Image

കാനഡയിൽ ഖാലിസ്ഥാൻ വീണ്ടും 'ജനഹിത  പരിശോധന' നടത്തും; വ്യാപാര ചർച്ചകൾ  നിർത്തിവച്ചെന്നു ഡൽഹിയിൽ അറിയിപ്പ് (പിപിഎം)

Published on 18 September, 2023
കാനഡയിൽ ഖാലിസ്ഥാൻ വീണ്ടും 'ജനഹിത  പരിശോധന' നടത്തും; വ്യാപാര ചർച്ചകൾ  നിർത്തിവച്ചെന്നു ഡൽഹിയിൽ അറിയിപ്പ് (പിപിഎം)



ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡയിൽ 'ജനഹിത പരിശോധന'യുടെ രണ്ടാം ഘട്ടം ഒക്ടോബർ 29നു നടത്തും. അവരുടെ സിഖ്‌സ് ഫോർ ജസ്റ്റിസ് പാർട്ടി നേതാവ് ഹർദീപ് സിംഗ് നിജ്ജാറെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഹൈക്കമ്മീഷണർ ആണെന്നു വിശ്വസിക്കുന്നുണ്ടോ എന്നായിരിക്കും വോട്ടർമാരോടു ഇക്കുറി ചോദിക്കുക. 

ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറെ നഗരത്തിലുള്ള ഗുരുദ്വാരയിൽ വച്ചു തന്നെയാവും ഈ വോട്ടെടുപ്പും. സെപ്റ്റംബർ 10നു ആയിരുന്നു അവിടെ ആദ്യ റൗണ്ട്  നടത്തിയത്. 

ഈ ഗുരുദ്വാരയിൽ വച്ച് തന്നെയാണ് ഗുരുദ്വാര പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ ജൂണിൽ വധിക്കപ്പെട്ടത്. അതിനുത്തരവാദി ഹൈക്കമ്മീഷണർ  സഞ്ജയ് വർമയാണ് എന്നാരോപിക്കുന്ന പോസ്റ്ററുകൾ ഖാലിസ്ഥാനികൾ കാനഡയിൽ പതിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പോസ്റ്ററുകളിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. 

കാനഡയുടെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം കഴിഞ്ഞ മാസം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നിജ്ജാറുടെ മരണത്തിൽ വിദേശ ഇടപെടൽ ഇല്ല എന്നാണ്. അതികായരായ രണ്ടു തോക്കുധാരികളെയും കൊല കഴിഞ്ഞു അവരെ കൊണ്ടു പോയ ഡ്രൈവറെയുമാണ് അന്വേഷിച്ചു വരുന്നത്. അവരുടെ 2008 മോഡൽ ടയോട്ട കാമ്രി കാറും. 

ഡൽഹിയിൽ ജി20 ഉച്ചകോടിക്ക് എത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ രാജ്യത്തു നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ആശങ്ക ഉയർത്തിയിരുന്നു. തീവ്രവാദികൾ വിഘടന വാദം പ്രചരിപ്പിക്കയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ആക്രമിക്കയും ചെയ്യുന്നുവെന്നു മോദി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമൂഹത്തെ ഭീഷണിപ്പെടുത്തുന്നു. ക്ഷേത്രങ്ങൾ ആക്രമിക്കുന്നു. 
 
പിന്നീട് നടന്ന മാധ്യമ സമ്മേളനത്തിൽ ട്രൂഡോ പറഞ്ഞത് ഏതാനും ചിലരുടെ പ്രവൃത്തികൾ കാനഡയെ പ്രതിനിധാനം ചെയ്യുന്നില്ല എന്നാണ്. വ്യക്തിസ്വാതന്ത്ര്യങ്ങളിൽ കാനഡ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അവഗണിച്ചു കാനഡ ഖാലിസ്ഥാൻ പ്രവർത്തനങ്ങൾ അനുവദിക്കയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അതെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ആരോപിച്ചു. 

അതിനിടെ ഇന്ത്യ-കാനഡ വ്യാപാര കരാർ തത്കാലം മാറ്റി വച്ചിട്ടുമുണ്ട്. ഓഗസ്റ്റിൽ മാറ്റി വച്ച വ്യാപാര മന്ത്രി മാരി നെഗിന്റെ ഒക്ടോബർ 9നു തുടങ്ങേണ്ട സന്ദർശനം ഇപ്പോൾ അനിശിചിതമായാണ് കാനഡ മാറ്റിയത്. 

കനേഡിയൻ ഭൂമിയിൽ ഇന്ത്യയെ തകർക്കാനുള്ള പ്രവർത്തനം നടക്കുന്നതു കൊണ്ടാണ് വ്യാപാര ചർച്ചകൾ നിർത്തി വച്ചതെന്നു ഡൽഹിയിൽ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യൻ മാധ്യമങ്ങൾ അറിയിച്ചു. 

Khalistan sets second referendum in Canada 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക