തിരുവനന്തപുരം: തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസിനടിയില്‍പെട്ട് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വീടിന് സമീപത്തെ ഇടറോഡില്‍ വെച്ചാണ് അപകടം നടന്നത്. ബസില്‍ നിന്നും ആയ കുട്ടിയെ ഇറക്കിയിരുന്നു. ഇതിനുശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടയില്‍ കൃഷ്‌ണേന്ദുവിന്റെ കാല്‍ കേബിളില്‍ കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് വീണ കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരന്‍ അപകടം കണ്ടിരുന്നുവെന്നും സ്ഥലത്ത് ചാനല്‍ കേബിളിന്റെ പണി നടക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.