Image

'ഡിജിറ്റൽ അറസ്റ്റ്' എന്ന് ഭീഷണി; ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 59 ലക്ഷം രൂപ

Published on 26 July, 2024
'ഡിജിറ്റൽ അറസ്റ്റ്' എന്ന് ഭീഷണി; ഡോക്ടറിൽ നിന്നും തട്ടിയെടുത്തത് 59 ലക്ഷം രൂപ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ വനിതാ ഡോക്ടർക്ക് 59 ലക്ഷം രൂപ നഷ്ടമായി. ഡൽഹി നോയിഡയിലുള്ള ഡോ. പൂജ ​ഗോയലിനാണ് പണം നഷ്ടമായത്. ഡോക്ടറുടെ മൊബൈൽ ഫോണിലൂടെ പോൺ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് സംഘം ഇവരെ ആദ്യം വിളിച്ചത്. ടെലിഫോൺ റ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് വിളിക്കുകയാണെന്നാണ് സംഘം ഡോക്ടറെ അറിയിച്ചത്.

ഡോക്ടർ ആരോപണം നിഷേധിച്ചതോടെ ഇക്കാര്യം തെളിയിക്കാൻ ഒരു വീഡിയോ കോളിൽ ചേരാൻ വിളിച്ചയാൾ നിർദേശിച്ചു. വീഡിയോ കോളിൽ പങ്കെടുത്തതോടെ ചെയ്ത കുറ്റം ​ഗുരുതരമാണെന്നും ഇതിന്റെ പ്രത്യാഘാതം ​ഗുരുതരമായിരിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് ഡോക്ടറെ 48 മണിക്കൂർ നേരത്തേക്ക് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അറിയിച്ചു. ഇതിനു ശേഷം സംഘത്തിന്റെ നിർദേശപ്രകാരം ഡോക്ടർ 59.54 ലക്ഷം രൂപ അയച്ചുനൽകുകയും ചെയ്തു. തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ ഡോക്ടർ നോയിഡ സെക്ടർ 36ലെ സൈബർ ക്രൈം സെല്ലിൽ പരാതി നൽകി.

അടുത്തിടെയായാണ് ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ് രീതിക്ക് തുടക്കം കുറിച്ചത്. അന്വേഷണ ഏജൻസി ഉദ്യോ​ഗസ്ഥരുടെ വേഷമണിഞ്ഞ് വീഡിയോ കോളിൽ ചേരുന്ന തട്ടിപ്പുകാർ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് പതിവ്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക