ഒളിച്ചു കടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത് - (കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍-2; നിര്‍മ്മല)

നിര്‍മ്മല Published on 10 December, 2012
ഒളിച്ചു കടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത് - (കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍-2; നിര്‍മ്മല)
മധ്യ തിരുവിതാംകൂറില്‍ നിന്നുമാണ് അമേരിക്കയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ മുഖ്യപങ്കും. അതില്‍ തന്നെ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷവും. കഴിഞ്ഞൊരു ദശകമായി ഇതിനു സാരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു.എഴുപതുകളില്‍ ഇവിടെയെത്തിയ നേഴ്സുമാരില്‍ കൂടിയപങ്കും കൌമാരം കഴിയുന്നതിനു മുന്‍പേ വീടുവിട്ടവരാണു. പഠനത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലും, അവിടെനിന്നും പിന്നെ ഏതൊക്കെയോ പരിചയക്കാരുടെ മേല്‍വിലാസത്തില്‍ അമേരിക്കയിലും എത്തിയ ഇവരെല്ലാം കേരളത്തില്‍ ജീവിച്ചതിന്റെ ഇരട്ടി വര്‍ഷങ്ങള്‍ അമേരിക്കയിലാണു ജീവിച്ചത്.

മൃഗശാലയിലേക്കും സര്‍ക്കസിലേക്കും പറഞ്ഞയച്ച മൃഗങ്ങള്‍ക്ക് കുറെക്കഴിയുമ്പോള്‍ കാട്ടില്‍ ഇരപിടിക്കാനറിയാതാവും. ഇലകളുടെ പച്ചപ്പും മണ്ണിന്റെ ഗന്ധവും പാറയുടെ ഉറപ്പും സ്വപ്നം കണ്ടുകണ്ട് അവയുടെ ജന്മവാസനകളും ജന്മസിദ്ധികളും നഷ്ടമായേക്കാം. അഴിക്കുള്ളിലേക്കു നീട്ടിത്തരുന്ന ഇറച്ചിക്കഷണം തിന്നാനും പാത്രത്തിലെ വെള്ളം മൊത്തിക്കുടിക്കാനും അറിയുന്ന തലമുറയെ ഒരു ദിവസം കാട്ടിലേക്കഴിച്ചുവിട്ടാല്‍ അതിജീവിക്കാനാവുമോ?-കനേഡിയന്‍ പ്രവാസജീവിതത്തിന്റെ ഋതുഭേദങ്ങളിലൂടെ ഒരു യാത്ര. പ്രശസ്ത എഴുത്തുകാരി നിര്‍മലയുടെ ദീര്‍ഘ ലേഖനത്തിന്റെ രണ്ടാം ഭാഗം. ചിത്രങ്ങള്‍ നിര്‍മല

വായന, എഴുത്ത്
മലയാളഭാഷ ജീവവായുപോലെ നിലനില്‍പ്പിന് ഒരത്യാവശ്യമാവുമ്പോള്‍ കാനഡയിലെ ജീവിതം കൂടുതല്‍ ദുഷ്കരമായി അനുഭവപ്പെടും. ദിവസത്തിലെ പത്തോ പന്ത്രണ്ടോ മണിക്കൂറുകള്‍ ഡോളര്‍ കൃഷിക്കായി നീക്കിവെക്കണം. ശേഷിച്ചത് വീട്ടാവശ്യങ്ങള്‍ക്കും നാട്ടാവശ്യങ്ങള്‍ക്കുമായി പങ്കിട്ടു കഴിയുമ്പോള്‍ സ്വകാര്യസമയവും ഏകാഗ്രതക്കല്‍പം വിജനതയുമൊക്കെ അത്യാഗ്രഹവും സ്വാര്‍ത്ഥതയുമെന്ന ഭീഷണരൂപങ്ങളായി പരിണമിക്കുന്നു. ഉറക്കവും വായനയും എഴുത്തും കലഹിക്കാന്‍ തുടങ്ങുമ്പോള്‍ മതിയാവുന്നതുവരെ ഒന്നുറങ്ങുക എന്നത് അതിമോഹമായി അകന്നു നില്‍ക്കും.

ഈ നാട്ടില്‍ ജോലി സമയം എന്നാല്‍ ജോലി ചെയ്യാന്‍ മാത്രമുള്ള സമയമാണ്. അവിടെ ആഴ്ചപ്പതിപ്പു വായനയും മറ്റിനങ്ങളും നടപ്പില്ല. കസ്റമറിന് ഏറ്റവും മികച്ച സേവനം നല്‍കുന്നതിനുള്ള പ്രതിഫലമാണു ശമ്പളം. നാളെ വാ, പിന്നെത്തരാം. ഇപ്പോ സമയമില്ല തുടങ്ങിയ മറുപടികള്‍ ഓഫീസിനുള്ളില്‍ കേള്‍ക്കാറില്ല. How can I be possibly helpful to you എന്ന ചോദ്യമാണ് ഇടപാടുകാരോട് ഒരോജോലിക്കാരും ചോദിക്കേണ്ടതും നിര്‍വ്വഹിക്കേണ്ടതും.

12 രൂപവിലയുള്ള ഒരുആഴ്ചപ്പതിപ്പ് കാനഡയിലെത്തിക്കാന്‍ 75 രൂപയുടെ സ്റാമ്പാണ് ഇന്ത്യന്‍ പോസ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ചാര്‍ജ്ജ്. ഓരോ പ്രസിദ്ധീകരണത്തിനുവേണ്ടിയും ഏകദേശം 625% തപാലിന് എല്ലാ ആഴ്ചയും ചിലവാക്കുന്നുണ്ട്. എന്നാലും ഇവയൊക്കെ കൃത്യമായി ആഴ്ചതോറും വരുമെന്നു തെറ്റിദ്ധരിക്കരുത്. രണ്ടാഴ്ചത്തേക്ക് തപാല്‍പ്പെട്ടിയില്‍ ഒന്നും തന്നെ ഉണ്ടാവാറില്ല. മൂന്നാമത്തെയാഴ്ച തപാല്‍ക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് അപ്രധാനമായ ‘പ്രിന്റഡ് മാറ്റര്‍’ കെട്ടായി വരും. വായന എവിടെ തുടങ്ങണം എന്നറിയാത്തൊരു പരിഭ്രമത്തിലേക്ക് പേജുകള്‍ മറിച്ചു നോക്കിയും പുറംചട്ട കണ്ട് മുന്‍വിധി നടത്തിയും കുറച്ചു കഴിയുമ്പോള്‍ തിരിച്ചറിയും, ഇടക്കുള്ള ലക്കങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.അവ ഒരിക്കലും വന്നെന്നിരിക്കില്ല. ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞ് എത്തിയേക്കാം.

എന്തായാലുംമുറിഞ്ഞുപോകുന്ന വായനയില്‍ നിന്നും വായനക്കൂമ്പാരത്തിലേക്ക് ആമഗ്നയാവുന്നത് ചിലപ്പോഴൊക്കെ ഭാരമായിമാറും.വായന ഭാരമാവുകയോ, അംഗീകരിക്കാന്‍ വിഷമമുള്ള ഒരു സത്യം. ചിലപ്പോള്‍ സ്വകാര്യസമയം അനുവദിച്ചുതരാതെ ജീവിതം തലകുത്തനെ മറിയുന്ന ആഴ്ചകളിലാവും പ്രസിദ്ധീകരണങ്ങളുടെ ഒന്നിച്ചുള്ള വരവ്. അതെല്ലാം വായിച്ചെത്തിക്കുന്നതിനുമുന്‍പേ അടുത്ത ലക്കങ്ങള്‍ കൃത്യതയോടെ വന്നെന്നുമിരിക്കാം.അതുകൊണ്ടൊക്കെത്തന്നെ ആനുകാലികങ്ങളില്‍ വന്ന കൃതികളെപ്പറ്റി ഇന്റര്‍നെറ്റില്‍ വരുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും കഥയറിയാതെ ആട്ടം കാണുന്നതുപോലെയാവുന്നു. സിനിമയുടെ കാര്യവും വ്യത്യസ്തമല്ല. ഇന്റര്‍നെറ്റില്‍ വരുന്ന കള്ളക്കോപ്പികള്‍, തിയേറ്റര്‍ കോപ്പികള്‍ എങ്ങനെയെങ്കിലും ഒന്നും കാണാന്‍പറ്റിയാല്‍ മതിയെന്ന മൂന്നാംകിട മോഹങ്ങളിലൊളിക്കുന്നു കാനഡയിലെ മലയാളി.

എഴുത്തുവഴികള്‍
എം. മുകുന്ദന്റെ ‘കേശവന്റെ വിലാപങ്ങള്‍’ വായിക്കുന്ന അമേരിക്കന്‍ പ്രവാസിക്ക് കേശവനോട് കടുത്ത അസൂയ തോന്നാം. നോവലില്‍ മുഴുവന്‍ അയാള്‍ അവധിയിലാണ്. ഇത്രയേറെ അവധിയെടുക്കാന്‍ കഴിയുന്ന ഒരു ജോലിയും, സുജാതയെപ്പോലെ പരാതിയില്ലാതെ വീട്ടുകാര്യം അന്വേഷിക്കുന്ന ഒരു ഭാര്യയുമുണ്ടെങ്കില്‍ ഏതു അമേരിക്കന്‍ മലയാളിക്കും ഒരെഴുത്തുകാരനാകാന്‍ കഴിയുമെന്ന് മുകുന്ദനോടൊരു തമാശപറയാന്‍ തോന്നിപ്പിക്കുന്നു. വര്‍ഷത്തില്‍ രണ്ടാഴ്ചത്തെ അവധിയെന്ന തുടക്കത്തില്‍ നട്ടംതിരിയുന്ന കനേഡിയന്‍ മലയാളിക്ക് ഇതൊക്കെ സ്വപ്നങ്ങള്‍ മാത്രമാണ്.

ഇന്ന് പ്രധാന മലയാള പത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ വായിക്കാന്‍ കിട്ടുന്നുണ്ട്. ഇന്റര്‍നെറ്റില്‍ മലയാളം അനായാസമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതിനു പിന്നില്‍ സിബു സി.ജെ എന്ന അമേരിക്കന്‍ മലയാളിയുടെ പങ്ക് പ്രധാനമാണു. തൃശൂര്‍ സ്വദേശിയായ സിബു 2002ല്‍ രൂപപ്പെടുത്തിയ യൂണികോഡിലധിഷ്ഠിതമായ വരമൊഴി എഡിറ്റര്‍ പലതരം ഫോണ്ടുകളിലായി ‘ഛിന്നഭിന്നമായി കിടന്ന ഇ^മലയാളത്തെഏകീകരിച്ചു. ഈ വഴിത്തിരിവ് ഇന്റര്‍നെറ്റിലെ എഴുത്തും, വായനയും, ഏതെങ്കിലും വാക്കോ വിഷയമോ തിരയുന്നതും സാധാരണക്കാരനു സാധ്യവും ലളിതവുമാക്കി. സൈബര്‍ലോകത്ത് മലയാളം കത്തിപ്പടരാനും ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഭാഷയെ ആഗിരണം ചെയ്യാനും അതുകൊണ്ടുതന്നെ മരണപ്പെട്ടുകൊണ്ടിരുന്ന ഈ പ്രാദേശികഭാഷയെ പുനരുജ്ജീവിപ്പിക്കാനും ഇതടക്കമുള്ള ശ്രമങ്ങള്‍ സഹായിച്ചു. 2006ല്‍ മലയാളം ബ്ലോഗുകളുടെ കുത്തനെയുള്ള വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇതിനെപ്പറ്റി മലയാളം വാരിക,മാതൃഭൂമി, മംഗളം ഏഷ്യാനെറ്റ്, ഹിന്ദു, മാധ്യമം എന്നിവ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പി.കെ. രാജശേഖരന്റെ ‘പ്രവാസരേഖകള്‍’ (ഭാഷാപോഷിണി മെയ് 2011) എം.മുകുന്ദന്റെ പ്രവാസം എന്ന നോവലിലൂടെയാണ് അമേരിക്കന്‍ മലയാളികളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. ‘മലയാളി ഡയസ്പെറയുടെ ഭാവനാത്മകമായ ചരിത്രമാണ് എം. മുകുന്ദന്റെ പ്രവാസം’ എന്നംഗീകരിക്കുന്ന ലേഖകന്‍ മറ്റു ലേഖനങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നീതി പുലര്‍ത്തുന്നുണ്ട് എന്നതു നിര്‍വിവാദമായ സത്യമാണ്. ‘ഈ പ്രവാസ കര്‍ത്തൃത്വത്തിന്റെ സവിശേഷതകളിലേക്ക് ദിങ് മാത്രദര്‍ശനമേ നോവലിസ്റ് നടത്തുന്നുള്ളൂവെങ്കിലും പ്രവാസാനുഭവത്തിന്റെ പുതിയ സാംസ്കാരിക രൂപവത്കരണങ്ങളിലേക്ക് അതു വെളിച്ചം പായിക്കുന്നുണ്ട്’ എന്ന് ലേഖകന്‍ സമര്‍ത്ഥിക്കുന്നു.

എഴുത്തുകാര്‍
അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘പരമ്പരാഗതമായ ഇതിവൃത്ത ഘടനകള്‍ പരദേശ ജീവിത പശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്നു എന്നതിനപ്പുറം എത്തുന്നില്ല പല രചനകളും’ എന്ന് പരാതിപ്പെടുന്ന പി.കെ.രാജശേരന്റെ ‘പ്രവാസരേഖകള്‍’ അമേരിക്കയില്‍ നിന്നുമുള്ള എഴുത്തുകാരെ പൂര്‍ണ്ണമായും പുറന്തള്ളിയിരിക്കുന്നു.അമേരിക്കയിലെ ജീവിതം പ്രതിഫലിക്കുന്ന മലയാളം കൃതികള്‍ കുറവാണെങ്കില്‍ കൂടി ഉള്ളതിനെ വേണ്ടവിധം പരിശോധിക്കാതെയുള്ള വിലയിരുത്തലുകളാണ് കൂടുതലും കാണുന്നത്. കാനഡയിലെ ഗോത്രവര്‍ഗത്തിന്റെ ഇടയില്‍ പാര്‍ത്തുകൊണ്ടു ആര്‍ട്ടിക്കിലെ വിസ്മയകരമായ അനുഭവത്തെപ്പറ്റി എത്സി താരമംഗലം എഴുതിയ പുസ്തകമാണ് ‘അമേരിന്ത്യന്‍ നോട്ട് ബുക്ക്’ . ‘വേട്ടമൃഗങ്ങളുടെ കാല്‍പാടുകളും കാഷ്ഠവും പിന്തുടര്‍ന്ന് ഭൂണ്ഡങ്ങള്‍ താണ്ടിയ ചുവന്ന ഇന്ത്യക്കാരനെന്ന പൂര്‍വ്വികന്റെ ലോകത്തില്‍ നിന്നുള്ള ഈ മലയാളി വനിതയുടെ അനുഭവക്കുറിപ്പുകളിലൂടെ നമ്മുടെ ഭാഷാസാഹിത്യം ധന്യമായിരിക്കുന്നു’ എന്ന് ഇതിന്റെ മുഖക്കുറിയില്‍ കൃഷ്ണദാസ് (ഗ്രീന്‍ബുക്സ)് പറയുന്നതില്‍ ഒട്ടുമേ അതിശയോക്തിയില്ല.

എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമിയുടെ പത്രാധിപരായിരുന്ന കാലത്ത് ഓട്ടവയില്‍ നിന്നും കാനഡയിലെ ജീവിതത്തെപ്പറ്റി കുമാരന്‍ എം.കെ.അനുഭവക്കുറിപ്പുകള്‍ എഴുതിയിരുന്നു.കാനഡയിലെ പ്രകൃതിയുടെ അന്യാദൃശമായ ഭാവരേഖകളും ജീവിതവും ഉള്‍ക്കൊണ്ട ലേഖനങ്ങളായിരുന്നു ഇവ. ചെറിയാന്‍ കെ. ചെറിയാന്‍, ജയന്‍ കെ.സി., രാജേഷ് ആര്‍.വര്‍മ്മ, കെ.വി. പ്രവീണ്‍ തുടങ്ങി മലയാള സാഹിത്യത്തില്‍ അടയാളം കുറിച്ച പല എഴുത്തുകാരുമുണ്ട് ഐക്യനാടുകളില്‍.സന്തോഷ് പാല, ഡോണ മയൂര തുടങ്ങിയ പുതിയ തലമുറയുടെ ശക്തവും വിഭിന്നവുമായ കവിതകളും അമേരിക്കയില്‍ പിറവിയെടുക്കുന്നുണ്ട്. അച്ചടിമാദ്ധ്യമത്തിലെ പതിവുകാരായ റീനി മമ്പലം, നീനാ ജെ. പനക്കല്‍ തുടങ്ങിയവരുടെ രചനകള്‍ പ്രവാസത്തിന്റെ പെണ്‍വഴികളിലേക്കു തുറന്നുവെച്ചവയാണ്.

രാജു മൈലപ്രയുടെ ആക്ഷേപഹാസ്യ രചനകള്‍, അജയന്‍ വേണുഗോപാലന്‍ രചന നിര്‍വ്വഹിച്ച് പൂര്‍ണമായും ഐക്യനാട്ടില്‍ മുളച്ചു പന്തലിച്ചവ,അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഹരമായി മാറിയ അക്കരക്കാഴ്ചകള്‍ തുടങ്ങിയവ പ്രവാസികളുടെ ചില സ്വഭാവ വൈകൃതങ്ങളെയും അതോടൊപ്പം തന്നെ ചില സാമൂഹിക പ്രതിസന്ധികളേയും ഉപരിപ്ലവമായിട്ടെങ്കിലും പുറത്തുകൊണ്ടുവരുന്നത് ഒരു തുടക്കമാണ്. ഭുരിപക്ഷം വരുന്ന സാധാരണക്കാരനില്‍ സ്വകീയബോധം ഉണ്ടാക്കിയെടുക്കാന്‍ അക്കരക്കാഴ്ചകള്‍ക്കു കഴിഞ്ഞു എന്നുള്ളത് അഭൂതപൂര്‍വ്വമായൊരു വിജയമായിട്ടുവേണം അടയാളപ്പെടുത്തേണ്ടത്.

കാനഡയുടെ തൊട്ടപ്പുറത്ത് ഐക്യനാടുകളില്‍ കുറച്ചു സൌഭാഗ്യ നഗരങ്ങളുണ്ട്. ഷിക്കാഗൊ, ന്യൂയോര്‍ക്ക്, ടെക്സസ്. അവിടെസേതുവരുന്നു, സക്കറിയവരുന്നു, എം.ടിവരുന്നു, വത്സല വരുന്നു, ബ്രിട്ടാസ് വരുന്നു.എന്നിങ്ങനെയൊക്കെ കേരളത്തിലെ പ്രശസ്തര്‍ വരുന്ന വാര്‍ത്തകള്‍ വായിച്ചറിയാറുണ്ട്. ഉത്തരയമേരിക്കയുടെ മലയാള സാംസ്ക്കാരിക തലസ്ഥാനം ന്യൂയോര്‍ക്കാണെന്നു പറയാം. അവിടെ സമ്മേളനങ്ങളും കൂട്ടായ്മകളും ചര്‍ച്ചകളും നടക്കാറുണ്ട്. പക്ഷെ കാനഡയിലുള്ളവര്‍ക്കും അമേരിക്കയുടെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കും അതൊക്കെ കൈയെത്താ ദൂരത്തെ കളിപ്പാട്ടങ്ങളാണ്. അതെ, നിത്യമായി ജോലിക്കുപോവുകയും പണം കഴിയുന്നത്ര ചിലവാക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നതാണ് പ്രവാസിയുടെ പ്രാഥമിക ധര്‍മ്മം. ഇത്തരം കളിയവസരങ്ങളും കളിപ്പാട്ടങ്ങളും കവിയുന്ന അപരാധബോധത്തോടെയും പാപബോധത്തോടെയും നേടുമ്പോഴും കേരളം മനസ്സില്‍ സൂക്ഷിക്കാത്തവര്‍ എന്ന അധിക്ഷേപം അമേരിക്കന്‍ മലയാളിക്കു പതിച്ചു കിട്ടുന്നു.

ദേശാതിഥി
അവധിക്ക് കേരളത്തിലെത്തുമ്പോള്‍ നാട്ടിലുള്ളവര്‍ ചോദിക്കുന്നു. ‘നിങ്ങളവിടെ ചോറുണ്ണുമോ, സാരി ഉടുക്കുമോ, പത്രം വായിക്കുമോ’. ‘അതുകഴിഞ്ഞാല്‍ പിന്നെ, എനിക്ക് അല്ലെങ്കില്‍ എന്റെ കുട്ടിക്ക് അങ്ങോട്ടെത്താന്‍ എന്താണു എളുപ്പമായ മാര്‍ഗ്ഗം. ഏതു വിഷയമാണു പഠിക്കേണ്ടത്, ഏതു ഏജന്‍സിയാണു മെച്ചപ്പെട്ടത’്.

ബ്ലാക്ക് ഹോളിലേക്കാണു തിരക്കിട്ടു പറന്നെത്താന്‍ ശ്രമിക്കുന്നത്. എങ്ങനെയായാലും കൊഴുത്ത് വെളുത്ത് ഡോളറു കിലുക്കി വിരുന്നു വരണം. അത്രമാത്രം മതി.ഇന്ത്യയിലെ ജീവിതം അത്രക്കു അതൃപ്തവും അനിഷ്ടകരവുമാണ്.

വൃത്തിയുള്ള നിരത്തുകള്‍ പൊതുസ്ഥലങ്ങള്‍, സ്വമേധയ നിയമം അനുസരിക്കുന്ന പൌരന്മാര്‍, എല്ലാ സ്ഥാപനങ്ങളിലും കൃത്യനിഷ്ഠയോടെയും കാര്യക്ഷമവുമായ പ്രവര്‍ത്തനരീതി.അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആവശ്യങ്ങള്‍ നടത്തി തരാനും ഓരോ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഉത്സാഹം.ഒരു മലയാളിയെ അന്ധാളിപ്പിക്കുന്ന സാധാരണകാര്യങ്ങള്‍ പലതുണ്ടിവിടെ. കുറെയേറെക്കാലം ഇതു ശീലമായിക്കഴിയുമ്പോള്‍ നാട്ടിലെ കാഴ്ചകളും അനുഭവങ്ങളും പ്രവാസിക്ക് അരോചകവും അസഹ്യവുമായി തോന്നുന്നത് തികച്ചും സ്വാഭാവികമാണ്.

യൂറോപ്പിന്റെയും അമേരിക്കയുടേയും പ്രകൃതിക്കും ജീവിതത്തിനും യോജിച്ച വസ്തുക്കള്‍ ഉഷ്ണമേലയിലെ ജീവിതത്തിനു പൊരുത്തപ്പെടാതെ നില്‍ക്കും. കാനഡയുടെ മൃദുവായ ചൂടിനെ, കാറ്റിനെ, മഴയെ തടുക്കാനുണ്ടാക്കിയ കുടയെ ചുളിക്കിയൊടിച്ച് കേരളത്തിലെ മണ്‍സൂണ്‍ പരിഹസിക്കും. കനം കുറഞ്ഞ ശീലയിലൂടെ തുളച്ചുകയറി സൂര്യന്‍ പൊട്ടിച്ചിരിക്കും. ഒരു ഫോറിന്‍ കൊട!

ചെന്നെയും മുബൈയും ഗുല്‍മോഹറും കണ്ട് ഉള്ളിലെ മദ്രാസും ബോംബെയും വാകപ്പൂമരവും ഇടറുന്നു.മാര്‍ക്കറ്റില്ലാത്ത ഗൃഹാതുരതയായി അതിനെ മാറ്റിവെക്കാം. കേരളത്തിലെ തെരുവുകളില്‍ ജാതിക്കുപ്പായങ്ങള്‍ പെരുകിയിരിക്കുന്നു. സിന്ദൂരം തൊട്ട ആണ്‍കുട്ടികള്‍, കാതും കഴുത്തും മുടിയും ഒളിപ്പിച്ച പെണ്‍കുട്ടികള്‍, അതിക്രൂരത സ്വര്‍ണത്തില്‍ കൊത്തി കഴുത്തില്‍ ഊഞ്ഞാലാട്ടുന്ന മതപ്രഖ്യാപനങ്ങള്‍.

മാറാത്ത ചിലതുണ്ട്: ഇടിവെട്ടു മീന്‍കറി വെക്കുന്നതും,ചെളിയും കറയും പിടിച്ച വസ്ത്രങ്ങള്‍ വെണ്‍മയാക്കുന്നതും, മുറികളിലേയും കക്കൂസിലേയും ഒന്നര അണുക്കളെ ബാക്കി നിര്‍ത്തി മറ്റെല്ലാം ഇല്ലാതാക്കുന്നതും സുന്ദരികളായ സ്ത്രീകള്‍ തന്നെയാണ് എന്നുകരുതി അവര്‍ ഒറ്റപ്പെട്ടുവെന്നു തെറ്റിദ്ധരിക്കരുത്. മീന്‍കറി കൂട്ടി പ്രശംസിക്കാനും മിന്നിത്തിളങ്ങുന്ന വസ്ര്തങ്ങള്‍ ധരിക്കാനും ഉമ്മറത്തിരിക്കാനും അവര്‍ക്കിപ്പോഴും കൂട്ടുകാരന്മാരുണ്ട്. പെണ്ണിനെ കെട്ടിച്ചയക്കുക എന്നതാണു കുടുംബങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി.

ഇരപിടിക്കാന്‍ മറക്കുന്ന മൃഗങ്ങള്‍
മധ്യ തിരുവിതാംകൂറില്‍ നിന്നുമാണ് അമേരിക്കയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരില്‍ മുഖ്യപങ്കും. അതില്‍ തന്നെ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷവും. കഴിഞ്ഞൊരു ദശകമായി ഇതിനു സാരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു.എഴുപതുകളില്‍ ഇവിടെയെത്തിയ നേഴ്സുമാരില്‍ കൂടിയപങ്കും കൌമാരം കഴിയുന്നതിനു മുന്‍പേ വീടുവിട്ടവരാണു. പഠനത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലും, അവിടെനിന്നും പിന്നെ ഏതൊക്കെയോ പരിചയക്കാരുടെ മേല്‍വിലാസത്തില്‍ അമേരിക്കയിലും എത്തിയ ഇവരെല്ലാം കേരളത്തില്‍ ജീവിച്ചതിന്റെ ഇരട്ടി വര്‍ഷങ്ങള്‍ അമേരിക്കയിലാണു ജീവിച്ചത്.

മൃഗശാലയിലേക്കും സര്‍ക്കസിലേക്കും പറഞ്ഞയച്ച മൃഗങ്ങള്‍ക്ക് കുറെക്കഴിയുമ്പോള്‍ കാട്ടില്‍ ഇരപിടിക്കാനറിയാതാവും. ഇലകളുടെ പച്ചപ്പും മണ്ണിന്റെ ഗന്ധവും പാറയുടെ ഉറപ്പും സ്വപ്നം കണ്ടുകണ്ട് അവയുടെ ജന്മവാസനകളും ജന്മസിദ്ധികളും നഷ്ടമായേക്കാം. അഴിക്കുള്ളിലേക്കു നീട്ടിത്തരുന്ന ഇറച്ചിക്കഷണം തിന്നാനും പാത്രത്തിലെ വെള്ളം മൊത്തിക്കുടിക്കാനും അറിയുന്ന തലമുറയെ ഒരു ദിവസം കാട്ടിലേക്കഴിച്ചുവിട്ടാല്‍ അതിജീവിക്കാനാവുമോ?

എഴുപതുകള്‍ മുതല്‍ അമേരിക്കയില്‍ നിന്നും മദ്ധ്യതിരുവിതാംകൂറിലേക്കൊഴുകിയ പണത്തിന്റെ സമൃദ്ധിയില്‍ പുളച്ചിരുന്ന വീടുകളെ വാര്‍ദ്ധക്യം കീഴടക്കുക തന്നെ ചെയ്തു. പടികളും പറമ്പുകളും കയറി ഇറങ്ങാന്‍ അവര്‍ ബദ്ധപ്പെട്ടപ്പോള്‍ വീടിനുള്ളില്‍ ചിതലും പാറ്റയും കയറിയിറങ്ങി. അടുക്കളകള്‍ പഴയ ദാരിദ്യ്രത്തിലേക്കു മടങ്ങി.പ്രായമായ അപ്പനമ്മമാരെ നോക്കാന്‍ ആരുമില്ലാത്തത് എന്താണെന്ന് സമൂഹം പഴങ്കഥകള്‍ മറന്ന് ചോദ്യങ്ങളും പരാതികളും എറിഞ്ഞു രസിക്കുന്നു. അമേരിക്കന്‍ (കാനഡയെ ഉള്‍പ്പെടുത്തി) മലയാളിക്കു ദേശസ്നേഹമില്ലെന്നും മാതാപിതാക്കളെ മറന്നെന്നും കഥയും സിനിമയും പടച്ച് കല്ലെറിയുന്നു. കൌമാരവും യൌവനവും കുടിച്ചു തീര്‍ത്തു, ഇനി മദ്ധ്യവയസ്സും ഉഴിഞ്ഞു വെക്കുക. നിന്റെ മക്കളേയും നിന്റെ ജരാനരകളേയും മറന്നേക്കുക, എന്ന യയാതി സിന്‍ഡ്രോമാണൊ ഇത്?

എയര്‍പ്പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലിരിക്കുന്നവര്‍ക്ക് ഏകമനസ്സാണ്, നഷ്ടബോധം. യാത്രതിരിച്ചിരിക്കുന്നത് യൂറോപ്പിനോ, അമേരിക്കക്കോ, ഗള്‍ഫിലേക്കോ ആണെങ്കിലും മടങ്ങിവരവിലേക്കുള്ള കണക്കുകൂട്ടലാണു ഉള്ളില്‍. കാത്തിരുപ്പു മടുപ്പാകുമ്പോള്‍ സൌഹാര്‍ദ്ദത്തോടെ ലക്ഷ്യസ്ഥലം ചോദിക്കുന്നു അടുത്തിരിക്കുന്നയാള്‍.അവിടെ ഗള്‍ഫുകാരനും അമേരിക്കക്കാരനും തമ്മില്‍ സ്പര്‍ദ്ധയില്ല, തന്മയീഭാവമാണുള്ളത്.

വിമാനത്താവളത്തിലെ തിരക്കില്‍ അവസാന യാത്രയും പറഞ്ഞു പിരിയുമ്പോള്‍ ഒരു പേമാരി കഴിഞ്ഞതിന്റെ ശാന്തത യാത്രയയക്കാന്‍ വന്നവരുടേയും ജീവിതത്തിനുണ്ടാവുമെന്ന് ജോഷിക്കു തോന്നി.

ഉച്ച ഭാഷണിയിലൂടെ അറിയിപ്പു വന്നു കൊണ്ടിരുന്നു. പാസ്പ്പോര്‍ട്ടും ടിക്കറ്റുമുള്ള ബാഗ് ഒന്നുകൂടി പരിശോധിച്ച് പേളി ചേര്‍ത്തു വച്ചു.

അടുത്ത പ്രാവശ്യം വരുമ്പോള്‍ എനിക്ക് ആയുവ്വേദത്തിന്റെ തിരുമ്മലിനു പോകണം-പേളി പറഞ്ഞു.

അലീഷ അമ്മയുടെ തോളില്‍ ചാഞ്ഞിരുന്നുറങ്ങാന്‍ ശ്രമിക്കുന്നു. വിനീത് എതോ പുസ്തകത്തില്‍ തലപൂഴ്ത്തി ഇരിക്കുകയാണ്.ജോഷി പോക്കറ്റിലെ പേഴ്സ് അവിടെ ത്തന്നെയുണ്ടെന്ന് പതുക്കി തടവി ഉറപ്പാക്കി. പിന്നെ ആരും കാണാതെ പണ്ട് ഒളിച്ചു കടത്തിയ കേരളത്തെ കരളില്‍ നിന്നും പുറത്തെടുത്തു. ടാറിടാത്ത വഴികള്‍ക്കും.ആന്തൂറിയം വിരിയാത്ത മുറ്റത്തിനും മാറ്റമൊന്നുമില്ലെന്നുറപ്പു വരുത്തി മുറിഞ്ഞാല്‍ കൂടാത്ത കോശങ്ങളുള്ള കരളിലേക്കയാള്‍ അതു വീണ്ടുമൊളിപ്പിച്ചു.’

(തലകീഴായി കെട്ടിയുണക്കിയ പൂവുകള്‍)0)
 
 

കൂടുതല്‍ പേരെ കയറ്റി അയക്കാനുള്ള വഴികള്‍ക്കും പോയവര്‍ മടങ്ങി വരാതിരിക്കാനുള്ള കൌശലങ്ങള്‍ക്കും പകരംഎല്ലാവര്‍ക്കും മടങ്ങി വരാന്‍ കഴിയുന്നതും ആരെയും ഓടിപ്പോവാന്‍ ആഗ്രഹിപ്പിക്കാത്തതുമായ ഒരു ഇന്ത്യ സങ്കല്‍പ്പിക്കുന്നത് തീര്‍ത്തും വിഡ്ഢിത്തമാവുമോ?

രാജ്യം വിട്ടുപോരുന്നതിനു തൊട്ടുമുന്‍പ് ഒരു സുഹൃത്തിന്റെ കത്തു പറഞ്ഞു – അന്തിമമായി എല്ലാവരും പരാജയപ്പെടുന്നു.അതു വായിച്ചപ്പോഴുണ്ടായ അമ്പരപ്പ് ഇന്നും കൂടെ കൊണ്ടുനടക്കുന്നു.

ആദ്യ ഭാഗം: കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍


ഒളിച്ചു കടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത് - (കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍-2; നിര്‍മ്മല)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക