പ്രസിഡന്റ് ജോ ബൈഡൻ അധികാരം ഒഴിയുന്നതിനു മുൻപ് ഗാസയിൽ വെടിനിർത്തൽ നിലവിൽ വരികയും ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കയും ചെയ്യുമെന്നു സൂചന. ഇക്കാര്യത്തിൽ അന്തിമ ധാരണ ആയെന്നു ബൈഡനും ഇസ്രയേലി ഉദ്യോഗസ്ഥരും ഹമാസ് വൃത്തങ്ങളും അറിയിച്ചു.
ഖത്തറിൽ ഉരുത്തിരിഞ്ഞ ധാരണയുടെ ഭാഗമായി ഇസ്രയേൽ 1,000 പലസ്തീൻ തടവുകാരെ മോചിപ്പിക്കയും ചെയ്യും.
കരാർ ഉടൻ ഉണ്ടാവുമെന്നു വൈറ്റ് ഹൗസ് തിങ്കളാഴ്ച്ച അറിയിച്ചു. ഞായറാഴ്ച ബൈഡൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. മധ്യസ്ഥത വഹിക്കുന്ന ഖത്തർ എമീർ ഷെയ്ഖ് തമിം ബിൻ ഹമാദ് അൽ താനിയുമായും അദ്ദേഹം സംസാരിച്ചു. ചർച്ചകൾ കയ്‌റോയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് ഫത്താ അൽ സിസിയുമായും ബൈഡൻ സംസാരിക്കും.
ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിടുമെന്നു ഇസ്രയേൽ പറഞ്ഞു. സ്ത്രീകളും കുട്ടികളും 50 വയസിനു മേലുള്ള പുരുഷന്മാരും അതിൽ ഉൾപെടും. രോഗികളും.
കരാർ നിലവിൽ വന്നു 16 ദിവസമാവുമ്പോൾ രണ്ടാം ഘട്ടം എത്തും. അപ്പോൾ പുരുഷ സൈനികരെ ഹമാസ് മോചിപ്പിക്കും. മൃതദേഹങ്ങളും കൈമാറും.
ആയിരം പലസ്തീൻകാരെ ഇസ്രയേൽ വിട്ടയക്കും. ഇസ്രയേലി സേന ഗാസയിൽ നിന്നു ഘട്ടം ഘട്ടമായി പിന്മാറും.
Gaza deal before Biden's departure