ലബനന്റെ പുതിയ പ്രസിഡന്റായി ജോസഫ് ഔനെ തെരഞ്ഞെടുത്തു. നിലവിലെ ആർമി ചീഫായ അദ്ദേഹത്തെ പാർലമെൻ്റാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുന്ന പ്രസിഡൻ്റ് കസേരയിലേക്കാണ് ജോസഫ് എത്തുന്നത്.
ലബനീസ് സായുധസംഘമായ ഹിസ്‌ബുല്ലയും- ഇസ്രയേലും വെടിനിർത്തൽ ധാരണയിലെത്തി ആഴ്ചകൾക്കുള്ളിലാണ് പുതിയ പ്രസിഡൻ്റ് എത്തുന്നത്. രാജ്യത്തിന്റെ പ്രസിഡന്റാകുന്ന അഞ്ചാം സൈനിക മേധാവിയാണ് ജോസഫ്.
2022 ഒക്ടോബറിൽ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേൽ ഔനിന് പകരക്കാരെ കണ്ടെത്താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കണ്ടിരുന്നില്ല.ഇതിന് പിന്നാലെയാണ് പ്രസിഡൻ്റ് പദത്തിലേക്ക് ജോസഫ് കടന്നുവരുന്നത്.
60 വയസ്സുള്ള ജോസഫ് അമേരിക്ക, സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി അടക്കം നേരിടുന്ന ലെബനനെ സുസ്ഥിരമാക്കാൻ ജോസഫിന് കഴിയുമെന്നാണ് ഈ രാജ്യങ്ങൾ കുരതുന്നത്.
2017ലാണ് ഔൺ ലെബനൻ സായുധ സേനയുടെ കമാൻഡറായി ചുമതലയേറ്റത്.
സിറിയൻ അതിർത്തിയിൽ ഐഎസിനെതിരായ പോരാട്ടത്തിൽ ലെബനൻ സൈന്യത്തെ നയിച്ചത് അദ്ദേഹമാണ്. ഇതോടെ ദേശീയ സുരക്ഷയിൽ പ്രതിജ്ഞാബദ്ധനായ നേതാവെന്ന തൻ്റെ പ്രശസ്തി അദ്ദേഹം ഊട്ടിയുറപ്പിച്ചു.