Malabar Gold

പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-5 - ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 21 September, 2012
പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-5 - ഡോ.എന്‍.പി.ഷീല
കുബേരനേയും അനുചരനേയും ശപിക്കുന്നു

പാണ്ഡവന്മാരുടെ വനവാസകാലത്തുണ്ടായ സംഭവമാണ് ഇതിനാധാരം. അവര്‍ പല പുണ്യാശ്രമങ്ങളും സന്ദര്‍ശിച്ച് ഭിക്ഷാംദേഹികളായി ചുറ്റി സഞ്ചരിച്ച് ഹിമവല്‍ പ്രാന്തത്തിലെത്തി. സഹോരങ്ങളെ വിട്ട് അര്‍ജ്ജുനന്‍ ശിവദര്‍ശനത്തിനായി മഹാമേരുവിലേക്കു കയറിപ്പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അര്‍ജ്ജുനന്‍ മടങ്ങിയെത്തിയില്ല. സഹോരങ്ങള്‍ അയാളെതേടി പുറപ്പെട്ടു. വൃഷപര്‍വ്വാവ്, ആര്‍ഷ്ടിഷേണന്‍ മുതലായ മുനിമാരുടെ സഹായത്തോടെ അവര്‍ കുബേരപുരിയില്‍ എത്തി. കുബേരസൈന്യങ്ങള്‍ അവരെ വളഞ്ഞു. ഭീമന്‍ അവരെ തോല്പിക്കുകയും കുബേരന്റെ പ്രിയതോഴനായ മണിമാനെ വധിക്കുകയും ചെയ്തു. അനുജന്റെ തെറ്റിന് ധര്‍മ്മപുത്രര്‍ കുബേരനോട് മാപ്പ് ചോദിച്ചുകൊണ്ട് ദേവശക്തി മനുഷ്യശക്തിയുടെ മുന്നില്‍ മുട്ടുമടക്കാനുണ്ടായ കാരണം ആരാഞ്ഞു. കുബേരന്‍ അഗസ്ത്യന്റെ ശാപവൃത്താന്തം അദ്ദേഹത്തെ പറഞ്ഞുകേള്‍പ്പിച്ചു.

അഗസ്ത്യന്‍ കാളിന്ദിതീരത്ത് സൂര്യനമസ്‌ക്കാരം ചെയ്തു കൊണ്ടിരുന്നപ്പോള്‍ മണിമാന്‍ മുകളില്‍ നിന്ന് അഗസ്ത്യന്റെ തലയില്‍ തുപ്പി. ക്രുദ്ധനായ അഗസ്ത്യന്‍ മുകളിലേക്കു നോക്കി കുബേരനോട് പറഞ്ഞു. "നിന്റെ കണ്‍മുന്നില്‍വച്ച് നിന്റെ തോഴന്‍ ഈ നീചകൃത്യം ചെയ്കയാല്‍ ഈ മണിമാനും നിന്റെ സൈന്യങ്ങളും മനുഷ്യകരത്താല്‍ വധിക്കപ്പെടും. എന്നാല്‍ നീ സങ്കടപ്പെടേണ്ട. മണിമാനെ വധിച്ച മനുഷ്യനെ കാണുമ്പോള്‍ അന്ന് എന്റെ ശാപം നിന്നെ വിട്ടൊഴിയും." ശാപത്തിനു പുറകെ ശാപമോക്ഷം മുനിമാരുടെ സ്ഥിരം സ്വഭാവമാണല്ലൊ.

മാരീചനേയും താടകയേയും ശപിക്കുന്നു

വാല്മീകി രാമായണം ബാലകാണ്ഡത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. രാമലക്ഷ്മണന്മാര്‍ ബാലന്മാരായിരുന്നപ്പോള്‍ യാഗരക്ഷാര്‍ത്ഥം വിശ്വാമിത്രനോടൊപ്പം വനത്തിലേക്കു പോയി. മാര്‍ഗ്ഗമധ്യേ വിശ്വാമിത്രന്‍ അവരോട് താടകയുടെ കഥ പറയുന്നു.

സുകേതു എന്ന യക്ഷന്‍ സന്താനഭാഗ്യമില്ലാഞ്ഞ് ദുഃഖിതനായി ബ്രഹ്മാവിനെ തപസ്സു ചെയ്തു. തല്‍ഫലമായി താടക എന്ന പുത്രി ജനിച്ചു. അവള്‍ക്ക് ആയിരം ആനയുടെ ശക്തിയുണ്ടായിരിക്കുമെന്നും ബ്രഹ്മാവ് അനുഗ്രഹിച്ചു. താടകയുടെ ശക്തി വാല്മീകി വര്‍ണ്ണിക്കുന്നതു നോക്കുക.

വീണടിഞ്ഞ മുലകള്‍ കൊണ്ടാഞ്ഞടിക്കു-
മടികള്‍കൊണ്ടു വീണടിഞ്ഞു തരുനികരങ്ങളും..

രാമായണത്തിലെ മാരീചന്‍ ഈ താടകയുടെ പുത്രനാണ്. ഭര്‍ത്താവായ സുന്ദന്‍ വധിക്കപ്പെട്ടപ്പോള്‍ ക്രുദ്ധയായ താടക ഈറ്റപ്പുലിയെപ്പോലെ അഗസ്ത്യാശ്രമത്തില്‍ പാഞ്ഞുകയറി(ആ പാച്ചിലിലാണ് മുകളില്‍ കാണുന്ന വരികളിലെ സന്ദര്‍ഭം) ആശ്രമം തകര്‍ത്തു തരിപ്പണമാക്കി. അഗസ്ത്യന്‍ അമ്മയെയും മകനെയും ശപിച്ചു രാക്ഷസരാക്കി.

വേറെയും അഗസ്ത്യനെ സംബന്ധിക്കുന്ന താരതമ്യേന ചെറിയ സംഭവങ്ങള്‍ മഹാഭാരതം അനുശാസന പര്‍വ്വത്തിലുണ്ട്. താമരമോഷണത്തെക്കുറിച്ചുള്ള കഥ, ഇന്ദ്രന്‍ അഗസ്ത്യനോടു മത്സരിക്കുന്നത്, ഗജേന്ദ്രമോക്ഷം, ശ്രീരാമന് അഗസ്ത്യന്‍ ആദിത്യഹൃദയ മന്ത്രം ഉപദേശിച്ചത്, അഗസ്ത്യനെ ഇരുത്തി ഭൂമിയുടെ ചരിവു പരിഹരിച്ചത്, അഗസത്യനെ ഇരുത്തി ഭൂമിയുടെ ചരിവു പരിഹരിച്ചത്, അഗസ്ത്യനും ക്രൗഞ്ചപര്‍വ്വതവും, അഗസ്ത്യനും കാവേരി നദിയും, അഗസ്ത്യന്‍ ഉര്‍വ്വശി, ജയന്തന്‍, നാരദന്‍ എന്നിവരെ ശപിച്ചത്, സ്വര്‍ണ്ണവള കിട്ടിയത്, അഗസ്ത്യകൂടം, അഗസ്ത്യാശ്രമം ഇങ്ങനെ ഒട്ടനവധി സംഭവങ്ങള്‍ വേറെയും ഭാരത, രാമയണ, ഭാഗവതാദി പുരാണങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

(അവസാനിച്ചു)
പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-5 - ഡോ.എന്‍.പി.ഷീല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക