ദരിദ്രൻ ശീലിച്ചു
ചുവരിനെ നോക്കി
രൂപധ്യാനം
മനസ്സിന്റെ ശുന്യതയിൽ
നിരോധിച്ച നോട്ടിലെ
കറ പടർന്നു
കറ കളയാനുള്ള
ഒരുപായം തേടി
എഴുന്നേറ്റപ്പോൾ
ഒരു കറയുമില്ലാത്ത
മനസ്സ് നഷ്ടമായി
എന്നന്നേക്കുമായി!
2
കണ്ണാടിയും
പ്രതിബിംബവും
ബിംബത്തെ
അറിഞ്ഞതേയില്ല
ബിംബം
കള്ളപ്പണമെണ്ണുന്ന
തിരക്കിലായിരുന്നതിനാൽ
ആത്മസ്വരൂപത്തെയും
അറിഞ്ഞതേയില്ല.
ആരാധകനില്ലാത്ത
ആരാധന
സ്ഥലകാലങ്ങളെ
കവച്ചു നിൽക്കുന്ന
നിശ്ചലതയിൽ
കൂടാരം കെട്ടുകയും
ദിവ്യബലിയൊരുക്കുകയും ചെയ്തു!
3
രൂപസൌന്ദര്യത്തിൽ
മയങ്ങിപ്പോയതിനാൽ
മനോസൌന്ദര്യത്തിൽ
ധ്യാനം പതിഞ്ഞില്ല പോലും
മനോസൌന്ദര്യത്തിൽ
മയങ്ങിപ്പോയതിനാൽ
ആത്മസൌന്ദര്യത്തിൽ
ധ്യാനം ഉറച്ചില്ല പോലും
ആത്മസൌന്ദര്യത്തിൽ
മയങ്ങിപ്പോയതിനാൽ
സഹജാനന്ദസ്ഥിതിയിൽ
ധ്യാനം ലയിച്ചില്ല പോലും!
4
ദരിദ്രന്റെ ദൈവം
അപ്പമാകുന്നു
പക്ഷെ അപ്പം കൊണ്ട് മാത്രം
അവൻ തൃപ്തിപ്പെടില്ല
വല്ലപ്പോഴും ഒരടയും വേണം!
5
ധനത്തിനായുള്ള
ആരാധന
ഉള്ളവന്റെയും ഇല്ലാത്തവന്റെയും
പരാധീനതയല്ലോ
ഡോളർ ഈസ് ദ ഡെവിൾ!