Image

പരപത്‌നിയെ ആഗ്രഹിക്കരുത്‌ (തിരുക്കുറള്‍: എന്‍.പി. ഷീല)

Published on 22 September, 2012
പരപത്‌നിയെ  ആഗ്രഹിക്കരുത്‌ (തിരുക്കുറള്‍: എന്‍.പി. ഷീല)
ക്രിസ്‌ത്യാനികള്‍ക്ക്‌ യഹോവ നല്‍കിയ `പത്തുകല്‍പനകളില്‍' ഒന്നാണ്‌ അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത്‌ എന്നത്‌. ബൈബിളിലും ഇതര പുരാണ ഗ്രന്ഥങ്ങളിലുമെല്ലാം ഇതിനെതിരായി പ്രവര്‍ത്തിച്ചവര്‍ക്ക്‌ കടുത്ത ശിക്ഷ ലഭിച്ചിട്ടുണ്ട്‌ എന്നതിന്‌ ഉദാഹരണങ്ങള്‍ പ്രഖ്യാതങ്ങളാണ്‌. രാമായണത്തിലെ സീതാപഹരണം, ഭാരതത്തില്‍ പാഞ്ചാലിക്കു നേരെയുണ്ടായ അത്യാചാരം, ബൈബിളിലെ ദാവീദ്‌ -ബത്‌ഷേബാ ബന്ധം- ഇവയുടെയെല്ലാം ആത്യന്തിക ഫലം സര്‍വ്വനാശമായിരുന്നുവല്ലൊ. അജ്ഞാതങ്ങളും ജ്ഞാതങ്ങളുമായ നൂറു നൂറു സംഭവങ്ങള്‍ വേറെയും .

താന്‍ ആഗ്രഹിച്ചത്‌ അന്യന്റെ ഭാര്യയാണന്നറിഞ്ഞ നിമിഷം അവളെ തക്ക ബന്തോബസ്‌തോടെ
ഭര്‍ത്രു
സവിധത്തിലെത്തിച്ച തിളക്കമാര്‍ന്ന ഉദാഹരണത്തിന്‌ വള്ളത്തോളിന്റെ വിഖ്യാതമായ `ഭാരത സ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്ന കവനം മതിയാകും.

സദാചാരനിഷ്‌ഠയ്‌ക്ക്‌ ഏറെ ഊന്നല്‍ നല്‍കിയിരുന്ന ആചാര്യ മഹോദയ്‌ ആണ്‌ തിരുവള്ളുവരും. സമൂഹത്തില്‍ ഇങ്ങനെയൊരു തിന്മ നിലനില്‍ക്കുന്നു എന്നു കണ്ട്‌ ആചാര്യന്‍ അതിനെതിരെ ശക്തമായ താക്കീതു നല്‍കുന്നു. പരപത്‌നിയെ ദുഷ്‌ടലാക്കോടെ നോക്കുന്ന ഏവനും അധോഗതിയാണ്‌ അനുഭവമന്നെും ഒരുവന്റെ മറ്റെല്ലാ ഗുണങ്ങളും ഈയൊരു തിന്മയില്‍ നിസ്‌തേജമാകുമെന്നും നിമഗ്നമാകുമെന്നും തരുവള്ളുവര്‍ പറയുന്നു.

മുനി പത്‌നിയെ പ്രാപിച്ച ദേവേന്ദ്രനും കിട്ടി ശിക്ഷ. കാല്‍ക്കല്‍ കെട്ടിവീണു യാചിച്ചതിനാല്‍ മാത്രം ശരീരമാകെ ഏണിപ്പടികള്‍ പോലെ എഴുന്ന ആയിരം ലിംഗത്തിന്റെ സ്ഥാനത്ത്‌ ആയിരം നേത്രങ്ങളാക്കി ഇളവു   ചെയ്‌ത്‌ ടിയാന്‍ `സഹസ്രനേത്രനായ' രസകരമായ കഥയും നമുക്ക്‌ ഭാവനാസമ്പന്നനായ മറ്റൊരു മുനി നല്‍കുന്നു.

തിരുവള്ളുവര്‍ പറയുന്നത്‌ സമുഹത്തില്‍ ഇത്തരം `അംഗമ്യഗമനം' നടമാടിയാല്‍ അതിന്റെ പതനം സുനിശ്ചിതമെന്നത്രെ. സമൂഹം, സമാജം, എന്നൊക്കെയുള്ള പദങ്ങള്‍ വളരെ അര്‍ത്ഥവത്താണ്‌. നന്മയുള്ള, ഗുണമേന്മയുള്ള,വിവേകമുള്ള ആളുകളുടെ കൂട്ടമാണത്‌. ഇന്നു നാം ജീവിക്കുന്ന സമൂഹത്തിന്റെ ഗുണമേന്മ അനുക്തസിദ്ധമാണല്ലോ. രാക്ഷസീയത അതിന്റെ ഉച്ചകോടിയില്‍ എത്തിനില്‍ക്കുന്ന വാര്‍ത്തകളാണ്‌ അനുനിമിഷം നാം കേള്‍ക്കുന്നത്‌ .

തിരുവള്ളുവര്‍ വിലക്കു കല്‍പിക്കുന്ന ഈ തിന്മയില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന വ്യക്തി `ഭൂമിയില്‍ സര്‍വ്വൈശ്വര്യങ്ങള്‍ക്കും ഉടമയായിരിക്കുമെന്ന്‌' അദ്ദേഹം അനുഗ്രഹിക്കുകയും ചെയ്യുന്നു. അല്ലാത്തവരുടെ സ്ഥിതി `ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്നു തന്നെ. ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുന്നവനു കീര്‍ത്തി ദോഷം ഉറപ്പാണെന്നും ആചാര്യന്‍ മുന്നറിയിപ്പു നല്‍കുന്നു. ആരോഗ്യഹാനി വേറെയും. കുറ്റബോധം അതിനുപരി.

സര്‍വ്വ നാശത്തില്‍നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നാഗ്രഹിക്കുന്നവന്‍ പരസ്‌ത്രീ സംഗത്തില്‍ പെടാതെ സദാ ജാഗരൂകനായിരിക്കണം. പ്രലോഭനത്തില്‍ പെടാതെ ശ്രദ്ധിച്ചാല്‍ കൂടി പ്രലോഭനം മലവെള്ളപ്പാച്ചി
ലെന്ന പോലെ നാനാ വിധത്തിലും നാലുപാടു നിന്നും നമ്മിലേക്ക്‌ വന്നു വീഴുന്ന ഒരു സാഹചര്യത്തില്‍ നിതാന്തജാഗ്രത അനിവാര്യമാണ്‌. ഈശ്വരാ - എന്തൊക്കെ ശ്രദ്ധിച്ചാലാണ്‌ ഒരുവന്‌ തന്റെ അന്തക്കരണത്തെ `പാടും വടുവും പറ്റാതെ' സൂക്ഷിക്കാനാകുക! ശ്രദ്ധക്കുറവോടെയുള്ള ഒരു നോട്ടം മതിയാകുമന്നോ ജീവിതമാകെ താറുമാറായി തകര്‍ന്നടിയാന്‍! ചക്രവര്‍ത്തി തിരുമേനി മട്ടുപ്പാവില്‍ ഉലാത്തുന്നതിനിടയിലാണല്ലോ അങ്ങകലെക്കണ്ട കേവലമൊരു `കുളിസീന്‍' അദ്ദേഹത്തെ ദുര്യശ്ശസ്സിന്റെ പടുകുഴിയില്‍ കൊണ്ടെത്തിച്ചത്. ഇതിഹാസ പുരാണങ്ങളിലെ `മിത്തിന്റെ' സത്യാസത്യത ചികയാതെ അവ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശത്തിലേക്കാണു നാം മിഴിയൂന്നേണ്ടത്‌.

തിരുവള്ളുവര്‍ ആഹ്വാനം ചെയ്യുന്നതും മറ്റൊന്നല്ല. പാപ സാഹചര്യത്തില്‍ നിന്നു വിട്ടകലുകയാണു ബുദ്ധി എന്നാണ്‌ ഗുരുപദേശം. തിരുവ്‌ള്ളുവര്‍ ബൈബിളിലെ പ്രഭാഷകന്റെ വചനങ്ങള്‍ ശ്രവിച്ചിരുന്നുവോ എന്നു സംശയിക്കത്തക്ക വിധമാണ്‌ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ശ്രവിക്കുമ്പോള്‍ നമുക്കും തോന്നുക. വിശിഷ്യ `സ്‌ത്രീകളോടുള്ള' സമീപനം എന്ന ഭാഗം വായിക്കുമ്പോള്‍.

മഹത്വത്തിന്റെ കിരീടം അണിയാന്‍ ആഗ്രഹിക്കുന്നവര്‍, സമൂഹത്തില്‍ നിന്ന്‌ അങ്ങനെയൊന്നു നേടാന്‍ ഉന്നം വയ്‌ക്കുന്നവര്‍ സര്‍വ്വപ്രകാരേണ സദാചാരത്തിന്റെ ആള്‍രൂപങ്ങളായാല്‍ മാത്രമേ അതിനര്‍ഹരാകൂ എന്ന്‌ തിരുവള്ളുവര്‍ അര്‍ത്ഥശങ്കയ്‌ക്കിടമില്ലാതെ ഉദ്‌ബോധിപ്പിക്കുന്നു.

പരപത്‌നിയെ  ആഗ്രഹിക്കരുത്‌ (തിരുക്കുറള്‍: എന്‍.പി. ഷീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക