Image

ട്രൂഡോ ട്രംപുമായി തീരുവ വിഷയം ചർച്ച ചെയ്തെന്നു റിപ്പോർട്ട് (പിപിഎം)

Published on 30 November, 2024
ട്രൂഡോ ട്രംപുമായി തീരുവ വിഷയം ചർച്ച ചെയ്തെന്നു റിപ്പോർട്ട് (പിപിഎം)

നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ വെള്ളിയാഴ്ച എത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്രംപ് കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച തീരുവയെ കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തിയെന്നു കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസുമായി അടുത്ത് സഹകരിക്കുന്ന കനേഡിയൻ ജനതയ്ക്കു മാത്രമല്ല തീരുവ കൊണ്ടു ദോഷമെന്നു ട്രൂഡോ സഹായികളോട് നേരത്തെ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്. "അമേരിക്കൻ പൗരമാർക്കും വിലക്കയറ്റത്തിന്റെ ഭാരം വരും. അമേരിക്കൻ വ്യവസായത്തെയും ബിസിനസുകളെയും അത് പരുക്കേൽപിക്കും. അക്കാര്യം ട്രംപിനെ പറഞ്ഞു മനസിലാക്കുക എന്നത് നമ്മുടെ ചുമതലയാണ്."  

കാനഡ വഴി വരുന്ന അഭയാർഥികളെയും ലഹരി മരുന്നും തടഞ്ഞില്ലെങ്കിൽ 25% തീരുവ ചുമത്തുമെന്നാണ് തിങ്കളാഴ്ച്ച ട്രംപ് താക്കീതു നൽകിയത്. പറയുന്നതു പ്രവർത്തിക്കുന്ന ആൾ കൂടിയാണ് ട്രംപ് എന്നതിനാൽ തീരുവ ഭീഷണി ഗൗരവമായി കാണുന്നുവെന്നു ട്രൂഡോ നേരത്തെ സഹായികളോട് പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു.

യുഎസിലേക്ക് പുറപ്പെടും മുൻപ് കനേഡിയൻ പ്രവിശ്യകളിലെ പ്രധാനമന്ത്രിമാരുമായി ട്രൂഡോ ചർച്ച നടത്തിയിരുന്നു.

വൈകിട്ട് പാം ബീച്ച് വിമാനത്താവളത്തിൽ ഇറങ്ങിയ ട്രൂഡോ ട്രംപുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹത്തോടൊപ്പം അത്താഴം കഴിച്ചു. രാത്രി താമസം വെസ്റ്റ് പാം ബീച്ചിലാണ്.

പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലെബ്ലാങ്കും അദ്ദേഹത്തോടൊപ്പം ഫ്ലോറിഡയിൽ എത്തി. ട്രംപിന്റെ നിയുക്ത ഇന്റീരിയയർ സെക്രട്ടറിയായ  നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം, അദ്ദേഹത്തിന്റെ ഭാര്യ കാതറൈൻ, കോമേഴ്‌സ് സെക്രട്ടറിയാവുന്ന ഹൊവാർഡ് ലുട്നിക്ക്, ഭാര്യ ആലിസൺ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.  

യുഎസ് കാനഡയിൽ നിന്നു 2022ൽ  $614.3 ബില്യൺ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക