Malabar Gold

പുരാണങ്ങളിലൂടെ: അതിബലനായ അഗസ്ത്യമുനി-ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 23 August, 2012
പുരാണങ്ങളിലൂടെ: അതിബലനായ അഗസ്ത്യമുനി-ഡോ.എന്‍.പി.ഷീല
ആര്‍ഷഭാരതം ഋഷിമുനിമാരുടെ സംസ്‌കാരവുമായി അഭേദ്യമാകും വിധം ബന്ധപ്പെട്ടിരിക്കുന്നു. ആര്യാവര്‍ത്തം അവരുടെ സങ്കേതവുമായിരുന്നു. സൂര്യമണ്ഡലത്തില്‍ നിന്നുയര്‍ന്ന് ഉത്തരധ്രുവത്തിനടുത്തു നില്‍ക്കുന്ന ഏഴു നക്ഷത്രരാശി മരീചി. അത്രി, അംഗിരസ്സ്, പുലസ്ത്യന്‍, പുലഹന്‍, ക്രിതു, വസിഷ്ഠന്‍ എന്നീ സന്യാസിമാരാണെന്നു പുരാണം.

വസിഷ്ഠനുമായി ബന്ധപ്പെടുത്തി അഗ്‌സ്ത്യന്റെ ജനനത്തെക്കുറിച്ച് ഉത്തരരാമായണത്തിലും മഹാഭാരതം ശാന്തിപര്‍വ്വത്തിലും(343,88) പരാമര്‍ശമുണ്ട്. അതു പറയാതെ അഗസ്ത്യചരിത്രം പൂര്‍ത്തിയാകുകയില്ല.
സൂര്യവംശജനായ ഇക്ഷ്വാകുവിന്റെ പുത്രന്‍ നിമി രാജ്യഥഭാരം ഏറ്റപ്പോള്‍ ഒരു യാഗം നടത്താന്‍ തീരുമാനിച്ചു. യാഗത്തിന്റെ ചുമതല വസിഷ്ഠനു നല്‍കാന്‍ തീരുമാനിച്ച് അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍, മുന്‍കൂട്ടി ഏറ്റിരുന്ന ദേവേന്ദ്രന്റെ യാഗത്തില്‍ അദ്ദേഹത്തിനു സംബന്ധിക്കേണ്ടതിനാല്‍ ആ വിവിരം പറഞ്ഞ് സിമിയെ ഒഴിവാക്കി.

രോഷാകുലനായ നിമി ഗൗതമപുത്രനായ ശതാനന്ദന്റെ നേതൃത്വത്തില്‍ യാഗം തുടങ്ങിയത് വസിഷ്ഠനു രസിച്ചില്ല. “നിമിയുടെ പ്രാണന്‍ വെടിയട്ടെ” എന്ന് വസിഷ്ഠന്‍ ശപിച്ചു. അതേ ശാപം വസിഷ്ഠനു നേരെ നിമി തിരിച്ചു നല്‍കി. വസിഷ്ഠന്റെ പ്രാണന്‍ ശരീരം വെടിഞ്ഞു ആകാശദേശത്ത് അലഞ്ഞു നടന്നു. ഒടുവില്‍ തനിക്കൊരു ശരീരം നല്‍കാന്‍ അദ്ദേഹം ബ്രഹ്മാവിനോടപേക്ഷിച്ചു. “നീ മിത്രാവരുണന്മാരില്‍ നിന്നും ജനിക്കട്ടെ” എന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. അങ്ങനെ ഭൂമിയിലെത്തിയ വസിഷ്ഠന്റെ ആത്മാവ് മിത്രാവരുണന്മാര് ഏകശരീരികളായി സഞ്ചരിക്കുന്നതുകണ്ട് അവരില്‍ പ്രവേശിച്ചു.

ഒരിക്കല്‍ സമുദ്രതീരത്തുവച്ച് അപ്‌സരസായ ഉര്‍വ്വശിയെ അവര്‍ കണ്ടു. കാമമോഹിതരായ അവര്‍ അവളെ ആലിംഗനം ചെയ്തപ്പോള്‍ വസിഷ്ഠന്റെ ആത്മാവ് അവളില്‍ പ്രവേശിച്ചു. അതിനുശേഷം അവര്‍ വേര്‍പ്പെട്ട് ഇരുശരീരികളായി സഞ്ചരിച്ചു. കാമപീഢിതനായ വരുണന്‍ വീണ്ടും ഉര്‍വ്വശിയെ പ്രാപിക്കാന്‍ തുനിഞ്ഞെങ്കിലും അവള്‍ മിത്രനെ പ്രാപിക്കയാണുണ്ടായത്. ഇതുകണ്ട് വരുണന് സ്ഖലനമുണ്ടായി. അത് ഒരു കുടത്തിലാക്കി സൂക്ഷിച്ചു. ഇതു കണ്ട് വികാരവിവശയായ ഉര്‍വ്വശിക്ക് മിത്രനില്‍ നിന്നും സ്വീകരിച്ച ഗര്‍ഭം സ്രവിച്ചു; ആ മിത്രശുക്ലവും മറ്റൊരു കുടത്തില്‍ നിക്ഷേപിച്ചു സൂക്ഷിക്കപ്പെട്ടു. യഥാകാലം കുടം പിളര്‍ന്ന് രണ്ടു കുട്ടികള്‍ ജാതരായി. ഒരാള്‍ അഗസ്ത്യനും മറ്റേയാള്‍ വസിഷ്ഠനും. ഇരുവരും പില്‍ക്കാലത്ത് മിത്രാവരുണന്മാര്‍ എന്നറിയപ്പെട്ടു.

അഗസ്ത്യചരിതമാണല്ലൊ നമ്മുടെ പ്രതിപാദ്യം ആകയാല്‍ അഗസ്ത്യനെക്കുറിച്ച് പുരാണപ്രോക്തമായ കാര്യങ്ങളിലേക്കു കടക്കാം.

വേദശാസ്ത്രങ്ങളിലും ധനുര്‍വിദ്യയിലും അഗസ്ത്യന്‍ അദ്വീതിയനായിരുന്നുവെന്നതിന് ഭാഷാഭാരത്തിലെ(ആദിപര്‍വ്വം, 139,9) താഴെക്കാണുന്നപദ്യം മതിയാകും. ദ്രോണാചാര്യര്‍ അര്‍ജ്ജുനോട്:

അഗസ്ത്യനു ധനുര്‍വ്വേദ/ ശിഷ്യനാണാദ്യനെന്‍ ഗുരു
അഗ്നിവേശാഖ്യനവനും/ ശിഷ്യന്‍ ഞാനിഹ ഭാരത.” ധനുര്‍വ്വേദാഗ്രഗണ്യനായ ദ്രോണര്‍ വിനയത്തോടും അഭിമാനത്തോടും കൂടി തന്റെ പ്രിയ ശിഷ്യനോട് തന്റെ ശിഷ്യത്വം വെളിപ്പെടുത്തുന്ന ഈ ഭാഗം നമ്മുടെ തഥാകഥിത പണ്ഡിതന്മാര്‍ മാതൃകയാക്കേണ്ടതാണ്.

അഗസ്ത്യന്റെ വിവാഹത്തെക്കുറിച്ച് മഹാഭാരതം വനപര്‍വ്വത്തില്‍(അ.96) രസകരമായ ഒരു കഥയുണ്ട്.
ഒരിക്കല്‍ ഈ മുനി വനത്തിലൂടെ സഞ്ചരിക്കവെ ഒരു പാറയിടുക്കില്‍ തന്റെ പിതൃക്കള്‍ തലകീഴായി തൂങ്ങികിടക്കുന്നതുകണ്ട് അതിന്റെ കാരണം ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു:

“ഉണ്ണീ, നിനക്കു സന്താനമുണ്ടായാല്‍ മാത്രമേ ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശനമുള്ളൂ. ആകയാല്‍ നീ എത്രയും വേഗം വിവാഹം കഴിക്കൂ.”
തുടരും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക