Image

പാരീസില്‍ ഇന്ന് ഒളിമ്പിക് ദീപം തെളിയും (സനില്‍ പി. തോമസ്)

Published on 26 July, 2024
പാരീസില്‍ ഇന്ന് ഒളിമ്പിക്  ദീപം തെളിയും (സനില്‍ പി. തോമസ്)

മുപ്പത്തിമൂന്നാമത് ആധുനിക ഒളിമ്പിക്‌സിന് ഇന്ന് പാരീസില്‍ ദീപം തെളിയും. ഇനി ഓഗസ്റ്റ് 11 വരെ കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ കരുത്തും ലക്ഷ്യമിട്ട് 206 രാജ്യങ്ങളില്‍ നിന്ന് 10,500 താരങ്ങള്‍ മൽസ രരംഗത്ത്. 34 സ്‌പോര്‍ട്‌സില്‍ 329 ഇനങ്ങലിലാണ് മത്സരം. 35 വേദികള്‍ മത്സരത്തിനായി ഒരുങ്ങി. ഫുട്‌ബോള്‍ മത്സരങ്ങള്‍ ബുധനാഴ്ചയും ആര്‍ച്ചറി വ്യാഴാഴ്ചയും തുടങ്ങി. ഇന്ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രം. കളിക്കളങ്ങള്‍ നാളെ വീണ്ടും ഉണരും.

ഇന്നു രാത്രി, പാരിസ് സമയം 8.24നാണ് പ്രധാന വേദിയിലെ ദീപത്തില്‍ നാളം തെളിയുക. ചരിത്രത്തില്‍ ആദ്യമായി തുറന്ന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍. കായിക താരങ്ങളുടെ ഘോഷയാത്ര പാരിസിലൂടെ ഒഴുകുന്ന സെന്‍ നദിയില്‍ ബോട്ടുകളിലാണ്. 45,000 സുരക്ഷാ ഭടന്‍മാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഐഫല്‍ ടവറിനു മുന്നില്‍ ട്രക്കാദറോ മൈതാനത്താണ് മൂന്നു മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍.

ഏപ്രില്‍ 16ന്, പുരാതന ഒളിംപിക്‌സ് വേദിയായിരുന്ന ആഥന്‍സിലെ ഒളിംപിയയിൽ കൊളുത്തിയ ദീപശിഖ പാരിസില്‍ പ്രയാണത്തിലാണ്. ഗെയിംസിനു തിരിതെളിയാന്‍ 100 നാള്‍ ബാക്കി നില്‍ക്കെയാണ് ഒളിംപിയയില്‍ ദീപശിഖ തെളിഞ്ഞത്. നിശ്ചിത ദിവസം സൂര്യപ്രകാശം കുറവായിരുന്നതിനാല്‍, തലേന്നാള്‍ റിഹേഴ്‌സലിന് കൊളുത്തിയ ദീപത്തില്‍ നിന്നും നാളം പകരുകയായിരുന്നു. ഗ്രീസിലൂടെ മാത്രം ദീപശിഖ 5000 കിലോമീറ്റര്‍ സഞ്ചരിച്ചു. പാരിസില്‍ ദീപശിഖ പിടിച്ചവരില്‍, ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും ഉണ്ടായിരുന്നു.

ഗ്രീക്ക് നടി മേരി മിനയാണ് പാരമ്പര്യം ഉണര്‍ത്തിയ ചടങ്ങില്‍, ഒളിംപിയയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത്. ടോക്കിയോ ഒളിമ്പിക്‌സില്‍ - സ്വര്‍ണ്ണം നേടിയ ഗ്രീസ് താരം സ്റ്റെഫാനോസ് ഡസ്‌കോസ് ആയിരുന്നു ദീപശിഖയുമായി ആദ്യം ഓടിയത്. ഫ്രാന്‍സിലെ ദീപശിഖ റാലി മേയ് എട്ടിന് മാര്‍സെയ്‌ലില്‍ തുടങ്ങി.ഫ്രഞ്ച് ഒളിമ്പിക് നീന്തല്‍ താരം ഫ്‌ളോറന്റ് മനോദോ ആയിരുന്നു ഫ്രാന്‍സില്‍ ദീപശിഖയേന്തിയ ആദ്യതാരം.


റഷ്യയെയും ബെലറൂസിനെയും ഒളിമ്പിക്‌സില്‍ നിന്ന് വിലക്കിയതിനാല്‍ റഷ്യ ഗെയിംസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റു തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഉദ്ഘാടനത്തിന് ഒരു 'പ്ലാന്‍ ബി' യും ആതിഥേയര്‍ തയ്യാറായിരുന്നു. പക്ഷേ, ഇതുവരെയുള്ള അറിവു വച്ച് സെന്‍ നദിയിലെ ഘോഷയാത്രയ്ക്കു മാറ്റമില്ല. പക്ഷേ, പാരിസില്‍ റയില്‍വേ ഗതാഗതം താറുമാറാക്കി ചില അട്ടിമറികള്‍ നടന്നെന്ന വാര്‍ത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഒളിമ്പിക്‌സിനു ബദലായി റഷ്യന്‍ പ്രസിഡന്റ് പുടിൻ പ്രഖ്യാപിച്ച 'ഫ്രണ്ട്ഷിപ് ഗെയിംസില്‍ പങ്കെടുക്കരുതെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നത് റഷ്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പരസ്യമായൊരു അട്ടിമറിക്ക് റഷ്യ ശ്രമിക്കില്ല. പക്ഷേ സംഘാടകര്‍ തികഞ്ഞ ജാഗ്രതയിലാണ്. ഫ്രഞ്ച് പ്രസിഡന്റിന്റെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നതും.

റഷ്യയുടെ അസാന്നിധ്യത്തില്‍ മെഡല്‍ നേട്ടത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ ചൈന രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍. സ്‌പോര്‍ട്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് വിദഗദ്ധരായ നീല്‍സെന്‍സ് ഗ്രേസ്‌നോട്ട് ഈ സ്‌പോര്‍ട്‌സിന്റെ കണക്കുകൂട്ടലില്‍ അമേരിക്ക 39 സ്വര്‍ണ്ണവും 32 വെള്ളിയും 41 വെങ്കലവും(ആകെ 112  മെഡല്‍) നേടും ചൈനക്ക് 34 സ്വര്‍ണ്ണം ഉള്‍പ്പെടെ 86 മെഡല്‍ കിട്ടും. ആദ്യ 30 സ്ഥാനങ്ങളില്‍ ഇന്ത്യ ഇല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക