കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി. ഡ്രൈവർ എലത്തൂർ പ്രണവം ഹൗസില്‍ രജിത് കുമാറിനെയും (45) ഭാര്യ തുഷാരയേയുമാണ് (35) കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരൻ സുമല്‍ജിത്ത് നടക്കാവ് പൊലീസിന് പരാതി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ മുതല്‍ കാണാതായ രജിത്തിനെയും തുഷാരയെയും ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദമ്ബതികള്‍ കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിസ് സമീപമുളള ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇന്നലെ മുറിയൊഴിഞ്ഞ് പോയി. ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രജിത് കുമാറും തുഷാരയും വീട്ടില്‍ നിന്ന് പോയത്. മാമി തിരോധാനക്കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇരുവർക്കും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇവരെ കാണാതായത്. ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നടക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് രണ്ടുപേരും ട്രെയിനില്‍ ഗുരുവായൂർ എത്തുകയായിരുന്നുവെന്നാണ് വിവരം.
2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്ബത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്‌തംബറില്‍ അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
മാമിയെ കാണാതാകുന്ന സമയത്ത് രജിത് കുമാറിന്റെ സാന്നിധ്യം അവിടെയുണ്ട്. അവസാനമായി മാമി സംസാരിച്ചവരില്‍ ഒരാളും രജിത് കുമാറാണ്. പോലീസ് സംഘങ്ങള്‍ മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയാണ്.