Image

ലോസ് ആഞ്ജലസിൽ കാറ്റിനു ശക്തി കൂടുമെന്നു പ്രവചനം, കാട്ടുതീ ഏറെ അപകടകരമാവും (പിപിഎം)

Published on 13 January, 2025
ലോസ് ആഞ്ജലസിൽ കാറ്റിനു ശക്തി കൂടുമെന്നു പ്രവചനം, കാട്ടുതീ ഏറെ അപകടകരമാവും (പിപിഎം)

കാട്ടുതീയിൽ 24 മരണവും വ്യാപകമായ നാശനഷ്ടവും സംഭവിച്ച ലോസ് ആഞ്ജലസിലെ സാന്താ ബാർബറ-വെഞ്ചുറ കൗണ്ടികളിലും ലോസ് ആഞ്ചലസ്‌ കൗണ്ടിയുടെ പടിഞ്ഞാറു ഭാഗത്തും ചൊവാഴ്ച്ച മുതൽ "ഏറെ അപകടകരമായ സാഹചര്യം" ഉണ്ടാവാൻ പോകുന്നുവെന്നു കാലാവസ്ഥാ നിരീക്ഷകരെ ഉദ്ധരിച്ചു ഗവർണർ ഗവിൻ ന്യൂസം ഞായറാഴ്ച്ച പറഞ്ഞു.

ചൊവാഴ്ച്ച രാവിലെ 4 മണി മുതൽ ബുധനാഴ്ച ഉച്ചവരെ കാറ്റിനു ശക്തി കൂടും എന്നതാണ് അതിനു കാരണം. ഇപ്പോൾ തന്നെ രണ്ടു കാട്ടുതീകൾ നിയന്ത്രണമില്ലാതെ നിന്നു കത്തുകയാണ്. 

ഗവർണർ പറഞ്ഞു: "സുരക്ഷിതരായിരിക്കുക. ഒഴിഞ്ഞു പോകാൻ ഉത്തരവ് കിട്ടിയാൽ അതിനു തയാറാവുക. അടിയന്തര രക്ഷാ പ്രവർത്തകർ ഇന്നു രാത്രി തന്നെ തയ്യാറാവും. അഗ്നിശമന സേനയെ എൻജിനുകൾ സഹിതം തെക്കൻ കലിഫോർണിയയിൽ വിന്യസിച്ചിട്ടുണ്ട്."

തിങ്കളാഴ്ച്ച രാത്രി മുതൽ ബുധനാഴ്ച ഉച്ചവരെയാണ് ജാഗ്രതാ നിർദേശം.

മഴയില്ലാത്തത്‌ മൂലം ഉണ്ടായ വരൾച്ചയും ശക്തമായ കാറ്റുമാണ് കാട്ടുതീ പടരാൻ കാരണമായത്. ലോസ് ആഞ്ചലസ്‌ കൗണ്ടിയുടെ ജനനിബിഢമായ 45 ചതുരശ്ര മൈൽ പ്രദേശത്തു ആയിരക്കണക്കിന് അഗ്നിശമന സേനാ അംഗങ്ങളാണ് തീ കെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നത്.  105,000 പേരോട് വീടൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 87,000 പേരോട് വേണ്ടിവന്നാൽ ഒഴിയാൻ തയാറായിരിക്കാനും നിർദേശിച്ചു.

ചൊവാഴ്ച്ച രാവിലെയോടെ മലമ്പ്രദേശത്തു കാറ്റിന് മണിക്കൂറിൽ 70 മൈൽ വേഗത കൈവരുമെന്നാണ് പ്രവചനം. ഈർപ്പം 8% മാത്രം ആയിരിക്കും.

"സ്ഫോടനം പോലുള്ള വേഗതയിൽ" തീയാളുമെന്നാണ് താക്കീത്.

ജനുവരി 7നു ആരംഭിച്ച പാസിഫിക് പാലിസെഡ്‌സ് ഫയർ 23,713 ഏക്കറിലാണ് കത്തുന്നത്. 13% മാത്രമേ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുള്ളു. 5,000 കെട്ടിടങ്ങൾ കത്തിയമർന്നു.

പാസദീനയ്ക്കു വടക്കു ഈറ്റൺ ഫയറും ചൊവാഴ്ച്ച തുടങ്ങിയതാണ്. 14,117 ഏക്കറിൽ കത്തുന്നു. 27% മാത്രമേ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുള്ളു. 7,000 കെട്ടിടങ്ങൾ നശിച്ചു.

സാൻ ഫെര്ണാണ്ടോയ്ക്കു വടക്കുപടിഞ്ഞാറ് കത്തുന്ന ഹഴ്സ്റ്റ് ഫയർ 799 ഏക്കറിലാണ്. അത് 89% നിയന്ത്രിച്ചു കഴിഞ്ഞു.

LA wildfire could worsen 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക