Image

നഷ്ടപുത്രന്‍ (ചെറുകഥ)- ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 12 February, 2013
നഷ്ടപുത്രന്‍ (ചെറുകഥ)- ജോണ്‍ വേറ്റം
ആ യാത്ര ആനന്ദകരമായിരുന്നു. യഹോവയില്‍ ആശ്രയിക്കുന്നവന്‍ രക്ഷ പ്രാപിക്കുമെന്ന് അറിയാം. ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്‍പനകളെ ഇഷ്ടപ്പെടുന്ന മനുഷ്യന്റെ സന്തതി ഭൂമിയില്‍ ബലപ്പെടുമെന്ന വിശ്വാസം അന്ന് നിര്‍വൃതിയായി. കണ്ണിനെ കണ്ണീരില്‍ നിന്നും കാലിനെ വീഴ്ചയില്‍ നിന്നും രക്ഷിക്കാനും കഷ്ടത കാണാതെ കാക്കുവാനും, ദോഷത്തങ്ങളില്‍ നിന്നകറ്റി ഭക്തന്മാരുടെ സഹായം നല്‍കുവാനും നിത്യവും പ്രാര്‍ത്ഥിച്ചതിന്റെ ഫലം കിട്ടി.
ക്രിസ്മസിന്റെ തലേന്നാളിലാണ് ന്യൂയോര്‍ക്കില്‍, മകന്റെ ഭവനത്തില്‍ എത്തിയത്. അപ്പോള്‍ അഭിമാനിച്ചു. ഒട്ടും നിഗളിച്ചില്ല. ഒരിക്കല്‍ ഒരു ചുമട്ടുതൊഴിലാളിയായിരുന്ന തന്നെ അമേരിക്കയില്‍ എത്തിച്ച സര്‍വ്വേശ്വരനെ, പാപ്പി സ്തുതിച്ചു. കുളിരും കുഞ്ഞിളംകാറ്റുമേറ്റു വിടരുന്ന വിഭാത കുസുമങ്ങള്‍പോലെ ദിനങ്ങള്‍ പ്രസന്നവും പ്രമുദിതവുമായി. വിരുന്നും വിനോദയാത്രകളും ആസ്വാദ്യമായി. നേരം മാറ്റങ്ങളിലൂടെ മുന്നോട്ട് പോയി. അലങ്കാര ദീപങ്ങള്‍ അണഞ്ഞു. മഞ്ഞും മരവിപ്പിക്കുന്ന തണുപ്പും ശേഷിച്ചു.
രാവിലെ ബാബുവും ലൈസയും ജോലിക്കുപോയാല്‍ വീട്ടില്‍ വിമുകത. പാപ്പിയും ഭാര്യയും ത്രേസ്യയും തമ്മില്‍ വര്‍ത്തമാനം പറഞ്ഞിരിക്കും. അദ്ധ്വാനിച്ചും സഞ്ചരിച്ചും സൗഹൃദം പങ്കിട്ടും പരിചയിച്ച പാപ്പിക്ക് ജീവിതം ബന്ധിച്ചപോലെ തോന്നിയ വിദേശവാസം പെട്ടെന്ന് ചെടിച്ചു. അതുകൊണ്ട് അയാള്‍ നാട്ടിലേക്ക് മടങ്ങി. അപ്പോള്‍, ലൈസയുടെ പ്രസവകാലം സമീപിച്ചിരുന്നു. മകന്റെ കുഞ്ഞിനെ കണ്ടിട്ട് വന്നാല്‍ മതിയെന്ന് ഭര്‍ത്താവ് നിര്‍ദ്ദേശിച്ചതനുസരിച്ച് ത്രേസ്യാ പോയില്ല. സാക്ഷരതയും സ്വാതന്ത്ര്യവും മിതമായിരുന്ന കാലത്തായിരുന്നു ത്രേസ്യയുടെ ബാല്യം. വനങ്ങളെ ഗ്രാമങ്ങളും ഗ്രാമങ്ങളെ നഗരങ്ങളുമാക്കി മാറ്റിയ ലോകം നല്‍കിയത് നല്ല അനുഭവങ്ങളും മധുരിക്കുന്ന ഓര്‍മ്മകളുമാണ്. ഇരുപത് വര്‍ഷം മുമ്പ്, പന്ത്രണ്ടാമത്തെ വയസ്സില്‍ നവവധുവായപ്പോള്‍ ദൈവം തന്നൊരു നിധിയാണ് ഭര്‍ത്താവെന്നു കരുതി. വിവാഹജീവിതത്തിലെ നന്മയുടെ നിയമങ്ങളെ ഒട്ടും മറന്നിട്ടില്ല. മനസ്സില്‍ കളങ്കവും കറയും പുരളാന്‍ അനുവദിച്ചിട്ടില്ല. ആധുനിക ലോകത്തിന്റെ നിര്‍ലജ്ജമായ ചതിയും വഞ്ചനയും ദാമ്പത്യ ബന്ധങ്ങളെ തല്ലിയുടയ്ക്കുന്നതു കണ്ടിട്ട് വേദോപദേശങ്ങളെ അവഗണിക്കുന്നതാണ് അതിനു കാരണമെന്നും പഠിച്ചു. ഏറെ നാള്‍ മകന്റെ കൂടെ താമസിച്ചാല്‍ പാപ്പിയുടെ പ്രായസങ്ങള്‍ വര്‍ദ്ധിക്കുമെന്ന് കരുതി. തന്നെ നാട്ടിലേക്ക് തിരിച്ചയിക്കണമെന്ന് ബാബുവിനോട് ആവശ്യപ്പെട്ടു. പിതാവും മകന് കത്തുകള്‍ അയച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ബാബു ഭാര്യയുടെ ഉപദേശം സ്വീകരിച്ചു.
ഈ വയസ്സു കാലത്ത് നാട്ടില്‍ പോകുന്നതെന്തിനാ? കെട്ടിയോനെ മുട്ടികൂടി ഇരിക്കാന്‍ ചെറുപ്പക്കാരിയല്ലല്ലോ. ഞങ്ങളെ കുഞ്ഞിനിത്തിരി പ്രായമാകുന്നതുവരെ വയറു നിറച്ച് തിന്നോണ്ട് ഇവിടെങ്ങാനും കിടന്നാല്‍ മതി എന്ന് ലൈസ പറഞ്ഞു.
തന്റെ മകന്‍ മനോവിനയം വെടിഞ്ഞ് ഭാര്യയുടെ ചൊല്‍പടിയിലായത് ത്രേസ്യയെ ദുഃഖിപ്പിച്ചു. അപ്പന്റെ സഹായത്തിന് ആരുമില്ല. ഒറ്റക്ക് കഷ്ടപ്പെടുകയാണെന്നറിയാമല്ലൊ. എത്രയും പെട്ടെന്ന് എന്നെ തിരിച്ചറിയ്ക്കണം. എന്ന് മകനോട് വീണ്ടും വീണ്ടും പറഞ്ഞു. അതുകേട്ട ലൈസക്ക് ദേഷ്യം. അമ്മാവിയമ്മയെ തുറിച്ചു നോക്കിക്കൊണ്ട് ശകാരിച്ചു. അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാലതു കിടക്കത്തില്ലന്നൊരു പഴഞ്ചൊല്ലുണ്ട്. ബോധമില്ലാത്തൊരു കിളവി. ആ പരിഹാസം കേട്ടും ത്രേസ്യ ഞെട്ടി. താപവും കോപവും ഉണ്ടായി എങ്കിലും മിണ്ടിയില്ല.
ദിനങ്ങള്‍ കൊഴിയും തോറും കഷ്ടത വര്‍ദ്ധിച്ചു. കുഞ്ഞിന് കാവലിരിക്കണം, ഭക്ഷണം പാകം ചെയ്യണം, വീട് വൃത്തിയാക്കണം, തുണി കഴുകണം അങ്ങനെ ജോലികളുടെ എണ്ണം കൂടി. ഭര്‍ത്താവിനോട് ടെലിഫോണില്‍ സംസാരിക്കുവാനും മരുമകളുടെ അനുവാദം വേണം. ഇംഗ്ലീഷ് ഭാഷ അറിയാത്തത് മറ്റൊരു ക്ലേശം. കൂട്ടിലിട്ട കുറുപ്രാവിന്റെ അനുഭവം.
ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ആശ്വാസം ലഭിക്കും. പള്ളിയില്‍ പോയി ആരാധനയില്‍ പങ്കുചേരുമ്പോള്‍, പാട്ടുപാടി പ്രാര്‍ത്ഥിച്ചു കര്‍ത്താവിന്റെ തിരുശരീര രക്തങ്ങളെ കുര്‍ബാനയിലൂടെ അനുഭവിക്കുമ്പോള്‍ ആത്മ സംതൃപ്തിയുണ്ടാകും. മലയാളികളോട് സംസാരിക്കുമ്പോള്‍ സന്തുഷ്ടയാകും. ദുഃഖദുരിതങ്ങളുടെ വേളകളില്‍ പ്രാര്‍ത്ഥിച്ചു. തന്റെ തിക്താനുഭവങ്ങള്‍ മകന്‍ അറിയാതിരിക്കാന്‍ ശ്രദ്ധിച്ചു.
അന്നു നെഞ്ചില്‍ നോവുകള്‍ നിറഞ്ഞു നിന്നതിനാല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ചെറിയ കിടക്കുമുറിയുടെ ജാലകം തുറന്നും തണുത്ത രാത്രി. ദൈവം വെളിച്ചത്തില്‍ നിന്നും വേര്‍പെടുത്തി അന്ധകാരം ഘനീഭവിച്ചു. അതില്‍ ഒരു മഹാനഗരം നാളയെക്കുറിച്ചറിയാതെ മയങ്ങുന്നു. ഗതകാലം മനസ്സില്‍ ചിത്രങ്ങളായി.
കഷ്ടപ്പാടുകളുടെ അതിരുകള്‍ക്കുള്ളില്‍ തെളിനീര്‍ ചോലപോലെ ഒഴുകിയ ജീവിതത്തില്‍ വിശുദ്ധിയുടെ ആത്മാവുണ്ടായിരുന്നു. സ്‌നേഹത്തിന്റെ പരമാര്‍ത്ഥത പങ്കുവെച്ച ഘട്ടങ്ങളില്‍ നിഷ്‌കളങ്കതയുടെ നേരും സത്യസന്ധതയുടെ പരിമളവും ഇറ്റു നിന്നു. തനിക്കു വേണ്ടി യത്‌നിച്ച പുരുഷന്‍ കഴുത്തില്‍ കെട്ടിയ മിന്നില്‍പ്പിടിച്ച് പ്രാര്‍ത്ഥിക്കാതെ ഒരു രാത്രിയിലും ഉറങ്ങിയിട്ടില്ല.
പിറ്റേദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ കനത്ത തലവേദന. അതേപറ്റി ആരോടും പറഞ്ഞില്ല. രണ്ട് ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തളര്‍ച്ചയും വിശപ്പില്ലായ്മയും പനിയും വര്‍ദ്ധിച്ചു. മരുന്നും ഭക്ഷണവും കഴിച്ചില്ല. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ക്ഷീണം മാറി ഉന്മേഷം ഉണ്ടാകുമെന്ന് കരുതി. കുളിമുറിയിലേക്ക് നടന്നു. പെട്ടെന്ന് ശരീരത്തിന്റെ ശക്തി സന്തുലനം തെറ്റി. ഭിത്തിയില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും തല തറയിലടിച്ചു വീണു. ആശുപത്രിയിലെ പരിശോധനയില്‍ ത്രേസ്യക്ക് തലക്കുള്ളില്‍ മുറിവും, ന്യൂമോണിയയും ഉണ്ടെന്ന് കണ്ടെത്തി.
ജോലി കഴിഞ്ഞാലുടന്‍ ബേബി ആശുപത്രിയിലെത്തും. അമ്മയെ ആശ്വസിപ്പിക്കും. അപ്പോഴൊക്കെ ത്രേസ്യാ ഭര്‍ത്താവിനെ കുറിച്ചുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. മറ്റാരും ഇല്ലാത്ത മുറി. അതുകൊണ്ട് ഏകാന്തത. എങ്കിലും, അനുഭവ സ്മരണകളും പ്രാര്‍ത്ഥനയും വേദപുസ്തക വായനയുമായി രോഗശയ്യയിലെ ക്ലേശങ്ങളെ അതിജീവിക്കാന്‍ ശ്രമിച്ചു. താന്‍ മകനൊരു ദുഃഖഭാരമായി എന്ന സ്വാത്മബോധം വിട്ടു മാറിയതുമില്ല.
അതു ക്രിസ്മസിന്റെ തലേദിവസമായിരുന്നു. ദൈവദിനത്തിന്റെ ശക്തിയും സ്വാധീനവും മനുഷ്യ വര്‍ഗ്ഗങ്ങളില്‍ ചൊരിയുന്ന സന്ധ്യ, ബാബു വന്നു. ത്രേസ്യാ അവനെ അരികത്ത് ഇരുത്തി. കയ്യില്‍ പിടിച്ചുകൊണ്ട് ഗദ്ഗദത്തോടെ പറഞ്ഞു. മോനെ, എനിക്കൊരു ഭയം. അതുകൊണ്ട് കൈക്കൊള്ളണമെന്ന് ഒരാഗ്രഹം. മറ്റൊരു കാര്യം. രക്ഷിതാവായ ദൈവം എന്നെ വിളിച്ചാല്‍ ഇവിടെങ്ങും കുഴിച്ചിടരുത്. നിന്റെ അപ്പച്ചന്റെ അടുത്ത് കൊണ്ടുപോയി അടക്കണം. അതു കേട്ടപ്പോള്‍ ബാബു ഞെട്ടി. അമ്മ പറഞ്ഞതിന്റെ അര്‍ത്ഥം അവന് മനസ്സിലായില്ല. വേദനിപ്പിക്കുന്ന വാക്കുകള്‍ .. അവ ഇരുമ്പാണികള്‍പോലെ ഹൃദയത്തില്‍ തറഞ്ഞു.
അമ്മച്ചിക്ക് ഒരാഴ്ച കൂടി കഴിഞ്ഞാല്‍ വീട്ടിലെത്താം. പള്ളിയില്‍ പോകാം. പിന്നെന്തിന് ഇങ്ങനെ പറഞ്ഞു? ബാബു ചോദിച്ചു.
എന്റെ ആഗ്രഹം നിന്നെ അറിയിക്കണമെന്നു തോന്നി. നീ ഒരു കാര്യം ഓര്‍ക്കുന്നുണ്ടോ? ഞാനും നിന്റെ അപ്പച്ചനും ഈ നാട്ടില്‍ വന്നിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടാളും രണ്ടിടങ്ങളിലായി. ഇനി എപ്പോള്‍ തമ്മില്‍ കാണുമെന്ന് ചിന്തിച്ചപ്പോള്‍ ഉണ്ടായ ഒരാഗ്രഹം നിന്നെ അറിയിച്ചതാണ്. ബാബു ത്രേസ്യായുടെ നെറ്റിയില്‍ ചുംബിച്ചു. മടങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍ ത്രേസ്യാ പറഞ്ഞു. നാളെ വരുമ്പോള്‍ നിന്റെ മകനെയും കൊണ്ടുവരണം.
മാതാപിതാക്കളുടെ കുടുംബജീവിതത്തിന് താന്‍ ഒരു തടസ്സവും ക്ലേശവുമായെന്ന് ബാബുവിന് ബോദ്ധ്യപ്പെട്ടു. അമ്മ സുഖം പ്രാപിച്ചു വരമ്പോള്‍ നാട്ടിലേക്ക് അയക്കണമെന്നും തീരുമാനിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ അമ്മയുടെ ആഗ്രഹത്തെക്കുറിച്ച് ലൈസയോട് വിശദീകരിച്ചു. അതുകേട്ട് അവള്‍ കോപിച്ചു. നിങ്ങടെ അമ്മയ്ക്ക് ഭ്രാന്താ. അല്ലെങ്കില്‍ ഇങ്ങനെ ഓരോന്നോതുമോ? അന്ത്യകൂദാശ വേണമെന്നല്ലേ പറഞ്ഞതിന്റെ സാരം. പഴന്തള്ള പിച്ചും പേയും പറയുന്നതുകേട്ടു തുള്ളാനാണോ നിങ്ങളെ നീക്കം. ഒരു അച്ചനെ വിളിച്ചു കുര്‍ബാന കൊടുക്കുന്നത് ചിലവുള്ള കാര്യമാ. ആളും തരോം നോക്കി നീട്ടിയും കുറുക്കിയും പ്രാര്‍ത്ഥിക്കുന്ന ഒരച്ചനാ നമ്മുടെ പള്ളിയിലുള്ളത്. അമ്മച്ചി ആശുപത്രിയിലാട്ട് ഒരു മാസത്തിനു മേലേ ആയല്ലോ. ഒരു പ്രാവശ്യമെങ്കിലും കാണുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ലല്ലൊ. തര്‍ക്കുത്തരം പറയുന്നവളുടെ മുമ്പില്‍ മൗനമാണ് ബുദ്ധിപരമെന്ന് ബാബുവിന് അറിയാം.
പള്ളിയില്‍ പരമ്പരാഗതമായി നടത്തിവന്ന പാതിരാ കുര്‍ബാന നിര്‍ത്തലാക്കി. അതു പിറ്റേദിവസം രാവിലെ നടത്തും. അതുകൊണ്ട് പ്രഭാതത്തില്‍ ഒരു കുരുത്തോല കത്തിച്ചുള്ള ആരാധനയ്ക്ക് ദേവാലയത്തില്‍ എത്തി. ക്രിസ്മസിന്റെ ചടങ്ങുകളും ലഘുഭക്ഷണവും സൗഹൃദസംഭാഷണങ്ങളും കഴിഞ്ഞു ബേബിയും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. അപ്പോള്‍ ലൈസയുടെ സഹോദരന്‍ ജോസും ഭാര്യയും വന്നു വര്‍ത്തമാനം പറഞ്ഞും ഭക്ഷണം കഴിച്ചും ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറ്റം ചെയ്തു ആഹ്ലാദിച്ചപ്പോള്‍ ടെലിഫോണ്‍ ശബ്ദിച്ചു. അതനുസരിച്ച് സന്ദര്‍ശന സമയം വരെ കാത്തിരിക്കാതെ ബാബുവും കുടുംബവും ആശുപത്രിയിലേക്ക് പോയി. ത്രേസ്യയ്ക്ക് കൊടുക്കാനുള്ള ക്രിസ്മസ് കേക്കും സമ്മാനങ്ങളും ബാബു എടുത്തിട്ടുണ്ടായിരുന്നു. അവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ നേരം അഞ്ചുമണി.
ആദ്യം എത്തിയത് ത്രേസ്യയുടെ മുറിയിലാണ്. അവിടെ ആരുമില്ല. രോഗി എവിടെ? അറ്റു മുറിയിലേക്ക് മാറ്റിയോ? മെഡിക്കല്‍ പരിശോധനയിലായിരിക്കും. വലിയ വാര്‍ഡ്. അതില്‍ ഒരു നഴ്‌സ് മാത്രം. അവള്‍ തിരക്കിലാണ് എങ്കിലും രോഗിയെക്കുറിച്ചു ചോദിച്ചു. നഴ്‌സ് ഉത്തരം പറയാതെ ആരോടോ സംസാരിച്ചു. ഡോക്ടര്‍ ഇപ്പോള്‍ വരും എന്നു മാത്രം പറഞ്ഞു. അതു കേട്ടപ്പോള്‍ ബാബുവിന് അസ്വസ്തത. അമ്മച്ചി എവിടെ എന്ന് ഇവള്‍ക്കറിയില്ലേയെന്ന് ജോസിനെ നോക്കി ചോദിച്ചു. ആകാംക്ഷയുടെ നിമിഷങ്ങള്‍. അല്പം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. അയാള്‍ സൗമ്യതയോടെ ചോദിച്ചു. വീട്ടില്‍ ഇല്ലായിരുന്നു, അല്ലേ? പല പ്രാവശ്യം വിളിച്ചു. ആരും സംസാരിച്ചില്ല. താങ്കളുടെ അമ്മ ഇന്നലെ സൗഖ്യമായി ഉറങ്ങി. ഇന്നു രാവിലെ ഹൃദയാഘാതം ഉണ്ടായി. പരമാവധി ശ്രമിച്ചു. പക്ഷേ, രക്ഷിക്കാനായില്ല. ഇപ്പോള്‍ മോര്‍ച്ച്യൂവറിയിലാണ്. അതു കേട്ടു ബാബു നടുങ്ങി. കഠിന നൊമ്പരത്തോടെ പൊട്ടിക്കരഞ്ഞു. മറ്റുള്ളവര്‍ സ്തബ്ധരായി. അപ്രതീക്ഷിതമായൊരു ആഘാതം. ആകുലതയുടെ നിമിഷങ്ങള്‍. കണ്ണീരും മരണവും മൃത ശരീരവും കണ്ടു പഴകിയ ഡോക്ടറുടെ പിന്നാലെ ബാബുവും ലൈസയും നടന്നു. പ്രേതഗൃഹത്തില്‍ നിശ്ചലയായി കിടക്കുന്ന ത്രേസ്യയെ കണ്ടു. ഒരിക്കലും ആഗ്രഹിക്കാത്ത ദാരുണമായ കാഴ്ച!
പ്രത്യാശയുടെ ദൈവത്തെ ബഹുമാനിക്കുന്നതിന് മരണം മനുഷ്യനെ സഹായിക്കുന്നുവോ?
ജീവിത്തിലെ പരമാധികാരിയായിരിക്കാന്‍ ദൈവത്തെ അനുവദിക്കുമോ? ബാബുവിന്റെ ദുഃഖത്തിന്റെ ആഴങ്ങളില്‍ നഷ്ടബോധവും കുറ്റബോധവും നിര്‍ഗ്ഗളിച്ചു. ശവം-സകലര്‍ക്കും മരണത്തോടെ ലഭിക്കുന്ന നാമം. ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റുന്ന രീതിയെക്കുറിച്ച് വിവരിച്ച ശേഷം ഡോക്ടര്‍ മറ്റൊരു വാര്‍ഡിലേക്ക് പോയി.
ബാബുവിന്റെ മനസ്സും ശരീരവും തളര്‍ന്നു. ഭാര്യയുടെ ചരമ വിവരം അറിയുമ്പോള്‍ പാപ്പിയുടെ പ്രതികരണം എന്തായിരിക്കുമെന്ന ചിന്തയും പൊന്തി വന്നു. തലേ ദിവസം അമ്മ തന്നോട് പറഞ്ഞത് അന്ത്യാഭിലാഷമായിരുന്നു എന്നു വിചാരിച്ച് വീണ്ടും കരഞ്ഞു. അനുസരിക്കാന്‍ മാത്രം അനുവദിക്കുന്ന നേരം. ജോസും ലൈലയും കൂടിയാലോചിച്ചും. കുറഞ്ഞ ചെലവില്‍ സംസ്‌കാരം നടത്തുന്ന ഫ്യൂണറല്‍ ഹോമില്‍ എത്തി. വിലകുറഞ്ഞ ശവപ്പെട്ടി വാങ്ങി. മണ്ണിനടിയില്‍ പോകുന്ന പെട്ടിക്ക് എന്തിനു വലിയ തുക മുടക്കണം എന്ന ചിന്ത അവര്‍ക്കുണ്ടായി. ബാബുവിന്റെ തകര്‍ന്ന മനസ്സും നിസ്സഹായതയും കണ്ട് ജോസ് പാപ്പിയെ ടെലിഫോണില്‍ വിളിച്ചു. ത്രേസ്യയുടെ വിയോഗ വിവരം അറിയിച്ചു. അതുകേട്ട് അന്ധാളിച്ച പാപ്പി പറഞ്ഞു.
എനിക്കവളെ അവസാനമായി ഒരു നോക്ക് കാണാനെങ്കിലും അനുവദിക്കണം. ഒരു പെട്ടിയിലാക്കി ഇങ്ങോട്ടയച്ചേക്കണം. ബാബുവും പറഞ്ഞു. നാട്ടില്‍ കൊണ്ടുപോയി അടക്കണമെന്ന്. അമ്മച്ചി എന്നോട് ഇന്നലെയും പറഞ്ഞു. അതുകൊണ്ട് അമ്മച്ചിയുടെ ശരീരം നാട്ടില്‍ കൊണ്ടുപോകമമെന്നാ എന്റെയും ആഗ്രഹം.
ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യര്‍ പല ആഗ്രഹങ്ങളും അറിയിക്കും. മരിച്ചാല്‍ പിന്നെ അതനുസരിച്ച് ചെയ്യാന്‍ കഴിയുമോ. സാഹചര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നതാ യുക്തി, ജോസിന്റെ ഉപദേശം കേട്ട് ലൈസ പറഞ്ഞു. ശവം നാട്ടിലെത്തിക്കാനും കൂടെ പോകാനും ചിലവുണ്ട്. ചത്താ പിന്നെ എവിടെയെങ്കിലും കുഴിച്ചിടണമെന്നേയുള്ളൂ. മരിച്ചു പോയവരുടെ മോഹമനുസരിച്ച് നാട്ടില്‍ കൊണ്ടുപോകാന്‍ രാഷ്ട്രീയ നോതാവൊന്നുമല്ലല്ലൊ. ഇവിടെ അടുക്കുന്നതിനും എത്രായിരം ഡോളര്‍ ഇപ്പോള്‍ ഉണ്ടാക്കണം. എല്ലാവര്‍ക്കും വേണ്ടി കഷ്ടപ്പെടാന്‍ ഞങ്ങളെയുള്ളൂ. അമ്മയുടെ ആഗ്രഹം വിഫലമാകുന്നു എന്ന വിചാരം ബാബുവിനെ വേദനിപ്പിച്ചു. എങ്കിലും ഭാര്യയുടെയും അളിയന്റെയും തീരുമാനത്തോട് യോജിച്ചു. മറ്റുള്ളവരുടെ സഹകരണം അത്യന്താപേക്ഷിതമായ സമയത്ത് ഭിന്നത് ഉപേക്ഷിച്ചു.
പിറ്റേദിവസം രാവിലെ ത്രേസ്യയുടെ മൃതശരീരം ഫ്യൂണറല്‍ ഹോമില്‍ കൊണ്ടുവന്നു. രാത്രിയോടെ ചരമചടങ്ങുകള്‍ സമാപിച്ചു. പിറ്റേദിവസം ഉച്ചക്ക് ശവസംസ്‌കാരം നടത്താന്‍ തീരുമാനിച്ചു.
വീട്ടില്‍ എത്തിയിട്ടും വിഷാദം മുറ്റിനില്‍ക്കുന്നു ദുഃഖത്തിന്റെ ആഴം വര്‍ദ്ധിക്കുന്നു. ക്ഷീണിതര്‍ക്ക് ശക്തി നല്‍കുന്ന വിശ്വാസത്തിന്റെ മാര്‍ഗ്ഗം പ്രാര്‍ത്ഥനയാണെന്നു പഠിപ്പിച്ച മാതാവ്, നാളെ മണ്ണില്‍ മറയും.
പാതിരാവായിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. പുകയുന്ന അന്ത:കരണത്തില്‍ പുത്രധര്‍മ്മം പാലിക്കാന്‍ കഴിയാത്തതിനാല്‍ കുറ്റബോധം. വാഗ്ദാനം നിറവേറ്റാന്‍ നിവൃത്തിയില്ലെന്ന ചിന്ത തളര്‍ത്തുന്നു. അമ്മയ്ക്ക് നല്‍കേണ്ട ഹൃദയംഗമായ സമ്മാനം അന്ത്യാഭിലാഷത്തിനു വിരുദ്ധമായ വിദേശ കബറടക്കമാണോ എന്ന് സ്വയം ചോദിച്ചു.
ആദര്‍ശങ്ങള്‍ നിസ്സഹായതയാല്‍ ഇടിഞ്ഞു വീഴും. മനുഷ്യന്‍ ശ്വാസം മുട്ടുമ്പോള്‍ അരുതാത്തതു ചെയ്യും. രജ്ജന മനോഭാവത്തോടെ സഹായിക്കേണ്ടവളാണ് ഭാര്യ. ഭര്‍ത്താവിന്റെ പുത്രധര്‍മ്മത്തിനെതിരെ ഉപദേശം നല്‍കാമോ? മാതാപിതാക്കളുടെ അന്ത്യാഭിലാഷങ്ങളെ സ്വന്തം മക്കള്‍ സഥലമാക്കേണ്ടതല്ലേ? കുറ്റബോധം ഹൃദയത്തെ വെട്ടിക്കീറുന്നു. ജീവിതാന്ത്യംവരെ കൂടെ യാത്ര ചെയ്യേണ്ടവളാണ് ഭാര്യ. ആരേ അനുസരിക്കണം? മടങ്ങി വരാത്ത അമ്മയെയൊ? ആരെ അവഗണിക്കണം- പിതാവാം ദൈവത്തോട് മാര്‍ഗ്ഗദര്‍ശനം നല്‍കുവാന്‍ അയാള്‍ അപേക്ഷിച്ചു.
ആ സമയം വരെ അനുഭവപ്പെടാത്ത ആത്മധൈര്യം ഒഴുകിവന്നു. പുത്രധര്‍മ്മത്തിന്റെ കാന്ത ശക്തി അതില്‍ ലയിച്ചു. ബാബു എഴുന്നേറ്റു. ഏറ്റവും നല്ല സൗഹൃദം നിലനിര്‍ത്തുന്നത് നീതിയാണെന്ന് ബോദ്ധ്യപ്പെട്ടു. ഒരു മകന്റെ കടമ സമാധാനം കൈവരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും സ്വയം സമ്മതിച്ചു.
എവിടെ, എന്തിനു പോകുന്നുവെന്ന് ലൈസയോട് പറഞ്ഞില്ല. ജ്ഞാനം അഹന്തയോട് അഭിപ്രായം ചോദിക്കരുതല്ലൊ. മഞ്ഞും മഴയും നനച്ച റോഡിലൂടെ കാറോടിച്ച് ഫ്യൂണറല്‍ ഹോമിലെത്തി. നിശ്ചയിക്കപ്പെട്ട ശവസംസ്‌കാരം റദ്ദ് ചെയ്തു. അപ്പോള്‍ മനസിന്റെ ഭാരം കുറഞ്ഞു.
അനുതാപത്തിന്റെ ഒരു ദിവസം കൂടി കൊഴിഞ്ഞു.
ബാബു പെറ്റമ്മയുടെ മൃതശരീരവുമായി വിമാനമേറി. മരിച്ചവരോടുള്ള ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്തം ആത്മീയത ബലിയാണെന്ന് സത്യം ആ ആകാശയാത്ര വ്യക്തമാക്കി. ഒരു അമ്മയുടെ ആത്മാവ് അതുകണ്ട് ആനന്ദിച്ചിട്ടുണ്ടാകാം.
നഷ്ടപുത്രന്‍ (ചെറുകഥ)- ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക