കാൻ ചലചിത്രമേളയിൽ അടക്കം പുരസ്ക്കാരം നേടിയ ചലചിത്രം. അതിൽ മലയാളഭാഷയുണ്ട്. മലയാളി താരങ്ങളുണ്ട്. ആ ചിത്രം പറഞ്ഞതും മലയാളികളുടെ ജീവിതം. പക്ഷെ അപ്പോഴും നമ്മൾ മലയാളിക്ക് അതിൽ കാണാനായത് ഒന്നുമാത്രം. ദിവ്യപ്രഭയെന്ന നായികയുടെ ലൈംഗികത നിറഞ്ഞദൃശ്യം. ആ ക്ലിപ്പിനായി മലയാളി അലഞ്ഞത് നാട്ടിൽ പാട്ടാണ്. അതാണ് മലയാളിയെന്ന് (എല്ലാവരുമല്ല, ഒരുവിഭാഗം മാത്രം) പറയേണ്ടിവരുന്നത് നാണക്കേടാണ്. അതിൻറെ തുടർച്ച തന്നെയാണ് ഹണി റോസ് കേസും നമ്മോടുപറയുന്നത്.
കടയുടെ ഉദ്ഘാടനത്തിന് വിളിക്കുന്നു, പണം നൽകുന്നു. എന്നാലത് ലൈംഗികമായി അധിക്ഷേപിക്കാനോ ഡബിൾ മീനിങ്ങിൽ സംസാരിക്കാനോ ഉള്ള അവകാശം നൽകുന്നുവെന്ന് ധരിക്കുന്നവരാണ് മിക്കവരും. ഉദ്ഘാടനത്തിനെത്തുന്ന നടി അല്ലെങ്കിൽ സെലിബ്രിറ്റി എന്ത് വസ്ത്രം ധരിക്കണമെന്നതടക്കം നേരത്തെ വിളിച്ച് ആവശ്യപ്പെടാറുണ്ട് എന്ന് വെളിപ്പെടുത്തിയത് ഇത്തരത്തിൽ ഉദ്ഘാടനത്തിന് പോകുന്ന ഒരു താരമാണ്. പലരും പലതരം ആവശ്യങ്ങളും നിർദേശങ്ങളും മുന്നോട്ട് വെക്കാറുണ്ടെന്നും പലരും പിന്നാലെ പറഞ്ഞു. ഇതാണ് മുതലാളിമാരുടെ പൊതുസ്വഭാവം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. എന്തിനാണ് കടയുടെ ഉദ്ഘാടനത്തിന് വരുമ്പോൾ മുതലാളിക്ക് വസ്ത്രധാരണത്തിൽ ഇടപെടേണ്ട ആവശ്യം. അപ്പോൾ ആവശ്യം കടയുടെ ഉദ്ഘാടനം നന്നായി നടത്തൽ അല്ല, മറിച്ച് ആളെക്കൂട്ടി കൊഴുപ്പിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സാമ്പത്തികവും അല്ലാത്തതുമായ നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ്.
താൻ പണം കൊടുത്തുകൊണ്ടുവന്ന താരത്തെ, താരത്തിൻറെ ശരീരത്തെകുറിച്ച് എന്തും തനിക്ക് പറയാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് കരുതുന്നവരാണ് ബോച്ചെ എന്ന് സ്വയം വിളിക്കുന്ന (വിളിപ്പിക്കുന്ന) ബോബി ചെമ്മണ്ണൂർ അടക്കമുള്ള മുതലാളിമാർ. അതിനുള്ളതാണ് താൻ നൽകുന്ന പ്രതിഫലമെന്നാണ് വിചാരം. ആണധികാരത്തിൻറെ മറ്റൊരുമുഖം.
താരങ്ങൾ ഉദ്ഘാടനത്തിന് പണം വാങ്ങി വരുന്നത് അവരുടെ വരുമാനമാർഗത്തിൻറെ ഭാഗം മാത്രമാണ്. സിനിമയ്ക്ക് പുറമെ, സിനിമകൾ കുറയുമ്പോൾ സമ്പാദിക്കാനുള്ള ഒരു ഉപവഴിയായാണ് താരങ്ങൾ ഇതിനെ കാണുന്നത്. അല്ലാതെ ഇത് മാത്രം ഉപജീവനമാർഗ്ഗം ആക്കിയവരല്ല അവരാരും. അങ്ങന ഉദ്ഘാടനത്തിന് വരുന്നത് പക്ഷെ സ്വന്തം ശരീരത്തെ കുറിച്ച് എന്ത് ആഭാസത്തരവും പറയാനുള്ള ലൈസൻസ് നൽകലല്ല.
നാട്ടിൻപുറത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കടകളുടെ ഉദ്ഘാടനത്തിന് താരങ്ങളെ കൊണ്ടുവരുന്നത്. പണ്ടും ആളുകൾ താരങ്ങളെ കാണാൻ തടിച്ചുകൂടാറുണ്ട്. അത് പക്ഷെ താരാരാധനയുടെ ഭാഗമാണ്. അന്നൊന്നും താരങ്ങളെ കൊണ്ടുവന്ന് ദ്വയാർത്ഥപ്രയോഗം നടത്തിയല്ല ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. നല്ല സേവനവും മാതൃകാപരമായി പെരുമാറിയുമാണ്. എന്നാലിപ്പോൾ കടകളുടെ ഉദ്ഘാടനമെന്നത് സേവനം നൽകുക എന്നതിനപ്പുറം ഉടമകളുടെ മനസിലെ ലൈംഗിക ദാരിദ്ര്യം കരഞ്ഞ്തീർക്കാനുള്ള മാർഗ്ഗമായി അധപതിച്ചിരിക്കുകയാണ്.
ഹണി റോസിൻറെ കേസ് നോക്കാം. കഴിഞ്ഞ കുറേ മാസങ്ങളായി ബോബിയുടെ കടയുടെ ഉദഘാടനത്തിനെത്തിയ ഹണി റോസിനെ കുറിച്ച് മുതലാളി നടത്തിയ പരാമർശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെല്ലാം നിറഞ്ഞത്. ക്ലിക്ക് ബൈറ്റ് കിട്ടാനാവുന്ന തരത്തിൽ ആഭാസത്തരം പറയുന്ന മുതലാളിയുടെ ഇളിക്കുന്ന ദൃശ്യങ്ങളാണ് എല്ലായിടത്തും. ഒപ്പം അത് കേട്ട് ആർത്തലച്ച് ചിരിക്കുന്ന മലയാളിയുടെ ദയനീയ ചിത്രവും.
എല്ലാകാലത്തും വഷളത്തരം പറയുകയും കാട്ടുകയും ചെയ്യുന്ന മുതലാളിയാണ് ബോബി ചെമ്മണ്ണൂർ. അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിലെല്ലാം അവ നിറയുന്നു. അതെല്ലാം മലയാളി ആഘോഷിക്കുകയും മില്ല്യൺ വ്യൂ നൽകുകയും ചെയ്യുന്നു. ഇത് കോവലം ഒരു ബോബിയുടെ മാത്രം കാര്യമല്ല. ഡോക്ടർ രജിത്ത് അടക്കമുള്ളവരെ മലയാളി ആഘോഷിച്ചതും അവരിലെ വഷളത്തരത്തിൻറെയെല്ലാം അടിസ്ഥാനത്തിലാണ്. മലയാളിയും ലൈംഗികദാരിദ്ര്യത്തിൻറെ തെളിവ്.
രാഹുൽ ഈശ്വറിൻറെ പരാമർശവും വിരൽ ചൂണ്ടുന്നത് അതിലേക്ക് തന്നെയാണ്. വസ്ത്രം കണ്ടാൽ കൺട്രോൾ പോകുന്നവരാണ് ഇവരെങ്കിൽ ചികിത്സവേണ്ടത് അവർക്ക് ആണ്. മറ്റൊരാൾ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്ന മനസ്ഥിതിക്കാണ്.
കേസ് എടുക്കുമെന്നും തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും ഒരുപക്ഷെ മുതലാളി വിചാരിച്ചിരിക്കില്ല. തൻറെ പണത്തിന്ർറെ ഹുങ്കിൽ എല്ലാം മാറിനിൽക്കുമെന്നായിരുന്നു മുതലാളി കരുതിയിരുന്നത്. എന്നാൽ അസഭ്യം പറഞ്ഞ ഒരോരുത്തരെയായി പൂട്ടിയപ്പോൾ അവസാനത്തെ വലിയ പൂട്ട് ബോബി ചെമ്മണ്ണൂരിനായി കരുതിവെച്ചുവെന്നതാണ് ഈ കേസിലെ ഹൈലൈറ്റ്. ഒപ്പം സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന സ്ത്രീയെ, സ്ത്രീത്വത്തെ അപമാനിക്കുന്ന ഓരോരുത്തർക്കുമുള്ള താക്കീതുമായി.