Image

വീട്ടുജോലിക്കാരെ ചൂഷണം ചെയ്ത ഇന്ത്യൻ ഡോക്ടർക്കു തടവ് ശിക്ഷ; ലൈസൻസ് റദ്ദാക്കി (പിപിഎം)

Published on 10 January, 2025
വീട്ടുജോലിക്കാരെ ചൂഷണം ചെയ്ത ഇന്ത്യൻ ഡോക്ടർക്കു തടവ് ശിക്ഷ; ലൈസൻസ് റദ്ദാക്കി (പിപിഎം)

ന്യൂ ജേഴ്സിയിൽ ഇന്ത്യയിൽ നിന്നുള്ള സ്ത്രീകളെ നിയമവിരുദ്ധമായി കൊണ്ടുവന്നു നിസാര വേതനത്തിൽ ജോലി ചെയ്യിച്ചു ചൂഷണം ചെയ്തു എന്ന കുറ്റത്തിനു ഇന്ത്യൻ വംശജയായ ഡോക്ടർ ഹർഷ സാഹ്‌നിയെ 27 മാസത്തേക്കു ഫെഡറൽ ജയിലിൽ അടച്ചു. അവരുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

സാഹ്‌നി $728,327 നഷ്ടപരിഹാരം നൽകണമെന്നും ജഡ്ജ് കാസ്‌നർ വിധിച്ചു.

സെൻട്രൽ ജേഴ്സി കൊളോണിയയിൽ റൂമറ്റോളജി ചികിത്സ നടത്തുന്ന സാഹ്‌നി 2024 ഫെബ്രുവരിയിൽ കുറ്റങ്ങൾ സമ്മതിച്ചിരുന്നു. രേഖകൾ ഇല്ലാത്ത വീട്ടുജോലിക്കാരെ ചൂഷണം ചെയ്തതിനു പുറമെ വ്യാജ ടാക്സ് റിട്ടേൺ ഫയൽ ചെയ്തു എന്ന കുറ്റവും അവരുടെ മേലുണ്ട്.

മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവർത്തികൾക്കു മെഡിക്കൽ പ്രഫഷനിൽ സ്ഥാനമില്ലെന്ന് അറ്റോണി ജനറൽ മാത്യു പ്ലാറ്റ്കിൻ ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബറിൽ സാഹ്‌നിയുടെ ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അത് സ്ഥിരീകരിച്ചു.

ഇമിഗ്രെഷൻ അധികൃതരോട് കളവ് പറഞ്ഞെന്ന് സാഹ്‌നി സമ്മതിച്ചിരുന്നു. യുഎസിൽ ടൂറിസ്റ്റുകളായി എത്തിയ കുടുംബാംഗങ്ങൾ എന്നാണ് വീട്ടുവേലയ്ക്കു കൊണ്ടുവന്ന രണ്ടു സ്ത്രീകളെ കുറിച്ച് അവർ പറഞ്ഞത്.

ഒരാൾ രാവിലെ 7 മുതൽ രാത്രി 10 വരെ ജോലി ചെയ്തപ്പോൾ കൊടുത്ത ശമ്പളം $240 മുതൽ $600 വരെ ആയിരുന്നു. പണം അവരുടെ വീട്ടിലേക്കു അയച്ചു കൊടുക്കുകയാണ് സാഹ്‌നി ചെയ്തത്. ജോലിക്കാരിയുടെ പേരിൽ $6,000 വരെ ചികിത്സാ ചെലവെന്ന പേരിൽ തട്ടിച്ചെടുക്കുകയും ചെയ്തു.

അതേ സമയം ആ സ്ത്രീക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയില്ല. 2014ൽ കാറപകടത്തിനു ശേഷം അവർക്കു നിരന്തരം കഠിനമായ തലവേദന ഉണ്ടായപ്പോൾ സാഹ്‌നി വേദന സംഹാരികൾ കൊടുക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അടിയന്തര ആവശ്യം ഉണ്ടായപ്പോൾ സ്കാനിംഗിൽ അവരുടെ തലച്ചോറിൽ ക്ഷതമേറ്റുവെന്ന് മനസിലായി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും സാഹ്‌നി അവരെ വീട്ടിലേക്കു കൊണ്ടുപോയി അടുക്കളയിൽ ജോലി ചെയ്യാൻ നിർബന്ധിച്ചു.

Abusing Indian doctor jailed, license revoked

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക