Image

ജാതി-മത സംഘടനകളുടെ മുന്നില്‍ പതറുന്ന കേരള ഭരണം

ജോസ് കാടാപുറം Published on 03 February, 2013
ജാതി-മത സംഘടനകളുടെ മുന്നില്‍ പതറുന്ന കേരള ഭരണം
കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഒരു കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ എന്ന് ഏത് കോണ്‍ഗ്രസ് ഭക്തനും ആഗ്രഹിച്ചു പോകും. ഗാന്ധിജിയുടെ കോണ്‍ഗ്രസ്സായില്ലെങ്കിലും, സോണിയാഗാന്ധിയുടെയോ മന്‍മോഹന്‍സിംഗിന്റേയോ കോണ്‍ഗ്രസ്സാണെങ്കില്‍ മലയാളികള്‍ ഇത്രയും വേദനിക്കില്ലായിരുന്നു…
ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാനുണ്ടായ കാരണം കോണ്‍ഗ്രസ്സിനകത്തുള്ള ഒരു ഗ്രൂപ്പിന്റെ നേതാവിനെപ്പോലെആദ്യമായി എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എത്തിയിരിക്കുന്നതു കണ്ടാണു. ഇങ്ങനെ പുറത്ത് നിന്ന് ഒരു സമുദായ പ്രമാണി കേരള രാഷ്ട്രീയം നിയന്ത്രിക്കാന്‍ തുടങ്ങിയത് അവരുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് ഭരിക്കുന്ന യുഡിഎഫിന്റെ ദൗര്‍ബല്യം അല്ലെങ്കില്‍ കഴിവുകേടുകൊണ്ടാണ് എന്ന് പറയേണ്ടി വരുമെന്ന് പ്രശസ്ത കോണ്‍ഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. സമുദായ പ്രമാണിമാരുടെ ധാര്‍ഷ്ഠ്യം കൊണ്ട് കേരള രാഷ്ട്രീയം മലിമസമാകാന്‍ അനുവദിക്കരുതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്. എന്‍.എസ്.എസ് എപ്പോഴും പറയാറുണ്ട് തങ്ങള്‍ സമദൂരക്കാരാണെന്ന്.
എന്നാലിതിന്റെ സത്യാവസ്ഥയിപ്പോള്‍ സുകുമാരന്‍ നായര്‍ തിരുത്തി. 2011 ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും എന്‍.എസ്.എസ്സും തമ്മിലുണ്ടാക്കിയ രഹസ്യചര്‍ച്ചയുടെ പരിണിത ഫലമാണ് കെ.പി.സി.സി. പ്രസിഡന്റായിട്ടും ചെന്നിത്തല എം.എല്‍.എ.ആയി മത്സരിച്ചതും അദ്ദേഹത്തെ എന്‍.എസ്.എസ് ജയിപ്പിച്ചതും. ഇതിന്റെ അര്‍ത്ഥം രമേശിനെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയുടെ തലപ്പത്ത് കൊണ്ടുവരാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുകൊടുത്തു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ വോട്ട് കോണ്‍ഗ്രസിന് പൂര്‍ണ്ണമായി നല്‍കി എന്നാണ് സുകുമാരന്‍ നായരുടെ ഭാഷ്യം. സോണിയാഗാന്ധിയുടെ പ്രതിനിധിയായി വിലാസ്‌റാവു ദേശ്മുഖ് ആണു പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി സുകുമാര്‍ നായര്‍ക്ക് ഉറപ്പു കൊടുത്തത്. ഈ ഉറപ്പാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് തകര്‍ത്തതെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞതിനര്‍ഥമെന്നു സാധാരണ ജനം കരുതിയാല്‍ തെറ്റാവില്ലല്ലോ?.
ഉമ്മന്‍ചാണ്ടി തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കി ചെന്നിത്തലയെ ഒതുക്കിയ കളി സുകുമാരന്‍ നായര്‍ മനസ്സിലാക്കിയതിന് മറുപടിയാണ് തിരുവനന്തപുരത്തെ നായര്‍ മഹാസമ്മേളനത്തില്‍ തിരിച്ചടിച്ചത്. തങ്ങളുടെ വോട്ട് നല്‍കിയാണ് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ കയറ്റിയത്. അതിനു ഒരുദ്ദേശമേയുള്ളു. മുഖ്യമന്ത്രിയായി രമേശിനെ വാഴിക്കുക. അതാണുസുകുമാരന്‍നായര്‍ തുറന്ന് അടിച്ചത്. ഇതിന്‌നിന്ന് മനസ്സിലായ രണ്ട് കാര്യം ഒന്ന് കെ.പി.സി.സി. പ്രസിഡന്റിന്റെ മതേതര മുഖം, മറ്റൊന്ന് സുകുമാരന്‍ നായരുടെ സംഘടന ജാതിസംഘടന അല്ലാതായി. കോണ്‍ഗ്രസുകാരായ
നായര്‍ സമുദായാംഗങ്ങളുടെ സംഘടനയാണ് എന്‍.എസ്.എസ് എന്ന് പറയേണ്ടി വരുമെന്നാണ്.
കോണ്‍ഗ്രസ്സു നേതാക്കന്‍മാരിലെ നായന്‍മാരെ സ്ഥാനാര്‍ര്‍ഥിയാക്കാനും മന്ത്രിയാക്കാനും അങ്ങനെ വിവിധ സ്ഥാനങ്ങളിലെത്തിക്കാനും ശ്രമിക്കുന്ന സംഘടനയായി ഈ സംഘടന തരം താഴ്ന്നുവോ? ഇങ്ങനെ ഒക്കെ പറഞ്ഞാലും തിരുവഞ്ചൂരിനെ പെരുന്നയ്ക്ക് പുറത്ത് നിര്‍ത്തി കഴിവു തെളിയിച്ച് സുകുമാരന്‍നായര്‍ തന്റെ കഴിവുകള്‍ ഇനിയും തെളിയ്ക്കുമെന്ന് പ്രതീക്ഷിക്കാം!! എന്നാല്‍ സാധാരണ മലയാളികള്‍ക്ക് ജാതിമത ശക്തികള്‍ക്ക് കോണ്‍ഗ്രസ്സ് എങ്ങനെ കീഴടങ്ങുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. നാല് സീറ്റിനുവേണ്ടി ജാതി മതശക്തികള്‍ക്ക് കീഴടങ്ങി അവര്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ മുഴുവന്‍ അംഗീകരിക്കേണ്ടി വരുന്നത് ദുഃഖകരമെന്നല്ലാതെ എന്തു പറയാന്‍.
മറുവശം കേരളഭരണം ഇതിലും വേദനകരമാണ്. വികസനശ്രമങ്ങളെല്ലാം വെള്ളത്തിലെ വരപോലെയായി, സ്മാര്‍ട്ട്‌സിറ്റി, മെട്രോ ട്രെയിന്‍, മാലിന്യനീക്കം എല്ലാം പ്രതീക്ഷ തകര്‍ത്തു. വറ്റി വരണ്ട കേരളം. വെള്ളത്തിനിപ്പോള്‍ അരി പോലെ തീവിലയായി. നിത്യോപയോഗ സാധാനങ്ങളുടെ വിലയും പിടിച്ചാല് കിട്ടാതായി. ഇതൊക്കെ നോക്കാന്‍ ഗവണ്‍മെന്റിന് എവിടെ നേരം; കിട്ടുന്നത് കൃത്യമായി വീതം വയ്ക്കുന്നതിന്റെ തിരക്കിലാണ് എല്ലാവരും, ചുരുക്കത്തില്‍ കേരളത്തിലിപ്പോള്‍ കറന്റില്ല, വെള്ളമില്ല, ഇപ്പോള്‍ ബസുമില്ല. ആകെ ഉള്ളത് ഭരണക്കാരും സമുദായ നേതാക്കളും തമ്മില്‍ തല്ലുന്നത് മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക