ധ്യാനത്തിൽ,
കട്ടുറുമ്പിന്റെ
കണ്ണുകളിലേക്കു
നോക്കി
അതിനുള്ളിൽ
ഒരു കുരങ്ങൻ
കണ്ണു മായ്ച്ചും,
തുടച്ചും,
കരഞ്ഞോണ്ടിരിക്കുന്നു.
കണ്ടപാടേ ദയ തോന്നി
എന്താ
പ്രശ്നമെന്നു ചോദിച്ചു
വയറു വേദനയാണ്,
പപ്പായ മരം
എവിടെയെങ്കിലും
കണ്ടിട്ടുണ്ടെങ്കിൽ
ഒന്നു പറഞ്ഞു തരാവോ...
അത് കരച്ചിലിന്റെ
കിതപ്പും തേങ്ങലും
ചേർത്ത് ചോദിച്ചു.
ഇതു കിനാവേയല്ല.
പെട്ടെന്ന്
ഓർമയിലുള്ള
പപ്പായ മരത്തിന്റെ
അടുത്തേക്കോടി.
അത്ഭുതം
എവിടെയും
ഒരു പുല്ലിനെയോ
നിലം വരണ്ടിയെ
പോലുംകാണുന്നില്ല.
ഭൂമി പരന്നു
വിണ്ടു കീറി
വരണ്ടു കിടക്കുന്നു.
അപ്പോൾ,
വെറുതെ
ആകാശത്തേക്ക്
നോക്കി, ഭൂമിയിലെ
മുഴുവൻ
വൃക്ഷ ലതാദികളും
തലകീഴായി
ഭൂമിയിലേക്ക്
കണ്ണു നട്ടു കരഞ്ഞു
തൂങ്ങി നിൽക്കുന്നു,
ദേ നോക്കു
ഭൂമിയിൽനിന്ന്
ഒരു,
പെരു മഴ
ആകാശത്തിലേക്കുയരുന്നു,
ഇങ്ങനെ
ഒരു കാഴ്ച
ഇതാദ്യമാണല്ലോ.
പെട്ടെന്ന്
ഉറുമ്പിന്റെ കാലുകൾ
വളർന്നു വലുതായി
ആകാശം മുട്ടി നിന്നു.
ഞാനലറി,
വരു...
ആകാശത്തിലേക്ക്
ചേക്കേറാം.
കുരങ്ങൻ കരച്ചിൽ
നിർത്തി ചിരിക്കുന്നു
അവനു ആകാശത്തെ
വാലിൽ ചുറ്റി
ആട്ടാനാകുമായിരിക്കാം,
ഇനി ഭൂമി കരയട്ടെ,പെയ്യട്ടെ.
കരയുന്നുണ്ട്,
ഞാനും കട്ടുറുമ്പും
വിശ്വസമല്ലല്ലോ,
അനുഭവമാണല്ലോ
നേര്.