Image

ഹാരിസിനെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾ ഒന്നും തന്നെ അടിസ്ഥാനമില്ലാത്തത്

Published on 26 July, 2024
ഹാരിസിനെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾ  ഒന്നും തന്നെ അടിസ്ഥാനമില്ലാത്തത്

വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഡെമോക്രാറ്റിക്‌ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതു മുതൽ അവർക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന ചർച്ച ചൂടുപിടിക്കുകയാണ്. പശ്ചാത്തലത്തെയും പൗരത്വത്തെയും ചൊല്ലിയുള്ള ഇത്തരം വിവാദങ്ങൾ ജോ ബൈഡൻ കഴിഞ്ഞ തവണ ഹാരിസിനെ വി പി ആയി പ്രഖ്യാപിച്ചപ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ്. അമേരിക്കൻ പൗരൻ എന്നു അവകാശപ്പെടാൻ ഹാരിസ് അർഹയല്ലെന്നാണ് ആദ്യത്തെ വാദം.

ഹാരിസിന്റെ അമ്മ ഇന്ത്യയിൽ നിന്നെത്തിയ കാൻസർ ഗവേഷക ശ്യാമള ഗോപാലനും പിതാവ് ജമൈക്കയിൽ നിന്നുള്ള ഡൊണാൾഡ് ഹാരിസ് ഇക്കണോമിസ്റ്റുമാണ്. ഇരുവരും കണ്ടുമുട്ടിയതാകട്ടെ, ബെർക്കലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ ബിരുദ പഠനത്തിനിടയിൽ. കമലാ ഹാരിസിന്റെ ജനനം കലിഫോർണിയയിലെ ഓക്‌ലൻഡിൽ 1964 ഒക്ടോബർ 20നായിരുന്നു. അമേരിക്കൻ ഭരണഘടനയുടെ 14ആം ഭേദഗതി അനുസരിച്ച്, രാജ്യത്തു  ജനിച്ചുവീഴുന്ന ഏതൊരാൾക്കും അമേരിക്കൻ പൗരത്വം ലഭിക്കും. അതിനാൽ കമലാ ഹാരിസിന് വൈസ് പ്രസിഡന്റ് / പ്രസിഡന്റ് ആകാനുള്ള യോഗ്യതയുണ്ടെന്നു ലൊയോള ലോ സ്‌കൂളിലെ പ്രൊഫസറായ ജെസീക്ക ലെവിൻസ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

ഹാരിസ് 'ബ്ലാക്ക്' അല്ലെന്നതാണ് മറ്റൊരു വാദം. ഇന്ത്യൻ അമേരിക്കനായ കമല ഹാരിസ് ഡെമോക്രാറ്റുകളുടെ തുറുപ്പുചീട്ടായ 'ബ്ലാക്ക്' എന്ന പ്രയോഗം രാഷ്ട്രീയ ലക്ഷ്യത്തോടെ ചാർത്തിയതാണെന്നാണ് എതിരാളികൾ പറഞ്ഞുപരത്തുന്നത്. എന്നാൽ പിതാവ് ബ്ലാക്ക് ആയതുകൊണ്ട് അവർക്കത് അവകാശപ്പെടാം എന്നതാണ് വസ്തുത. അമ്മയുടെ ദക്ഷിണേഷ്യൻ വേരുകൾക്കും  അവർ വിലമതിക്കുന്നതായി ആത്മകഥയായ 'ദ  ട്രൂത് സ് വി ഹോൾഡ് : ആൻ അമേരിക്കൻ ജേർണി' യിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹിതനായ കാലിഫോർണിയൻ രാഷ്ട്രീയ നേതാവ് വില്ലി ബ്രൗണുമായി വഴിവിട്ട ബന്ധം പുലർത്തിക്കൊണ്ടാണ് രാഷ്ട്രീയരംഗത്ത് ഹാരിസ് നിലയുറപ്പിച്ചതെന്നും കിംവദന്തികൾ ഉണ്ട്. ഇപ്പോൾ, 90 കാരനായ ബ്രൗൺ കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലിയിൽ സ്പീക്കറായിരിക്കെ 90 കളിൽ കമയെ ഡേറ്റ് ചെയ്തിരുന്നു എന്നത് സത്യമാണ്. എന്നാൽ, 1982 മുതൽ  അദ്ദേഹം ഭാര്യയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു.

സാൻ ഫ്രാൻസിസ്‌കോ ഡിസ്ട്രിക്ട് അറ്റോർണി ആകാൻ മറ്റേത് കലിഫോർണിയൻ രാഷ്ട്രീയ നേതാവിനും നൽകിയിട്ടുള്ള പിന്തുണയേ ഹാരിസിനു നൽകിയിട്ടുള്ളൂ എന്നു ബ്രൗൺ പറഞ്ഞിട്ടുണ്ട്. ഹൗസ് സ്പീക്കർ നാൻസി പെലോസി, മുൻ സെനറ്റർ ഡയാൻ ഫീൻസ്റ്റീൻ, ഗവർണർ ഗാവിൻ ന്യൂസം എന്നിവരും ബ്രൗൺ കൈപിടിച്ചുകയറ്റിയവരാണ്. ഹാരിസ് 2011 മുതൽ 2017 വരെ സ്റ്റേറ്റ് അറ്റോർണി ജനറലായും 2017 മുതൽ 2021 വരെ സെനറ്റിലും പ്രവർത്തിച്ച പരിചയത്തോടെയാണ് 59 വയസിൽ വൈസ് പ്രസിഡന്റായത്.

2014 ലാണ്  ഹാരിസ് ഡഗ് എൻഹോഫിനെ വിവാഹം ചെയ്തത്. ട്രംപ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും മൂന്ന് ദശകങ്ങൾക്ക് മുൻപ് ബ്രൗണുമായി ഹാരിസിനുണ്ടായിരുന്ന ബന്ധം  കുത്തിപ്പൊക്കുന്നുണ്ട്.  ഒരു പുരുഷനേതാവിന്  പഴയകാല പ്രണയങ്ങൾ വിലങ്ങുതടി ആകാത്തപ്പോൾ ഒരു വനിതാ നേതാവിന് നേർക്ക് ഇത്തരം ഒളിയമ്പുകൾ എയ്യ്യുന്നത് വെറും രാഷ്ട്രീയമല്ലാതെ എന്താണ്.

ഇന്ത്യക്കാർക്ക് അഭിമാനം 

വിവാദങ്ങൾ ഒരുവശത്ത് കൊഴുക്കുന്നുണ്ടെങ്കിലും ഇന്ത്യൻ - അമേരിക്കൻ കമ്മ്യൂണിറ്റിയെ സംബന്ധിച്ച് അവരിൽപ്പെട്ട ഒരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നടുക്കുന്നു എന്നത് വലിയൊരു നേട്ടമാണ്. ഇന്ത്യൻ ആണെന്നോ ബ്ലാക്ക് ആണെന്നോ തുറന്നുപറയാൻ ഹാരിസ് ഒരിക്കലും മടികാണിച്ചിട്ടില്ല. പിതാവിലൂടെയും മാതാവിലൂടെയും ലഭിച്ച തന്റെ സ്വത്വത്തെ അവർ അഭിമാനത്തോടെയാണ് ലോകത്തിനു മുൻപിൽ കാണിക്കുന്നത്.

സമത്വം,സ്വാതന്ത്ര്യം,ജനാധിപത്യം എന്നീ വാക്കുകൾ താൻ മനസ്സിലാക്കിയത് ചെന്നൈയിൽ സിവിൽ സെർവന്റ് ആയിരുന്ന  മുത്തശ്ശനൊപ്പം നടക്കാൻ പോകുന്നതിനിടയിൽ എപ്പോഴോ ആണെന്ന് ഹാരിസ് പറഞ്ഞിട്ടുണ്ട്. 2009 ലാണ് ഹാരിസിൽ  ഒടുവിൽ ഇന്ത്യയിൽ എത്തിയത്. വൈസ് പ്രസിഡന്റ് ആയശേഷം നേരിട്ട് എത്തിയില്ലെങ്കിലും അമ്മയുടെ നാടായ തമിഴ് നാടുമായും ബന്ധുക്കളുമായും മാനസികമായി അടുപ്പം പുലർത്തുന്നുണ്ട്. അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇന്ത്യക്കാരുടെ കടന്നുവരവിന് പ്രചോദനമാകാൻ കമല ഹാരിസ് കാരണമായിട്ടുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൊണാൾഡ് ട്രംപ് പുലർത്തിയ അത്ര സൗഹൃദം ഒരിക്കലും ഹാരിസ് പ്രകടിപ്പിച്ചിട്ടില്ല. ഇന്ത്യൻ അമേരിക്കക്കാർ പൊതുവേ ഡെമോക്രാറ്റിക്‌ പാർട്ടിയോട് ചായ്‌വുള്ളവരായതുകൊണ്ട് ഒരു ഇന്ത്യൻ വംശജ മത്സരിക്കുമ്പോൾ അവരുടെ വോട്ട് അങ്ങോട്ടേക്ക് വീഴുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം. തോക്ക്, കുടിയേറ്റ നയങ്ങൾ തുടങ്ങിയ വിഷയങ്ങൾമൂലം  ട്രംപിനെ ഭയത്തോടെ കാണുന്നവരും ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ കൂടുതലാണ്. ഇലക്ഷൻ ക്യാമ്പെയ്‌നിലേക്ക്  പണമെറിയാൻ ധനികരുണ്ട് എന്നത് 2020ൽ തന്നെ തെളിഞ്ഞതുമാണ്.

ഹാരിസിന്റെ നാവിൽ നിന്ന് വീഴുന്ന ഓരോ വാക്കും എങ്ങനെ വളച്ചൊടിക്കാമെന്നാണ് രാഷ്ട്രീയ എതിരാളികൾ ഓരോ നിമിഷവും ഉറ്റുനോക്കുന്നത്. ഒരു പ്രസംഗത്തിനിടയിൽ "നിങ്ങളൊക്കെ എന്താ തെങ്ങിൽ നിന്ന് പൊട്ടി വീണതാണോ" എന്നമട്ടിൽ ഒരു നാടൻ പ്രയോഗം നടത്തിയതിനും ഹാരിസ് ഏറെ പരിഹാസം ഏറ്റുവാങ്ങി. തെങ്ങ് ദക്ഷിണേന്ത്യയിൽ ധാരാളമായി വളരുന്ന വൃക്ഷമായതു കൊണ്ട് ഹാരിസിന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുള്ള ഒരു പ്രയോഗം മാത്രമാണത്. എന്നാൽ, തേങ്ങയുടെ പടവും മീമും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കളിയാക്കാനുള്ള ആയുധമായി റിപ്പബ്ലിക്കന്മാർ അതിനെ മാറ്റി. അവർക്ക് അറിയാത്ത ഒന്നുകൂടിയുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ച്, നല്ലൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ തടസങ്ങൾ മാറ്റുന്നതിന് തേങ്ങ ഉടയ്ക്കുന്ന പതിവുണ്ട്. ഹിന്ദുക്കൾ നാളികേരത്തെ ശുഭകരമായാണ് കാണുന്നത്.

Attacks on Harris unfounded 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക