Image

കമലാ ഹാരിസിനെ ബരാക്ക് ഒബാമയും മിഷേൽ ഒബാമയും എൻഡോഴ്സ് ചെയ്തു (പിപിഎം)

Published on 26 July, 2024
കമലാ ഹാരിസിനെ ബരാക്ക് ഒബാമയും മിഷേൽ ഒബാമയും എൻഡോഴ്സ് ചെയ്തു (പിപിഎം)


വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്കു ബരാക്ക് ഒബാമയും മിഷേൽ ഒബാമയും എൻഡോഴ്സ് ചെയ്തതോടെ ഡെമോക്രാറ്റിക്‌ പാർട്ടി ഫലത്തിൽ അവരുടെ പിന്നിൽ ഒറ്റക്കെട്ടായി. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഡെമോക്രാറ്റിക്‌ കുടുംബത്തിന്റെ  പിന്തുണ ഹാരിസിനു വലിയ മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

ഞായറാഴ്ച്ച പ്രസിഡന്റ് ബൈഡൻ മത്സരത്തിൽ നിന്നു പിന്മാറി ഹാരിസിനെ നിർദേശിച്ചപ്പോൾ നിരവധി പാർട്ടി നേതാക്കൾ ആവേശത്തോടെ അവരെ പിന്താങ്ങിയെങ്കിലും ഒബാമ കുടുംബം ഒരക്ഷരം മിണ്ടാതിരുന്നത് ഒട്ടേറെ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയിരുന്നു. രാജ്യത്തെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ് ആഫ്രിക്കൻ രക്തമുള്ള ആദ്യ വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്കു പിന്താങ്ങാൻ മടിക്കുന്നു എന്ന ആക്ഷേപം റിപ്പബ്ലിക്കൻ പാർട്ടി ഉയർത്തി.

ഹാരിസിനെ വിളിച്ചു ഒബാമ പറഞ്ഞത് ഇങ്ങിനെ: "മിഷേലിനും എനിക്കും നിങ്ങളെ എൻഡോഴ്സ് ചെയ്യുന്നതിലും വലിയ അഭിമാനമില്ല. ഓവൽ ഓഫിസിലേക്കു നിങ്ങളെ നയിക്കാനുള്ള ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പൂർണമായും കൂടെയുണ്ട്."

ഒരു ചടങ്ങിന്റെ അണിയറയിൽ നിന്നാണ് ഹാരിസ് ആ ഫോൺ കോൾ എടുത്തത്. മിഷേൽ അവരോടു പറഞ്ഞു: "എനിക്ക് എന്റെ പെൺകുട്ടിയോട് പറയാനുള്ളത് കമലാ, എനിക്കു നിന്നെക്കുറിച്ചു നിറയെ അഭിമാനമാണ് എന്നാണ്. ഇത് ചരിത്രമാവാൻ പോവുകയാണ്."

2008ൽ ഒബാമ പ്രസിഡന്റ് ആവുന്നതിനു മുൻപ് തന്നെ അദ്ദേഹത്തെ അറിയുമായിരുന്ന ഹാരിസ് അവരുടെ സൗഹൃദത്തിനു നന്ദി പറഞ്ഞു. പ്രചാരണത്തിൽ അവരുടെ സാന്നിധ്യം കാത്തിരിക്കുന്നു എന്നും അറിയിച്ചു.

Obamas endorse Harris

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക