Image

ശാന്തിമന്ത്രം(കവിത)-ഫിലിപ്പോസ് തത്തംപള്ളി

ഫിലിപ്പോസ് തത്തംപള്ളി Published on 04 December, 2012
ശാന്തിമന്ത്രം(കവിത)-ഫിലിപ്പോസ് തത്തംപള്ളി
ഘോരാന്ധകാരം കുമിഞ്ഞുകൂടും
കോണ്‍ക്രീറ്റുകാടായി മാറുന്നു ഭൂമി.
കോലങ്ങള്‍ കാണിച്ചു കൂത്താടി നില്‍ക്കും
താളപ്പിഴകളാണിന്നുഭൂമി.

ഇവിടെ മര്‍ത്ത്യന്റെ കരള്‍ മുറിയുന്നു,
ക്വാസനാളങ്ങളിലഗ്നി പടരുന്നു,
ആമാശയങ്ങള്‍ പൊള്ളിത്തുടുക്കുന്നു,
സിരകളില്‍ വ്യാഘ്രങ്ങള്‍ ദംഷ്ട്രകള്‍ നീട്ടുന്നു,
എന്തിനീ ജീവിതമെന്തെന്നറിയാതെ,
എന്തിനീ മോഹങ്ങളെന്നറിയാതെ,
വഴിയമ്പങ്ങളില്‍, നാല്‍ക്കവലകളില്‍,
വഴിമുട്ടി നില്‍ക്കുന്നു പാന്ഥര്‍.
വഴിയായവഴികളും പിന്നിട്ടു ചെന്നിട്ടു
വഴിമറന്നവശരായ് നില്‍പ്പൂ-ഇവരിവിടെ-
വഴിമറന്നവശരായ് നില്‍പ്പൂ.

ശാസ്ത്രപഥങ്ങളില്‍ സഞ്ചരിച്ചു,
നീലവിഹായസ്സിലൂയലാടി,
ആഴിതന്നാഴത്തില്‍ മുങ്ങിത്തെരഞ്ഞ്-
മുത്തുകളൊക്കെയും നെഞ്ചിലേറ്റി-
കിതയ്ക്കുന്നു സെക്കന്‍ഡ് സൂചിപോലെ;
യന്ത്രയുഗത്തിന്റെ നിര്‍മ്മിതാക്കള്‍.
വഴിയായവഴികളും പിന്നിട്ടു ചെന്നിട്ടു-
വഴിമറന്നവശരായ് നില്‍പ്പൂ-ഇവരിവിടെ-
വഴിമറന്നവശരായ് നില്‍പ്പൂ.

കാളെയെപ്പൂട്ടി നിലമുഴുന്നോര്‍,
കാവിലെപ്പാട്ടുകള്‍ പാടിനടന്നോര്‍,
കൂരയില്‍ കുമ്പിളില്‍ തേന്‍ നുകര്‍ന്നോര്‍,
ഇന്നില്ല ഇവിടില്ല പാരില്‍.
കമ്പ്യൂട്ടര്‍ ദൈവത്തിന്‍ കരവിരുതാല്‍-
റോബോട്ടുകളായവതരിപ്പൂ-
തന്തയും തള്ളയുമില്ലാതെയെത്രയോ-
ടെസ്റ്റ്യൂബ് ജന്തുക്കള്‍ ലാബുകളില്‍ .

ബുദ്ധനും ക്രിസ്തുവും ലിങ്കനും ഗാന്ധിയും-
അന്യരായിന്നിവിടെ മാറിടുമ്പോള്‍,
ബട്ടണമര്‍ത്തുമ്പോളായിരങ്ങള്‍-
മൃത്യുവിന്‍ കൂട്ടിലകപ്പെടുമ്പോള്‍,
ചൊവ്വയും ശുക്രനും കാല്‍ക്കീഴിലാക്കുവാന്‍-
പേപിടിച്ചോടുന്നവര്‍ക്കുനേരേ;
ഈറന്‍ മിഴികള്‍ തുടച്ചുകൊണ്ട്-
വീണ്ടുമരുളുന്നു ദൈവപുത്രന്‍ .

“അറിക നീ, നിന്നിലെ നിന്നെ-
അഖിലവും ഉദ്ധരികുന്നതിന്‍ മുമ്പേ..”
ശാന്തിമന്ത്രം(കവിത)-ഫിലിപ്പോസ് തത്തംപള്ളിശാന്തിമന്ത്രം(കവിത)-ഫിലിപ്പോസ് തത്തംപള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക