ദാഹിച്ചു മരിക്കാറായ പുഴ
കാർമേഘങ്ങൾ കൊഴിഞ്ഞു പോയ ആകാശം
ഇലകൾ നരച്ചു തീർന്ന പടു മരം
രാഗം മറന്ന പുല്ലാംകുഴലുകൾ
അതിനിടയിൽ ആത്മാവടർന്ന
എല്ലിൻകൂടുകളുമായി ഒരാൾ....
ആ ഒരാൾ?
മീനുകൾ മുഴുവൻ പറന്നു പോയ പുഴയിൽ
ചൂണ്ടത്തലപ്പിൽ ഹൃദയം
കൊളുത്തി അയാൾ ഇരിപ്പുണ്ട്..
ഒരിക്കലൊരു മീനാക്കൊ ളുത്തിൽ കുരുങ്ങും..
അന്ന്
എല്ലിൻകൂടുകളിൽ ഒരിക്കൽ കൂടി ആത്മാവ് കൂട് കൂട്ടും
നരച്ച ചില്ലകളിൽ
എവിടെ നിന്നെന്നില്ലാതെ കിളികൾ നിറയും
കാർമേഘങ്ങൾക്ക് നൃത്തം ചെയ്യണമെന്ന് തോന്നും
പുല്ലാംകുഴലുകൾ പാടാതിരിക്കുന്നതെങ്ങനെ?
ദാഹം തീർന്ന പുഴയിൽ മീനുകൾക്ക് പുനർജന്മം..