ഡൽഹി: തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നും ദൈവമല്ല, താനും മനുഷ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിനൊപ്പം 'പീപ്പിൾ ബൈ ഡബ്ല്യുടിഎഫ്' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളെ കുറിച്ചും, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
തൻ്റെ ആദ്യ പോഡ്‌കാസ്റ്റാണിതെന്നും ഈ ലോകം തികച്ചും പുതുമയുള്ളതാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഒരു പഴയ പ്രസംഗത്തെക്കുറിച്ച് സംസാരിക്കവെ, താൻ മനുഷ്യനാണെന്നും ദൈവമല്ലെന്നും താനും തെറ്റുകൾ വരുത്താറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഞാൻ ഒരു മനുഷ്യനാണ്, എനിക്ക് തെറ്റുകൾ സംഭവിക്കാം, പക്ഷേ മോശമായ ഉദ്ദേശ്യത്തോടെ ഞാൻ തെറ്റ് ചെയ്യില്ല. ഞാൻ അവയെ എൻ്റെ ജീവിത മന്ത്രങ്ങളാക്കി. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എല്ലാത്തിനുമുപരി, ഞാൻ ഒരു മനുഷ്യനാണ്, ഞാൻ ദൈവമല്ല. പക്ഷേ മനഃപൂർവം തെറ്റ് ചെയ്യില്ല,' മോദി പറഞ്ഞു.
'ആരും അതിമോഹവുമായി രഷ്ട്രീയം തിരഞ്ഞെടുക്കരുത്. രാഷ്ട്രീയക്കാരനാകുന്നതിന് നിങ്ങൾ അർപ്പണബോധമുള്ളവരും പ്രതിബദ്ധതയുള്ളവരുമായിരിക്കണം. നല്ലതും ചീത്തയുമായ സമയങ്ങളിൽ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കണം, ഒരു ടീം പ്ലെയറായിരിക്കണം," മോദി കൂട്ടിച്ചേർത്തു. പോഡ്‌കാസ്റ്റിന്റെ ട്രെയിലർ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.