Malabar Gold

പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-4 - ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 13 September, 2012
പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-4 - ഡോ.എന്‍.പി.ഷീല
നഹുഷനെ ശപിച്ചു പെരുമ്പാമ്പാക്കി
ദേവശത്രുവായ വൃത്രാസുരനെ ചതിയില്‍ വധിച്ചശേഷം ദേവേന്ദ്രന്‍ ആരുമറിയാതെ മാനസ സരസ്സിലെ ഒരു താമരയിതളില്‍ ഒളിച്ചിരുന്നു. ഇന്ദ്രനെ കാണാതെ ദേവകുലം ദുഃഖാര്‍ത്തരായി. ഇന്ദ്രാണി പ്രത്യേകിച്ചും. സ്വര്‍ഗ്ഗം അനാഥമായി. നീര്‍ക്കോലിയെപ്പോലെ താമരനാളത്തില്‍ പറ്റിയിരിക്കുന്ന ഇന്ദ്രനെ ഇലകള്‍ പൊതിഞ്ഞിരുന്നതിനാല്‍ ദേവകളുടെ അന്വേഷണമെല്ലാം വിഫലമായി.

ആയിടയ്ക്ക് നഹുഷരാജാവ് നൂറ് അശ്വമേധം കഴിച്ച് ഇന്ദ്രസ്ഥാനത്തിന് അര്‍ഹനായിരുന്നു. ദേവകള്‍ യോഗം കൂടി നഹുഷനെ ഇന്ദ്രനായി അവരോധിച്ചു. തുടര്‍ന്ന് ആന കരിമ്പിന്‍ കാട്ടില്‍ കയറിയ സ്ഥിതിയിലായി നഹുഷന്‍. ദേവസ്ത്രീകളുമായി യഥേഷ്ടം രമിച്ചു തൃപ്തിവരാതെ അയാള്‍ ശചീ ദേവിയെ നോട്ടമിട്ടു. ഇന്ദ്രാണി ബൃഹസ്പതിയെ വിവരം ധരിപ്പിച്ചു. ബൃഹസ്പതി നഹുഷനെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇന്ദ്രാണിയെ ലഭിച്ചില്ലെങ്കില്‍ ബൃഹസ്പതിയെ കൊല്ലുമെന്നുകൂടി ഭീഷണിപ്പെടുത്തി. ബൃഹസ്പതി ശചീദേവിക്കു രക്ഷപ്പെടാന്‍ ഒരു സൂത്രം പറഞ്ഞുകൊടുത്തു.

ഇന്ദ്രാണി നഹുഷനെ ഇപ്രകാരം അറിയിച്ചു:

"അങ്ങയുടെ അഭീഷ്ടം നിറവേറ്റാന്‍ ഞാനൊരുക്കമാണ് പക്ഷെ, അതിനുമുമ്പ് എന്റെ ഭര്‍ത്താവ് എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടോ എന്നറിയണം." വ്യവസ്ഥ സ്വീകൃതമായി. ദേവീ പ്രസാദത്താല്‍ ശചീദേവി ഇന്ദ്രനെ കണ്ടുപിടിച്ചു; പക്ഷേ ഇന്ദ്രന്‍ അവളോടൊപ്പം പോരാന്‍ വിസമ്മതിച്ചു. പകരം നഹുഷനില്‍ നിന്നു രക്ഷപ്പെടാനുള്ള വിദ്യ പറഞ്ഞുകൊടുത്തു.

അതില്‍ പ്രകാരം ഇന്ദ്രാണി നഹുഷന്റെ മുമ്പില്‍ മറ്റൊരു നിവേദനം അര്‍പ്പിച്ചു:-

ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആഢംബരത്തില്‍ ഭ്രമമേറും. ആകയാല്‍ അങ്ങൊരു മനോഹരമായ പല്ലക്ക് ഉണ്ടാക്കിച്ചു അതില്‍ക്കയറി വന്നാട്ടെ; പല്ലക്കു മുനിമാരെക്കൊണ്ടു ചുമപ്പിച്ചുവേണം എന്റെ ഗൃഹത്തിലേക്ക് എഴുന്നള്ളാന്‍. ഞാന്‍ അങ്ങയെ യഥായോഗ്യം സ്വീകരിച്ചുകൊള്ളാം.

നിര്‍ദ്ദേശമനുസരിച്ച് ഉടന്‍ പലക്കു തയ്യാര്‍. അഗസ്ത്യന്‍ , ഭൃഗു തുടങ്ങിയ മുനിമാരെക്കൊണ്ടും പല്ലക്കു ചുമപ്പിച്ച് രാജാവ് എഴുന്നള്ളി. ദേവിയെ പ്രാപിക്കാനുള്ള ആവേശത്തില്‍ പല്ലക്കുവാഹകര്‍ക്കു വേഗത പോരെന്നു തോന്നി അയാള്‍ മുനിമാരെ ചവിട്ടുകയും കൂട്ടത്തില്‍ കുള്ളനായ അഗസ്ത്യന്റെ തലയില്‍ ചവിട്ടുകയും ചാട്ടകൊണ്ടടിച്ച് 'സര്‍പ്പ സര്‍പ്പ'(വേഗം, വേഗം) എന്ന് ധൃതിക്കൂട്ടുകയും ചെയ്തു. സഹികെട്ട അഗസ്ത്യന്‍ തിരിഞ്ഞ് 'നീ സര്‍പ്പ സര്‍പ്പ' എന്നു പറഞ്ഞു നഹുഷനെ ശപിച്ചു(നീ മഹാസര്‍പ്പമായി കൊടുങ്കാട്ടില്‍ പതിക്കട്ടെ) നഹുഷന്‍ ശാപമോക്ഷത്തിനിരന്നു. 'മഹാഭാരതയുദ്ധകാലത്ത് ധര്‍മ്മപുത്രരെ കാണാനിടവരുമ്പോള്‍ നിനക്കു സ്വര്‍ഗ്ഗപ്രാപ്തി കൈവരുമെന്ന് ശാപമോക്ഷവും നല്‍കി'. അതോടെ നഹുഷന്‍ പാമ്പായി മഹാവനത്തിലേക്കു വഴുതി വീണു.(ദേവീഭാഗവതം സ.8)

സമുദ്രം കുടിച്ചു വറ്റിച്ചത്
വൃത്രാസുരവധം കഴിഞ്ഞപ്പോള്‍ സംഭീതരായ അയാളുടെ മിത്രങ്ങളായ കാലകേയന്മാര്‍ സമുദ്രാന്തര്‍ ഭാഗത്തുപോയി ഒളിച്ചിരുന്നു. അവിടിരുന്നുകൊണ്ട് അവര്‍ ത്രിലോകങ്ങളെ നശിപ്പിക്കാന്‍ തീര്‍ച്ചപ്പെടുത്തി. രാത്രിയില്‍ ഭൂമിയിലെത്തി അനേകം ബ്രാഹ്മണരെ കൊന്നുതിന്നു. വസിഷ്ഠന്റെയും ച്യവനന്റെയും ആശ്രമത്തില്‍ക്കടന്ന് ഉള്ളതെല്ലാം നശിപ്പിച്ചു. അതോടെ സകല ബ്രാഹ്മണരും ഭയന്നു കഴിഞ്ഞുകൂടി. ദേവന്മാര്‍ വിഷ്ണുവിനെ അഭയം പ്രാപിച്ചു സങ്കടമുണര്‍ത്തിച്ചു. സമുദ്രം വറ്റിക്കാതെ കാലകേയന്മാരെ പിടികൂടാന്‍ സാധിക്കുകയില്ലെന്നും അഗസ്ത്യനു മാത്രമേ അതു സാധിക്കയില്ലെന്നും വിഷ്ണു അറിയിച്ചു. അതനുസരിച്ച് എല്ലാവരുംകൂടി അഗസ്ത്യനെ സമീപിച്ചു നിവേദനം അര്‍പ്പിച്ചു. അഗസ്ത്യന്‍ വളരെ സന്തോഷത്തോടുകൂടി അവരെ സഹായിക്കാന്‍ മുന്‍വന്നു. അദ്ദേഹം അവരും ഇതര മുനിമാരും സഹിതം അലകടലിനെ സമീപിച്ചു. എല്ലാവരെയും ശ്വാസമടക്കി നിര്‍ന്നിമേഷരായി ഈ മൂന്നരയടി പൊക്കക്കാരന്‍ സമുദ്രം മുഴുവന്‍ ഉള്ളം കൈയിലാക്കി അനായാസമായി കുടിച്ചുതീര്‍ത്തു. അതാ നില്‍ക്കുന്നു കാലകേയന്മാര്‍!

പിന്നീടു സമുദ്രം പൂര്‍വ്വസ്ഥിതിയില്‍ വന്നതെങ്ങെയെന്നറിയേണ്ടേ? ഭഗീരഥന്‍ പതിപ്പിച്ചതും അങ്ങനെ സമുദ്രം യഥാപൂര്‍വ്വം ആയെന്നും മറ്റുമുള്ള കഥകൂടെ വിശദവിവരങ്ങറിയേണ്ട വിദ്യാവ്യസനികളും ജിജ്ഞാസുക്കളും മ.ഭാ.വനപൂര്‍വ്വം 101-105 വായിക്കുക.

തുടരും
പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-4 - ഡോ.എന്‍.പി.ഷീല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക