കാനഡാ-മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍ (നിര്‍മല തോമസ്)

Published on 20 November, 2012
കാനഡാ-മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍ (നിര്‍മല തോമസ്)
മലയാളിക്ക് പ്രവാസം എന്നാല്‍ ഗള്‍ഫു ജീവിതം എന്നാണു നിര്‍വ്വചനം. ആനുപാതികമായിമലയാളി പ്രവാസികള്‍ മുന്നിട്ടു നില്‍ക്കുന്നത് ഗള്‍ഫുരാജ്യങ്ങളിലാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാലും അമേരിക്കയിലും യൂറോപ്പിലുമായി ഉപനിവേശം ചെയ്തിട്ടുള്ള ലക്ഷക്കണക്കിനു മലയാളികളെ ഈ ഗണത്തില്‍ നിന്നും ഒഴിവാക്കുന്നത് അസ്വീകാര്യമാണു. അപൂര്‍വ്വമായിട്ടെങ്കിലും ഉത്തരയമേരിക്കയിലെ മലയാളി കുടിയേറ്റക്കാരെ ഈ ചേരിയില്‍ഉള്‍പ്പെടുത്തുന്നത് സ്വാര്‍ത്ഥതയുടേയും നന്ദികേടിന്റെയും പരാതിയുടെയും കഠാരിമുനയിലാണ്. കേരളത്തെ മനസ്സില്‍ സൂക്ഷിക്കാത്തവരെന്നും ദേശസ്നേഹം ഇല്ലാത്തവരെന്നും സായിപ്പിനെ അന്ധമായി അനുകരിക്കുന്നവരെന്നും ദേശകാലോചിത മര്യാദകള്‍ അറിയാത്തവരെന്നുമൊക്കെയായുള്ള നിന്ദനം ഇന്നും തുടരുന്നത് സമുചിതമല്ല. ‘കേരളത്തിന്റെ സമസ്ത മേഖലകളെയും പ്രവാസ സാന്നിദ്ധ്യംകൊണ്ട് നിറച്ചവര്‍ ഗള്‍ഫ് മലയാളികള്‍ മാത്രമാണ്. അമേരിക്കയിലും യൂറോപ്പിലും ചെന്നെത്തിയ മലയാളികള്‍ ഇത്ര താല്‍പര്യത്തോടെ കേരളം മനസ്സില്‍ സൂക്ഷിച്ചവരല്ല’ എന്ന ആരോപണം ‘ചരിത്രത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാത്ത ചരിത്രത്തിന്റെ ചവിറ്റുകുട്ടകള്‍’ എന്ന മാര്‍ക്സിയന്‍ വിശേഷണത്തോടെ തുടരുന്നു. (കൂട്ടമായ് പറന്നെത്തുന്ന വെട്ടുക്കിളികള്‍,ബാബു ഭരദ്വാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 29, 2011)

എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലുള്ളവര്‍ ഇത്തരം വിധിതീര്‍പ്പുകള്‍ നടത്തുന്നത് എന്നു വ്യക്തമല്ല. അമേരിക്കയില്‍നിന്നും കുറഞ്ഞ അവധിക്ക് കേരളത്തിലെത്തി ധൃതിപ്പെട്ട് മടങ്ങിപ്പോകുന്ന കുറച്ചു സുഹൃത്തുക്കളെയോ ബന്ധുക്കളെയോകണ്ട് സൃഷ്ടിച്ച അഭിപ്രായമാവാം.അങ്ങനെയെങ്കില്‍ തന്നെ അവരെയോ അവരുടെ ജീവിതത്തെയോ സൂക്ഷ്മമായി നിരീക്ഷിക്കാനോ പഠിക്കാനോ ആരെങ്കിലും തുനിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.കൈമാറിക്കറങ്ങുന്ന കുറച്ചു ഇന്റര്‍നെറ്റു തമാശകളിലെ നായകര്‍ മാത്രമാണു ഉത്തരയമേരിക്കന്‍ മലയാളികള്‍. ഗള്‍ഫു പ്രവാസത്തേയും ഉത്തരയമേരിക്കന്‍ പ്രവാസത്തേയും സത്യസന്ധമായി താരതമ്യം ചെയ്യുന്ന പഠനങ്ങളോ ലേഖനങ്ങളോ മലയാള സാഹിത്യത്തില്‍ കണ്ടിട്ടില്ല.

‘ഗള്‍ഫിലെ മലയാളികള്‍ എന്തുകൊണ്ടു കേരളത്തെ സമ്പന്നമാക്കി എന്നതിനെക്കുറിച്ച് സത്യസന്ധമായ ഒരു പഠനത്തിന് ഇതുവരെ ആരും തുനിഞ്ഞിട്ടില്ല. ഒരു പക്ഷേ, അത്തരമൊരു പഠനം അസത്യങ്ങള്‍കൊണ്ട് മൂടിവെച്ച ഒരുപാട് സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നതിനാലാവാം അതിനാരും മുതിരാത്തത്’ എന്ന വലിയ സത്യം ബാബുഭരദ്വാജിന്റെ ലേഖനം തന്നെ അംഗീകരിക്കുന്നുമുണ്ട്. ഇപ്പോള്‍ കാനഡയിലേക്കുള്ള മലയാളി കുടിയേറ്റക്കാരില്‍ മുന്‍പന്തിയിലുള്ളത് ഗള്‍ഫില്‍ നിന്നുമുള്ള മലയാളികളാണെന്നത് മൂടിവെക്കാനാവാത്ത ഒരു സത്യമാണ്. കാനഡയിലെ ജീവിതമെന്ന അക്കരപ്പച്ച തേടി മദ്ധ്യപൌരസ്ത്യദേശത്തെ സുഖജീവിതം ഉപേക്ഷിച്ചു വന്ന് യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിമുട്ടി നിരാശരായിത്തീര്‍ന്ന ഗള്‍ഫുകാരെ ഇവിടെ കാണാം.ആ മിഥ്യാഭ്രമത്തില്‍ ചതിക്കപ്പെട്ടു മനോനില തെറ്റിയവരും ഉണ്ട്.

മടങ്ങിപ്പോകണമെന്ന അപരിഹാര്യമായ വാസ്തവികത ഗള്‍ഫു കുടിയേറ്റക്കാരന്റെ ശിരസ്സിനു മുകളില്‍ ഡെമോക്ലസിന്റെ വാളാകുമ്പോള്‍ മടങ്ങിച്ചെല്ലേണ്ടയിടം ഒരുക്കുന്നതു ദേശസ്നേഹമോ സ്വാര്‍ത്ഥതയോ ആകണമെന്നില്ല. മറിച്ച് നിലനില്‍പ്പിനായുള്ള സമരത്തിന്റെ അനിവാര്യതയാണത്. എന്നാല്‍ വഴുതിപ്പോകാനനുവദിക്കാത്തൊരു കുരുക്കിലേക്കാണു വടക്കെഅമേരിക്കന്‍ കുടിയേറ്റക്കാരന്‍ ചെന്നുപെടുന്നത്. ഇന്ത്യ ഏതു ദിശയിലേക്കു പോകാനാണോ തത്രപ്പെടുന്നത് അവിടെ എത്തിനില്‍ക്കുന്ന ഒരു രാജ്യത്തു നിന്നും മടങ്ങിപ്പോകുന്നതിന്റെ സാംഗത്യം എങ്ങനെയാണു അംഗീകരിക്കാനാവുന്നത്? ബന്ധുമിത്രാദികളോട് എങ്ങനെയാണതു പറഞ്ഞു മനസ്സിലാക്കുക.ഒരു വിസക്കുവേണ്ടി കൊല്ലാനും ചാവാനും തയ്യാറായി ഒരു ജനത കാത്തിരിക്കുമ്പോള്‍ സാമ്പത്തിക ഭദ്രതയെന്ന അടിസ്ഥാനാവശ്യം വലിച്ചെറിഞ്ഞിട്ട് പട്ടിണിപ്പാത്രത്തിലെ പങ്കിനു കൈ നീട്ടുന്നത് അന്യായമാവില്ലേ? കൂട്ടത്തോടെ മടങ്ങി വരുന്നപ്രവാസികളെയോര്‍ത്തു കേരളം ആകുലപ്പെടുന്നതും അതുകൊണ്ടുതന്നെ.

എന്തുകൊണ്ട് പ്രവാസം?

മലയാളം ചാനലുകളില്‍ വരുന്നഒരു ഇന്‍ഡസ്ട്രിയല്‍ കോളേജിന്റെ പരസ്യം അവിടെ നിന്നും പഠിച്ചിറങ്ങുന്നവര്‍ വേഗം ഇന്ത്യക്കുപുറത്തുപോയി ജോലി നേടുന്നു എന്നതാണ്. പരസ്യത്തിന്റെ ആദ്യത്തില്‍ മകനെ അന്വേഷിച്ചു വരുന്നയാളോട് തികഞ്ഞ സംതൃപ്തിയോടെ ചിരിച്ചുകൊണ്ട് അമ്മ പറയുന്നു, അവനു ജോലികിട്ടി ഗള്‍ഫിലേക്കു പോയി.

എന്തുകൊണ്ടാവും കൂട്ടമായി എല്ലാവരും ഇന്ത്യവിട്ടുപോകാന്‍ഇഷ്ടപ്പെടുന്നത്?നമ്മുടെ ദാരിദ്യ്രം, സ്വന്തം പൌരന്മാരെ പോറ്റാനാവാത്ത ഇന്ത്യയുടെ ദയനീയാവസ്ഥതന്നെ കാരണം. നിലനില്‍പ്പിനായുള്ള സമരത്തില്‍ ഏറ്റവും മെച്ചമായത് ഈ ഉപേക്ഷിച്ചു പോവലായിരിക്കുന്നു.ഇന്ത്യയില്‍നിന്നുംഎങ്ങനെയെങ്കിലുംപുറത്തു കടക്കുക എന്നതൊരു സ്വപ്നസാക്ഷാത്കാരമാണു മലയാളിക്ക്. ജന്മനാട്ടില്‍ സംതൃപ്തമായ ജീവിതം എന്നൊന്നില്ലാതായിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിച്ചരക്ക് സ്വന്തം മക്കളാണ്.അവരുടെ യൌവ്വനവും സ്വപ്നങ്ങളും ബുദ്ധിയും കഴിവും വിറ്റ പണമാണു ഗള്‍ഫു പണമായോ അമേരിക്കന്‍ പണമായോ കേരളത്തിലേക്കൊഴുകുന്നത്. എന്താണിതു വിളിച്ചറിയിക്കുന്നത്?ആലോചിക്കുന്തോറും നീറ്റുന്ന ചോദ്യമായി അത് ഉള്ളില്‍ കറങ്ങുന്നു.

അതിരുകളെ മറികടക്കാനും ചക്രവാളത്തിനുമപ്പുറത്തേക്ക് പ്രതീക്ഷകളുടെ തേരു തെളിക്കാനും ഒരു ജനതയെ അതു പ്രേരിപ്പിക്കുന്നു. ആഴികള്‍ തരണം ചെയ്ത് സമയ രേഖ കവച്ചുവെച്ച് അപരിചിതമായ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത് മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ്.എന്താണു മെച്ചപ്പെട്ട ജീവിതം?ജീവിതാവസ്ഥകള്‍ മെച്ചപ്പെടുന്നതുകൊണ്ട് ജീവിതം തൃപ്തവും പൂര്‍ണ്ണവുമായിത്തീരണമെന്നില്ല.അവനവനുഇഷ്ടപ്പെട്ടതു ചെയ്യുമ്പോഴാണു ജീവിതത്തിനു അര്‍ത്ഥമുണ്ടാകുന്നത് എന്നു പറയപ്പെടുന്നു.അവിദിതമായആചാരങ്ങളും, ഭാഷയും ഭക്ഷണരീതികളും ഇങ്ങേയറ്റം ആന്തരിക മൂല്യങ്ങളും ചോദ്യംചെയ്യപ്പെടുന്ന ഒരിടത്ത് ജീവിതത്തെ നേരിടുന്നത് ക്ലേശപൂര്‍ണമാണ്. ഒരുവന്റെ ഇച്ഛാശക്തിക്ക് ഇതൊക്കെയും തരണം ചെയ്യാനുള്ള കരുത്തുണ്ടാവുമ്പോഴുംജീവിതം പൂര്‍ണവും തൃപ്തവുമായിക്കൊള്ളണമെന്നില്ല.ഉത്തരം ഐന്‍സ്റീന്റെ ഊര്‍ജ്ജതന്ത്ര സൂക്തത്തില്‍ ഒതുക്കാവുന്നതാവുമോ^ എല്ലാം ആപേക്ഷികമാണ്!.

വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട മലയാളി സമൂഹമാണു അമേരിക്കയിലുള്ളത്. കേരളം ഉള്ളിലിരുന്ന് നീറിപ്പുകയുന്ന മലയാളികളാണു ഉത്തരയമേരിക്കയിലുള്ളവരില്‍ ഏറിയപങ്കും. പുറത്തേക്കു കടക്കാനാവാത്ത തീയ് ഉള്ളിനെ തന്നെ ചാരമാക്കിമാറ്റും.അമേരിക്കയിലിരുന്നുകൊണ്ട് അവിടെ കേരളം സൃഷ്ടിക്കാന്‍ ഈ പ്രവാസികള്‍ സദാ ശ്രമപ്പെടുമ്പോള്‍പൊതിഞ്ഞുകെട്ടിയ ചാമ്പല്‍ക്കൂമ്പാരമായി മാറുന്നു ജീവിതം.വംശാവബോധം ഒരു നിത്യസമരംതന്നെയായി മാറുന്ന അവസ്ഥയിലാണു അമേരിക്കയിലെ ജീവിതം. രൂപയെ ഡോളറാക്കി പെരുപ്പിക്കാന്‍ കൊടുക്കേണ്ടി വരുന്ന വില ജിവിതം തന്നെയായി മാറുന്നു

പ്രവാസത്തിന്റെ കെടുതികള്‍
പ്രവാസത്തിന്റെ കെടുതികളില്‍ ചിലതായ ദേശം, പ്രകൃതി, സ്വത്വം ഇവ പൂര്‍ണമായുംനഷ്ടപ്പെടുന്നത് ഉത്തരയമേരിക്കന്‍ മലയാളിക്കാണ്.ഒരാളുടെ ജന്മനായുള്ള പ്രകൃതിമാറുമ്പോള്‍ അത് വികൃതിയാവുമെന്നും അതാണു രോഗാവസ്ഥയെന്നും അഷ്ടാംഗഹൃദയത്തില്‍ പറയുന്നുണ്ട്. ഇത് വാതപിത്തകഫ പ്രകൃതിയെപ്പറ്റി ആണെങ്കിലും മനുഷ്യന്റെ സ്വത്വത്തിനും ഇതു ബാധകമാണു. പ്രകൃതി മാറുന്നതു മരണമാണ്. ഉത്തരയമേരിക്കയിലേക്കു കുടിയേറുന്ന ഒരാള്‍ക്കു പ്രകൃതിമാറാതെ ജീവിക്കാനാവുമോ എന്ന് സംശയം തോന്നുന്നു.ആ വാചകംതന്നെ ഐറണിയല്ലെ, മരണപ്പെട്ടുകൊണ്ടു ജീവിക്കുക എന്ന പരിഹാസ്യമായ വൈരുദ്ധ്യം.

ഗള്‍ഫു പ്രവാസത്തിന്റെ ദുഖങ്ങളും ദുരിതങ്ങളും സരളമാക്കി പ്രദര്‍ശിപ്പിക്കുവാനോ നിസ്സാരവല്‍ക്കരിക്കാനൊ ഉള്ള ശ്രമമല്ല.ആയിരക്കണക്കിനു ഗള്‍ഫുമലയാളികളുടെ നിത്യമായ ദുരിതാനുഭവങ്ങളും അവര്‍ കടന്നുപോകുന്ന ശോച്യവും നികൃഷ്ടവുമായ ജീവിതാവസ്ഥകളും മറക്കാനോ മറയ്ക്കാനോ കഴിയാത്ത സത്യങ്ങളായി അംഗീകരിക്കുന്നുണ്ട്. ഇതില്‍ പലതും കേരളത്തിലെ ദരിദ്രന്റേയും ജീവിതാവസ്ഥ തന്നെ എന്ന വാസ്തിവികത ഒളിച്ചുവെക്കാനാവില്ല. ഗള്‍ഫിലെ ജീവിതം ദുരിതമാകുന്നതു വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഇല്ലാത്തവര്‍ക്കാണ്. പഠിപ്പും ഉയര്‍ന്ന ഉദ്യോഗവും ഉള്ള കേരളീയര്‍ക്ക് ഗര്‍ഫു രാജ്യങ്ങളിലെ ജീവിതം തികച്ചും വ്യത്യസ്തമാണ്.

കേരളത്തേക്കാള്‍ നല്ല കേരളം ഗള്‍ഫു മാര്‍ക്കറ്റുകളില്‍ വിടരുന്നു.അവിടെ നാടന്‍ പച്ചക്കറികളും പലചരക്കും മലയാള പ്രസിദ്ധീകരണങ്ങളും വാര്‍ത്തയും സിനിമയും അതിവേഗത്തിലെത്തിച്ചേരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടോ വയനാട്ടിലോ എത്തുന്ന നേരംകൊണ്ട് ഗള്‍ഫു രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്താം.ഭാഷയും വേഷവു അന്യമായി തോന്നുന്നില്ല.ഡെല്‍ഹിയിലോ മദ്ധ്യപ്രദേശിലോ ചെന്നെത്താന്‍ എടുക്കുന്നതിലും കുറവു സമയമാണു മദ്ധ്യപൌരസ്ത്യദേശത്തെത്താന്‍ മലയാളിക്കു വേണ്ടത്. പുഴയും കാറ്റും ഞാറ്റുവേലയും ബന്ദും ഹര്‍ത്താലും അഞ്ചുമണിക്കൂര്‍ അകലത്തിലുണ്ട്.പലപ്പോഴും തൊഴിലുടമ അതിനു സൌകര്യം ചെയ്യുകയും ചെയ്യും. സ്വന്തംനാട്ടില്‍ ജോലിചെയ്യാന്‍ വന്ന ദേശാന്തരിയോടുള്ള ബഹുമാനവും പാരിതോഷികവുമുണ്ടതില്‍. നാല്‍പ്പതു ദിവസത്തെ വാര്‍ഷികാവധി, എയര്‍ ഫെയര്‍ തുടങ്ങിയ വിശേഷാനുകൂല്യങ്ങള്‍ കേരളത്തില്‍ നിന്നും യൂറോപ്പിലോ അമേരിക്കയിലോപോയി ജോലിചെയ്യുന്നവനു കിട്ടാത്ത ബഹുമാനമാണ്.

കേരളത്തിലെ ഡോക്ടരും എഞ്ചിനീയറും നേഴ്സും ഫാര്‍മസിസ്റും ഗള്‍ഫിലെത്തുമ്പോഴും ഡോക്ടറും ഇഞ്ചിനീയറും നേഴ്സും ഫാര്‍മസിസ്റുമാണ്. എന്നാല്‍ കാനഡയിലെത്തുമ്പോള്‍ ഇവരുടെ തൊഴില്‍ വൈദഗ്ധ്യവും ബിരുദങ്ങളും പല അളവുതൂക്കങ്ങളില്‍ കൊരുത്ത് ഉപയോഗ ശൂന്യവും നിര്‍ത്ഥകവുമായി മാറ്റിയെഴുതപ്പെടുന്നു. ഇവരൊക്കെ സ്വന്തം പ്രൊഫഷനില്‍ ജോലി ചെയ്യണമെങ്കില്‍ വര്‍ഷങ്ങള്‍ നീളുന്ന പഠനവും പരീക്ഷകളും നിരന്തരാഭ്യാസവും ആവര്‍ത്തിക്കേണ്ടിവരുന്നു. ഡോളറു പറിക്കണമെങ്കില്‍ ഡോളറുവിത്തിട്ട് വെള്ളംവലിച്ചും വളമിട്ടും മരംപിടുപ്പിച്ചെടുക്കാന്‍കാലംകഴിയണമെന്ന സത്യത്തിനുമുന്നില്‍ മരവിച്ചുപോകുന്ന പാവം കുടിയേറ്റക്കാരന്‍. ഇവിടെ ഡ്രൈവറായി ജോലിചെയ്യുന്ന ഡോക്ടറും, ഫാക്ടറിപ്പണി ചെയ്യുന്ന അക്കൌണ്ടന്റും, ചായ അടിക്കുന്ന എഞ്ചിനീയറും അത്ഭുതമല്ല.

എണ്‍പതുകളില്‍ ഒരിക്കല്‍ ഇന്ത്യക്കു പോകുന്ന വഴിയില്‍ ദുബായില്‍ രണ്ടുദിവസത്തെ ഇടവേളകിട്ടി. എങ്ങോട്ടോ ഉള്ള യാത്രയില്‍ വഴിയരികില്‍ ‘മണ്ണെണ്ണ ഇവിടെകിട്ടും’ എന്നെഴുതിയ ബോര്‍ഡു കണ്ട് അന്തം വിട്ടു പോയി. അന്ന് കാനഡയിലെ കടകളില്‍ അരി എന്നാന്‍ ചെറിയ പ്ലാസ്റിക് ബാഗില്‍ കിട്ടുന്ന ചൈനക്കാരുടെ പാറ്റ്ന റൈസ് എന്ന വെളുത്ത അരി ആയിരുന്നു. പാര്‍ ബോയില്‍ഡ് റൈസ് എന്ന കുത്തരിയുടെ ഛായക്കാരനെ കാണണമെങ്കില്‍ നഗരത്തിന്റെ ദരിദ്രകോണില്‍ മറഞ്ഞിരിക്കുന്ന ഇടുങ്ങിയ മുഷിഞ്ഞ ഇന്ത്യന്‍ കടയില്‍ തന്നെ പോകേണ്ടി വരും.

കാനഡ ഒരു ദ്വീപാണ്. മഞ്ഞുമൂടിയ കേരളം വളരാത്ത ദ്വീപ്. ഏകാന്തതയാല്‍നിരന്തരമായിവേട്ടയാടപ്പെടുന്നവനാണു കാനഡയിലെ മലയാളി. കനേഡിയന്‍ മലയാളിക്കുനാടു പൂര്‍ണമായും നഷ്ടമാകുന്നു. അയാളുടെ മലയാളിത്തം നഷ്ടമാകുന്നു. അടുത്ത തലമുറയെ നഷ്ടമാകുന്നു.അച്ഛനുമമ്മയും ചെറുപ്പത്തില്‍ ചെയ്തിരുന്നത്, നടന്ന വഴികള്‍ പഠിച്ച സ്ക്കൂള്‍ ഒക്കെയും കുട്ടികള്‍ക്കു കഥകള്‍, ചിലപ്പോള്‍ കെട്ടുകഥകള്‍ മാത്രമായി മാറുന്നു.അവര്‍ക്ക് അന്നവും വസ്ര്തവും ഉണ്ട്. പണവും കിടപ്പാടവും ഉണ്ട്. പക്ഷെ പാശ്ചാത്യര്‍ക്കിടയില്‍ അവരെന്നും മൂന്നാംകിട പൌരന്മാരായ അവഗണിത വര്‍ഗമായി സ്വയംകാണുകയും കേരളം കാനല്‍ജലം പോലെ അകന്നകന്നു പോവുകയും ചെയ്യുന്നു.കേരളം നഷ്ടമാവാത്ത, മക്കളെ നഷ്ടപ്പെടാത്ത ഗള്‍ഫുകാരനെ നോക്കി ഡോളറുകാരന്‍ എന്നും അസൂയപ്പെടുന്നു.

കേരളത്തിലെ ജീവിതത്തിന്റെ ഒരു വിപുലീകരണമോ നീട്ടിക്കൊണ്ടുപോവലോ ആയിക്കരുതാം ഗള്‍ഫ് ജീവിതത്തെ. ഇന്ത്യന്‍ സ്കൂളുകള്‍, ഇന്ത്യന്‍ സുഹൃദ് വലയങ്ങള്‍, ഇന്ത്യന്‍ ഭക്ഷണം, കേരളത്തില്‍നിന്നുമുള്ള ആയമാര്‍.കേരളത്തെക്കാള്‍ മെച്ചപ്പെട്ടൊരു മലയാളി ജീവിതം അവിടെ കരുപ്പിടിപ്പിക്കാന്‍ പലര്‍ക്കും സാദ്ധ്യമാവുന്നുണ്ട്. പല യൂറോപ്പു രാജ്യങ്ങളിലുള്ളവര്‍ക്കും ആ രാജ്യത്തിന്റെ ഭാഷ പഠിക്കേണ്ടി വരുന്നുണ്ട്.ജര്‍മ്മനി സ്വിറ്റ്സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളുടെ കുട്ടികള്‍ അവിടുത്തെ ഭാഷയിലാണു സ്ക്കൂള്‍ പഠനം നടത്തുന്നത്.

കാനഡയിലാവുമ്പോള്‍വെള്ളക്കാരന്റെ സ്ക്കൂള്‍, വെള്ളക്കാരന്റെ നിയമങ്ങള്‍ നിറയെ വെളുത്ത കുട്ടികള്‍, വെളുത്ത അദ്ധ്യാപകര്‍.നിറഞ്ഞു പരക്കുന്ന വെളു വെളുപ്പില്‍ തെറിച്ചു വീണ ചെളിപോലെ നിറമുള്ള കിടാങ്ങള്‍ അച്ഛന്റേയും അമ്മയുടേയും ലോകത്തില്‍ നിന്നും ഞാന്‍ രാജാവെന്ന ധാരണയില്‍ പഠിക്കാനെത്തുന്നു. വളരെപ്പെട്ടെന്ന് ഭയാനകമായ ഒറ്റപ്പെടല്‍ അവര്‍ തിരിച്ചറിയുന്നു. എത്രയൊക്കെ മൂടിവെക്കാന്‍ ശ്രമിച്ചാലും ക്രൂരമായ പരിഹാസവും പീഡനവും പാത്തും പതുങ്ങിയും ക്ലാസ്മുറിക്കുള്ളിലും കളിക്കളത്തിലുംചുറ്റിക്കറങ്ങുന്നുണ്ട്. അതുകൊണ്ടു തന്നെയാവും ഇന്ത്യന്‍ കുട്ടികളില്‍ നല്ലൊരു പങ്ക് അന്തര്‍മുഖരായി മാറുന്നതും. പഠിത്തത്തില്‍ ഭൂരിപക്ഷം ഇന്ത്യന്‍ കുട്ടികളും കാണിക്കുന്ന മികവ് നേതൃസ്ഥാനത്തെത്താന്‍ കാണിക്കാറില്ലഎന്നതു ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഉന്നതവിദ്യാഭ്യാസവും തൊഴിലും നേടുന്നുണ്ടെങ്കിലുംവളരെ ചെറിയൊരു കൂട്ടം മാത്രമേ വിഘ്നങ്ങളെ അതിലംഘിച്ച് മാര്‍ഗദര്‍ശികളായി പരിണമിക്കുന്നുള്ളൂ. പരാജയത്തേയും വിമര്‍ശനത്തേയും ഇവര്‍ അത്യധികമായി ഭയപ്പെടുന്നു. അവസരങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന നാട്ടിലും ഡോക്ടര്‍^എഞ്ചിനീയര്‍ ചട്ടക്കൂട്ടിലേക്കു രണ്ടാം തലമുറയും വാര്‍ക്കപ്പെടുന്നതാവാംഇതിന്റെ മറ്റൊരു കാരണം.1999ള്‍ല്‍ ഇറങ്ങിയ AmericanBorn Confused Desi (ABCD) എന്ന സിനിമ ഇത്തരം ഒതുങ്ങിക്കൂടലിലേക്ക് ചെറിയൊരു എത്തിനോട്ടം നടത്തുന്നുണ്ട്.

ഒച്ചു ജീവിതം

നാടോടുമ്പോള്‍ നടുവേ ഓടണമെന്നും ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടും തിന്നണം എന്നും പതിരില്ലാത്ത ചിലതു നമ്മളെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്.എന്നിട്ടും നാഴികക്കു നാല്‍പ്പതുവട്ടം സായിപ്പു തോണ്ടി മലിനമാക്കുന്ന നമ്മുടെ സംസ്ക്കാരത്തെപ്പറ്റി വിലപിച്ചും പ്രവാസികളുടെ പെരുമാറ്റ വ്യതിയാനത്തെപ്പറ്റി പരാതിപ്പെട്ടും അതിലൊക്കെ പതിരുകള്‍ വീഴ്ത്തുന്നു.

കൌമാര ഹോര്‍മോണുകളുടെ കുത്തൊഴുക്കില്‍ പരസ്പരാകര്‍ഷണം പാരമ്യത്തിലെത്തുമ്പോള്‍ ഒരു ഇണയുണ്ടാവുക എന്നതു തികച്ചും സ്വാഭാവികമായി കരുതുന്ന ഒരു സമൂഹമാണു ഉത്തരയമേരിക്കയിലേത്. പതിനാറെത്തിയിട്ടുംഒരു കൂട്ടുകാരനോ കൂട്ടുകാരിയൊ ഇല്ലാത്തത് അസ്വഭാവികമായി കരുതപ്പെടുന്ന സമൂഹത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെയാണു സുതാര്യവും ഭംഗുരവും ജീവിതാന്തംവരെ വിചാരണ ചെയ്യപ്പെടാവുന്നതുമായ ഭാരതീയ സദാചാര ഉപചാരക്രമങ്ങള്‍ പഠിപ്പിക്കേണ്ടത്. ഏതാണു ശരി ഏതാണു തെറ്റ് എവിടെയാണു വര വരേക്കേണ്ടത് എന്നു കുഴങ്ങുന്ന കുടിയേറ്റക്കാരനും, എല്ലായിടത്തും ഉയര്‍ന്നുനില്‍ക്കുന്ന വ്യത്യസ്തത അപമാനമായി വളരുന്നതില്‍ പ്രതിക്ഷേധിക്കുന്ന പുതുത ലമുറയും ആ നാടിനും ഈ നാടിനും ഇടയിലെ വിള്ളലില്‍ സദാ ഞെരിഞ്ഞുകൊണ്ടിരിക്കുന്നു.

അമേരിക്കയിലെ പ്രവാസിക്ക് പറഞ്ഞിരിക്കുന്നത് ഒച്ചുജീവിതമാണു. നനവാര്‍ന്ന പതുപതുത്ത ശരീരമുള്ള ഒച്ച് കട്ടിയുള്ള പുറന്തൊണ്ടുവീട് ചുമന്നുകൊണ്ടു നടക്കുന്നു. ഇഴയുമ്പോള്‍ ഋജുവാകുന്ന ഒച്ചിന്റെ ശരീരത്തിനു മുകളില്‍ കനപ്പെട്ടൊരു വസ്തു വക്രീകൃതമായി സദാഎഴുന്നിരിക്കുന്നു.അനിഷ്ടകരമായ സാഹചര്യത്തില്‍ ഒച്ച് അതിനുള്ളിലേക്ക് സ്വന്തം സ്വത്വത്തെ ഒളിപ്പിക്കുന്നു.കവചത്തിനുള്ളില്‍ ചുളുങ്ങിക്കൂടിയും അതില്ലാതെ നിലനില്‍പ്പില്ലെന്നു ഭയപ്പെട്ടും ഒരു തലമുറ.

ഒച്ചിനുമുണ്ട് മറ്റു ജീവികളോടു മതിപ്പു പറയാന്‍ പറ്റുന്ന പാരമ്പര്യം. അത് അറുപതു കോടി (അറുന്നൂറു മില്യന്‍) വര്‍ഷങ്ങളായി ഭൂമിയിലുള്ള ജീവിയാണു.പെരുപ്പിച്ചു പറയാന്‍ ഒച്ചിനുമുണ്ട് പഴയ സംസ്ക്കാര സ്മരണകള്‍. പലതരത്തിലുള്ള സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാനും തരണംചെയ്യാനുമുള്ള അഭൂതപൂര്‍വ്വമായൊരു കഴിവ് ഇതിനുമുണ്ട്. അതിജീവനത്തിനുവേണ്ടി ചുറ്റുപാടുകള്‍ക്കനുസരിച്ച് പരിണമിക്കാനുള്ള ഒച്ചിന്റെ കഴിവ് ശാസ്ര്തജ്ഞരെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒരു മൂന്നാംകിട രാജ്യത്തിന്റെ സന്താനം എന്ന അവമതി തലക്കു മീതെ തൂങ്ങുമ്പോള്‍ അവിദിതമായ സംസ്ക്കാരാചാരങ്ങളുമായി സമരസപ്പെട്ടു പോകുവാന്‍ അസാമാന്യമായ ഇച്ഛാശക്തിവേണം. ജന്മനാടിന്റെ സംസ്ക്കാരത്തെഎത്രയൊക്കെ ഗ്ലോറിഫൈ ചെയ്താലും പാശ്ചാത്യര്‍ക്ക് നിറമുള്ളവന്‍ അവക്ഷേപിതനാണു.ഇന്ത്യക്കാരുടെ കൂര്‍മ്മബുദ്ധിയേയും അദ്ധ്വാന ശീലത്തേയും അസൂയയോടെ അംഗീകരിക്കുന്നുണ്ടെങ്കിലും രണ്ടാം കിടപൌരനെന്ന സുതാര്യമായൊരു ലേബല്‍ ഇവിടെ ഇന്ത്യക്കാര്‍ക്കുണ്ട്.കാനഡയിലെ ആല്‍ബര്‍ട്ട സംസ്ഥാനത്തിലെ കാല്‍ഗറിയില്‍ നിന്നും അസീസ് എഴുതുന്നത്^’അപമാനകരമാണ് ഒരു മൂന്നാംലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധവിശ്വാസങ്ങളുടേയും അഴുക്കിന്റേയും മാലിന്യത്തിന്റേയും 30 കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്.വയറ്റാട്ടി മരുന്നുകാര്‍, പാമ്പെണ്ണക്കാര്‍. ബോബെയിലൂടെ യാത്രചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. ‘Oh, you from India, is it really like this?’ സ്ലംഡോഗ് മില്യനെയര്‍ കണ്ടതിനുശേഷം അവര്‍ ചോദിക്കുന്നു.’

കാനഡയുടെ അഭിമാനമാണു അലാനസ് മോറിസെറ്റ് എന്ന സംഗീത പ്രതിഭ.16 ജൂണൊ അവാര്‍ഡുകള്‍, ഏഴു ഗ്രാമി അവാര്‍ഡുകള്‍ എന്നിവക്കു പുറമേ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനു അലാനയുടെ പേരു രണ്ടു തവണ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഓസ്ക്കര്‍ അക്കാഡമി അവാര്‍ഡിന്റെ ഷോര്‍ട്ട് ലിസ്റിലും ഇവരുടെ പേരുണ്ട്.പ്രശസ്തിയിലേക്കുള്ള കുതിപ്പിനിടയില്‍ മനശãാന്തിക്കു വേണ്ടി ഇവര്‍ നാലു സ്ര്തീകളോടൊപ്പം ഇന്ത്യയിലേക്കൊരു യാത്ര നടത്തി. അവിടെ വന്നപ്പോഴാണു അലാനസിനു ‘താങ്ക്യൂ ‘ എന്ന പ്രശസ്തമായ പാട്ടെഴുതാനുള്ള പ്രചോദനം കിട്ടുന്നത്.

Thank you India
Thank you terror
Thank you disillusionment
Thank you frailty
Thank you consequence
Thank you thank you silence

ഇന്ത്യയിലെ ദയനീയ ജീവിതം അവരുടെ കണ്ണു തുറപ്പിച്ചു .ഇന്ത്യയിലെ പാവപ്പെട്ടവരെ എടുത്തു കാണിക്കുന്ന അമേരിക്കന്‍ മീഡിയയുടെ മനശാസ്ത്രം പോലെതന്നെ തോന്നിപ്പിച്ചു ഈ പാട്ടും. ശരാശരി വാര്‍ഷിക വരുമാനം 250 ഡോളര്‍ എന്ന കണക്കു കാണിക്കുകയും അഴുക്കു ചാലുകളും പട്ടിണി പ്രദേശങ്ങളും നിരത്തുകയും ചെയ്ത് ഇവിടുത്തെ മാധ്യമങ്ങള്‍ അമേരിക്കക്കാരന് സ്വന്തം നാടിനെപ്പറ്റിയും ജീവിത സൌകര്യങ്ങളെപ്പറ്റിയും അഭിമാനവും സംതൃപ്തിയും നല്‍കുന്നു.

കാനഡയില്‍ പാറകള്‍ക്ക്, മരങ്ങള്‍ക്ക് ആകാശത്തിന് ഒക്കെ കേരളത്തിലെ അതേ സൌന്ദര്യമാണ്. അതേ സൌഹൃദഭാവം.നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വസന്തത്തെയൊളിപ്പിച്ചുവെച്ച് മരങ്ങള്‍ ചോദിക്കുന്നു എന്തിനാണിത്ര സങ്കടപ്പെടുന്നത്, എന്തിനാണിത്രയും നിരാശ? നോക്കൂ ഒരിലപോലുമില്ലാതെയല്ലെ ആറുമാസം ഞങ്ങളുടെ ജീവിതം. പിന്നെയല്ലെ കാടായി പടരുന്നത്.ഒരു കാടിനു പടരാന്‍ രണ്ടുമാസം മതി.ഉള്ളില്‍ ഉണര്‍വുണ്ടായിരുന്നാല്‍ മതി.തണുത്തുറയാതെ ഇരിക്കണമെങ്കില്‍ ഉള്ളില്‍ തീയ് വേണം.കെടാതെ ഉള്ളു പൊള്ളിച്ചു കൊണ്ടെരിയുന്ന തീയുണ്ടായാലേ ഇവിടെമരണപ്പെടാതിരിക്കൂ.

വസന്തം വിരിയിച്ച സ്വപ്നങ്ങളെ ചുരുങ്ങിയ കാലം കൊണ്ട് വേനല്‍ പൂര്‍ണതയുടെ പച്ചപ്പില്‍ പ്രൌഢമാക്കുന്നു. ഒക്ടോബര്‍ പിറക്കുന്നതോടെമുറ്റത്തെ മേപ്പിളിന്റെ നിറുകയില്‍ സിന്ദൂരക്കുറി തെളിയും. മരണത്തിലേക്കുള്ള കാല്‍ വെയ്പ്പ്. പച്ചപ്പൊക്കെ ഇല്ലാതാവാന്‍ പോകുന്നതിന്റെ അടയാളം. നിറുകയിലെ സിന്ദൂരം താഴേക്കു പടരുമ്പോള്‍ കടുംവര്‍ണത്തിന്റെ ഒരുന്മാദമുണ്ട് മരത്തിന്.തുടുക്കുന്ന ഇലയോടു കാറ്റു പറയുന്നു, ഇതാണു നിന്റെ തനിനിറം.പത്രഹരിതം കിട്ടാതെ പിടയുന്ന ഇല ഒടുവില്‍ ചോദിക്കും

രക്തത്തിനു ചുവപ്പു നല്‍കുന്നത് ഓക്സിജനല്ലെ?

ഇലയെല്ലാം നഷ്ടമായി പേക്കോലമാകുന്ന മരത്തിനെ ശീതക്കാറ്റു പുഛിച്ചുലക്കും.
ഈ അറിവോടെതന്നെ അടുത്ത തലമുറയെ മരം താലോലിക്കുന്നു, ശീലിച്ചെടുക്കേണ്ട ജീവിത പാഠങ്ങള്‍.

 (തുടരും)


കാനഡാ-മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍ (നിര്‍മല തോമസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക