Image

വാഷിംഗ്‌ടണിൽ യുഎസ് എയ്‌ഡ്‌ ആസ്ഥാനം അടച്ചു; ഭരണം ഏറ്റെടുത്തെന്നു മാർക്കോ റുബിയോ (പിപിഎം)

Published on 04 February, 2025
 വാഷിംഗ്‌ടണിൽ യുഎസ് എയ്‌ഡ്‌ ആസ്ഥാനം അടച്ചു;  ഭരണം ഏറ്റെടുത്തെന്നു മാർക്കോ റുബിയോ (പിപിഎം)

യുഎസ് എയ്‌ഡ്‌ ആസ്ഥാനം തിങ്കളാഴ്ച്ച തുറക്കില്ലെന്നു ജീവനക്കാർക്ക് ഇമെയിൽ അറിയിപ്പ് കിട്ടി. വിദേശത്തേക്ക് യുഎസ് സഹായം എത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചുവെന്നു ഗവൺമെന്റ് കാര്യക്ഷമത വർധിപ്പിക്കാൻ അദ്ദേഹം നിയമിച്ച ഡി ഓ ജി ഇയുടെ മേധാവി എലോൺ മസ്‌ക് പറഞ്ഞതിന്റെ പിന്നാലെയാണ് ഈ നടപടി.

ഒട്ടേറെ രാജ്യങ്ങളിൽ വികസനത്തിനു സഹായം നൽകുന്ന യുഎസ് എയ്‌ഡ്‌ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മസ്‌ക് നടത്തിയ ശ്രമത്തോട് ഏജൻസി സഹകരിച്ചില്ല എന്നതാണ് അവരുമായി അദ്ദേഹം ഇടയാൻ കാരണം. ആസ്ഥാനത്തു പരിശോധന നടത്താൻ എത്തിയ മസ്കിന്റെ സഹായികളെ ചെറുത്തു എന്നതിന്റെ പേരിൽ രണ്ടു ഉദ്യോഗസ്ഥരെ ശനിയാഴ്ച്ച നീക്കം ചെയ്തിരുന്നു.

യുഎസ്  എയ്‌ഡ്‌ ആക്റ്റിംഗ് അഡ്മിനിസ്ട്രേറ്റർ ആയി താൻ ചുമതലയേറ്റുവെന്നു  എൽ സാൽവദോർ യാത്രയ്ക്കിടയിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ മാധ്യമങ്ങളോടു പറഞ്ഞു. ഏജൻസിയുടെ പ്രവർത്തനങ്ങൾ സമഗ്രമായി പരിശോധിച്ചു നടപടി എടുക്കാൻ ട്രംപിന്റെ ആദ്യ ഭരണകാലത്തു യുഎസ്  എയ്‌ഡ്‌ ഉദ്യോഗസ്ഥൻ ആയിരുന്ന പീറ്റ് മറോക്കോയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. 

സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ വിദേശ സഹായ വിഭാഗം മേധാവിയാണ് അദ്ദേഹം. എല്ലാ വിദേശ സഹായവും നിർത്തി വച്ച ട്രംപിന്റെ ഉത്തരവ് തയാറാക്കിയത് അദ്ദേഹം ആയിരുന്നു. എന്നാൽ 48 മണിക്കൂറിനകം ആ ഉത്തരവ് പിൻവലിക്കേണ്ടി വന്നു.

കോൺഗ്രസിന്റെ സമ്മതം കൂടാതെ ഫെഡറൽ ഏജൻസി അടച്ചു പൂട്ടാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് ഡെമോക്രറ്റുകൾ വാദിക്കുന്നു. കോൺഗ്രസുമായി ബന്ധപ്പെടുമെന്നു റുബിയോ വാഗ്‌ദാനം ചെയ്തു. എന്നാൽ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്.

"തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ കോൺഗ്രസിന്റെ അനുമതി ആവശ്യമില്ല," ട്രംപ് പറഞ്ഞു. "ഇവർക്കൊക്കെ വട്ടാണ്. ഞങ്ങൾ ശരിയായ കാര്യം ചെയ്യും. പണ്ടേ ചെയ്യേണ്ടതായിരുന്നു."


1960കളിൽ സ്ഥാപിച്ച യുഎസ് എയ്‌ഡ്‌ ഇന്ത്യയിൽ ഏറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

USAID headquarters shuttered 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക