Image

ഒരു വിളിപ്പാടകലെ (കവിത: ഷൈലാ ബാബു)

Published on 18 July, 2024
ഒരു വിളിപ്പാടകലെ (കവിത: ഷൈലാ ബാബു)

മരുഭൂമിയായിരന്നെ
ന്നന്തരംഗത്തിലൊ-
രരിമുല്ലവള്ളിയായ്
നീയണഞ്ഞൂ!
ഒരു മഴത്തുള്ളിയായ്
കുളിരായി പ്രാണനിൽ
ജീവന്റെ പാതിയാം
ശ്രീലക്ഷ്മിയായ്!

എന്നാത്മ ശക്തിയാ
യീ, ജന്മം മുഴുവനും
പിരിയാതിണക്കിളി
ചേർന്നു നിൽക്കാൻ!
പ്രണയപുഷ്പങ്ങ
ളിറുത്തെടുത്തെത്രയോ
മാലകൾ കോർത്തു 
നീ ചാർത്തിയെന്നിൽ!

വെള്ളിക്കൊലുസിട്ടു
തുള്ളിനടന്നു നീ,
ഇഷ്ടങ്ങളോരോ
ന്നറിഞ്ഞു ചെയ്കേ...
പരിഭവമാകവേ
ഉള്ളിലൊതുക്കി നീ,
പുഞ്ചിരിച്ചേലയാൽ
മുഖം മറച്ചൂ!

തലയിണമന്ത്രത്തിൽ
ധൈര്യം നിറച്ചു നീ,
കരുതലിൻ പീലികൾ
വീശിനിന്നൂ.
മാലാഖയായി നീ
യെൻ ജീവപാതയിൽ;
നന്മയായ് തീർത്തു
നിൻ ദിനചര്യകൾ!

വാത്സല്യത്തേൻ
ക്കുടം
മെല്ലെച്ചെരിച്ചു നീ
സ്നേഹപ്രവാഹമാ
യൊഴുകി നീങ്ങി!
തനുതളർന്നവശത
കാട്ടി നീ പലവട്ടം;
അവഗണിച്ചെൻ മനം
മാപ്പു നൽകൂ...

രോഗിണിയായി നീ
കാലം കഴിക്കവേ...
മനസ്സാ വെറുത്തെത്ര
സ്വാർത്ഥതയാൽ!
ചേതനയറ്റു നീ
വീണു കിടക്കവേ...
കോരിയെടുക്കാത്ത
ക്രൂരനായി!

നോവുന്നചിന്തക-
ളിരുൾ വലയങ്ങളായ്
ഹൃദയകമലത്തെ
ഞെരിച്ചിടുമ്പോൾ...
നിന്നുടെ വേർപാടി
ലറിയുന്നുഞാനഹോ
ധരയിൽ തനിച്ചായ
തീവ്രദുഃഖം!

അതിരില്ലാരാഗത്തി
ന്നോർമകളെൻ ചിത്തം
മായാത്ത മുദ്രകൾ
തീർത്തിടുന്നു..!
താവകസ്പർശത്തിൻ സാന്ത്വനത്തൂവലാൽ
നീറുന്നെൻ ഹൃത്തടം
ശാന്തമാക്കീടുമോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക