Image

സ്വപ്നയാത്രകൾ (ഇ മലയാളി കഥാമത്സരം 2024: മിനി ആൻ്റണി)

Published on 30 November, 2024
സ്വപ്നയാത്രകൾ (ഇ മലയാളി കഥാമത്സരം 2024: മിനി ആൻ്റണി)

അന്നയെപറ്റിയും മോനെക്കുറിച്ചുള്ള അന്നയുടെ ആധിയെപറ്റിയും പറയാൻ തുടങ്ങിയപ്പോഴേ ആൻ്റണി ചൂടായി.

  "നിങ്ങളോടെനിക്ക് സ്നേഹമോ പ്രണയമോ മണ്ണാങ്കട്ടയോ ഒന്നുമില്ല. ഒരാത്മാർത്ഥതയുണ്ട്. അത് സത്യമാ.എന്നുകരുതി  പറയുന്നതെന്തും ചുമ്മാ വിഴുങ്ങിക്കോളും എന്നതിനർത്ഥമില്ല കേട്ടോ."

   ഈ പറച്ചിൽ ഇടക്കിടെയുണ്ട്. ഇതേ വാചകം.   കൂടെക്കൂടെ ഇതോർമ്മിപ്പിക്കുന്നതെന്തിനെന്ന് ഇനിയും മനസ്സിലായിട്ടില്ല.

  ഇനി ചിലപ്പോൾ  എനിക്കെന്തെങ്കിലും അങ്ങോട്ടുണ്ടെന്ന തോന്നലയാൾക്കുണ്ടോ?  അയാളുടെ പല സ്വഭാവങ്ങളോടും കടുത്ത വിയോജിപ്പാണുള്ളത്. ചിലപ്പോഴൊക്കെ വെറുപ്പും തോന്നാറുണ്ട്.

   പണ്ടെനിക്ക് കടുകടുത്തൊരു പ്രണയമുണ്ടായിരുന്നു. എല്ലാത്തിനേയും പ്രണയിക്കുന്നൊരു മനസുമുണ്ടായിരുന്നു. പണ്ടാണ്. ഇപ്പോഴതാലോചിച്ചാൽ എങ്ങനെ അന്നതിന് കഴിഞ്ഞു എന്നതിശയിക്കും.  ഈ ഞാൻ തന്നെയായിരുന്നോ അതെന്ന് ജാള്യപ്പെടും.  എങ്കിലും അന്ന് കൊഴിഞ്ഞുവീണ ഒരുതരി പ്രണയം എവിടെയെങ്കിലും
കിടപ്പുണ്ടാകാം.   വീണ്ടുമത് മുളച്ചു കൂടായ്കയില്ല.

    ആൻ്റണിയോട് മറുപടി പറയാൻ തുടങ്ങിയതാണ്. അന്ന തിരിച്ചു വന്നതിനാൽ അത് വേണ്ടെന്ന് വച്ചു.

   അന്ന ആൻ്റണിയുടെ ഭാര്യയാണ്. 
അധികം സംസാരിക്കുന്നവളല്ല.  പക്ഷേ പ്രത്യേകമായ ചില ആംഗ്യങ്ങളുണ്ട്. ചിരിയും.  അപ്പുറത്ത് താമസിക്കുന്നത് പാക്കിസ്ഥാനികളാണ്.  അവിടെ രണ്ടു കുട്ടികളുണ്ട്. അവർക്ക് ചോക്ലേറ്റോ മറ്റോ കൊടുത്തിട്ട് വരുന്ന വഴിയാണ്.

    "മലയാളിയെ കണ്ടാൽ മറ്റൊരു മലയാളി വഴി മാറി നടക്കും. എന്നാലൊരു പാക്കിസ്ഥാനിയോ ബംഗ്ലാദേശുകാരനോ ആണെങ്കി  മാമൻ്റെ മോനെ കണ്ട പോലെയാ  സംസാരം.  സ്വയം വിലയിരുത്തലിൻ്റെ ഗുണം."ആൻ്റണി 
പുച്ഛരസത്തോടെ പറഞ്ഞു.

    ''അതല്ലെങ്കിലും അത്രേയുള്ളൂ.  മനുഷ്യർക്കിടയിൽ ഇപ്പോ എന്തടുപ്പാ ഉള്ളത്.  കാണുമ്പോഴും അടുത്തു പെരുമാറുമ്പോഴും വല്ല്യ കാര്യായിരിക്കും.  
നാട്ടിലുള്ള ആരേയും ഞാനിപ്പോ വിളിക്കാറേയില്ല. കണ്ണകന്നാൽ മനസ്സകന്നു  എന്നാണ്. " ഞാൻ പറഞ്ഞതുകേട്ട്  അന്ന തലകുലുക്കി ചിരിച്ചു.   അന്നയുടെ ഓരോ ചിരിയും ഓരോ മറുപടിയാണ്.  അതെനിക്കറിയാം.

  "കണ്ണുകളടുത്തായിരുന്നാൽ മനസ്സടുപ്പം കൂടുമെന്നാണോ "  എന്നായിരിക്കുമോ ആ ചിരിയുടെ അർത്ഥം.

    മാസാവസാനത്തിലെ രണ്ടു ദിവസം. ഒരു ശനിയും ഒരു ഞായറും.  ഈ അവധി ദിവസങ്ങളിലാണ് ഞങ്ങൾ പരസ്പരം കാണുന്നത്.   ഫോണിലൂടെ പറഞ്ഞ ചില വിശേഷങ്ങളുടെ തുടർച്ചകളുണ്ടാവുന്നതും അന്നാണ്.

     അന്ന പ്രത്യേക മെനു തന്നെ മനസിൽ കരുതിക്കാണും.   എല്ലാത്തിനും ഒന്ന് സഹായിച്ചു കൊടുത്താൽ മാത്രം മതി.  ബാക്കിയെല്ലാം തനിയെ ചെയ്യുന്നതാണിഷ്ടം.

  "  എൻ്റെ ഭാര്യക്ക് ഈയൊരൊറ്റ വിചാരേമേയുള്ളൂ.  വല്ലോം വെച്ചും പെറുക്കീം തിന്നണം.
ഇവിടെ  എന്തൊക്കെ സ്ഥലങ്ങൾ കാണാൻ കിടക്കുവാ. ഈ കുന്നും കടലും കെട്ടിടങ്ങളും കണ്ടിട്ടെന്നാത്തിനാന്നാ ചോദ്യം.   മീങ്കറിം മോരും ഉരുളക്കിഴങ്ങുപ്പേരീം .  എപ്പഴാണേലും ഇതിനെ പറ്റി പറഞ്ഞ് നോക്ക്..... ആ നിങ്ങള് പറ. നിങ്ങടെ ഒരു സ്വപ്നം! അതെന്തുവാരുന്നു?"

 അവജ്ഞയിൽനിന്ന്  ഗൗരവത്തിലേക്ക് ഗിയറിട്ട് ആൻ്റണി എന്നിലേക്ക് മുഖം തിരിച്ചു.   അയാളൊരു ഊതി വീർപ്പിച്ച ബലൂണാണെന്നും അതല്ല  എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരണുബോംബാണെന്നും  അവസരോചിതമായി എനിക്ക് തോന്നാറുണ്ട്.   എന്തായാലും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടുന്ന ഓരാളാണ്.

    മുളകിട്ട് വറ്റിച്ച മീൻകറിയുടെ മണമാണ് ചുറ്റിലും. അതിൻ്റെ  പാകം 
നോക്കുന്നതിനിടക്ക് അന്ന തിരിഞ്ഞുനോക്കി. അപ്പോഴും അവരുടെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.

  ഞാൻ പുലർച്ചെ കണ്ട സ്വപ്നം വിവരിക്കാൻ തുടങ്ങി.   സ്വപ്നത്തിൽ കണ്ട കുന്നിൻ ചെരിവും മഞ്ഞവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന ഇറ്റാലിയൻ മോഡൽ വീടും.   വീടും നോക്കി നിൽക്കുന്ന ഞാൻ. ആ സമയത്ത് കയ്യിൽ കുറച്ച് ചപ്പുമായി സൈഡിലെ വഴിയിൽ നിന്ന് കയറി വരുന്ന പഴയ  പരിചയക്കാരി രജിത. വേണ്ട വർണ്ണനയൊക്കെ ചേർത്ത് ഞാനാ സ്വപ്നം വിവരിച്ചു.

 "എന്നേം അപ്പൂനേം അവിടെ താമസിക്കാൻ സമ്മതിക്ക്യോ?എന്ന് രജിത ചോദിക്കുന്നിടത്താണ്  ഉറക്കമുണരുന്നത്.   സ്വപ്നമല്ല  ആൻ്റണി എന്നെ അൽഭുതപ്പെടുത്തിയത്. ഫോണില് വന്ന വോയ്സ് മെസ്സേജാണ്."

   അപ്പോഴുണ്ടായ അതേ  അതിശയത്തോടെ  ഞാൻ താടിക്ക് കൈയ്യും കൊടുത്താലോചിച്ചിരുന്നു.

  ശരിക്കും ഞാനൽഭുതപ്പെട്ടിരുന്നു. ഉറക്കത്തിൽ നിന്നെണീറ്റ് വാട്ട്സപ്പ് തുറന്നപ്പോൾ  വാട്സപ്പിലുള്ളതും ആ സ്വപ്നത്തിൻ്റെ ഭാഗമാണോയെന്ന് ചിന്തിക്കുക പോലുമുണ്ടായി.  കൃഷ്ണൻ്റെ പ്രൊഫൈൽ പിക്ച്ചറുള്ള പരിചയമില്ലാത്ത നമ്പറിൽ നിന്ന് വന്ന രണ്ടു മൂന്ന് വോയ്സ് മെസേജുകൾ . അതിങ്ങനെയായിരുന്നു.

    " ചേച്ചി....... ഞാൻ രജിതയാണ്. എന്നെ ഓർക്കുന്നുണ്ടോ?  എനിക്കവിടെ ഒരു ജോലി...ഞാൻ പത്ത് പാസാവാത്തതു കൊണ്ട്  പാസ്പോർട്ടുണ്ടാക്കാൻ പറ്റ്വോ.  പറ്റില്ലെങ്കി അപ്പൂനെ കൊണ്ടോയാലും മതി. അവൻ ഐ.ടി.എ കഴിഞ്ഞ് നിക്ക്വാ. അതൊന്നും നോക്കണ്ട.  ഹോട്ടലിലെ പാത്രം കഴുകലായാലും മതി. നാട്ടിൽ നിന്നാ രക്ഷപ്പെടില്ല. അതോണ്ടാ. ചേച്ചീടെ നമ്പറ് കൊറേ അന്വേഷിച്ചിട്ടാ കിട്ടീത്!"

  കുറേകാലങ്ങൾക്കു ശേഷമാണ്    വീണ്ടുമൊരു സ്വപ്നം. സ്വപ്നങ്ങളെന്നും അത്ഭുതങ്ങളാണ്.   ഏറ്റവും ഭയപ്പെടുത്തിയത്, ഏറ്റവും സങ്കടപ്പെടുത്തിയത്, ഏറ്റവും സന്തോഷിപ്പിച്ചത്, ചില സ്വകാര്യരസങ്ങൾ പോലും പൂർണ്ണതയിലെത്തിയിട്ടുള്ളത്.....എല്ലാം സ്വപ്നങ്ങളിലൂടെയാണല്ലോ.

  ജീവിതം  ഏതെങ്കിലും രീതിയിൽ അശാന്തിയിലായിരിക്കുമ്പോഴാണ് സ്വപ്നങ്ങളവതരിക്കുകയെന്നത് സ്വയം മനസിലാക്കിയെടുത്ത അറിവാണ്.  അശാന്തിയെന്ന് കേൾക്കുമ്പോൾ  തെറ്റിദ്ധരിക്കരുത്.  വികാരങ്ങൾ ഏതായാലും അതധികമായിരിക്കുന്ന അവസ്ഥ എന്നെ സംബന്ധിച്ചിടത്തോളം ശാന്തതയില്ലായ്മയാണ്. അങ്ങനെ നോക്കുമ്പോൾ ഒന്നൊന്നരക്കൊല്ലമായി വലിയ സമാധാനത്തിലാണ്. അതുകൊണ്ടാകാം സ്വപ്നങ്ങൾ കാണാറേയില്ല.

   രജിത പഴയ ഒരു പരിചയക്കാരിയാണ്. ഒരാൾക്കൊരാൾ പരിചയക്കാരിയോ അല്ലെങ്കിൽ പരിചയക്കാരനോ  ആവുന്നതെപ്പോഴാണ്?  ഏറ്റവും അടുത്തറിയുന്നവർ പോലും പിന്നീട് വെറും പരിചയക്കാരെന്ന നിലയിലേക്ക് താഴാറുണ്ട്.  അല്ലെങ്കിലും പരിചയക്കാർ എന്നതിനപ്പുറം പരിചയപ്പെടുത്താവുന്ന ഏത് ബന്ധമാണിപ്പോൾ നാട്ടിലുള്ളത്?

 ആറേഴു കൊല്ലം ഞങ്ങൾ വലിയ അടുപ്പത്തിലായിരുന്നു.  അതായത് ഞാനും രജിതയും. കഴിക്കലും കുടിക്കലും നടക്കലുമെല്ലാമൊന്നിച്ച്.  എങ്കിലും ഇപ്പോൾ വെറുമൊരു പരിചയക്കാരി.  എട്ടുപത്തുകൊല്ലമായി  കോൺഡാക്റ്റൊന്നുമില്ല.

    വർഷങ്ങൾക്കു മുൻപൊരു പ്രഭാതത്തിൽ തൊട്ടടുത്ത വീട്ടിൽ താമസക്കാരായി വന്നപ്പോൾ മുതലുള്ള പരിചയമാണ്.  

    "ചേച്ചീ...... ഇത്തിരി വെള്ളം കോരിക്കോട്ടെ........ "

   നൈറ്റിയിട്ട, നെറ്റിയിൽ കുറിതൊട്ട ഒരു സുന്ദരിക്കൊച്ച്.

   "ഓ..... കോരിക്കോ.  അതിനെന്താ? ആ ടാങ്കിലാവശ്യത്തിന് വെള്ളമുണ്ടല്ലോ.  അലക്കാനും കുളിക്കാനുമുള്ളത് അതീന്നെടുത്തോ.  കെണറ്റീന്ന് വലിച്ചു കോരാനെളുപ്പല്ല. "

   മഹാമനസ്കതയ്ക്ക് പകരമായി അവളൊരു പുഞ്ചിരി തന്നു. രണ്ടുസെൻ്റ് സ്ഥലത്തിലുള്ള കൊച്ചുവീടിനടുത്ത് കിണറുകുത്താനുളള സ്ഥലമൊന്നുമില്ല. എങ്കിലും ഒന്നുരണ്ടു കൊല്ലത്തിനകം തൊട്ടപ്പുറത്തുള്ള ഒരു സെൻ്റുകൂടി വാങ്ങിച്ചേർത്ത്  അവരവിടെയൊരു കിണർ കുത്തി.

  "ചേച്ചീ.... അമ്മക്ക് പെട്ടെന്ന് വയ്യാണ്ടായി.  വീട്ടില് മൂന്നാല് പശുക്കള്ണ്ട്. അവറ്റോളെ നോക്കാനാളില്ല്യ. ഞങ്ങളങ്ങ്ട്  പോവ്വ്വാ. "

  അങ്ങനെ പെട്ടെന്നൊരു ദിവസം വന്നപോലെത്തന്നെ തിരിച്ചവരങ്ങ് പോയി.  അപ്പൂനന്ന് ആറോ ഏഴോ വയസ്സുണ്ടാകും.

    " ഈ ടെലിപ്പതി പോലെ എന്തെങ്കിലുമാണോയിത്.  എന്നാലും...... രജിതയെനിക്ക്  മെസേജയക്കുന്ന സമയത്ത് ഞാനവളെ സ്വപ്നം കാണുന്നു. എന്തൊരു മാജിക്കാലേ!  ആൻ്റണിക്കെന്ത് തോന്നുന്നു."

    രജിതയുമൊന്നിച്ചുള്ള കാലം  വിവരിച്ച ശേഷം ഞാനാൻ്റണിയോട് ചോദിച്ചു?

     "സ്വപ്നത്തിൽ ബുദ്ധിപരമായി  നിങ്ങളൊരു വീടുവച്ചു.  കൊള്ളാം. പക്ഷേ ജീവിതത്തിൽ നിങ്ങളത് ചെയ്യാനൊന്നും പോകുന്നില്ല.  നിങ്ങളാ സ്ഥിരം മലയാളിമണ്ടത്തരം ആവർത്തിക്കാനാണ് സാധ്യത.

    "മൂന്നാല് കൊല്ലം കൂടുമ്പോൾ നാട്ടിൽ പോകുന്നവൻ അവിടെ ഒരു കോടിയുടെ വീടുവയ്ക്കും.  എന്നിട്ടവിടെ സിസിടിവിയും വീട് വൃത്തിയാക്കാൻ കൂലിക്കാളെയും വയ്ക്കും.  ഇവിടെ പാത്രം കഴുകിയും കക്കൂസ് വൃത്തിയാക്കിയും വല്ലോൻ്റോം അപ്പി തുടച്ചും കിട്ടുന്ന പൈസായാ......ഹ....ഹ...ഹ...."

  ഗൗരവം വിടാതെയും ഇടിച്ചുതാഴ്ത്തിയും സംസാരിക്കുന്നത് ആൻ്റണിയുടെ ശീലമാണ്.   ചിരി അപൂർവ്വമാണ്.  ഒറ്റനോട്ടത്തിൽ ജാഡക്കാരനാണെന്നേ പറയൂ.  അല്ല. ശരിക്കും അയാളൊരു ജാഡക്കാരനാണ്.  

   "നിങ്ങളിവിടെയുള്ള വീടുകൾ ശ്രദ്ധിച്ചിട്ടുണ്ട്.   അതാണ് സ്വപ്നത്തിൽ ആ വീട് വന്നത്.  നൂറ്റമ്പത് സ്വയർഫീറ്റിനകത്തു വരെ ഭംഗിയായി സെറ്റ് ചെയ്തിരിക്കുന്ന കരവിരുത്. കിച്ചണും, ഡൈനിംഗും, ലിവിംഗും എല്ലാം ഒരൊറ്റമുറിയിൽ. ചെറിയ ഒന്നോ രണ്ടോ ബെഡ്റൂം. ഒരു ബാത്ത്റൂം.  മാക്സിമം നാനൂറോ അഞ്ഞൂറോ സ്വയർഫീറ്റ്.  മതി.  ഇൻ്റീരിയർ വൃത്തിയായി ചെയ്താൽ അത്രയും മതിയല്ലോ. നമ്മളെടുത്തിരിക്കുന്ന ഈ വീടുതന്നെ നോക്ക്.  ആ.... നാട്ടിലെന്തൊക്കെ കസർത്തായിരുന്നു."   ആൻ്റണി ഏതോ ആലോചനയിലാണ്ടു.

    "ഞാൻ വീട് വയ്ക്കുകയോ വയ്ക്കാതിരിക്കുകയോ ചെയ്യട്ടെ. അതല്ലല്ലോ വിഷയം.  സ്വപ്നത്തിലും വാട്സപ്പിലും രജിത!   അതിനെപ്പറ്റി നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ ആൻ്റണി ? "

   മൊബൈൽ സ്ക്രീനിലെ
നോട്ടിഫിക്കേഷനൊപ്പം തെളിഞ്ഞ   മകളുടെ ഫോട്ടോ നോക്കി ആൻ്റണി ചോദിച്ചു.

  "നിങ്ങളുടെ മകളുടെ ജർമ്മൻ ഭാഷാപഠനം എവിടെ വരെയായി.....?"

    വിഷയം മാറ്റിയതായിരിക്കും. ഞാനതിന് മറുപടി കൊടുത്തില്ല.  ഇടക്കിടെ എൻ്റെ വീക്ക്നസ്സിൽ തട്ടുക എന്നത് അയാൾക്കൊരു രസമാണ്. ഇൻഫീരിയോരിറ്റി കോംപ്ലക്സുകാരിയായ ഞാനും സുപ്പീരിയോരിറ്റിയുടെ ആശാനായ അയാളും തമ്മിൽ സൗഹൃദത്തിലായത്
എങ്ങനെയാണാവോ ?  മാസത്തിൽ ഒരിക്കൽ മാത്രം കാണുന്നവരാണ്. ഇതേവരെ എത്രവട്ടം കണ്ടുകാണും. നാലോ അതോ അഞ്ചോ ?   എങ്കിലും വെറും പരിചയക്കാരല്ല ഞങ്ങളിപ്പോൾ.  

  "നമുക്കൊന്ന് നടന്നിട്ട് വരാം." ആൻ്റണി പറഞ്ഞു.  

   ജിന്നോ, ജെഡിയോ ,അമാരയോ.
ലീവുദിവസം  പുറത്തേക്കുള്ള നടത്തത്തിനിടയിൽ രണ്ടോമൂന്നോ പെഗ്ഗ്  പതിവുണ്ട്. അന്നയെപ്പറ്റി ഒന്നുകൂടി സൂചിപ്പിച്ചേക്കാം. അന്നയുടെ  മനസിലെപ്പോഴും നാടാണ്.  

  കുടുംബകാര്യം പറയുന്നതും കേൾക്കുന്നതും ആൻ്റണിക്കിഷ്ടമല്ല. പ്രതാപകാലത്തെ കുറിച്ചോർമ്മിക്കുക. വരാനുള്ള കാലത്തെ പറ്റി 
പറഞ്ഞാഹ്ളാദിക്കുക.   അതാണിഷ്ടം.  സത്യമോ , മിഥ്യയോ എന്തുമാവട്ടെ. ആ മനുഷ്യൻ്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ എന്തുകൊണ്ടോ ഞാനിഷ്ടപ്പെട്ടിരുന്നു.

   ഒന്നാമത്തെ പെഗ്ഗെടുത്ത് ഞങ്ങൾ ഉയരമുള്ള സ്റ്റൂളുകളിൽ ഇരുന്നു.

   "അതേ...... ഞാനൊരു കാര്യം പറയട്ടെ. നിങ്ങളുടെ ഭാര്യയാണെങ്കിലും ഇപ്പോളന്ന എൻ്റെ സുഹൃത്തും കൂടിയാണ്. അന്നയെക്കുറിച്ച് നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ ശരിയല്ല.  ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നത് ഒരു കുറ്റമാണോ?  ഇറ്റാലിയൻ ഫുഡ് 
കഴിച്ചുമടുക്കുമ്പോൾ.  അതും  മാസത്തിലൊരിക്കൽ.... നല്ല ചൊടിയുള്ള , എരിവും പുളിയുമുള്ള എന്തെങ്കിലും കഴിക്കാനാഗ്രഹിക്കുക സ്വാഭാവികമല്ലേ?"

  "ഓ..... ഞാനും അതുതന്നെയല്ലേ കഴിക്കുന്നത്.  എനിക്കത് തോന്നുന്നില്ലല്ലോ?  ലോകത്തിലെ ഏറ്റവും നല്ല ഫുഡാണിവിടുത്തെ. മെഡിറ്ററേനിയൻ ഫുഡ്. അതറിയാമോ.  വല്ലയിടത്തും ചാണകോം വാരി നടന്ന പെണ്ണുംമ്പിള്ളയോടിത് പറഞ്ഞിട്ടു വല്ലോം വേണം.......?"  

    "ആഹാ.....ബെൻസിലും ,   ബി എം ഡബ്ലിയുവിലും കറങ്ങിനടന്ന നിങ്ങൾക്കും ചാണകം വാരി നടന്ന എനിക്കും ഇപ്പോഴൊരേ നാറ്റമല്ലേ..... അതേയ് തലേവര മാറ്റാൻ ആരെക്കൊണ്ടും കഴിയില്ല  രാജാവേ."

  ആൻ്റണി നിശബ്ദനായി.  പറയേണ്ടിയിരുന്നില്ല എന്നുതോന്നി. പരിഹസിച്ചതായി തോന്നിയോ  ആവോ?
അയാൾ പറഞ്ഞറിഞ്ഞ ചില വിവരങ്ങൾ വച്ച് കുത്തിയതാണ്. അത്തരം പ്രതാപങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് അയാളിക്കിടെ പറയാറുള്ളതാണ്. കേൾക്കുന്നവർക്കത് ബഡായിയായി തോന്നുമത്രെ.

    ചിലപ്പോഴെങ്കിലും എനിക്കും തോന്നിയിട്ടുണ്ട്.  അപ്പോഴൊക്കെ പറഞ്ഞിട്ടുമുണ്ട്. സൈക്കിളുന്തി നടക്കുന്നവരോട് ഫ്ലൈറ്റ് യാത്രയുടെ മാഹാത്മ്യത്തെ പറ്റി വിവരിക്കാൻ ശ്രമിക്കരുതെന്ന്.

ഒരു കാര്യത്തിൽ ഞങ്ങളൊരേപ്പോലെയാണ്.  ഒട്ടും ആഗ്രഹിക്കാതിരുന്നിട്ടും സാഹചര്യങ്ങൾ ഇവിടെയെത്തിച്ചവരെന്ന നിലയിൽ.  അവസാനനിമിഷം വരെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ പോരാടിയവരാണ്.  പക്ഷേ.....

   നമ്മുടെ നാടിന് എന്തോ ഒരു പ്രശ്നമുണ്ട്.  എല്ലാവരേയും
നാടുവിടാൻ പ്രേരിപ്പിക്കുന്ന  ഒരവസ്ഥ. നാടുവിട്ടവർക്കൊന്നും   ആഗ്രഹിച്ചാലും തിരിച്ചു വരാനാനൊക്കാത്ത ഒരവസ്ഥ.  

   ആൻ്റണി മൂന്നാമത്തെ പെഗ്ഗൊഴിച്ചു വാങ്ങി എൻ്റെ മുന്നിലേക്ക് വച്ചു.

 "അന്നക്ക് ചെറിയ ഉറക്കക്കുറവുണ്ട്. ശ്രദ്ധിച്ചിരുന്നോ.  ഇവിടെ ജോലി ചെയ്യുന്ന പലർക്കും ചെറിയ ഡിപ്രഷനുണ്ടാവാറുണ്ട്. "

   "എൻ്റെ ഭാര്യയാണ്.  അവരെ പറ്റി എന്നേക്കാൾ ശ്രദ്ധയാണോ നിങ്ങൾക്ക്. അതോ ശ്രദ്ധിക്കുന്നു എന്നു കാണിക്കാനോ? കാര്യം ഞാൻ നിങ്ങളോട് തുറന്ന് സംസാരിക്കാറുണ്ട്. പലതും എന്നെത്തന്നെ ബോധ്യപ്പെടുത്താനാണത്.  നിങ്ങളൊരു കേൾവിക്കാരിയാകുക. ഞാനതേ ആഗ്രഹിക്കുന്നുള്ളൂ.  എൻ്റെ പേഴ്സണൽ കാര്യങ്ങളിൽ നിങ്ങളഭിപ്രായം പറയരുത്. ഇടപെടരുത്. അതെനിക്കിഷ്ടമല്ല "  

    നേരത്തേ പറഞ്ഞതിഷ്ടപ്പെട്ടിട്ടില്ല.  അതിനുള്ള മറുപടിയാണ്. ഈ ചൂടാവലിൽ പുതുമയില്ലാത്തതിനാൽ എനിക്കൊന്നും തോന്നിയില്ല.  പക്ഷേ ആൻ്റണിയുടെ ശബ്ദമുയർന്നതിനാലാകണം ബാറുടമ
പരിഭ്രമത്തോടെ എന്തു പറ്റി എന്നന്വേഷിച്ചത്.

     തിരിച്ചെത്തിയപ്പോഴേക്കും അന്ന എല്ലാം  റെഡിയാക്കി കഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് അവൾ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. പിന്നെ ആൻ്റണിയിലേക്ക് കണ്ണെറിഞ്ഞു.  ആൻ്റണി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന തിരക്കിലായിരുന്നു.  

   വാഗ്വാദങ്ങൾ എന്തൊക്കെയായിരുന്നാലും  ഞങ്ങളെന്നും സന്തോഷത്തോടെയാണ് പിരിയാറുള്ളത്.  അന്നും വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അന്ന പതിവുപോലെ പോകാൻ നേരം ഹഗ്ഗ് ചെയ്തു. ആൻ്റണി  ഗൗരവം വിടാതെ ട്രെയിനുകളുടെ നമ്പറും സമയവും എഴുതിയ സ്ക്രീൻ പരിശോധിച്ചു കൊണ്ടിരുന്നു.  എനിക്ക് പോകേണ്ട ട്രെയിനിൽ കയറി ഞാൻ   കൈവീശി.

    രണ്ട് മണിക്കൂറത്തെ യാത്രയുണ്ട്.  ട്രെയിനിലെ ഇത്തിരിയുറക്കത്തിൽ വീണ്ടും  ഞാനാ സ്വപ്നം കണ്ടു. അതേ സ്വപ്നം. ചെറിയൊരു വ്യത്യാസത്തോടെ.  രജിതക്കു പകരം ചപ്പുമായി  സൈഡിലെ വഴിയിൽ നിന്ന് കയറി വന്നത്  അന്നയായിരുന്നെന്ന ചെറിയൊരു വ്യത്യാസം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക