കാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ. 'ആരോഗ്യം-ആനന്ദം, അകറ്റാം കാൻസറിനെ..’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ.
"എൻ്റെ അമ്മ കാൻസർ അതിജീവിത. എൻ്റെ മുന്നിലുള്ള മാതൃകയാണ് അമ്മ". അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റണമെന്നും രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 855 ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. നാടിന്റെ എല്ലാ മേഖലയും സഹകരിപ്പിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോക ക്യാൻസർ ദിനത്തിൽ തന്നെ പരിപാടിക്ക് തുടക്കമിടാൻ കഴിഞ്ഞത് പ്രത്യേകതയാണെന്നും ക്യാൻസർ രോഗത്തിനും ചികിത്സയ്ക്കും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. മാർച്ച് 8 ലോക വനിതാ ദിനത്തിൽ അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്പയിൻ. സ്തനാർബുദം, ഗർഭാശയഗളാർബുദം എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കും. ഒരു വർഷം കൊണ്ട് എല്ലാവരെയും ക്യാമ്പയിന്റെ ഭാഗമാക്കി കാൻസർ പ്രതിരോധം ശക്തിപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം.
English summery :
My mother is a cancer survivor'; Actress Manju Warrier joins the 'Health-Happiness, Let's Defeat Cancer' campaign