മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത് കുമാർ നായകനാകുന്ന പുതിയ ചിത്രം ‘വിടാമുയർച്ചി’യ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഫെബ്രുവരി 6 ന് റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ തമിഴ്നാട്ടിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അഡ്വാൻസ് ബുക്കിങ്ങിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
പല തിയേറ്ററുകളിലും സിനിമയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് മുഴുവനായും വിറ്റു തീർന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ചിത്രം ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 42.14 K ടിക്കറ്റ് വിറ്റു എന്നാണ് പലരും എക്സിൽ കുറിച്ചത്. കേരളത്തിൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് ആരംഭിച്ചു.
തമിഴ്‌നാട്ടിലെ ഒട്ടുമിക്ക തിയേറ്ററുകളും മാറ്റിനി ഷോ മാത്രം തുറന്നിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകൾ ബുക്കിങ്ങിനായി തുറക്കും. കർണാടകയെയും കേരളത്തെയും പോലെ തമിഴ്‌നാട്ടിൽ അതിരാവിലെ ഷോകൾ ഉണ്ടാകണമെന്നില്ല. കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.
വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ആറ് മാസത്തിന് ശേഷം വിഘ്നേശ് ശിവനെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.