Image

പ്രണയത്തിലേക്ക് പറന്ന് പറന്ന് (റിവ്യു)

Published on 03 February, 2025
പ്രണയത്തിലേക്ക് പറന്ന് പറന്ന് (റിവ്യു)

ത്രില്ലര്‍ സിനിമകളുടെ മഹാപ്രളയം കീഴടക്കിയ മലയാള സിനിമയില്‍ നഷ്ടപ്രണയത്തിന്റെ ഒരു ചെറിയ നീരുറവയുമായി എത്തുകയാണ് ജിഷ്ണു മഹേന്ദ്രവര്‍മ്മ സംവിധാനം ചെയ്ത 'പറന്നു പറന്നു പറന്നു ചെല്ലാന്‍' എന്ന ചിത്രം. കൊല്ലും കൊലയും ലഹരിയും പ്രതികാരവുമെല്ലാം അരങ്ങുവാഴുന്ന മലയാള സിനിമയിയില്‍ ഹൃദയസ്പര്‍ശിയായ ഒരു പ്രണയചിത്രവുമായാണ് ജിഷ്ണു എന്ന സംവിധായകന്റെ വരവ്. ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥയും കൈയ്യടക്കത്തോടെ ഒരുക്കിയ തിരക്കഥയും അതിനൊത്തെ മേക്കിങ്ങുമാണ് ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്.

പ്രണയം പോലെ മധുരതരമായ ഒരു വികാരം വേറെയില്ല. പ്രണയത്തിനായി മനുഷ്യര്‍ എന്തും ത്യജിക്കുന്നു. എന്നാല്‍ കടലോളം ആഴത്തില്‍ സ്‌നേഹിച്ചിട്ടും അത് സ്വന്തമാക്കാന്‍ കഴിയാതെ പോകുന്ന ചില മനുഷ്യരുണ്ട്. ആത്മാര്‍ത്ഥ പ്രണയമാണെങ്കില്‍ കാലമെത്ര കഴിഞ്ഞാലും അതൊരു നെരിപ്പോടു പോലെ മനസില്‍ സദാ നീറിയിരിക്കും. അതിനു മീതെയാകും പിന്നീടുള്ള കാലമത്രയും സഞ്ചാരം. ഓര്‍മ്മകളുടെ ഒരു ചെറിയ കാറ്റുമതി ആ മുറിവിന്റെ കനലുകള്‍ തിളങ്ങാന്‍. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ പണ്ടെങ്ങോ കണ്ടു മറന്ന ഹൃദയഹാരിയായ ഒരു പ്രണയത്തിന്റെ കഥ പറയുകയാണ് 'പറന്നു പറന്നു പറന്നു ചെല്ലാന്‍' എന്ന ചിത്രത്തിലൂടെ.

പഴയ പ്രതാപമെല്ലാം നഷ്ടമായെങ്കിലും ഇന്നും പഴയ ആചാരങ്ങളും വിശ്വാസങ്ങളും മുറുകെ പിടിച്ചു ജീവിക്കുന്നതറവാട്ടിലെ പെണ്‍കുട്ടിയാണ് സന്ധ്യ. അവളും അതേ പാതയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതും. എന്നാല്‍ സന്ധ്യയ്ക്ക് ഒരു പ്രണയമുണ്ടാകുന്നു. അന്നാട്ടില്‍ അറിയപ്പെടുന്ന നാടക നടനായ ജിജുവാണ് സന്ധ്യയുടെ കാമുകന്‍. ഇരുവരും സര്‍ക്കാര്‍ ജോലിക്കായി കോച്ചിങ്ങ് ക്‌ളാസില്‍ പോകുന്നുണ്ട്. ഹൃദയ രഹസ്യങ്ങള്‍ കൈമാറുന്നത് പുസ്തകങ്ങളിലൂടെയാണ്.

സന്ധ്യയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി അനിവാര്യമാണെന്നറിഞ്ഞു കൊണ്ട് സര്‍ക്കാര് ജോലിക്കായി അഹോരാത്രം മെനക്കെടുന്ന ചെറുപ്പക്കാരനാണ് ജിജു. ഒടുവില്‍ ജിജുവിന് പോലീസില്‍ ജോലി കിട്ടി. സന്ധ്യയെ വിളിച്ചിറക്കിക്കൊണ്ട് പോരാന്‍ ജിജു തീരുമാനിക്കുന്നു. എന്തു സഹായം ചെയ്യാനും തയ്യാറായ കുറേ സുഹൃത്തുക്കളുമുണ്ട്. അങ്ങനെ രാത്രി സന്ധ്യയെ വിളിച്ചിറക്കി കൊണ്ടു പോരാനെത്തുന്ന ജിജുവിനെയും സുഹൃത്തുക്കളെയും സന്ധ്യയുടെ ജ്യേഷ്ഠന്‍ കാണുകയും ഇരുവര്‍ക്കും പിന്നീട് തമ്മില്‍ കാണുന്നതിന് വിലക്ക് കല്‍പ്പിക്കുകയും ചെയ്യുന്നു.

പിന്നീടൊരു ദിവസം സന്ധ്യയുടെ അമ്മാവന്റെ മകന്‍ സതീശന്‍ ജിജുവിനെ കവലയിലിട്ട് എല്ലാവരും കാണ്‍കെ തല്ലിച്ചതയ്ക്കുന്നു. തല്ലു കൊണ്ട് നാണം കെട്ട ജിജുവിന് വാശിയായി. തന്നെ തല്ലിയ സതീശന്റെ മുന്നില്‍ കൂടി സന്ധ്യയെ വിളിച്ചിറക്കി കൊണ്ടു വരുമെന്ന ശപഥമെടുക്കുകയാണ്. അതിനിടെ സന്ധ്യയുടെ തറവാട്ടില്‍ നടക്കുന്ന പാവക്കൂത്തിനു പിന്നിലെ രഹസ്യമറിഞ്ഞ സന്ധ്യയും ജിജുവും തങ്ങളുടെ പ്രണയവും ജീവിതവും സ്വന്തമാക്കാനുള്ള യുദ്ധം തുടങ്ങുകയാണ്. തങ്ങളുടെ പ്രണയം നേടിയെടുക്കാന്‍ ഇരുവരും നടത്തുന്ന പരിശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം രസകരമാക്കുന്നത്.

ഉണ്ണിലാലുവാണ് ചിത്രത്തില്‍ ജിജുവായി എത്തുന്നത്. നാട്ടിന്‍പുറത്തെ പ്രണയനായകനായി ജിജു മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. സന്ധ്യയായി സമൃദ്ധി താരയും മികവാര്‍ന്ന അഭിനയം കാഴ്ച വച്ചിട്ടുണ്ട്. വിജയരാഘവന്‍ പതിവു പോലെ പഴയകാല ആചാരങ്ങളും വിശ്വാസങ്ങളുമായി ജീവിക്കുകയും അതില്‍ മുറുകെ പിടിച്ച് ജീവിതത്തില്‍ പരാജയപ്പെട്ടു പോവുകയും ചെയ്ത കൊക്കാവേട്ടന്‍ എന്ന കഥാപാത്രം തികഞ്ഞ കൈയ്യടക്കത്തോടെ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ സതീശന്‍ എന്ന കഥാപാത്രത്തെ മനോഹരമായി പകര്‍ന്നായിട്ടുണ്ട്. കലാഭവന്‍ ജോഷി, രതീഷ് കുമാര്‍ രാജന്‍, ശ്രീനാഥ് ബാബു, ദാസന്‍ കൊങ്ങാട്, ശ്രീജ ദാസ് ,സജിന്‍ ചെറുകരയില്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

പാലക്കാടിന്റെ മനോഹാരിത ആവോളം ഒപ്പിയെടുത്ത അതിമനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. ഏതൊരു മനുഷ്യന്റെ ഉള്ളിലും പ്രണയം അറിയാതെ നിറഞ്ഞു പോകുന്ന പ്രകൃതിദൃശ്യങ്ങള്‍ ഒരുക്കിക്കൊണ്ട് പ്രണയമെന്ന പ്രമേയത്തെ അതിമനോഹരമായി സ്‌ക്രീനില്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ് ഛായാഗ്രാഹകന്‍ മധു അമ്പാട്ട്. ഇതോടൊപ്പം പാവക്കൂത്തും കലാരൂപങ്ങളും. വയലാറിന്റെ പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ എന്ന ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് വേറിട്ട അനുഭവമായി. പശ്ചാത്തല സംഗീതവും ഏറെ മികച്ചു നിന്നു. പ്രണയവും സൗഹൃദവും ഇഷ്ടപ്പെടുന്നവര്‍ക്ക് തിയേറ്ററില്‍ പോയി കാണാന്‍ കഴിയുന്ന ഒരു നല്ല ചിത്രമാണ് പറന്ന് പറന്ന് പറന്ന് ചെല്ലാന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക