കാര്യം പിടികിട്ടിയില്ല.

എനിക്കാണെങ്കില്‍ അത്യാവശ്യമായി അതു വേണം താനും. സംഗതി മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാമെന്നു കരുതി. പശുവിന്റെ വിസര്‍ജ്ജനത്തിനാണല്ലോ ചാണകം എ്ന്നു പറയുന്നത്. ആ ആംഗിളില്‍ ഞാനൊരു കാച്ചു കാച്ചി.

'I need some shit' മദാമ്മയുടെ കണ്ണു തള്ളി.

'Yeah. Cow goes to toilet and shit. I need shit.'

ആ തള്ള എന്നെ സംശയദൃഷ്ടിയോടെ നോക്കിയിട്ട്, അവരുടെ സഹപ്രവര്‍ത്തകനോട് എന്നെ ചൂണ്ടിക്കൊണ്ട് എന്തോ പറഞ്ഞു.
മൈക്ക് ടൈസനേപ്പോലെയിരിക്കുന്ന അയാള്‍ എന്റടുത്തേക്കു വന്നു.
'What do you what?' -പാറയില്‍ ചിരട്ട ഉരയ്ക്കുന്ന സ്വരം. ഞാനൊന്നു പതറി.


ചെറിയൊരു വിറയലോടു കൂടി ഞാന്‍ പറഞ്ഞു.
'I need Some Shit...Cow'
'Get out from here before I call the police.'

ഇനി അവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു സ്‌കൂട്ടായി.

കുറ്റവാളികള്‍ അവര്‍ കൃത്യം നടത്തിയ സ്ഥലം വീണ്ടും സന്ദര്‍ശിക്കുമെന്നാണല്ലോ മനഃശാസ്ത്രം.

പിറ്റേ ആഴ്ച ഞാന്‍ വീണ്ടും പള്ളിയില്‍ പോയി. കുര്‍ബാനാനന്തരം നടത്തുന്ന അറിയിപ്പുകളുടെ കൂട്ടത്തില്‍ അച്ചന്‍ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞു.

പള്ളി പറമ്പില്‍ നിന്നും ചിലര്‍ ചെടികളൊക്കെ പോകുന്നത് എന്റെ ശ്രദ്ധിയില്‍ പെട്ടിട്ടുണ്ട്. സാരമില്ല. എന്തെങ്കിലുമാകട്ടെ. എന്നാല്‍ അവിടെ നില്‍ക്കുന്ന മാവില്‍ നിന്നും ഇപ്പോള്‍ മാങ്ങായൊന്നും പറിക്കരുത്. അത് വിളഞ്ഞിട്ടു ലേലം ചെയ്തു പള്ളി ഫണ്ടിലേക്കു ചേര്‍ക്കുവാനുള്ളതാണ്. ഇതെല്ലാം സിസിടിവി ക്യാമറയിലൂടെ ഞാന്‍ നിരീക്ഷിക്കുന്നുണ്ട്.'

ഞാനിരുന്ന ഭാഗത്തേക്കു നോക്കിയാണോ അച്ചന്‍ ഇതു പറഞ്ഞതെന്ന് എനിക്കൊരു ചെറിയ സംശയം തോന്നി.

അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന എനിക്കു ഉറക്കം വന്നില്ല.
തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാല്‍ തോട്ടത്തിന്റെ നടുവിലുള്ള നന്മതിന്മകളേക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്. തിന്നുന്ന നാളില്‍ നീ മരിക്കും.

യാഹോവയുടെ ഈ അരുളപ്പാട് ചെവിയില്‍ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു! ശപഥം ചെയ്തിട്ട്, ബാക്ക് യാര്‍ഡില്‍ നട്ടിരുന്ന കറിവേപ്പിന്റെ തൈ പറിച്ചു കളഞ്ഞു.

അങ്ങിനെ ഫ്‌ളോറിഡായിലെ എന്റെ കൃഷിചരിതം കഥയ്ക്കു തിരശീല വീണു.

Join WhatsApp News
Babu Ittykunju 2023-05-26 11:35:44
കഥ കറിവേപ്പിലയുടേതാണെങ്കിലും, കാര്യം ചെന്ന് പതിക്കുന്നത് ഫൊക്കാനയുടെ നേർക്കാണ്. ഫൊക്കാനക്കു ആഗോള തലത്തിൽ ശാഖകൾ രൂപീകരിക്കാമെന്നു bylaws- ൽ പറഞ്ഞട്ടില്ല. നിയമപരമായി പൊതുയോഗം കൂടി പാസ്സാക്കാതെയാണ് പ്രസിഡന്റും ശിങ്കിടികളും സ്വന്തം കീശയിലെ കാശു മുടക്കി മുക്കിലും മൂലയിലും ചെന്ന് സ്വീകരണങ്ങളും അവാർഡുകളും ഏറ്റു വാങ്ങുന്നത്. പ്രസിഡന്റിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എങ്കിലും ഇതൊരു തെറ്റായ പ്രവണത ആണ്. ഇത്രയും വലിയൊരു തുക ($250,000) വെറും waste ആയ ഒരു പരിപാടിക്ക് വേണ്ടി donate ചെയ്യുവാൻ തക്ക യുക്തിക്കു പിന്നിലെ ചേതോവികാരം എന്താണ്? ഇത് ഫൊക്കാനയുടെ പേരിലാണോ നൽകുന്നത്? ഏതു സംഘടനക്കാണ് ഈ തുക നൽകിയത്? ഇതൊരു political contribution ആണോ, അതോ charitable donation ആണോ? കണക്കു കാണിക്കുമ്പോൾ കാര്യങ്ങൾ എല്ലാം സുതാര്യമാണ് എന്ന് കരുതാം. പണ്ട് കുറെ ഫോമാക്കാർ ആഴക്കടലിൽ മീൻ പിടിക്കാൻ പോയി മുങ്ങിത്താണ കഥ ഓർക്കുന്നത് നല്ലത്. വെട്ടിൽ പെട്ടാൽ രക്ഷിക്കാൻ ഒരു രാഷ്ട്രീയക്കാരനും കാണില്ല.
Pastor 2023-05-26 16:31:09
ലോക കേരളസഭയുടെ പേരിൽ കോടികൾ മുക്കാൻ തിരക്കഥ തയാക്കികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഒരു കറിവേപ്പ് മോഷണം വലിയ വർത്തയൊന്നുമല്ല മൈലപ്ര സാറേ. പള്ളിപ്പറമ്പിൽ നിന്നായതു കൊണ്ട് കർത്താവു ക്ഷമിക്കും.
Roy Poothicote Thomas 2023-05-26 16:49:58
I really enjoyed it. Pray for your continued good health in the new place, but I like Newyork better any day. Love
Fr. Philipose Philip 2023-05-26 16:51:31
Awesome.
Hi Shame 2023-05-26 17:30:55
Anyway Mr Raju Milapra ALSO went down to Florida from staten Island. I moved from chicago to staten Island I stayed there atleast 3 years and then I moved to Bronz and now in yonkers. I heard in florida you cud ask any Malayalee will give you a curry plant to replant in yr yard.The other stories I dont know.anyway I never tried to steal from the backyard of Church as the Vicar pluck yr ear.Now I am not a vicar but ....
Sudhir Panikkaveetil 2023-05-26 20:52:54
ഇതിലെ സത്യവസ്ഥയൊന്നും അന്വേഷിക്കരുത് എഴുത്തുകാരന്റെ ഹാസ്യഭാവനയുടെ ശക്തിയും സൗന്ദര്യവും ആസ്വദിക്കുക. മലയാളികളിൽ പലരുടെയും ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനകുറവിനെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ നായകൻ വേപ്പില മോഷ്ടിക്കുന്ന വെറും ഒരു മോഷ്ടാവാണ്. കള്ളനല്ല. മഞ്ഞുതുള്ളിയിൽ പ്രപഞ്ചം പ്രതിഫലിക്കുന്നവെന്നു എഴുതിയ എഴുത്തുകാരനെപോലെ ശ്രീ രാജു സാർ കൊച്ചു കൊച്ചു കാര്യങ്ങളെ അടുക്കിവച്ച് ഒരു ദൃശ്യം ഒരുക്കുന്നു. കാണികളെ ചിരിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു. കലാപരമായ കഴിവുകൾ അദ്ദേഹം എന്നുംപ്രകടിപ്പി ച്ചുകൊണ്ടിരിക്കുന്നുണ്ട്. അഭിനന്ദനം സാർ.
Joy Chacko 2023-05-26 22:00:58
Serious subject - ൽ തുടങ്ങി ശുദ്ധ ഹാസ്യത്തിൽ അവസാനിക്കുന്ന കഥ. ചിരി അടക്കാൻ പറ്റിയില്ല. പ്രിയ രാജുവിന് നന്ദി.
Anian Moolayil 2023-05-27 00:20:03
A good one.
Charly Varghis Padanilam 2023-05-27 01:01:16
Rajuchayo athangu Kazareettundu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക