HOTCAKEUSA

വ്യാപാരിയെ കൊന്ന് കക്ഷണങ്ങളാക്കി ബാഗിനുള്ളില്‍ കൊക്കയില്‍ തള്ളി ; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച

ജോബിന്‍സ് Published on 26 May, 2023
വ്യാപാരിയെ കൊന്ന് കക്ഷണങ്ങളാക്കി ബാഗിനുള്ളില്‍ കൊക്കയില്‍ തള്ളി ; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച

മലപ്പുറം തിരൂരില്‍ വ്യവസായിയെ കൊലപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ സിദ്ദിഖ് (58) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടിനുറുക്കിയ പ്രതികള്‍ ശരീര ഭാഗങ്ങള്‍ ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയെയും യുവാവിനെയും ഇവരുടെ സഹായികളായ രണ്ട് പേരെയും പോലീസ് പിടികൂടി. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി (22), ഇയാളുടെ സുഹൃത്ത്  ഫര്‍ഹാന (18) എന്നിവര്‍ ചെന്നൈയില്‍ നിന്നാണ് പിടിയിലായത്. 
*******************************
തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കൊല നടന്നത് കോഴിക്കോട് നഗരത്തില്‍. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസാ ഇന്‍ എന്ന ചെറുകിട ലോഡ്ജില്‍ വച്ചാണ് കൊലപാതകം നടന്നതെന്നു വിവരം ലഭിച്ചു. പ്രതികളായ ഷിബിലിയും ഫര്‍ഹാനയും തമ്മിലുള്ള ബന്ധമെന്തെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ ഫര്‍ഹാന ഷിബിലിക്കെതിരെ പോക്‌സോ കേസ് നല്‍കിയിട്ടുണ്ട്. 
***********************************
ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചെന്നത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ നിന്ന് ട്രോളി ബാഗുമായി രണ്ട് പേര്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത വന്നു. മെയ് 19ന് ഉച്ചയ്ക്ക് 3.09നും 3.11നുമിടയിലാണ് പ്രതികളെന്ന് സംശയിക്കുന്ന സ്ത്രീയും പുരുഷനും ട്രോളിയുമായി ഹോട്ടലില്‍ നിന്ന് ഇറങ്ങി കാറില്‍ കയറി പോകുന്നത്. കാറിന്റെ ഡിക്കി തുറന്ന് ട്രോളി ബാഗുകള്‍ എടുത്ത് വച്ച ശേഷം കാറുമായി പോകുകയായിരുന്നു. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത വന്നിരിക്കുന്നത്. 
*********************************
ലൈഫ് മിഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസില്‍ റിമാന്റില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാര്‍ത്ഥമെന്ന് കാരണം പറഞ്ഞാണ് എം ശിവസങ്കര്‍ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ലൈഫ് മിഷന്‍ കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കര്‍.
**********************************
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ ആയിരുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്.
***********************************
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നാണയം പുറത്തിറക്കുന്നു. 75 രൂപയുടെ പുതിയ നാണയമാണ് പുറത്തിറക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭം ആലേഖനം ചെയ്യും.
********************************
ചിന്നക്കനാലില്‍ നിന്ന് കാടുകടത്തിയ അരിക്കൊമ്പന്‍ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് ഇന്നലെ രാത്രിയോടെ ആന എത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്.തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റേഡിയോ കോളര്‍ നല്‍കുന്ന സിഗ്നല്‍ പ്രകാരം . റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെ വനത്തിനുള്ളില്‍ ആണ് ഇപ്പോള്‍ അരിക്കൊമ്പനുള്ളത്.
***********************************
കൊച്ചി തന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു.   ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ്  തീപടര്‍ന്നത്.  ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
**********************************
പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറി തൂങ്ങി മരിച്ചു. റസാഖ് പയമ്പ്രോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 
****************************************

main news - national - kerala 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക