ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ അമേരിക്കൻ സംഗീതജ്ഞയും ന്യൂ യോർക്ക് ബിസിനസ് ഉടമയുമായ ചന്ദ്രിക ടണ്ഠനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. 'ത്രിവേണി' എന്ന ആൽബത്തിന് അവാർഡ് നേടിയ അവർക്കു ഇന്ത്യൻ സംസ്‌കാരത്തോടുള്ള വൈകാരിക ബന്ധത്തെ അദ്ദേഹം പ്രകീർത്തിച്ചു.
നിരവധി ആളുകൾക്ക് അവർ ആവേശമാവുന്നു എന്ന് മോദി ചൂണ്ടിക്കാട്ടി.
ചെന്നൈയിൽ ജനിച്ച ചന്ദ്രിക ടണ്ഠൻ (71) റിക്കി കേജ്, അനുഷ്‌ക ശങ്കർ എന്നിവരെ പിന്നിലാക്കിയാണ് ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ് ഓർ ചാൻറ്റ് ആൽബം എന്ന വിഭാഗത്തിൽ അവാർഡ് നേടിയത്.
പെപ്‌സികോയുടെ മുൻ സി ഇ ഓ: ഇന്ദിരാ നൂയിയുടെ സഹോദരിയാണ്.
പ്രാചീന മന്ത്രങ്ങളുടെയും ഓടക്കുഴലിന്റെയും സെല്ലോയുടെയും മാസ്മരികമായ ഫ്യുഷനാണ് 'ത്രിവേണി' എന്ന് അവരെ അഭിനന്ദിക്കുന്ന സന്ദേശത്തിൽ ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് ചൂണ്ടിക്കാട്ടി.
2010ൽ Om Namo Narayana: Soul Call എന്ന ആൽബത്തിനു ഗ്രാമി അവാർഡിനുള്ള നോമിനേഷൻ ടണ്ഠൻ നേടിയിരുന്നു.
ആന്തരികമായി മുറിവുണക്കുന്ന സംഗീതമാണ് ഏഴു ട്രാക്കുകളിലായി 'ത്രിവേണി'പകരുന്നത്. സൗത്ത് ആഫ്രിക്കൻ ഫ്ലൂട്ടിസ്‌റ് വേവ്‌റ്റർ കെല്ലർമാൻ, ജാപ്പനീസ് സെലിസ്റ് ഏറു മത്സുമോട്ടോ എന്നിവരാണ് ആൽബത്തിൽ സഹകരിച്ചത്.
മൂന്ന് പുണ്യ നദികളുടെ സംഗമമാണ് ത്രിവേണി എന്ന പേര് സൂചിപ്പിക്കുന്നത്. "സംഗീതം സ്നേഹമാണ്, നമ്മുടെ ഉള്ളിലെ പ്രകാശം അത് തെളിയിക്കുന്നു, നമ്മുടെ ഏറ്റവും ഇരുണ്ട ദിനങ്ങളിലും അത് ആഹ്ളാദവും ചിരിയും വിടർത്തുന്നു," ടണ്ഠൻ പറഞ്ഞു.
Modi congratulates Chandrika Tandon