Image

കാലമേ നന്ദി : പി. സീമ

Published on 16 July, 2024
കാലമേ നന്ദി : പി. സീമ

ഇന്നു കർക്കിടകം ഒന്ന്. എല്ലാവർക്കും രാമായണ മാസ ആശംസകൾ.!

പ്രഭാതം ഇളവെയിലിൽ ചിരിച്ചുണർന്നു എങ്കിലും  ഇന്നലെ  മിഥുനത്തിലെ അവസാന ദിവസത്തെ ആകാശം ഇരുണ്ടു മൂടിയത് പെട്ടെന്നായിരുന്നു. നേരത്തെ പറഞ്ഞതനുസരിച്ചു  വിദ്യാരംഗം ഉത്ഘാടനം ചെയ്യാൻ നനുത്ത ചാറ്റൽ മഴയിലൂടെ ചെന്ന് കയറിയത് മാതൃവിദ്യാലയമുറ്റത്തെ ബാല്യം പകർന്ന ഓർമ്മകളിലേക്ക് കൂടിയാണ്. മുകൾ നിലയിലെ ഹാളിൽ എത്തിയപ്പോൾ   കുഞ്ഞു മുഖങ്ങളിൽ കൗതുകവും ആയി കുട്ടികൾ LKG മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഉള്ളവർ. അവരെ കൂടെ കൂട്ടാൻ അവർക്കു പറ്റുന്ന കഥയല്ലേ പറയാൻ കഴിയൂ അങ്ങനെ കഥകഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും കാവേരിപ്പുഴയിൽ കുളിക്കാൻ പോയ കഥ പറഞ്ഞ് കുട്ടികളെ കൈയിലെടുത്തു.  വിളക്ക് കൊളുത്തി വിദ്യാരംഗം ഉദ്ഘാടനം ചെയ്തു.  അത് കഴിഞ്ഞു  പെയ്യാൻ തുടങ്ങിയ ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി നിലച്ചു. കുട്ടികൾ പറഞ്ഞ കഥകളും, ഇമ്പമുള്ള നാടൻ പാട്ടുകളും ആർത്തലച്ചു പെയ്ത പെരുമഴയുടെ ഇരമ്പലിൽ മുങ്ങിപ്പോയപ്പോൾ വിഷമം തോന്നി. ഏറെ ശബ്ദം ഇല്ലാത്ത എനിക്ക് സംസാരിക്കാൻ  പറ്റുവോളം വൈദ്യുതി പോകല്ലേ എന്ന്  ശ്രീ ലക്ഷ്മണസ്വാമിയോട്  മനസാ പ്രാർത്ഥിച്ചിരുന്നു. അത് സാധിച്ചതിന് ഉള്ളിൽ നന്ദി പറഞ്ഞു. പിരിയും മുൻപ് മുൻ നിരയിൽ  രണ്ടാമതായി എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്ന നീല ഫ്രോക്ക് ഇട്ട കുട്ടിയെ അരികിൽ വിളിച്ചു. നിവേദ്യ എന്ന് പേര് പറഞ്ഞവൾ പോയപ്പോൾ അച്ഛന്റെ കൂട്ടുകാരൻ അമ്മിണിക്കുട്ടൻ ചേട്ടന്റെ മോന്റെ മോൾ ആണതെന്നു പറഞ്ഞറിഞ്ഞു.  ആ ആത്മബന്ധം കൊണ്ടാകുമോ അവൾ എന്നെ ഇമ വെട്ടാതെ നോക്കിയിരുന്നത് എന്നും ചിന്തിച്ചു.

ആ മുറ്റം വിട്ടിറങ്ങുമ്പോൾ  കൂടെ പോരാൻ മടിച്ച മനസ്സ് വീണ്ടും പിന്നിലേക്ക് തോണി തുഴഞ്ഞു. "പൂ പറിക്കാൻ പോരുമോ പോരുമോ അതിരാവിലെ "എന്ന് കൈകോർത്തു പിടിച്ചും, തൊങ്കിക്കളിച്ചും, അമ്മാനമാടിയും ആ ഓർമ്മമുറ്റത്തേക്ക് ഓടിപ്പോയ  മനസ്സിനെ അവിടെ വിട്ടു വീടെത്തുമ്പോഴും  പുറത്ത്  തോരാമഴ പെയ്തു കൊണ്ടേയിരുന്നു.

ഇപ്പോഴും ഉള്ളിൽ പെയ്യുന്ന മഴയിൽ ആ ദേശത്തിന്റെ ഓർമ്മകളുണ്ട്. സ്കൂളിൽ പോരാൻ മടിച്ചതിനു അച്ഛൻ തല്ലിയ ചെമ്പരത്തിക്കമ്പു തന്ന നീറ്റലുണ്ട് , പടർന്നു നിന്ന ആൽമരത്തിൽ തല കീഴായി തൂങ്ങി ക്കിടന്നിരുന്ന വവ്വാലുകളുടെ ചിറകൊച്ചകൾ ഉണ്ട്, ഇടി വെട്ടി മഴ പെയ്തിരുന്ന ആറാട്ടുത്സവങ്ങളുണ്ട് നാൽക്കവലയിൽ നിറഞ്ഞൊഴുകുന്ന വെള്ളക്കെട്ടിലൂടെ ഉലഞ്ഞു നീങ്ങിയ കൊതുമ്പു തോണികളുണ്ട്.

ഇനി അങ്ങനെ ഒരു ബാല്യം തിരികെ തരില്ല എങ്കിലും കാലമേ നന്ദി.   നീ സൂക്ഷിക്കാൻ തന്ന ഓർമ്മകൾക്ക്, സ്നേഹവാത്സല്യങ്ങൾക്ക്...മാഞ്ഞൂ പോകാതെ മനസ്സിൽ അടുക്കി പ്പെറുക്കി വെച്ച ബാല്യകാല കൗതുകങ്ങൾക്ക്.  

ജീവിതമേ ..ഇപ്പോൾ നീ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്ന മുന്നിലെ വഴികാണാത്ത അനന്തമായ ഇരുളിലേക്കല്ല പിന്നിൽ നീ നിവർത്തുന്ന ഓർമ്മയുടെ നിലാവിലേക്ക് തോണി തുഴയാൻ ആണ്   എനിക്കിഷ്ടം.  കാരണം ക്ഷീണിച്ചാൽ ഇടയ്ക്കൊന്നു വിശ്രമിക്കാൻ  ഓരോ കടവിലും അച്ഛനമ്മമാരും അധ്യാപകരും  എന്നോ പകർന്ന സ്നേഹത്തിന്റെ  അടരാത്ത പടവുകളുണ്ടല്ലോ.

 

കാലമേ നന്ദി : പി. സീമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക