Image

വാളെടുക്കുന്നെവരെല്ലാം, വെളിച്ചപ്പാടുകളോ? (ലേഖനം. ജോണ്‍ ഇളമത)

Published on 02 December, 2012
വാളെടുക്കുന്നെവരെല്ലാം, വെളിച്ചപ്പാടുകളോ?  (ലേഖനം. ജോണ്‍ ഇളമത)
കണ്ണും, കാതും പൂട്ടി പോലും, ജീവിക്കാന്‍ അനുവദിക്കാത്ത ഒരു മാനസികാവസ്ഥ പ്രവാസി മലയാളികള്‍ക്കിടയില്‍ സംജാതമായികൊണ്ടിരിക്കുന്നു. ആരും,ആരേക്കാള്‍ വലുതല്ല, ചറുതല്ല. അറിവില്ല എന്നതാണ്‌ എന്റെ അറിവ്‌ എന്ന്‌ സോക്രട്ടീസലോകത്തെ വെളിപ്പെടുത്തിയിട്ടും,ആ മഹത്‌ തത്വശാസ്‌ത്രത്തെ തട്ടിമറിച്ച്‌ ,പ്രവാസി മലയാളികള്‍, അറിവിനെ തിരസ്‌കരിച്ച്‌, ഇരുട്ടില്‍,തപ്പി തടയുന്നു, ഒപ്പം പ്രകീര്‍ത്തിക്കുന്നു, തങ്ങള്‍ മഹാജഞ്‌ാനികളെന്ന്‌!

പറഞ്ഞുവരുന്നത്‌,പ്രവാസി മലയാളി സാഹിത്യത്തെപ്പറ്റിതന്നെ മൂക്കില്ലാ രാജ്യത്ത്‌, മുറിമൂക്കന്‍ രാജാവ്‌ എന്ന പ്രമാണമായി മാത്രമേ ഇതിനെ നോക്കികാണാനാകൂ പേരും നാളും വ്യക്‌തമാക്കാതെ പലരെയും,അപഹസിച്ച്‌ ചാരിതാര്‍ത്ഥ്യം അടയുന്നവരും, സംഗതി (ക്രാഫ്‌റ്റ്‌) ഇല്ലാതെ,കഥയും, കവിതയും, നോവലുമൊക്കെ എഴുതി,നമ്മുടെ സമൂഹത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്നവരും, ഇവിടെ സുലഭം തന്നെ. സാഹിത്യവും, സെക്‌സുമാണ്‌, ഒരു ചര്‍ചാവിഷയം സാഹിത്യം എന്താണ്‌?ജീവിതത്തിന്റെ ദര്‍ശനം,അല്ലെങ്കില്‍ നേര്‍കിഴ്‌ച മനസില്‍,നുരഞ്ഞു പതഞ്ഞ്‌, ലഹരിയായി,സന്തോഷമായി, സന്താപമായി, കാമമായി, ക്രോധമായി, രതിയുടെ ചാഞ്ചാട്ടമായി ,വേദനയുടെ അഗ്‌നി നാളങ്ങളായി ഉരുത്തിരിയുന്ന സര്‍വ്വ ഭാവനയുടെ അനര്‍ഗള പ്രവാഹമല്ലേ സാഹിത്യം അല്ലെങ്കില്‍, സരസ്വതിയുടെഎഴുന്നള്ളത്ത്‌. ദേവി എഴുന്നള്ളണമെങ്കില്‍ സര്‍ഗ്ഗശക്‌തി ഉണരണം, സര്‍ഗ്ഗശക്‌തി ഉണരണമെങ്കില്‍ വായന കൂടിയെ തീരൂ.

ബഷീറിന്‍െറ `ഭഗവത്‌ഗീതയും,കുറേമുലകളും' വായിച്ചിട്ടുണ്ടോകാളിദാസകവിത വായിച്ചട്ടുണ്ടോ ബഷീറിന്‍െറ കഥയില്‍,വ്യത്യസ്‌ത്തമായ കുറേ മുലകളുടെ വര്‍ണ്ണനയും, കാളിദാസ കവിതയില്‍, അര്‍ദ്ധനഗ്‌നയായി, ഒറ്റകാലില്‍ നിന്ന്‌ തപസു ചെയുന്ന ശ്രീ പാര്‍വതിയുടെ, നെറുകില്‍ നിന്ന്‌,ഒലിചിറങ്ങിയ, ഒറ്റപ്പെട്ട മഴതുള്ളി, മൂക്കിന്‍തുമ്പില്‍ മുത്തമിട്ടു നിന്ന്‌, ഇടത്തെ മുല ഞെട്ടില്‍ തട്ടി തെറിച്ച്‌, നാഭിചുഴിയില്‍ അലിയുന്ന കവിതയൊക്കെ സദാചാരബോധത്തിന്‌, അപവാദമാണോ?

സെക്‌സിനെ, കണ്ണടച്ച്‌ ഇരുട്ടാക്കി, ചുംബിക്കുന്നവര്‍ തന്നെ നമ്മുടെ സദാചാരബോധത്തിന്‍െറ കാവല്‍ക്കാര്‍, നമ്മുടെ ജന്മനാടിന്‍െറ അവസ്ഥ ഇന്ന്‌ എവിടെ എത്തി നില്‍ക്കുന്നു അവിടെ സദാചാരബോധത്തിന്‍െറ ഇരുമ്പുമറക്കുള്ളില്‍ ,പൈശാചികത്വത്തിന്‍െറ ചുരുള്‍ പത്തിവിടര്‍ത്തുന്ന വാര്‍ത്തകളാണ്‌, പത്രമാദ്ധ്യമങ്ങള്‍, നിറയെ.`സ്വന്തം പിതാവ്‌ പതിനാലുകാരിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കി,സ്വന്തം മാതാവിന്‍െറ ഒത്താശയോടെ' എങ്ങനെ സംഗതിയുടെ കിടപ്പ്‌!

അതുകൊണ്ട്‌,സദാചാര ബോധവും സാഹിത്യവും, രണ്ടും രണ്ടുതന്നെ. സാഹിത്യം, ജീവിതത്തെ ഉദ്ദ്വീപിപ്പിക്കുന്നു, ചേതന ഉള്ളതാക്കി തീര്‍ക്കുന്നു സദാചാരം ,മനുഷ്യനെ സംസ്‌ക്കാര സമ്പന്നനാക്കുന്നു ജീവിതത്തില്‍ നിന്ന്‌ ജീവിതത്തെ കണ്ടെത്തലാണ്‌, ഉത്തമസാഹിത്യം പവിത്രമായ ആ പ്രക്രിയയ്‌ക്കു കളങ്കം ചാര്‍ത്തി, മറുനാടന്‍ മലയാളികള്‍ കാട്ടികൂട്ടുന്ന പ്രകോപനപരമായ സാഹിത്യ വീമ്പുകള്‍ക്കും, സ്വയപ്രശംസക്കും, വിരാമമിടേണ്ട സമയം അതികമിച്ചിരിക്കുന്നു.

കൊച്ചിയില്‍, നടന്ന വിശ്വമലയാള മഹാമ്മേളനത്തിന്‍െറ, ആക്ഷേപങ്ങളും, അപഹാസങ്ങളും കേട്ടിട്ട്‌, എന്തിന്‌ പ്രവാസി മലയാളി സാഹിത്യവര്യര്‍ ഞെട്ടുന്നു. അവിടെ മുഖ്യധാരാ സാഹിത്യ പ്രതിഭകളും, സാക്ഷാല്‍ രാഷ്‌ട്രീയ പ്രമുഖരും, നടത്തുന്ന ഏകാങ്കനാടകമല്ലേ അത്‌.

അമേരിക്കയിലാണെന്നു കരുതി, അവരൊക്കെ വഴിമാറി തരുമോ? അല്ലെങ്കില്‍ പിന്നെ അവകാശത്തോടെ ജല്‌പനങ്ങള്‍ ഉയര്‍ത്തണമെങ്കില്‍,കുറഞ്ഞപക്ഷം ഒരു മുഖ്യധാരാ സാഹിത്യതാരമെങ്കിലുമായിരിക്കേണ്ടതുണ്ട്‌.

ആഗോളമലയാളസാഹത്യ അവാര്‍ഡുവിതരണമാണ്‌ മറ്റൊരു തമാശ ആര്‌, ആര്‍ക്ക്‌ അവാര്‍ഡുകള്‍, സമ്മാനിക്കുന്നു. അക്ഷരകുക്ഷികള്‍, നിരക്ഷരകുക്ഷികള്‍ക്കോ? ഇവിടെ,അമേരിക്കന്‍ പ്രവാസി സാഹിത്യകാരന്മാര്‍ക്കു സംഘടനയുണ്ട്‌. അവരെ തകിടം മറിക്കുന്ന മറ്റൊരു സംഘടനയോ എലി, പൂച്ചയെ തിന്നു എന്നു കേട്ടിട്ടേ ഉള്ളൂ. ഫലത്തില്‍,അതിലുംപ്രമാദം അവിടെ ഈയിടെ ഒരു പ്രശസ്‌ത സാഹിത്യകാരന്‍ കൂടി ചേര്‍ന്നു എന്നു മറ്റൊരു വാര്‍ത്ത അങ്ങനെയെങ്കില്‍ ഇവിടുത്തെ വരത്തന്‍ മലയാളികളുടെ സംഘടന പൊളിഞ്ഞതു തന്നെ.

ക്ഷത്രിയന്‍ വാളെടുക്കട്ടെ. വെളിച്ചപ്പാട്‌, ഉറഞ്ഞു തുള്ളട്ടെ. ഈ രണ്ടു പ്രക്രിയകളും രണ്ടാണ്‌. അണ്ണാന്‍, ആനയോളം വാപൊളിക്കാതിരിക്കട്ടെ എറുമ്പുകളുടെ ശബ്‌ദം എറുമ്പുകള്‍, മാത്രംകേള്‍ക്കുന്നു. സര്‍ഗ്ഗശക്‌തിയുള്ളവര്‍ എഴുതട്ടെ അല്ലാത്തവര്‍ അവരവര്‍ക്കുചേരുന്നതട്ടകം തിരഞ്ഞെടുക്കുന്നതു തന്നെ അഭികാമ്യം പൊന്‍തൂവലില്‍ എല്ലാം തുന്നിചേര്‍ത്ത്‌ സര്‍വകലാവല്ലഭനും, ബുദ്ധിമാനും, അതിലേറെ ധനാഠ്യനും, പ്രമാണിയുമൊക്കെ ആകാന്‍ നമുക്കൊക്കെ മോഹം. എന്നാല്‍, പ്രകൃതി ഒരോത്തര്‍ക്കും, ഒരോരോ ധര്‍മങ്ങള്‍, കല്‍പ്പിച്ചു തന്നിട്ടുണ്ട്‌ ആ വഴിക്ക്‌ നടന്നാല്‍ ദിക്കുകള്‍ തെറ്റുകയില്ല. സ്ഥലകാലഭ്രശം ഉണ്ടാകില്ല. മറിച്ച്‌, ദിശാബോധം ഉണ്ടാവുക തന്നെ ചെയ്യും.
വാളെടുക്കുന്നെവരെല്ലാം, വെളിച്ചപ്പാടുകളോ?  (ലേഖനം. ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക