അടുത്തകാലത്താണ് ശശി തരൂർ, കേരളം ഒരു വൃദ്ധസദനമായി മാറുന്നു എന്ന് ഒരു പ്രസ്താവനഇറക്കിയത്. 2 ലക്ഷത്തിലധികം വീടുകൾ ആൾ താമസമില്ലാതെ പൂട്ടിക്കിടക്കുന്നു. 10 ലക്ഷത്തിലധികം വീടുകളിൽ ഒരു വൃദ്ധനോ വൃദ്ധയോ ഏകാകിയായി ജീവിക്കുന്നു എന്നാണ് സർക്കാർ സർവ്വേ റിപ്പോർട്ട്. കേരളത്തിൽ വയോജനങ്ങളുടെ സംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും ചെറുപ്പക്കാർ വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി അന്യ നാടുകളിലേക്ക് വലിയ സംഖ്യയിൽ ചേക്കേറുന്നുണ്ടെന്നും കൂടി സർവ്വേകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം മാത്രം 10 ലക്ഷത്തിലധികം കുട്ടികളാണ് വിദ്യാഭ്യാസത്തിനുവേണ്ടി കേരളത്തിന് പുറത്തു പോയത്. പണ്ട്, അതായത് 50 -60 വർഷങ്ങൾക്കു മുൻപ് ബോംബെയിലേക്കോ ദില്ലിയിലേക്കോ ജോലി അന്വേഷിച്ച് ചെറുപ്പക്കാർ പോയ പോലെ, ഇന്ന് ചെറുപ്പക്കാർ വിദേശരാജ്യങ്ങളിലേക്കാണ് കുടിയേറുന്നത്. കൂടുതൽ ജോലി സാധ്യതകൾ, അവിടെ വിദേശത്ത് ലഭിക്കാൻ ഇടയുള്ള അധികവേതനം , സ്വന്തം നാട്ടിൽ ( പരിചയക്കാർക്കിടയിൽ) ചെയ്യാൻ മോശം തോന്നിയ അതേ ജോലികൾ അന്യദേശത്ത് പോയി ചെയ്യാനുള്ള മാനസിക തയ്യാറെടുപ്പ് എന്നിവയെല്ലാം ഈ കുടിയേറ്റത്തിന് പിന്നിലുണ്ട്. കേരളത്തിൽ ജോലിസാധ്യത തുലോം കുറവായിരുന്നു / ആണ് എന്ന യാഥാർത്ഥ്യം ഈ കുടിയേറ്റത്തിന് ആക്കം കൂട്ടുന്നുമുണ്ട് . അന്നൊക്കെ പക്ഷേ ഈ കുടിയേറ്റക്കാരുടെ എല്ലാവരുടെയും മനസ്സിൽ കേരളം എന്ന ഒരു സ്വപ്നം ബാക്കി നിന്നിരുന്നു. അവിടേക്ക് തിരിച്ചുവരും, തിരിച്ചുവരണം എന്ന സ്വപ്നവും അവർ കൂടെ കൊണ്ടുനടന്നു. കേരളവുമായുള്ള പൊക്കിൾകൊടി ബന്ധം അവർ വളരെ വൈകാരികമായി തന്നെ സൂക്ഷിച്ചു. കേരളത്തിന് പുറത്തുള്ളപ്പോൾ കേരളത്തെ ഭാഷാപരമായും സാംസ്കാരികമായും അതാത് സ്ഥലത്തേക്ക് പറിച്ചു നട്ടാണ് അവർ ഈ വൈകാരിക ആവശ്യങ്ങളെ സംതൃപ്തമാക്കിയത് . അതായത് അന്യദേശത്തുള്ള വാസം ജീവിതത്തിൽ ഒരു ഇടവേള മാത്രമായാണ് അവർ എന്നും മനസ്സിൽ കണ്ടത്.
ഇന്ന് കാര്യങ്ങൾ അത്യധികം വ്യത്യാസപ്പെട്ടിരിക്കുന്നു. കുടിയേറ്റക്കാർ വർദ്ധിച്ചു എന്നത് മാത്രമല്ല, അവരാരും കേരളത്തിലേക്ക് തിരിച്ചു വരിക എന്ന സ്വപ്നം കൂടെ കൊണ്ടുനടക്കുന്നുമില്ല എന്നതാണ് വാസ്തവം . കേരളത്തിൽ വൃദ്ധജനങ്ങളുടെ എണ്ണം കൂടുകയും ഏറെക്കുറെ ചെറുപ്പക്കാർ ഇവിടെ ഇല്ലാതിരിക്കുകയും ചെയ്തതിന്റെ പ്രധാന കാരണം ഇതായിരുന്നു.
അത് പക്ഷേ കേരളത്തിൽ പല തുറകളിലും ഉള്ള ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമായി. അതിൽ ഏറ്റവും പ്രധാനം കേരളം ഒരു വൃദ്ധസദനം ആയി മാറിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയായിരുന്നു. വയോജനങ്ങൾക്ക്, പരമ്പരയാ വിശ്വസിച്ചിരുന്ന മക്കളുടെ ആശ്രയം താരതമ്യേന കുറവായി. അത് വയോജനങ്ങൾക്കിടയിലെ മാനസിക അസ്വാസ്ഥ്യങ്ങൾ അടക്കം പല പ്രയാസങ്ങൾക്കും കാരണമായി. നിത്യേനയുള്ള കാര്യങ്ങൾ (ബില്ലുകൾ അടയ്ക്കൽ, അങ്ങാടിയിൽ പോകൽ, ആസ്പത്രി സന്ദർശനങ്ങൾ, ബന്ധുക്കളെ കാണൽ, വീട്ടുജോലികൾ തുടങ്ങിയവ) സ്വയം നടത്തേണ്ടിവരുന്ന വയോജനങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. ആരെയും സ്വാതന്ത്ര്യപൂർവ്വം ആശ്രയിക്കാൻ ഇല്ലാത്ത ഒരു സാഹചര്യം അവരുടെ അരക്ഷിതാവസ്ഥയ്ക്ക് കൂടി കാരണമായി. പണത്തിനു മാത്രം പരിഹരിക്കാൻ കഴിയാത്ത പല കാര്യങ്ങളും ഉണ്ടെന്നുള്ള തിരിച്ചറിവ് ഇതിന്റെ കൂടെ വന്നു. കുടുംബത്തിൽ മക്കളുടെ അഭാവം ശാരീരികമായി ബലഹീനരായവരെയും പരാധീനതകൾ ഉള്ളവരെയും തികഞ്ഞ അരക്ഷിതാവസ്ഥയിലേക്കും തുടർന്ന് അതുണ്ടാക്കുന്ന മാനസിക അസ്വസ്ഥതകളിലേക്കും നയിച്ചു. സഹായത്തിന് ആൾക്കാരെ ലഭ്യമല്ല എന്നത് ഈ സാമൂഹ്യ സാഹചര്യത്തിന് ആക്കം കൂട്ടി. ഇനി സഹായത്തിന് കിട്ടുന്നവരെ തന്നെ പുലർത്തിപ്പോരാൻ ഉള്ള സാമ്പത്തിക ചെലവ് കേരളത്തിലെ വയോജനങ്ങളിൽ ഒരു വലിയ വിഭാഗത്തിനും താങ്ങാൻ ആവുന്നതുമായിരുന്നില്ല. അരക്ഷിതരും ആശ്രയം ഇല്ലാത്തവരും ഭാവിയിലേക്ക് അമ്പരന്ന് നോക്കി നിൽക്കുന്നവരും ആയ ഒരു വലിയ ജനവിഭാഗത്തെയാണ് ഇത് കേരളത്തിൽ സൃഷ്ടിച്ചത്. മുന്നിൽ വരുന്ന തലമുറ ഏറ്റെടുക്കുമെന്ന് സ്വാഭാവികമായും കരുതിയിരുന്ന നിത്യ നിദാന കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആവാതെ, വാർദ്ധക്യത്തിൽ സ്വാഭാവികമായ മറവിയുടെയും മാനസികമായ ഊർജ്ജം ഇല്ലായ്മയുടെയും അടിമകളായി മരിക്കാൻ കഴിയാത്തതിന് സ്വയം ശപിച്ചു കഴിയേണ്ടിവരുന്ന ഒരു വലിയ ജനവിഭാഗമായിരുന്നു ഇത്.
ജോലിയെടുത്ത് ജീവിക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ ഞെരുക്കങ്ങളിൽപ്പെട്ട് വേണമെന്ന് വിചാരിച്ചാൽ പോലും മാതാപിതാക്കൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിയാതെ വരുന്ന മക്കളുടെ വേവലാതികളും മടുപ്പിക്കുന്ന തിരക്കുകളും തങ്ങൾ അവർക്കൊക്കെ ഒരു ഭാരം ആണെന്ന വിചാരത്തിന് കൂടുതൽ വളം ചേർക്കുകയാണ് ചെയ്യുന്നത്. മക്കൾക്കാണെങ്കിൽ പുതിയ ജീവിത സാഹചര്യങ്ങളിൽ വെക്കേഷനും ടൂറുകളും ഒക്കെ ഉള്ളതിനാൽ ആശ്രിതരായ മാതാപിതാക്കൾ അവർക്കും ഭാരമായി തോന്നിയേക്കാം. രണ്ടു തലമുറകളുടെയും ലോകങ്ങൾ ഇതിനൊന്നും പരിഹാരങ്ങൾ ഇല്ലാതെ പരസ്പരം അമ്പരന്ന് നോക്കിനിൽക്കുകയാണ് ഇന്ന് ചെയ്യുന്നത്. നിലവിലുള്ള വൃദ്ധസദനങ്ങളുടെ അവസ്ഥയും അതിന്റെ നടത്തിപ്പുകളും വളരെ മോശമായതിനാൽ മാതാപിതാക്കളെ അവിടെ കൊണ്ട് ചെന്ന് ഏൽപ്പിക്കുക എന്നത് മധ്യവർഗ്ഗ കുടുംബങ്ങൾക്ക് അംഗീകൃതമല്ല. എന്നാൽ വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന മറ്റു സംവിധാനങ്ങൾ സമൂഹത്തിൽ ആരോഗ്യകരമായി നിലനിൽക്കുന്നുമില്ല. സത്യത്തിൽ കേരളം ഇന്ന് നേരിടുന്ന ഒരു വലിയ പ്രതിസന്ധി ഇതാണ്. വയോജനങ്ങളുടെ ആയുസ്സ് ദിനംപ്രതി വർദ്ധിച്ചുവരുന്നു. 70 വയസ്സു കഴിഞ്ഞവരും വളരെ ആരോഗ്യത്തോടെ ജീവിക്കുന്നു. അവരുടെ ആരോഗ്യവും മാനസികമായ കഴിവുകളും ബുദ്ധിയും പരിചയവും ഉപയോഗപ്പെടുത്താനുള്ള ഒരു സംവിധാനം സമൂഹത്തിൽ ഇന്ന് ഇല്ല. പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് 60 വയസു കഴിഞ്ഞാൽ ജോലിക്ക് പ്രാപ്തരല്ല എന്ന പൊതു ധാരണയിൽ അവരെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുകയാണ് ഇന്നത്തെ തൊഴിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ഈ 60 വയസ്സ് എന്ന കട്ട് ഓഫ് പോയിന്റ് ഇക്കാലത്ത് അത്ര പ്രസക്തമല്ല എന്ന് എല്ലാവർക്കും അറിയാം.
ഈ തിരിച്ചറിവ് സാമൂഹ്യ സാംസ്കാരിക ആരോഗ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ എല്ലാം ഒരു പുതിയ കാഴ്ചപ്പാട് ഭരണ തലത്തിൽ തന്നെ അനിവാര്യമാക്കിയിരിക്കുന്നു. സർക്കാരിന് അവഗണിക്കാൻ ആവാത്ത ഒരു വിഭാഗമായി വൃദ്ധജനങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ അത്യാവശ്യമായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ആരോഗ്യ സംവിധാനങ്ങളുടെ പുനർനിർവഹണം പുനർക്രമീകരണവും തന്നെയായിരുന്നു. വൃദ്ധജനങ്ങളുടെ ജീവിത കാലയളവ് (ആയുസ്സ്) കൂടുതലായി കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം പൊതു ആരോഗ്യ സംവിധാനങ്ങളിൽ പല മാറ്റങ്ങളും അനിവാര്യമാക്കി. മുൻപൊന്നും ഇല്ലാത്ത വിധം, വൃദ്ധജനങ്ങൾക്കായുള്ള സവിശേഷ പരിചരണം ആസ്പത്രികളിലും പുറത്തും നൽകാനുള്ള സംവിധാനങ്ങൾ പ്രധാന ആവശ്യമായി. അവരെ ശുശ്രൂഷിക്കാനും പരിചരിക്കാനും ആവശ്യമായ skilled ഹെൽത്ത് കെയർ അംഗങ്ങൾ കൂടുതൽ കൂടുതൽ വേണ്ടിവന്നു. കൂടുതൽ വൃദ്ധജനങ്ങൾക്ക് ആരോഗ്യ പരിപാലനം ആവശ്യമായി വരുന്നു എന്ന് മാത്രമല്ല , അവർക്ക് നൽകേണ്ട ചികിത്സയുടെയും ശ്രദ്ധയുടെയും ഗുണമേന്മയും ഒപ്പം തന്നെ വർദ്ധിപ്പി ക്കേണ്ടതും ഉണ്ടായിരുന്നു.
കേരളത്തിൽ മിക്ക വൃദ്ധജനങ്ങളും (മധ്യവർഗരടക്കം) ഒന്നല്ലെങ്കിൽ മറ്റൊരു രോഗത്താൽ, പ്രത്യേകിച്ചും ജീവിതശൈലീ രോഗങ്ങളാൽ മിക്കപ്പോഴും പീഡിതരാണ് എന്നതിനെ കുറിച്ചും അവർക്ക് ലഭിക്കേണ്ട ചികിത്സയുടെ ഗുണമേന്മ ഉറപ്പാക്കേണ്ടതിനെക്കുറിച്ചും തികച്ചും ബോധവാന്മാരായിരുന്നു എന്നതും മനസ്സിലാക്കേണ്ടിയിരുന്നു. ഒരു വലിയ ശതമാനം വയോജനങ്ങൾക്കും വിലകൂടിയ ചികിത്സ താങ്ങാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നു എന്നതും നയ രൂപീകരണത്തിൽ പരിഗണനാർഹമായ ഘടകമായി. അതോടെ അത്തരം ഒരു ചികിത്സാവിഭാഗം (geriatric ) തന്നെ ശക്തമായി സാമൂഹ്യ രംഗത്ത് പ്രതിഷ്ഠിതമായി. സർക്കാരിന്റെ ആരോഗ്യനയ രൂപീകരണത്തിൽ ഈ വിഭാഗത്തിനും ഇത്തരം ചികിത്സകൾക്കും അവഗണിക്കാനാവാത്ത വിധം പ്രാധാന്യം നൽകേണ്ടിവന്നു. വയോജനങ്ങൾക്കായി പലതരം ക്ഷേമ പദ്ധതികൾ ആരംഭിക്കേണ്ടിവന്നു. പുറമേ നിന്നുള്ള സഹായങ്ങൾ ഇല്ലാതെ ജീവിക്കേണ്ടിവരുന്ന ഭൂരിപക്ഷം വയോജനങ്ങൾക്കും പ്രാപ്യമായ പദ്ധതികൾ വിദേശങ്ങളിൽ നിന്ന് വരെ അനുകരിക്കപ്പെട്ടു. റിവേഴ്‌സ് motgage പോലുള്ള പദ്ധതികൾ എളുപ്പത്തിൽ എങ്ങനെ നടപ്പാക്കാം എന്ന് ഇന്ന് കേരളം ആലോചിക്കാൻ തുടങ്ങിയിരിക്കുന്നു.
ഈ ജനവിഭാഗത്തിന്റെ വലിപ്പം കൂടുന്നത് അനുസരിച്ച് അവരുടെ ആരോഗ്യ ശുശ്രൂഷയുടെ ചെലവ് ദിനംപ്രതി വർദ്ധിച്ചു കൊണ്ടുവരികയാണ്. അത് ഖജനാവിനെ ഗണ്യമായി ബാധിക്കുന്നുമുണ്ട്. വാർദ്ധക്യകാല പെൻഷൻ, വിവിധതരത്തിലുള്ള ഇൻഷുറൻസ് എന്നിവയൊക്കെ അതിന്റെ ഭാഗമായി ഉടലെടുക്കുന്നതാണ്. വലുതോ ചെറുതോ ആയ ശാരീരികമായ അസ്വാസ്ഥ്യങ്ങൾ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വാഭാവികമാണ് എന്നതിന് പുറമേ മാനസികമായ അസ്വസ്ഥതകളും ഈ ജന വിഭാഗത്തെ വല്ലാതെ അലട്ടുന്നുണ്ട്. പ്രതീക്ഷിച്ച പോലെയല്ല ജീവിതം ഉണ്ടായതും ഉണ്ടാകുന്നതും എന്നത് അവരുടെ മാനസിക ആരോഗ്യത്തെ വളരെ താഴ്ത്തി കെട്ടുന്ന ഒരു ഘടകമാണ്. മക്കൾ അടുത്തില്ലാത്ത നിസ്സഹായത ഒരുവശത്തും മക്കളുടെ ലോകവുമായുള്ള അകൽച്ച മറുവശത്തും ഉള്ളതിനാൽ നിരാശയുടെ പിടിയിലാണ് മിക്ക വയോജനങ്ങളും ജീവിതം കഴിച്ചുകൂട്ടുന്നത്. സാമ്പത്തികമായ പരാധീനതകൾ കൂടി ഉണ്ടെങ്കിൽ അത് ഇവരുടെ നിരാശയ്ക്കും നിസ്സഹായതക്കും ആക്കം കൂട്ടുന്നു.
തങ്ങൾ ജീവിച്ചു പോന്ന മൂല്യബോധങ്ങൾ അല്ല മക്കളെ നയിക്കുന്നത് എന്ന അറിവ് മക്കളുടെ കൂടെ സ്ഥിരമായി താമസിക്കാൻ മിക്ക മാതാപിതാക്കളെയും നിരുത്സാഹപ്പെടുത്തുന്നു. അത് ഒരുതരത്തിൽ ഏകാന്തതയെയും നിസ്സഹായതയെയും അറിഞ്ഞുകൊണ്ട് സ്വീകരിക്കലാണ്. രോഗം കൂടിയുണ്ടെങ്കിൽ മക്കൾക്ക് തങ്ങൾ ഒരു വലിയ വേവലാതിയോ ഭാരമോ ആകുമോ എന്ന ചിന്ത സ്വന്തം അസ്തിത്വത്തെ ശാപമായി കണക്കാക്കാനാണ് അവരെ പ്രേരിപ്പിക്കുന്നത്. ഇത് ആഹ്ലാദകരമായ ഒരു ചിന്തയാവാൻ സാധ്യതയില്ലല്ലോ. ഏകാന്തതയും സമൂഹത്തിന് തങ്ങളെ ആവശ്യമില്ല എന്ന് തോന്നലും പുറമയാണ്.
പറഞ്ഞുവരുന്നത് ചെറുപ്പക്കാരുടെ കുടിയേറ്റങ്ങളും അതിശക്തമായി കടന്നുവരുന്ന ആഗോളവൽക്കരണവും കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ചയും, സാങ്കേതികവിദ്യകളുടെ പുരോഗതികൾ കാരണം ഉണ്ടാകുന്ന സാമൂഹ്യ ബന്ധങ്ങളുടെ ശൈഥില്യവും വാർദ്ധക്യത്തെ ഒരു ഭീതിതമായ അവസ്ഥയിലേക്ക് നയിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ്.
സ്വന്തം ജീവിതം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ വലയുന്ന ഒരു വലിയ വിഭാഗം ഇവർക്കിടയിൽ ഉണ്ട്. "മരിക്കാനും വേണം ഭാഗ്യം" എന്നതായിരിക്കുന്നു ഇവരുടെ മനസ്സിലെ സമകാലിക മുദ്രാവാക്യം.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ ആരോഗ്യമുള്ള വയോജനങ്ങളുടെ കഴിവുകളെ എങ്ങനെ സമൂഹത്തിന് പ്രയോജനപ്രദമാക്കാം എന്ന ചിന്ത ലോകമാകമാനം ചർച്ച ചെയ്യപ്പെടുന്നത്. അലോപ്പതി, ആയുർവേദം,ഹോമിയോപ്പതി, യൂനാനി തുടങ്ങി പലവിധ ചികിത്സാ പദ്ധതികൾക്കും കീഴെ, വയോജനങ്ങളുടെ ആരോഗ്യം ആവുന്നത്ര പുഷ്ടിപ്പെടുത്താനും ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ ക്രമങ്ങളുടെ അറിവ് അവർക്ക് നൽകാനും ഉള്ള പദ്ധതികൾ ആവിഷ്കരിക്കപ്പെടണം എന്ന ചിന്ത ഇന്ന് ലോകത്തിൽ ആകമാനം ആരോഗ്യനയ രൂപീകരണത്തിന്റെ ഭാഗമാണ്.
ഒപ്പം തന്നെ വയോജന ക്ഷേമ പദ്ധതികൾ ജീവിതത്തിന്റെ അവസാനകാലത്തെ നേരിടാനുള്ള നിസ്സഹായതയെയും സാമ്പത്തിക ഭീതികളെയും അകറ്റാനുള്ള വഴികൾ ആലോചിക്കുന്നു. വയോജനങ്ങൾക്ക് മാത്രമായ പ്രത്യേക ഇൻഷുറൻസുകൾ ഇന്ന് മിക്ക സർക്കാരുകളുടെയും പദ്ധതികളുടെ ഭാഗമാകുന്നത് അതുകൊണ്ടാണ്. വയോജനങ്ങളെ സർക്കാരുകൾ അഭിസംബോധന ചെയ്യുന്ന പേരുകൾ വരെ മാറിയിരിക്കുന്നു.ഇന്നു അവർ സിൽവർ സെഗ്മെന്റ് എന്നാണ് അറിയപ്പെടുന്നത്.
അഭ്യസ്തവിദ്യരായ വയോജനങ്ങൾ പോലും നേരിടുന്ന മറ്റൊരു വലിയ പ്രയാസം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോക രീ തി കളാണ് . ഡിജിറ്റൽ ലോകം തീരെ പരിചയമില്ലാത്ത ഒരു വലിയ വിഭാഗം വയോജനങ്ങൾ ഇന്നും നമുക്ക് ഇടയിൽ ഉണ്ട്. പക്ഷേ നിത്യജീവിതം കൊണ്ടുനടക്കാൻ അവർക്ക് അതിന്റെ അറിവ് കുറച്ചെങ്കിലും കൂടിയേ കഴിയൂ താനും. നിമിഷംതോറും സാങ്കേതികമായി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ അന്തരീക്ഷവും അതിനെ കുറിച്ചുള്ള അജ്ഞത നിറഞ്ഞ അവനവന്റെ മാനസിക ലോകവും തമ്മിലുള്ള അകൽച്ച വയോജനങ്ങളെ അത്യധികം ഭീതിപ്പെടുത്തുന്ന ഒരു ഘടകമാണ്. നീന്താൻ അറിയാത്തവർ കടലിൽ പെട്ട പോലെയുള്ള ഒരു അവസ്ഥയാണ് അവർ നേരിടുന്നത്. അത് അവരെ വല്ലാതെ ആശ്രിതരാക്കുന്നുണ്ട്.. ഡിജിറ്റൽ ലോകത്തെ ചതിക്കുഴികൾ ആകട്ടെ അവർക്ക് മനസ്സിലാകുന്നു പോലുമില്ല താനും. ഡിജിറ്റൽ ലിറ്ററസി ഇല്ലാത്ത പലവർക്കും സ്വന്തം സമ്പാദ്യങ്ങൾ തന്നെ നഷ്ടപ്പെട്ട കഥകൾ പറയാനുണ്ട്. സ്ഥിരമായ ഒരു ഭീതിയുടെ പശ്ചാത്തലത്തിലാണ് ഇവർ നിത്യേന യുള്ള പല കാര്യങ്ങളും നിർവഹിച്ചു കൊണ്ടുപോകുന്നത്. ഡിജിറ്റൽ ലിറ്ററസി പോയിട്ട് ലിറ്ററസി പോലും ഇല്ലാത്ത യുവാക്കളുടെ പോലും ഒരു വലിയ ജനസംഖ്യ ഇന്നും ഇന്ത്യയിലെ ഗ്രാമങ്ങളുടെ യാഥാർത്ഥ്യമാണ് എന്നുകൂടി നാം ഓർക്കണം.. ഇവർ വാർദ്ധക്യത്തെയും അതുണ്ടാക്കുന്ന നിസ്സഹായതയെയും അതിവേഗം മാറി കൊണ്ടിരിക്കുന്ന ലോകത്തെയും എങ്ങനെ നേരിടുമെന്ന് ആലോചിക്കാൻ തന്നെ വിഷമമുണ്ട്.
ഇന്ന് 70 കഴിഞ്ഞ ഒരാൾ മുൻ കാലങ്ങളിൽ എന്നപോലെ വാർദ്ധക്യം കൊണ്ട് ശാരീരികമായി വലിയ പരാധീനതകൾ നേരിടുന്ന ഒരാളല്ല.ബുദ്ധിപരമായും ശാരീരികമായും അയാൾ മിക്കവാറും സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവനായിരിക്കും.. ഏതെങ്കിലും പരിചയ മണ്ഡലങ്ങളിൽ ജോലിയെടുക്കാൻ കഴിവുള്ളവനും ആയിരിക്കാനാണ് സാധ്യത. ജോലി വ്യവസ്ഥ അനുസരിച്ച് നിയമപ്രകാരം ജോലിയിൽ നിന്ന് വിരമിച്ച് പോകേണ്ടിവരുന്ന അത്തര ത്തിലുള്ള പരശ്ശ തം ആൾക്കാരെ വയോജനങ്ങൾ എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിക്കുന്നതിനാൽ, ജോലി ചെയ്യാൻ പ്രാപ്തർ അല്ലെന്ന ധാരണയിൽ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കുകയാണ് നമ്മുടെ തൊഴിൽ വ്യവസ്ഥകൾ ഇന്ന് ചെയ്യുന്നത്. എന്ന് മുൻപേ സൂചിപ്പിച്ചല്ലോ. എന്നാൽ ഇന്ന് പല വിദേശരാജ്യങ്ങളിലും എന്നപോലെ, ഈ മനോഭാവത്തെ ഇന്ത്യയും പുനർവിചിന്തനത്തിന് പാത്രം ആക്കുന്നു എന്നത് വളരെ ശുഭോദർക്കമായ കാര്യമാണ്. സ്വകാര്യ വ്യവസായ സംരംഭങ്ങളുമായി വയോജനങ്ങൾക്ക് സമ്പർക്കപ്പെടുവാനും അവിടെ ജോലി സമ്പാദിക്കുവാനും അനുയോജ്യമായ പദ്ധതികളും നിയമങ്ങളും ഈ ചിന്തയുടെ ഭാഗമായി ഉരുത്തിരിയാൻ തുടങ്ങിയിട്ടുണ്ട്.ഇതിന്റെ ഏറ്റവും വലിയ ഗുണം മാനസികമായും ശാരീരികമായും വയോജനങ്ങൾ സമൂ ഹ ത്തിന് പ്രസക്തരല്ലാത്ത ഒരു വിഭാഗമാണ് എന്ന ചിന്ത അവരുടെ മനസ്സുകളിൽ നിന്ന് ദൂരീകരിക്കപ്പെടുന്നു എന്നതാണ്. ജോലിയിൽനിന്ന് വിരമിക്കുകയും എന്നാൽ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരായിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ക്രിയാത്മകമായ ഒരു മുന്നേറ്റമായി തന്നെ ഈ ചിന്തയെ കാണേണ്ടതുണ്ട്. വയോജനങ്ങൾ എന്നുവിളിച്ച് സമൂഹത്തിന്റെ അരികു കളിലേക്ക് മാറ്റിനിർത്തിയിരുന്നവരെ മുഖ്യധാരയിലേക്ക് പുനരധിവസിപ്പിക്കുക വഴി അവരുടെ ക്രിയാത്മകശേഷിയും ജോലികളിലുള്ള പരിചയവും സമൂഹത്തിന് ഉപയുക്തമാക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ ഗുണമേന്മയാണ്. സാമ്പത്തികമായ പരാധീനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ഒരു മാർഗ്ഗവും കൂടിയാകും ഇത്. സാമൂഹ്യമായും സാമ്പത്തികമായും ആശ്രിതർ അല്ലാത്തവരും സമൂഹത്തിന്റെ വളർച്ചയിൽ മറ്റേവരെയും പോലെ തന്നെ പങ്കാളികളാകുന്നവരും ആയ ഒരു വയോജനവിഭാഗത്തെ സൃഷ്ടിക്കുക കൂടിയാണ് ഇതുമൂലം സാധ്യമാകുന്നത്.
മറ്റൊരു പ്രധാന വ്യത്യാസം കേരളത്തിൽ കാണുന്നത് പഴയ ഓൾഡേജ് ഹോംസ് ( വൃദ്ധസദനങ്ങൾ) ന്റെ കെട്ടും മട്ടും മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. കേരളത്തിൽ ഇക്കാലത്ത് എല്ലാ പ്രദേശങ്ങളിലും നിലവിൽ വന്നുകൊണ്ടിരിക്കുന്ന റിടയർ മെന്റ് ഹോംസ് ഒരു സാധാരണ കാഴ്ചയായി മാറുന്നതാണ് നാം കാണുന്നത്. പഴയ, സൗകര്യങ്ങളില്ലാത്ത, വൃദ്ധസദനങ്ങൾ അല്ലേ അല്ല ഇവ. മറിച്ച്, സ്വന്തം വീടുകളിൽ സാധ്യമാകുന്ന എല്ലാ സൗകര്യങ്ങളും നിലനിൽക്കുന്ന ഒരു ഉഗ്രൻ സംവിധാനമാണ് റിട്ടയർമെന്റ് ഹോംസ്. ഓരോരുത്തരുടെയും സാമ്പത്തികശേഷിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വ്യത്യസ്ത തട്ടുകളിലുള്ള റിട്ടയർമെന്റ് ഹോംസ് ഇന്ന് കേരളത്തിൽ സുലഭമാണ്. ഭക്ഷണം, അപ്പ് കീപ്, വിനോദ പരിപാടികൾ, ഹോബികൾക്കുള്ള സ്പേസ്, ആരോഗ്യ പരിപാലന സംവിധാനങ്ങൾ, ഡോക്ടർമാരുടെ സേവനം,ആംബുലൻസ്, സ്വന്തം ഇഷ്ടപ്രകാരം സന്ദർശനങ്ങൾക്കോ യാത്രകൾക്കോ വേണ്ടി എത്ര ദിവസം വേണമെങ്കിലും പുറത്തു പോകാനും,
സ്വന്തം വാഹനവും അഭിരുചികളും സ്വന്തം വീട്ടിൽ എന്നപോലെ തന്നെ സൂക്ഷിക്കാനും, സ്വന്തം അതിഥികൾക്കു താമസസൗകര്യം ഒരുക്കാനും ടിവി, ഫോൺ, പുറമേ നിന്നുള്ള ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ താമസസ്ഥലത്ത് തന്നെ ലഭിക്കാനും പറ്റുന്ന ഒരു സമഗ്ര സംവിധാനം ആയിട്ടാണ് ഇന്ന് റിട്ടയർമെന്റ് ഹോംസ് നിലനിൽക്കുന്നത്. ഇത്തരം റിട്ടയർമെന്റ് ഹോമുകളിലെ സമാന നിലയിലുള്ള താമസക്കാർക്കിടയിൽ നിന്ന് സൗഹൃദങ്ങളും പരിചയങ്ങളും യഥേഷ്ടം സംഘടിപ്പിക്കാം എന്നതിനാൽ വയസ്സുകാലത്തെ ഏകാന്തതയ്ക്ക് ഇത് വലിയ ഒരു മറുമരുന്നായി പ്രവർത്തിക്കുന്നു.
മക്കളെ ആശ്രയിക്കേണ്ടതില്ല. മക്കൾക്ക് ഭാരമാകേണ്ടതില്ല. യാത്ര ചെയ്യാം, കളിക്കാം, ജോലിയെടുക്കാം! മക്കളോട് സമ്മതം ചോദിക്കാതെ സ്വയം അവനവന്റെ ഇടത്തിൽ, സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും നടുവിൽ സന്തോഷത്തോടെ ജീവിക്കാം.!
കേരളത്തിൽ ഉന്നത കുലജാതരും ഉന്നത സ്ഥാനീയരായ ഉദ്യോഗസ്ഥരും അവസാന നാളുകൾക്ക് വേണ്ടി അവനവന്റെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ഒരു സംവിധാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് റിട്ടയർമെന്റ് ഹോംസ്. പഴയ വൃദ്ധസദനങ്ങളുടെ stigma ഈ റിട്ടയർമെന്റ് ഹോമുകൾക്ക് ഒട്ടുമയില്ല.
ഭാരമായി തുടങ്ങിയ മാതാപിതാക്കളെ ശല്യം തീർക്കാനായി മക്കൾ കൊണ്ട് ചെ ന്നാക്കുന്ന ഗോഡൗണുകൾ അല്ല ഇവ. അതായത് വൈകാരികമായി വളരെ വളരെ വ്യത്യസ്ത തലങ്ങളിലാണ് റിട്ടയർമെന്റ് ഹോംസും പഴയ തരത്തിലുള്ള വൃദ്ധസദനങ്ങളും പ്രവർത്തിക്കുന്നത് എന്നർത്ഥം. ഒരുമിച്ച് ജോലി എടുത്തവരും മറ്റുതരത്തിൽ സൗഹൃദം പുലർത്തുന്നവരും സമാന മനസ്കരായവരും ഒരേ റിട്ടയർമെന്റ് ഹോമിലേക്ക് ഒരുമിച്ച് മാറി താമസിക്കുന്ന ഒരു പ്രവണത അടുത്തകാലത്തായി രൂപപ്പെട്ടു വരുന്നുണ്ട്. അകലെ ജീവിക്കുന്ന മക്കളെ തങ്ങളുടെ ജീവിത സായന്തനത്തിൽ ആശ്വാസത്തിനായി ഇവർ ഉറ്റുനോക്കുന്നില്ല. മറിച്ച് സൗഹൃദങ്ങളെ യാണ് അവർ പരസ്പരം ആശ്രയിക്കുന്നത്.കേരളം ഇക്കാര്യത്തിൽ വളരെ മുന്നോട്ടു പോയിരിക്കുന്നു എന്നാണ് അനുഭവസാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നത്. നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ഇഷ്ടം പോലെ ജീവിച്ചോളൂ എന്ന് മക്കളോട് സന്തോഷത്തോടെ പറഞ്ഞു സ്വന്തം ജീവിതം സ്വാഭീഷ്ടപ്രകാരം ജീവിക്കാൻ തയ്യാറെടുത്ത ഒരു വയോജന വിഭാഗം വാർദ്ധക്യത്തിന്റെ ഏകാന്തതയേയും ആശ്രിതത്വത്തെയും നിസ്സഹായതകളെയും വളരെ പോസിറ്റീവായി മറികടക്കുന്ന ഒരു കാഴ്ചയാണ് ഇന്ന് കേരളം നമുക്ക് മുന്നിൽ വയ്ക്കുന്നത്. സർക്കാർ മുന്നോട്ടുവയ്ക്കുന്ന പലതരം പദ്ധതികൾ ഈ കാഴ്ചയെ കൂടുതൽ ഫലവത്തും മനോഹരവും ആക്കുന്നു.
ഇത്തരം പരീക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഗുജറാത്തിലെ കമ്മ്യൂണിറ്റി കിച്ചൻ. വയോജനങ്ങൾ ആരും തന്നെ സ്വന്തം അടുക്കളയിൽ ഒന്നും പാചകം ചെയ്യുന്നില്ല. കമ്മ്യൂണിറ്റി കിച്ചനിൽ വന്ന് എല്ലാവരും കൂടി സന്തോഷമായി ഭക്ഷണം കഴിക്കുക എന്നതാണത്രെ പതിവ്.!
ബാംഗളൂരിൽ എൻആർഐ ക്കാരുടെ മാതാപിതാക്കൾ ചേർന്നുണ്ടാക്കിയ ഒരു സംഘടന പരസ്പരം സഹായിച്ചും സഹവർത്തിച്ചും സന്തോഷത്തോടെ ജീവിക്കുന്നു എന്നതും വാർദ്ധക്യങ്ങളെ എങ്ങനെ ക്രിയാത്മകമായി നേരിടാം എന്നതിന്റെ അനുഭവസാക്ഷ്യമായി വർത്തിക്കുന്നു.
ജീവിതത്തിന്റെ അവസാന നാളുകൾ ക്രിയാത്മകമായും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള സംവിധാനങ്ങൾ പല രൂപത്തിൽ പലയിടത്തും ഉടലെടുക്കുന്നു എന്നത് ഭീതിയോടെ നോക്കി കാണേണ്ടതില്ല എന്ന ആശ്വാസത്തിലേക്കാണ് നയിക്കുന്നത്.. വിപരീത പരിതസ്ഥ സ്ഥിതികളെ സ്വന്തം ബുദ്ധികൊണ്ട് മറികടക്കുന്ന മനുഷ്യന്റെ മറ്റൊരു ഉദാഹരണം കൂടിയായി ഇത്തരം പരീക്ഷണങ്ങൾ അവശേഷിക്കുന്നു.