അകലങ്ങള്‍ - ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 30 April, 2013
അകലങ്ങള്‍ -  ജോണ്‍ വേറ്റം
ആത്മാവ് എന്ന അത്ഭുതത്തിലേക്ക് എത്തി നോക്കുമ്പോള്‍ എന്തു കാണാം? പുനര്‍ജനനത്തെയും വീണ്ടും ജനനത്തെയും തമ്മില്‍ താരതമ്യപ്പെടുത്താമോ? പനരുജ്ജീവനത്തിന് ആത്മീയതയില്‍ സ്ഥാനമുണ്ടോ? ഇവയെ ആധുനികത എങ്ങനെ പരിഗണിക്കുന്നു.

മരണശേഷം മനുഷ്യന് മറ്റൊരു ജീവിതം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ഒരു വശത്ത്, സംശയിക്കുന്നവര്‍ മറുഭാഗത്ത്. മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്നും ആത്മാവിന്റെ സാന്നിദ്ധ്യം മിഥ്യയെന്നും കരുതുന്നവര്‍ വേറിട്ടു നില്‍ക്കുന്നു. മതസിദ്ധാന്തങ്ങളും മത്സരിക്കുന്നു.

ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പ്പെടുന്ന പ്രക്രിയയാണ് മരണമെന്നും അതു സംഭവിക്കുമ്പോള്‍ ആത്മാവ് പ്രതിരൂപമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ആത്മാക്കള്‍ പല വിധത്തില്‍ ഉണ്ടെന്നും, ശരീരത്തില്‍ സ്ഥിതി ചെയ്യുന്നത് പരമാത്മാവും ആണെന്ന് കരുതപ്പെടുന്നു. അവ സ്വയം രൂപഭേദം വരുത്തും. മറ്റുള്ളവരില്‍ പ്രവേശിക്കും. മൃഗങ്ങളില്‍ കടക്കും. ഒരു ശരീരത്തില്‍ ഒന്നിലധികം വസിക്കും. സജ്ജനങ്ങളുടെയും ദുര്‍ജ്ജനങ്ങളുടെയും ആത്മാക്കള്‍ക്ക് വ്യത്യസ്ത വാസസ്ഥലങ്ങളും ഉണ്ടത്രേ. എങ്കിലും അരൂപികളെ സംബന്ധിച്ച അടിസ്ഥാന തത്വങ്ങള്‍ ഭിന്നിക്കുന്നു.  വിജ്ഞാനം അനുദിനം വികസിക്കുന്ന ഈ ഘട്ടത്തിലും മനുഷ്യാത്മാവിന്റെ രഹസ്യം മറഞ്ഞു നില്‍ക്കുന്നു.
മനുഷ്യന് പൂര്‍വ്വ ജന്മങ്ങളും ഭാവി ജന്മങ്ങളും ഉണ്ടെന്നും കര്‍മ്മഫലം അനുസരിച്ച് ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുമെന്നും ഒരു സിദ്ധാന്തം. യഹുദ ക്രൈസ്തവ ഇസ്ലാം മതങ്ങളും ഇന്‍ഡ്യയില്‍ ബുദ്ധ ജൈന ഹിന്ദുമതങ്ങളും ആത്മാവിന്റെ  അഗോചരമായ ആസ്തിക്യത്തില്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാലും, അവയുടെ താരതമ്യ ചിന്തനം വേര്‍തിരിയുന്നു.
ഇക്കാലത്തുള്ള മത ബഹുലതയും സഭാ ബഹുത്വവും ഇല്ലാതിരുന്ന ഭൂതകാലത്ത്, ആത്മാവിനെ അഥവാ അരൂപിടെ സംബന്ധിച്ച ചിന്ത മതത്തിനു വെളിയില്‍ പൊന്തിവന്നുവെന്നും അതു ക്രമേണ വേദങ്ങളില്‍ വേരൂന്നി വളര്‍ന്നുവെന്നും ചരിത്രരേഖകള്‍. മരണശേഷമുള്ള ജീവനം ശാസ്ത്രീയ വീക്ഷണത്തിന് അതീതമോ വിപരീതമോ എന്ന് തിട്ടപ്പെടുത്തുവാന്‍ കഴിയാത്തതിനാല്‍, ആത്മീയ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അന്വേഷണങ്ങള്‍ പണ്ടേ ആരംഭിച്ചു. അതിന്റെ ഫലമായി അതീതമനശാസ്ത്രവും(പാരാ സൈക്കോളജി) അതീന്ദ്രിയ ആധാരമാക്കിയുണ്ടാക്കിയ മാരകമായ അനാചാരങ്ങളും, ദുര്‍മന്ത്രവാദങ്ങളും മൃഗബലിയും, മനുഷ്യക്കുരുതിപോലും പ്രവര്‍ത്തനത്തില്‍ വന്നു. പരദ്രോഹം കൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു കപടലോകം തന്നെ നിലവിലായി.
പുനര്‍ജന്മത്തെ പുനരുജ്ജീവമെന്നും പുനര്‍ജനനമെന്നും വീണ്ടും ജനനമെന്നും, പുനരുത്ഥാനമെന്നും പുതുക്കിപ്പറയുന്ന പ്രവണത സാക്ഷരലോകത്തെത്തി. എന്താണ് പുനരുജ്ജീവനം. ജീവനുള്ള ജന്തുക്കളുടെ നഷ്ടപ്പെടുന്ന ശരീരഭാഗങ്ങള്‍ വീണ്ടും ഭാഗികമായോ പൂര്‍ണ്ണമായോ ഉണ്ടാകുന്ന അഥവാ വളരുന്ന പ്രതിഭാസമാണ് പുനരുജ്ജീവനം. പറവകളുടെ തൂവല്‍ കൊഴിയുമ്പോഴും ഇഴജന്തുക്കളുടെ ശല്‍ക്കങ്ങള്‍ ഉരിഞ്ഞു പോകുമ്പോഴും അവ പുനര്‍ സൃഷ്ടിക്കപ്പെടുന്നു. ബാഹ്യചര്‍മ്മവും നഖവും നഷ്ടപ്പെട്ടാല്‍ വളര്‍ന്നുവരും. ഇങ്ങനെ പുതുതായി ഉണ്ടാകുന്നതാണ് പുനരുജ്ജീവനം. ഇവ ആവര്‍ത്തന പുനരുജ്ജീവനം(റപ്പിറ്റേറ്റീവ് റീജന റേഷന്‍) വ്യാജീകരണ പുനരുജ്ജീവനം(റസ്സൊറേറ്റീവ് റീജനറേഷന്‍) എന്നും രണ്ടുതരത്തില്‍ ഉണ്ടെന്നും ജന്തു ശാസ്ത്രം പറയുന്നു. മനുഷ്യാത്മാവുമായി ഇതിനു ബന്ധമില്ല.

എന്താണ് പുനര്‍ജനനം( റീഇന്‍കാര്‍നേഷന്‍) പുനര്‍ജനനത്തെ പുനര്‍ജന്മമെന്നു വിശേഷിപ്പിക്കാറുണ്ട്. ആത്മാവിനെ സംബന്ധിച്ച സിദ്ധാന്തത്തെ തെറ്റിധരിപ്പിക്കുന്ന അനവധി വ്യാഖ്യാനങ്ങള്‍ ഇപ്പോഴും ഉണ്ട്. മനുഷ്യന്റെ മരണശേഷം ആത്മാവ് കണ്ടെത്തുന്ന മറ്റൊരു ജനനമാണ് പുനര്‍ജ്ജനനം എന്നു വിശ്വസിക്കപ്പെടുന്നു. ഒരു ജന്മത്തിലെ കര്‍മ്മഫലംകൊണ്ട് ശുദ്ധീകരിക്കപ്പെട്ടു മോക്ഷസ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍, വീണ്ടും ശുദ്ധീകരിക്കപ്പെടുന്നതിന് സ്വീകരിക്കുന്ന രൂപധാരണമാണ് പുനര്‍ജനനം, മോക്ഷം എന്ന ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ആത്മാവ് പുനര്‍ജനന പരമ്പരയിലൂടെ സഞ്ചരിക്കണമെന്ന് സാരാര്‍ത്ഥം.

പുനരുജ്ജീവനോടും പുനര്‍ജനനത്തോടും ചേര്‍ത്തുകെട്ടിയ മറ്റൊരു നാമമാണു വീണ്ടും ജനനം. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ആത്മീയ യോഗ്യതയെ അര്‍ത്ഥമാക്കുന്നതാണ് വീണ്ടും ജനനം.(ബോണ്‍ എഗയ്ന്‍) ജീവിക്കുന്ന മനുഷ്യന്റെ മാനസ്സികവും ജീവിതപരവുമായ സമഗ്ര പരിവര്‍ത്തനത്തെയാണ് ഇത് ഉദ്ദേശിക്കുന്നത്. പാപത്തില്‍ ജനിച്ചുവെങ്കിലും, രക്ഷിക്കപ്പെടുന്നതിന് ക്രിസ്തുവില്‍ ആയിത്തീരുന്ന അവസ്ഥ. ഇതു സങ്കല്പമല്ല. സ്പന്ദിക്കുന്ന യാഥാര്‍ത്ഥ്യമെന്ന് വീണ്ടും ജനനം പ്രാപിച്ച ജനകോടികള്‍ സാക്ഷീകരിക്കുന്നു. നക്കോദേമൊസ് എന്നു പേരുള്ള ഒരു യഹൂദന് യേശുക്രിസ്തു നല്‍കിയ വേദ പരിജഞാനം അഥവാ മാര്‍ഗ്ഗദര്‍ശനമാണ് ഇതിന്റെ സാരംശം.(യഹൊ. 3,5,7) പാപത്തില്‍ മരിച്ച് ക്രിസ്തുവില്‍ വീണ്ടും ജനിക്കുന്ന സമൂല പരിവര്‍ത്തനം. അതുതപിച്ച് ഹൃദയത്തിലും ജീവിതത്തിലും വിശുദ്ധിപ്രാപിച്ച്. ജാഗ്രതയോടെ ജീവിക്കുന്ന അവസ്ഥ. ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു എന്ന ബൈബിള്‍ വാക്യത്തില്‍ ഈ മൗലികതത്ത്വം അടങ്ങിയിരിക്കുന്നു.

പുനര്‍ജന്മവും പുനരുത്ഥാനവും ഒന്നുതന്നെ, എന്ന വാദഗതി നിലച്ചിട്ടില്ല ഇവ സമാന്തര വസ്തുതകളാണെന്ന കാര്യത്തിലും, പുനര്‍ ജന്മം സങ്കല്‍പവും പുനരുത്ഥാനം സംഭവരമാണെന്ന വിശ്വാസത്തിലും അഭിപ്രായഭിന്നത. പുനര്‍ ജന്മം (മററംസിക്കോസിസ്) ചിന്തനീയമാണ്. ഇംഗ്ലീഷില്‍ റീബര്‍ത്ത് എന്ന മൊഴിയും ഉണ്ട്. മരണം ശരീരത്തെ നശിപ്പിക്കുമെങ്കിലും ആത്മാവിനെ ഉന്മൂലനം ചെയ്യുന്നില്ല. ആത്മാവ് ഒരു ദേഹം വിട്ട് മറ്റൊരു ദേഹത്തില്‍ പ്രവേശിക്കുന്ന ദേഹാന്തര പ്രാപ്തിയാണെന്നും അഥവാ ജനന മരണങ്ങളിലൂടെ മനുഷ്യാത്മാവ് പുതിയ ശരീരങ്ങളില്‍ സഞ്ചരിക്കുന്നുവെന്നുമാണഅ പുനര്‍ജന്മവിശ്വാസം. ഒന്നിലധികം ആത്മാക്കള്‍ക്ക് ഒരു ശരീരത്തില്‍ വസിക്കാം. മൃഗങ്ങളുടെ ശരീരത്ത് കടക്കാം. പ്രകൃതിവസ്തുക്കളായി രൂപപ്പെടാം. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് രൂപം മാറുന്നു. മനുഷ്യനായി വീണ്ടും ജനിക്കുന്നതിന് സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കാം. സജ്ജനങ്ങളുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗസുഖവും ദുര്‍ജ്ജനങ്ങളുടെ ആത്മാക്കള്‍ ദുരിതങ്ങളും അനുഭവിക്കും. എങ്കിലും സല്‍ക്കര്‍മ്മം വഴി പരബ്രഹ്മത്തില്‍ ലയിക്കാം. ഇങ്ങനെ പുനര്‍ജന്മത്തെ സംബന്ധിച്ച് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും, ആത്മാവിന്റെ ആദിയും അന്തവും സംബന്ധിച്ച വിവരങ്ങള്‍ ഇന്നും ഇരുട്ടിലാണ്.
ആത്മാവിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രചനാത്മകമാണ്. അര്‍ത്ഥപൂര്‍ണ്ണമായ അനവധി സംശയങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഉണ്ട്. എന്നാലും മനുഷ്യനെ ജീവനുള്ളതാക്കുന്ന ജീവിപ്പിക്കുന്ന പ്രകൃതയാതീത ശക്തിയാണഅ ആത്മാവ് എന്ന യുക്തി വിചാരം ശക്തിപ്പെട്ടുനില്‍ക്കുന്നു. ദൈവം ആത്മാവാണെന്ന് പഠിപ്പിക്കുന്ന ബൈബിളില്‍ ആത്മാവിനെ സംബന്ധിച്ച് അഞ്ഞൂറില്‍ പരം വാക്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണ്. ക്രിസ്തുവിന്റെ പുനരുത്ഥാനം. യേശു ക്രിസ്തു മനുഷ്യ വര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി കുരിശില്‍ മരിച്ചു അടക്കപ്പെട്ടു. മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേറ്റു എന്ന് വിശ്വസിക്കപ്പെടുന്നു. പ്രസ്തുത ക്രൂശാരോഹണത്തെയും മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് ക്രിസ്തു പല പ്രാവശ്യം തന്റെ ശിഷ്യന്മാരോട് സംസാരിച്ചതായും ബൈബിള്‍ പ്രസ്താവിക്കുന്നു. മരിച്ച മനുഷ്യന്‍ ജീവന്‍ പ്രാപിച്ചു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് പുനരുത്ഥാനം.

ഏതു ജീവിതത്തില്‍ നിന്നും മരിച്ചുവോ അതേ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ഭൗതിക പുനരുത്ഥാനം. യേശു ഉയര്‍പ്പിച്ച ലാസറും, അപ്പസ്‌തോലനായ പത്രോസ് ഉയിര്‍പ്പിച്ച തബിഥായും, അപ്പസ്‌തോലനായ പൗലോസ് ഉയിര്‍പ്പിച്ച യൂത്തിക്കൊസും ഇതിന് സാക്ഷികളാണ്. അവര്‍ മരണത്തിന് മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങി വന്നു. എന്നാല്‍ ക്രിസ്തുവിന്റെ പുനരുത്ഥാനം അങ്ങനെ ആയിരുന്നുവോ? യേശു സ്വയം ഉയിര്‍ത്തെഴുന്നേറ്റു. അതിനു മുമ്പേ ആത്മാവില്‍ അവന്‍ ചെന്നു തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുനരുത്ഥാനത്തിലൂടെ ക്രിസ്തുവിന്റെ ശരീരത്തിന് രൂപപരിണാമമുണ്ടായി. അടയ്ക്കപ്പെട്ട കല്ലറയില്‍ നിന്നും സ്വയം പുറത്തു വന്നു. കല്ലറക്കല്‍ വന്ന സ്ത്രീകളോട് സംസാരിച്ചു. വാതില്‍ തുറക്കാതെ, അടയ്ക്കപ്പെട്ട മുറിയില്‍ കടന്നു, ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായി. ആണിപ്പഴുതുകളുള്ള കൈകാലുകള്‍ കാണിച്ചു അവരോടൊപ്പം ഭക്ഷിച്ചു. സഞ്ചരിച്ചു. ശിഷ്യന്‍മാര്‍ക്ക് പരിശുദ്ധാത്മ ശക്തിയും പ്രേഷിത ദൗത്യവും നല്‍കി. അനേകര്‍ക്ക് ദര്‍ശനം നല്‍കിയ ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തു. വീണ്ടുവരുമെന്ന് വിശ്വാസപ്രമാണം.

മനുഷ്യ വര്‍ഗ്ഗത്തിന്റെ പാപപരിഹാരത്തിനുവേണ്ടിയുള്ള ശിക്ഷ ക്രൂശാരോഹണത്തിലൂടെ ക്രിസ്തു അനുഭവിച്ചതിനാല്‍, വിശ്വാസികള്‍ മരണത്തെ ഭയക്കേണ്ടതില്ലെന്ന്, നിത്യജീവനിലേക്ക് മാറുന്നതിന് ആത്മശരീരം പ്രാപിക്കുന്ന രൂപാന്തരത്തിന്റെ അനുഭവമാണ് മരണമെന്നും വിശ്വസിക്കപ്പെടുന്നു…
തന്റെ ഉയിര്‍പ്പ് സത്യവിശ്വാസികളുടെ ഉയിര്‍പ്പിനു വഴിയൊരുക്കുമെന്ന ക്രിസ്തു വചനം വിശ്വാസപ്രമാണത്തിന് അടിസ്ഥാനമായി. മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. നശ്വരമായത് അനശ്വരതയെയും മര്‍ത്ത്യമായത് അമര്‍ത്യതയെയും ധരിക്കുമെന്ന് ബൈബിള്‍(1.കൊര്‍.15.35.54) പുനരുത്ഥാന ശരീരത്തെപ്പറ്റി പറയുന്നു. അതുകൊണ്ട് സ്വര്‍ഗ്ഗസ്ഥരാകുന്നതിന്, മനുഷ്യാതമാക്കള്‍ പുനര്‍ജനനങ്ങള്‍ പ്രാപിച്ചു കഷ്ടപ്പെടുകയും കാലങ്ങളോളം കാത്തിരിക്കുകയും വേണ്ട. പിന്നയോ ക്രിസ്തുവിലായാല്‍ മാത്രം മതിയെന്നു തത്ത്വം. ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു എന്നു വിശ്വാസം. ഇങ്ങനെ പുനര്‍ ജന്മവും പുനരുത്ഥാനവും രണ്ടാണെന്നും സമാന്തരമെന്നും കരുതാമല്ലോ. വിവര്‍ത്തനങ്ങളിലെ വ്യത്യസ്ത ശ്രേഷ്ഠവരം നല്‍കാറില്ല. ക്രിസ്തുവിലായവര്‍  മരിച്ചാല്‍ പുനരുത്ഥാനം ചെയ്യുമെന്ന വിശ്വാസപ്രമാണത്തെ പുതുക്കുന്ന സുദിനമാണ് ഈസ്റ്റര്‍. ക്രൈസ്തവ സഭയുടെ ആരാധനാവത്സരത്തിലെ അതിപ്രധാന ആഘോഷം. അതു പ്രകടമാക്കുന്നത് മനുഷ്യ രക്ഷയ്ക്ക് വേണ്ടിയുള്ള ദൈവദത്തമായ പദ്ധതിയുടെ പവിത്രമായ പൂര്‍ത്തീകരണമാണ്. ആധുനിക ശാസ്ത്രങ്ങളും മതസിദ്ധാന്തങ്ങളും തമ്മിലുള്ള അന്തരം തുടരുന്ന വര്‍ത്തമാനകാലത്തും ക്രൈസ്തവ വിശ്വാസവും പെരുമാറ്റവും ജനനന്മയ്ക്ക് സഹായിക്കുമെന്നും ക്രിസ്തീയ ദേവശാസ്ത്രത്തിന്റെ മര്‍മ്മം സന്മാര്‍ഗ്ഗ ജീവിതമെന്നും ഓര്‍മ്മിപ്പിക്കുന്ന നേരം! ഭൂമുഖത്തുള്ള സകല ജനതകളെയും സഹോദരങ്ങളായി കരുതി സ്‌നേഹിക്കുന്നതിന് ആത്മീയ ശക്തി പകരുന്ന വേള! അങ്ങനെയാണെങ്കിലും, ഇതിലുള്ള ആത്മീയതയും സനാതന സുവിശേഷവും പരിമിതപ്പെടുത്തുന്ന പ്രവണതകള്‍ പ്രവര്‍ത്തനത്തില്‍ വരുന്നു. ഉയിര്‍പ്പ് പെരുന്നാളിനെ ബഹുമാനുതമാക്കുന്നത് ജനസാന്ദ്രതയില്‍ നിറയുന്ന ഭക്തിയും ദിവ്യമായ അനുഭൂതിയുമാണ്. അന്‍പതു ദിവസത്തെ നോയ്മ്പിന്റെയും പ്രാര്‍തഥനയുടെയും ഫലമാണ് അന്‍പത് ദിവസത്തെ നോയ്മ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ലഭിക്കുന്ന സംതൃപ്തിയാണ്. എന്നാല്‍, ഈസ്റ്ററിന്റെ ഉത്തമതാല്‍പര്യങ്ങള്‍ക്ക് യോജ്യമല്ലാത്ത ആചാരങ്ങള്‍ കടന്നുവരുന്നു.

ചില രാജ്യങ്ങളില്‍ വസന്തകാല സമൃദ്ധിയുടെ പ്രതീകമായി മുയല്‍ എന്ന ജന്തുവിന്റെ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ കാലത്ത് മുയലിന്റെ രൂപങ്ങളും ചായം തേച്ച മുട്ടകളും കുരിശാകൃതിയിലുള്ള  ബേക്കറി സാധാനങ്ങളും മറ്റും മറ്റും ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗവും വില്‍പന ചരക്കുകളുമായി. ആരാധകരെ ആകര്‍ഷിക്കുക എന്നതിലുപരി ഒരു ഉത്സവത്തിന്റെ ദൃശ്യാവലോകനം നല്‍കുക. ധനമുണ്ടാക്കുക, എന്ന ഉദ്ദേശങ്ങളാണ് പിന്നില്‍. ആത്മീയാഘോങ്ങളില്‍ ആ നാടകങ്ങളുടെ വാതായനങ്ങള്‍ തുറക്കരുതെന്ന ഉപദേശം കേള്‍ക്കാന്‍ കാതുകളില്ലാത്ത അവസ്ഥയാണ് മുന്നില്‍. ആഘോഷങ്ങള്‍ കാലോചിതമാകണമെന്ന് ശാഠ്യം ജയിക്കുന്നു. ക്രൈസ്തവ ലോകത്തിന് ഊര്‍ജ്ജം പകരുന്ന ആഘോഷമാണ് പുനരുത്ഥാനം. ആഘോഷമാണ് പുനരുത്ഥാനം. അതില്‍ സര്‍വ്വ ജനസംഖ്യം സ്ഥിതി ചെയ്യുന്നു. നീതിയുടെയും സമാധനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സത്യം അതു പ്രചരിപ്പിക്കുന്നു. മതാതീതമായൊരു മനുഷ്യസ്‌നേഹത്തിന്റെ മഹത്വം അതു ജനഹൃദയങ്ങളില്‍ നീണാള്‍ പകരട്ടെ.


അകലങ്ങള്‍ -  ജോണ്‍ വേറ്റം
ആത്മനാഥൻ 2013-04-30 08:12:53
ഞാൻ ഒരു ആത്മാവാണ്. പുനര് ജനനത്തിലും പുനരുട്ധാനത്തിലും എനിക്ക് വിശ്വാസം ഇല്ല വിശ്വാസം നഷ്ടപെട്ടത് എന്റെ മരണ ശേഷം ആണ്. ഞാൻ ആദ്യകാല അമേരിക്കാൻ കുടിയേറ്റക്കാരിൽ ഒരാലണ്. ജീവിക്കാൻ കിട്ടിയ നല്ല സമയം പലര്ക്കിട്ടു പാരവച്ചും കുതന്ത്രങ്ങൾ ഒപ്പിച്ചും ജീവിച്ചു. കാരണം മത പണ്ഡിതന്മാർ പറഞ്ഞു, പാപ പരിഹാരങ്ങൾ ചെയ്യതാൽ സ്വർഗ്ഗത്തിൽ പോകും എന്ന് അതുകൊണ്ട് ഞാൻ വിചാരിച്ചു രണ്ടു സ്ഥലത്തും ആഘോഷിക്കാൻ പറ്റുമെന്ന്. ഇപ്പോൾ അല്ലെ മനസിലായത് ഇതൊക്കെ വെറുതെ ആണെന്ന്. ഇതെഴുതാൻ തന്നെ , അമേരിക്കയിൽ വന്നപ്പോൾ തുടങ്ങി ഒരെഴുത്തുകാരൻ ആകാൻ കച്ച കെട്ടി ഇറങ്ങിയ ഒരു പ്രവാസിയുടെ ദേഹത്ത് ഇന്നലെ രാത്രിയില അദ്ദേഹം കൂര്ക്കം വലിച്ചു ഉറങ്ങിയപ്പോൾ അയ്യാളുടെ മൂക്കിൽ കൂടി കയറി കൂടി. അയ്യാൾ ഇന്ന് കാലത്തെ ഇരുന്നു എഴുതുമ്പോൾ അറിയുന്നില്ല ഞാൻ അയ്യലിൽ ഉണ്ടെന്നു. ഞാൻ പറഞ്ഞു വന്നത് ഭൂമിയില ജീവിക്കുമ്പോൾ സഹജീവികളെ സ്നേഹിച്ചു, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക. ശരീരം അതമാവിന്റെ ക്ഷേത്രം ആണ്. ഇങ്ങനെ ഒക്കെ സ്രിഷിട്ടുച്ചു, ആതമാവിനെ അതിനകത്താക്കി വച്ചിരിക്കുന്നതിനു ഒരു ലക്‌ഷ്യം ഉണ്ട്. അത് നിര്വഹിക്കാതെ മറ്റൊരു ജീവിതം ഉണ്ടെന്നു വിഷസിക്കുന്നത് തെറ്റ്. ഞാൻ ഇയ്യാളെ വിട്ടു പോകുകുകയാണ്. പുള്ളിക്കാരൻ വെള്ളം അടിക്കാനുള്ള പരിപാടിയാണ്. ഞാൻ അതമാവായി ഈ വായുവിൽ ഇങ്ങനെ കറങ്ങി നടക്കും. വല്ലപ്പോഴും വല്ലവരുടേം ദേഹത്ത് കയറികൂടി ചില തരികടകൽ കാണിക്കും. പഠിച്ചതല്ലേ പാടാൻ പറ്റു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക