Image

രുചിയും ചിരിയും - ഒരു സൗഹൃദത്തിന്റെ ഓർമ്മ : അന്നാ പോൾ

Published on 03 February, 2025
രുചിയും ചിരിയും - ഒരു സൗഹൃദത്തിന്റെ ഓർമ്മ : അന്നാ പോൾ

എനിക്കു ധാരാളം സുഹൃത്തുക്കളുണ്ടെങ്കിലും എന്റെ കുട്ടിക്യൂറ വേറിട്ടു നിൽക്കുന്നു. കുട്ടിക്യൂറ പൗഡർ ഒരു വെള്ള കടലാസിൽ പെതിഞ്ഞ് ബുക്കിനുള്ളിലോ പുസ്തകത്തിനുള്ളിലോ സൂക്ഷിച്ചു വച്ച് ദിവസവും മദ്ധ്യാഹ്ന വിശ്രമത്തിന്റെ ശൂന്യവേളകളിൽ എന്റെ മുഖത്ത് കുടഞ്ഞ് എന്നെ സുന്ദരിയാക്കിയിരുന്ന റോസമ്മ ജോൺ , പ്രിയ സഖി ഈ ഫ്രണ്ട്ഷിപ്പ് ദിനത്തിൽ നിന്നെ ഓർക്കാതിരിക്കാൻ എനിക്കാവില്ല. മദം പൊട്ടിയ മഴ നമ്മുടെ വയനാടിനെയും അവിടത്തെ ജീവിതങ്ങളേയും ഇന്നലെ രാത്രി മുതൽ പിച്ചിക്കീറി കശക്കിയെറിഞ്ഞു കലി തുള്ളി നിൽക്കുന്ന കാഴ്ചകൾ പേനയെടുക്കാൻ എന്നെ വല്ലാതെ അശക്തയാക്കി. അതാണ് ഈ കുറിപ്പ് ഇത്ര വൈകിയത്.

ഞാനോർമ്മിച്ചത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നടത്തിയ ആദ്യ ജില്ലാന്തരയാത്രയും - ആലപ്പുഴ ബീച്ചിലേയ്ക്ക് - ഒന്നിച്ചു നടന്ന വെള്ളമണൽ വഴികളും നീലാകാശത്തിന്റെ നീലിമയാകെ കവർന്നണിഞ്ഞ സന്തോഷത്തിൽ ഇളകിയാടുന്ന അറബിക്കടലും ചക്രവാളത്തോളം അകലെ നങ്കൂരമിട്ടു കിടന്ന കപ്പലുഠ അന്നം തേടി ചാളത്തടികളിൽ കടലിലേയ്ക്കു പോകുന്ന എണ്ണമറ്റ പാവപെട്ട മനുഷ്യരും കൺമുന്നിലെന്നപോലെ ഇപ്പോഴുമുണ്ട്. കുട്ടികൾ മിക്കവരും അവശ്വത്തിലധികം പണം ചെലവഴിച്ച് ആർമാദിക്കുന്നു. അതിന്റെ ഭാഗമാവാൻ കഴിയാതെ ഞങ്ങൾ നടക്കുമ്പോഴാണ് ഒരു കടയിലിരിക്കുന്ന പലഹാരത്തിൽ ശ്രദ്ധ പതിയുന്നത്. മെല്ലെ അങ്ങോട്ടടുത്തു, വില ചോദിച്ചു. " പത്തു പൈസ", കടക്കാരന്റെ മറുപടി. അവൾ എന്നെ നോക്കി ഞാൻ അവളേയും. എന്റെ കൈയിൽ ആകെയുള്ള അഞ്ചു പൈസ കൈ തുറന്നു കാണിച്ചു, അവളും കൈ തുറന്നു ആ കൈയിലും അഞ്ചു പൈസ!! അഞ്ചും അഞ്ചും പത്ത് . ക്ലിക്ക്ഡ് ! ആ 'തുക' നൽകി പലഹാരം സ്വന്തമാക്കി. തുല്യമായി പങ്ക് വച്ചു ഞങ്ങൾ കഴിച്ചു. അകത്തു മധുരം വച്ച സാമാന്യം വലിയൊരു ബന്ന് .അത് നുണഞ്ഞപ്പോഴുള്ള അവളുടെ മുഖത്തു വിരിഞ്ഞ ചിരിയും ബന്നിന്റെ രുചിയും എനിക്കു മറക്കാനാവില്ല.

പത്താം ക്ലാസ് കഴിഞ്ഞ് പിരിഞ്ഞ ശേഷം ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല എന്ന വല്ലാത്ത സങ്കടവും ഇവിടെ പങ്ക് വയ്ക്കുന്നു.

A friend is one soul abiding in two bodies

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക