Image

നെതാന്യാഹുവിന്റെ സന്ദർശന വേളയിൽ പലസ്തീൻ പതാകയണിഞ്ഞ് യുഎസ് കോൺഗ്രസ്സ് അംഗം റാഷിദ തലായിബ്; ക്യാപ്പിറ്റോളിനു പുറത്ത് വൻ പ്രതിഷേധം

Published on 26 July, 2024
നെതാന്യാഹുവിന്റെ സന്ദർശന വേളയിൽ പലസ്തീൻ പതാകയണിഞ്ഞ് യുഎസ് കോൺഗ്രസ്സ് അംഗം റാഷിദ തലായിബ്; ക്യാപ്പിറ്റോളിനു പുറത്ത് വൻ പ്രതിഷേധം

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശന വേളയില്‍ പ്രതിഷേധ സൂചകമായി കഫിയ്യയും പലസ്തീന്‍ പതാകയുമണിഞ്ഞ് യുഎസ് കോണ്‍ഗ്രസ് അംഗം റാഷിദ തലാഇബ്. യുഎസ് കോണ്‍ഗ്രസിലെ ഏക പലസ്തീന്‍ വംശജയാണ് റാഷിദ. ഗസാ നിവാസിയായ ഹാനി അല്‍മദ്ഹൂനൊപ്പം കഫിയ്യ അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ റാഷിദ എക്‌സില്‍ പോസ്റ്റ് ചെയ്തു.

നെതന്യാഹുവിന്റെ വംശഹത്യയില്‍ 150 കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടയാളാണ് ഹാനി അല്‍മദ്ഹൂനെന്ന് റാഷിദ അറിയിച്ചു. ”പലസ്തീന്‍ ജനതയെ വംശഹത്യ ചെയ്യുന്ന നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്. അങ്ങിനെ ഒരാളെ കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിന് ക്ഷണിക്കാന്‍ രണ്ട് പാര്‍ട്ടികളിലെയും നേതാക്കള്‍ കൂട്ടുനിന്നത് ലജ്ജാകരമാണ്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറണം”- റാഷിദ പറഞ്ഞു.

”1948 മുതല്‍ 141 ബില്ല്യന്‍ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിന് നല്‍കിയത്. ഒക്ടോബര്‍ മുതല്‍ മാത്രം 17.9 ബില്ല്യന്‍ ഡോളറാണ് പലസ്തീനികളെ വംശഹത്യ ചെയ്യുന്നതിന് വേണ്ടി നല്‍കിയത്. നെതന്യാഹു ഭരണകൂടം ഇതിനകം 39,000 പലസ്തീനികളെ ഗസയില്‍ കൂട്ടക്കൊല ചെയ്തു. അതില്‍ 15,000ലേറെ പേര്‍ കുട്ടികളാണ്” അവർ കൂട്ടിച്ചേർത്തു.

നെതന്യാഹു കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രിയെ 'വാർ ക്രിമിനൽ', 'വംശഹത്യ നടത്തിയ കുറ്റവാളി' എന്ന് വിശേഷിപ്പിക്കുന്ന സൈൻ ബോർഡും റാഷിദ ഉയർത്തി.

കാപിറ്റോളിന് പുറത്ത് യുദ്ധവിരുദ്ധ പ്രക്ഷോഭകരുടെ വലിയ പ്രതിഷേധമാണ് നെതന്യാഹുവിനെ വരവേറ്റത്. എന്നാല്‍, ഇറാന് വേണ്ടി വിഡ്ഡിവേഷം കെട്ടുന്നവരെന്നാണ് നെതന്യാഹു അവരെ വിശേഷിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക