Image

സമീരായിലെ അസ്ഥികള്‍ (കഥ)-പി.റ്റി.പൗലോസ്

പി.റ്റി.പൗലോസ് Published on 17 October, 2012
സമീരായിലെ അസ്ഥികള്‍ (കഥ)-പി.റ്റി.പൗലോസ്
നിങ്ങള്‍ എന്നോട് കഥ എഴുതാന്‍ ആവശ്യപ്പെടുന്നു. കഥ എഴുതാന്‍ ഞാന്‍ അശക്തനാണ്. എഴുതാന്‍ ശ്രമിക്കുമ്പോള് കൈകള്‍ വിറയ്ക്കുന്നു. അതെങ്ങനെ? എനിയ്‌ക്കെവിടെ കയ്യും നാവും? ഞാനാത്മാവല്ലെ. ജീവന്റെ ചൂട് നുകര്‍ന്ന് മരണത്തിന്റെ തണുപ്പിലൂടെ മരവിപ്പിന്റെ ആലസ്യത്തില്‍ നരകത്തിന്റെ ഇരുളിലും സ്വര്‍ഗ്ഗത്തിന്റെ വെളിച്ചത്തിനുമിടയില്‍ അഗാധമായ ഏതോ പാറക്കെട്ടുകളില്‍ യുഗാന്തരങ്ങളായി ഉടക്കികിടക്കുന്ന എല്ലിന്‍ കഷ്ണങ്ങളെ ചുറ്റിതിരിയുന്ന കഥയറിയാവുന്ന ഒരു മനുഷ്യന്റെ ആത്മാവ്. ഞാനൊരു കുഴല്‍ വിളികേള്‍ക്കുന്നു. ഷഹാനാ മരുഭൂമിയും കടന്ന് ആകാശങ്ങളുടെ അകലങ്ങളില്‍ നിന്നോ, കഴുകന്മാര്‍ കാവലിരിക്കുന്ന സമീരാ പാറക്കെട്ടുകളും കടന്ന സര്‍പ്പഗന്ധിയായ ചാവുകടലിന്റെ അഗാധതയില്‍ നിന്നോ ഒന്നെനിക്കറിയാം. ചെകുത്താന്മാരുടെ കുഴലൂത്താണത്. മറവിയുടെ പുതപ്പ് നീക്കി മരവിപ്പിന്റെ ആലസ്യം കളഞ്ഞ് കാലങ്ങള്‍ക്ക് പുറകോട്ട് ഞാനൊന്ന് പോകാന്‍ ശ്രമിക്കട്ടെ. യഹോവയുടെ ഗന്ധകമഴയില്‍ അടര്‍ന്നു വീണ അത്തിപ്പഴങ്ങളെ നോക്കി വിലപിച്ച യോര്‍ദ്ദാന്‍ താഴ് വരയിലെ നന്മയുടെ പൈതൃകങ്ങളിലേക്ക്-എന്റെ കഥയ്ക്കുവേണ്ടി. എന്റെ വെറും കഥയാകണെ എന്ന പ്രാര്‍ത്ഥനയോടെ.

അന്ന് ഞാനൊരു പടുവൃദ്ധനായിരുന്നു. എത്ര ജന്മദിനങ്ങള്‍ പിന്നിട്ടു എന്നെനിക്ക് തിട്ടമില്ല. ഇവിടുത്തെ ജനങ്ങള്‍ എന്നെ താവൂസ് എനന് സ്‌നേഹത്തോടെ വിളിക്കുന്നു. നിങ്ങള്‍ക്കും അങ്ങനെ വിളിക്കാം വേണമെങ്കില്‍. ആഴ്ചവട്ടത്തിന്റെ അവസാനദിനമായിരുന്നു അന്ന്. അന്നും ഞാന്‍ പതിവുള്ള സായാഹ്ന നടത്തിന് ഇറങ്ങി. എന്നും എനിക്ക് ജോര്‍ദ്ദാന്‍ താഴ് വരയിലെ ഈ മനോഹാരിത ഒരു സ്വപ്നമായിരുന്നു. ഇവിടുത്തെ കാറ്റും വെള്ളവും പക്ഷികളും പുഷ്പങ്ങളും ഗോതമ്പു പാടങ്ങളും മഹാഗണികളും ദേവദാരുക്കളും എല്ലാം നടന്ന് നടന്ന് ഞാന്‍ നഗരകവാടത്തില്‍ എത്തി. നല്ല ക്ഷീണമുണ്ട്. ഒന്ന് വിശ്രമിക്കട്ടെ. കവാടപടിയില്‍ ഇരുന്നു. ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും വീശിയ കാറ്റിന് ലബനോനിലെ പുഷ്പങ്ങളുടെ സുഗന്ധമുണ്ട്. എന്റെ മേലങ്കിയുടെ അഗ്രം കൊണ്ട് നെറ്റിയിലെ വിയര്‍പ്പുകണങ്ങളെ തുടച്ചുനീക്കി. പഞ്ഞിപോലെ നരച്ച എന്റെ താടി രോമങ്ങള്‍ കാററിന്റെ ഗതിക്കൊപ്പം ചലിച്ചുകൊണ്ടേയിരുന്നു. അസ്തമന സൂര്യന്റെ പൊന്‍പ്രഭയില്‍ നഗരകവാടം വെട്ടിത്തിളങ്ങി. ഗ്രാമഭംഗിയില്‍ നിന്ന് നാഗരികതയുടെ തിരക്കിലേക്കുള്ള കവാടം നന്മകളുടെ ഗോപുരങ്ങളില്‍ നിന്നും കൊടും പാപങ്ങളുടെ കൊടുമുടികളിലേക്കുള്ള കവാടം. എനിയ്ക്കിവിടെ ശത്രുക്കളില്ല. എന്റെയും എന്റെ പിതാമഹന്മാരുടെയും ശത്രുക്കള്‍ ഹൊബ്ബയിലും ഡമാസ്‌ക്കസിലും ഈജിപ്തിലും സൈപ്രസിലും നൈല്‍ നദീതീരങ്ങളിലൂമൊക്കെയാണ്. എങ്കിലും പാപികളായ ഇവിടുത്തെ ജനങ്ങളെ ഓര്‍ത്ത് ഞാന്‍ വിഷമിക്കുന്നു. ഈ നഗരങ്ങള്‍ പടുത്തുയര്‍ത്തിയ പൂര്‍വ്വികരെ അവര്‍ മറന്നു പോയി. സുഖലോലുപതയുടെ ഗിരി ശ്രൃംഗങ്ങളിലിരുന്ന് എന്ത് നീചകൃത്യവും അവര്‍ ചെയ്യുന്നു. മാതാപിതാക്കളും സഹോദരങ്ങളും സാമൂഹ്യബന്ധങ്ങളും അവര്‍ക്ക് തടസ്സമല്ല. മൃഗങ്ങളെക്കാള്‍ അധഃപതിച്ച ഇവിടുത്തെ തലമുറ വിഷയാസക്തിയില്‍ യോഹോവയെ മറക്കുന്നു. സ്വര്‍ഗ്ഗരതിയില്‍ ആനന്ദം കാണുന്നു. ആകാശത്തിലെ പറവകള്‍ പോലും ലജ്ജിക്കുന്നു. അവരോട് ക്ഷമിക്കുവാന്‍ യഹോവയോട് പ്രാര്‍ത്ഥിക്കാത്ത ദിനരാത്രങ്ങളില്ല. കാരണം ഞാനവരെ സ്‌നേഹിക്കുന്നു. പാപികളോട് കരുണ കാണിക്കുവാന്‍ യഹോവയാണ് എന്നെ പഠിപ്പിച്ചത്. ഓ! ഞാനെന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നു. അങ്ങകലെ നിന്നും രണ്ടു ചെറുപ്പക്കാര്‍ നടന്നു വരുന്നല്ലൊ. അതിസുന്ദരന്മാരാണവര്‍. ഗോതമ്പുമണികളുടെ നിറമാണവര്‍ക്ക്. ചെമ്പിച്ച മുടികളും പൂച്ചക്കണ്ണുകളും മുല്ലപൂക്കള്‍ പോലത്തെ പല്ലുകളും നീണ്ട നാസികകളും. അസ്തമയ സൂര്യന്റെ പൊന്‍കിരണങ്ങള്‍ തട്ടി അവരുടെ പട്ടുകുപ്പായങ്ങള്‍ വെട്ടിത്തിളങ്ങി. അവര്‍ ഈ നാട്ടുകരല്ല തീര്‍ച്ച. അവര്‍ വിദേശീയരാണ്. അവര്‍ എന്റെ അടുത്തേക്ക് വന്നു.

അവരിലൊരുവന്‍ : "ഈ നഗരത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ താങ്കാളാണെന്ന് തോന്നുന്നു. താങ്കളുടെ അനുവാദത്തോടെ ഞങ്ങള്‍ ഈ നഗരകവാടത്തില് രാപാര്‍ക്കട്ടെ. ഞങ്ങളും താങ്കളെ താവൂസ് എന്ന് വിളിക്കട്ടെ."

താവൂസ് : "വിളിച്ചോളു മക്കളെ. സന്തോഷമെയുള്ളൂ. നിങ്ങള്‍ ഈ നാട്ടുകരല്ലെന്ന് തോന്നുന്നു. ഈ നഗരവും നഗരകവാടവും നിങ്ങള്‍ക്ക് രാപാര്‍ക്കുവാന്‍ നല്ലതല്ല. നിങ്ങള്‍ എന്റെയും എന്റെ നാടിന്റെയും അതിഥികളാണ്. നിങ്ങള്‍ക്ക് എന്റെ ഭവനത്തിലേക്ക് വരാം. ഈ രാത്രിയില്‍ എന്റെ ഭവനത്തില്‍ വിശ്രമിച്ച് രാവിലെ നിങ്ങള്‍ക്ക് പോകേണ്ട ഇടങ്ങളിലേക്ക് യാത്രയാകാം."

"വേണ്ട താവൂസ്, അത് താങ്കള്‍ക്ക് ബുദ്ധിമുട്ടാകും."

"സാരമില്ല. അതിഥികളെ സ്വീകരിക്കുന്നത് എന്റെ പൂര്‍വ്വികരുടെ സംസാക്കാരത്തിന്റെ ഭാഗമാണ്."

"എങ്കില്‍ താങ്കളുടെ ഇഷ്ടം നടക്കട്ടെ".

(തുടരും...)

സമീരായിലെ അസ്ഥികള്‍ (കഥ)-പി.റ്റി.പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക