മുട്ടത്തു വര്‍ക്കി മലയാളമനസ്സിന്റെ ചരിത്രകാരന്‍ -പി.റ്റി.പൗലോസ്

പി.റ്റി.പൗലോസ് Published on 23 May, 2013
മുട്ടത്തു വര്‍ക്കി മലയാളമനസ്സിന്റെ ചരിത്രകാരന്‍ -പി.റ്റി.പൗലോസ്
മണ്ണിന്റെ മണമുള്ള മനുഷ്യരുടെ കഥ പറഞ്ഞ് മലയാള മനസ്സുകളില്‍ ജ്വലിച്ചു നിന്ന മുട്ടത്തു വര്‍ക്കിക്കൊപ്പം ജന്മശതാബ്ദിയിലെത്തിയ മലയാള സാഹിത്യത്തിലെ അതികായകനെക്കൂടി ഇവിടെ സ്മരിക്കേണ്ടതായി തോന്നുന്നു. സഞ്ചാരസാഹിത്യത്തിലൂടെ മലയാളസാഹിത്യത്തെ ദേശാന്തരങ്ങളിലെത്തിച്ച, സഞ്ചാരം ഒരു ലഹരിയാക്കിമാറ്റിയ, കാപ്പിരികളുടെ നാടായ ആഫ്രിക്കയുടെ വാതിലുകള്‍ മലയാളിക്കായി ആദ്യം തുറന്നുകൊടുത്ത, സാഹിത്യത്തിലെ മഹോന്നതപദവിയായ ജ്ഞാനപീഠം കരസ്ഥമാക്കിയ എസ്.കെ. പൊറ്റക്കാട്. പൊറ്റക്കാട് മുട്ടത്തു വര്‍ക്കിയെപ്പറ്റി പറഞ്ഞത് പൊറ്റക്കാടിന്റെ തന്നെ ഭാഷയില്‍:

“മലയാളസാഹിത്യത്തിന്റെ ഊഷരഭൂമിയില്‍ അല്പമെങ്കിലും ആശ്വാസം പകരാന്‍ കെല്‍പ്പുള്ള ഒരു നോവലിസ്റ്റേ ഉള്ളൂ. അദ്ദേഹത്തിന്റെ തൂലിക ചലിക്കുന്നത് ജനസാമാന്യത്തിന്റെ ആത്മസ്പന്ദനങ്ങള്‍ക്ക് അനുസരണമായിട്ടാണ്. സഹൃദയരുടെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരനാണ് അദ്ദേഹം. അതുല്യപ്രഭാവനായ ഒരുത്തമ കലാകാരന്‍. അദ്ദേഹത്തിന്റെ പേരാണ് സാക്ഷാല്‍ മുട്ടത്തു വര്‍ക്കി. മനുഷ്യത്വത്തിന്റെ മഞ്ജുളമേഖലയില്‍ നിന്നുകൊണ്ട്, ക്ലിക്കുകളെയും ചേരിതിരിവുകളെയും അതിജീവിച്ചുകൊണ്ട്, തിനിക്കുതാന്‍പോന്നവനായി അദ്ദേഹം അനുസ്യൂതം സാഹിത്യസൃഷ്ടി നടത്തുന്നു. മലയാളസാഹിത്യത്തില്‍ അദ്ദേഹം പുതിയൊരു വഴിത്താര വെട്ടിത്തുറന്നിരുന്നിരിക്കുന്നു. യുഗപ്രഭാവനായ ആ കലാകാരന് നമുക്കു നന്മകള്‍ നേരാം.”

മുട്ടത്തു വര്‍ക്കിയെപ്പറ്റി പറയുമ്പോള്‍ കേസരി ബാലകൃഷ്ണപിള്ളയുടെ വാക്കുകള്‍കൂടി പ്രസക്തമാണ്: “മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വര്‍ക്കി.”
ശരിയാണ്. മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്‌നേഹിച്ച സാഹിത്യകാരന്‍. മലമടക്കുകളിലെ മരക്കൊമ്പുകളില്‍ മറഞ്ഞിരിക്കുന്ന മണ്ണാത്തിക്കിളികളും പൂങ്കുയിലുകളും കാക്കത്തമ്പുരാട്ടികളും വര്‍ക്കിയുടെ പുസ്തകത്താളുകളിലേക്കു പറന്നിറങ്ങി. വെള്ളിമേഘങ്ങളും ഓണനിലാവും കൈക്കോര്‍ക്കുന്ന മലയോരഗ്രാമഭംഗിയെ അദ്ദേഹം അക്ഷരങ്ങളിലേക്ക് ആവാഹിച്ചു. അങ്ങനെ അഴകുള്ള സെലീനയും, ഇണപ്രാവുകളും, തെക്കന്‍കാറ്റും, പാടാത്ത പൈങ്കിളിയും, പട്ടുതൂവാലയും, മയിലാടുംകുന്നുമെല്ലാം കാല്പനികതയുടെ മാധുര്യത്തോടെ മലയാളി മണ്ണിലേക്കു പിറന്നുവീണു.
പ്രണയം ആഘോഷമാക്കിയ ഒരു കൗമാരകാലം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയവര്‍ണ്ണങ്ങളില്‍ മുട്ടത്തു വര്‍ക്കിയുടെ സര്‍ഗസമ്പന്നതയുടെ നിറപ്പകിട്ടുണ്ടായിരുന്നു. ഞാനെഴുതിയ പ്രണയലേഖനങ്ങള്‍ ഇണപ്രാവുകളുടെയും, അഴകുള്ള സെലീനയുടെയും പട്ടുതൂവാലയുടെയും കൊച്ചുകൊച്ചു പതിപ്പുകളായിരുന്നു. എന്റെ പത്താം ക്ലാസ് പരീക്ഷയുടെ മലയാളം സെക്കന്‍ഡ് പേപ്പറില്‍ തെക്കന്‍കാറ്റും കരകാണാക്കടലും ഒരു കുടയും കുഞ്ഞുപെങ്ങളും കോട്ടയംശൈലിയില്‍ നിറഞ്ഞുനിന്നിരുന്നെന്നു പറയുന്നതില്‍ എനിക്കു ലജ്ജയില്ല.

ജനപ്രിയസാഹിത്യത്തിന്റെ മലയാളഭാവുകത്വമായ, കാവ്യസംസ്‌കാരത്തിന്റെ ആത്മശക്തിയുടെ പ്രതീകമായ മുട്ടത്തു വര്‍ക്കി ഏറ്റവും കൂടുതല്‍ നോവലുകളെഴുതി-മറ്റൊരര്‍ത്ഥത്തില്‍, മലയാളി മനസ്സിന്റെ ചരിത്രമെഴുതി. അവ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ക്കു ജന്മം നല്‍കി റിക്കാര്‍ഡിട്ടു. ആ സിനിമകളില്‍ പാട്ടെഴുതാന്‍ വയലാര്‍പോലും മുട്ടത്തു വര്‍ക്കിയുടെ ഭാവനാസമ്പന്നത കടമെടുത്തിട്ടുണ്ടാകാം. കിഴക്കെ മലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനിപ്പെണ്ണാക്കിയ വയലാറില്‍ ഒരു മുട്ടത്തുവര്‍ക്കി-ടച്ചില്ലേ? കുഞ്ഞാറ്റക്കുരുവികളെ കുരുത്തോലപ്പെരുന്നാളിനു പള്ളിയില്‍ കൊണ്ടുപോയ വയലാറില്‍ ഒരു മുട്ടത്തു വര്‍ക്കി -ടച്ചില്ലേ?

തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ വേദനയുടെ ചിത്രം വരച്ച് അറുപതുകളിലും എഴുപതുകളിലും മലയാള നോവല്‍സാഹിത്യത്തില്‍ മുട്ടത്തു വര്‍ക്കി നിറഞ്ഞു നിന്നു. അറുപതുകളുടെ അവസാനത്തില്‍, അല്ലെങ്കില്‍ എഴുപതുകളുടെ ആരംഭത്തില്‍, മലയാളസാഹിത്യത്തിന് മറ്റൊരു ദിശാബോധം കൈവന്നപ്പോള്‍, മുട്ടത്തുവര്‍ക്കി പൈങ്കിളിയെഴുത്തുകാരന്‍, അല്ലെങ്കില്‍ നസ്രാണിയെഴുത്തുകാരനെന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. ശരിക്കും ഒരു സാഹിത്യകാരനാകണമെങ്കില്‍ 'മാതൃഭൂമി' വാരികയിലോ, ചുരുങ്ങിയപക്ഷം മലയാളനാടിലോ, എഴുതണമെന്ന ഒരു അലിഖിതനിയമം അന്നു നിലനിന്നതായി തോന്നുന്നു. കോട്ടയത്ത് സാഹിത്യപ്രവര്‍ത്തകസഹകരണസംഘം രൂപീകരിച്ചപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ മുട്ടത്തു വര്‍ക്കി ഉണ്ടായിരുന്നില്ല. അതിനു ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖര്‍ മുണ്ടശ്ശേരി, കാരൂര്‍, ഡി.സി. കിഴക്കേമുറി, പൊന്‍കുന്നം വര്‍ക്കി എന്നിവരായിരുന്നു. അപ്പോള്‍ മുട്ടത്തു വര്‍ക്കി ദീപികയില്‍ത്തന്നെ ഒതുങ്ങിനിന്നു. അക്കാലത്ത് കോട്ടയം വൈ.എം.സി.എ.ഹാളില്‍ നടന്ന സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഒരു സമ്മേളനത്തില്‍ മുട്ടത്തു വര്‍ക്കി പങ്കെടുക്കുന്ന സംഭവം പറഞ്ഞുകേട്ടിട്ടുണ്ട്. മുണ്ടശ്ശേരി മാസ്റ്റര്‍ ആയിരുന്നു അദ്ധ്യക്ഷന്‍. എം.ടി. വാസുദേവന്‍ നായരും മുട്ടത്തു വര്‍ക്കിയും മറ്റുപല പ്രമുഖരും പ്രസംഗകരുടെ ലിസ്റ്റിലുണ്ട്. മുണ്ടശ്ശേരി തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു: നമ്മുടെ നോവല്‍ രചയിതാക്കള്‍, വിശ്വസാഹിത്യകാരന്മാരായ ടോള്‍സ്റ്റോയി, ദസ്തയേഫ്‌സ്‌ക്കി എന്നിവരെ മാതൃകയാക്കണം: വിശ്വസാഹിത്യം ഉള്‍ക്കൊണ്ടിട്ടുവേണം നമ്മളിവിടെ നോവല്‍ രചനക്കു കളമൊരുക്കേണ്ടത്. മുട്ടത്തു വര്‍ക്കി തന്റെ പ്രസംഗത്തില്‍ പറഞ്ഞത് മുണ്ടശ്ശേരിക്കു കുറിക്കുകൊള്ളുകയും ചെയ്തു: “എനിക്ക് ഒരു ടോള്‍സ്റ്റോയിയോ ദസ്തയേഫ്‌സ്‌ക്കിയോ ആകാന്‍ കഴിയില്ല. എനിക്കു മുട്ടത്തു വര്‍ക്കി ആകാനേ കഴിയുള്‌ലൂ. ഞാന്‍ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകള്‍ കുറിച്ചിട്ടു: അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മൈലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവര്‍ച്ചട്ടയുമായി കേരളത്തിലെ വായനാശാലകളില്‍ സജീവമാണ്. എനിക്ക് അതു മതി.” ഈ പറഞ്ഞ വിശ്വസാഹിത്യകാരന്മാരെ ഉള്‍ക്കൊണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ എഴുതിയ പുസ്തകങ്ങള്‍ വായനക്കാരില്ലാതെ വെട്ടിത്തിളങ്ങുന്ന പുറംചട്ടയോടെ മാസ്റ്ററുടെ മച്ചിന്‍പുറത്ത് അട്ടിയിട്ടു വച്ചിരിക്കുന്നതു മറച്ചുവെച്ചുകൊണ്ടാണ് മാസ്റ്റര്‍ പ്രസംഗിച്ചത്. പിന്നെ ആ ഗ്രൂപ്പില്‍ മുട്ടത്തു വര്‍ക്കി ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. എം.പി. പോള്‍സ് ട്യൂട്ടോറിയല്‍ കോളജില്‍ കോട്ടയത്ത് കുറെക്കാലം അദ്ധ്യാപകനായിട്ടുണ്ടായിരുന്നെങ്കിലും, ബഷീറിനെപ്പോലെ പലരെയും മലയാളസാഹിത്യത്തിന്റെ മുന്‍പന്തിയിലേക്കു കൊണ്ടുവന്ന എം.പി.പോള്‍ മുട്ടത്തു വര്‍ക്കിയുടെ കാര്യത്തില്‍ നിസ്സംഗത പാലിച്ചു. എന്നിരുന്നാലും എം.പി.പോള്‍ മുട്ടത്തു വര്‍ക്കിയെ തള്ളിപ്പറഞ്ഞിട്ടില്ല. മുട്ടത്തു വര്‍ക്കിയുടെ പുസ്തകങ്ങള്‍ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും മടിച്ചു എന്നാണറിയുന്നത്. അതിന് അവര്‍ മുട്ടത്തു വര്‍ക്കിക്കു കല്പിച്ച അയോഗ്യത, ഭരണസമിതിയംഗങ്ങളുടെ പുസ്തകങ്ങളെക്കാളധികം വര്‍ക്കിയുടെ പുസ്തകങ്ങള്‍ വായിക്കപ്പെട്ടുപോന്നു എന്നതായിരുന്നു.

താത്ത്വികമായി, മലയാള സാഹിത്യശ്രീകോവിലിലെ ഏതോ ഉന്നതമായ സിംഹാസനത്തില്‍ ഇരിപ്പിടം കിട്ടേണ്ട എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞുകൂടി ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

പൈങ്കിളിയായാലും നസ്രാണിയായാലും, കവിതാസാഹിത്യത്തിനു ചങ്ങമ്പുഴ നല്‍കിയ സംഭാവനക്കൊപ്പമെത്തും നോവല്‍ സാഹിത്യത്തിന് മുട്ടത്തു വര്‍ക്കി നല്‍കിയ സംഭാവന, കുടിയേറ്റ കര്‍ഷകന്റെ അടുക്കളയിലെ അടിച്ചേറ്റിയില്‍ മുളകുപൊട്ടിച്ചു കപ്പ തിന്നുന്ന പച്ചയായ മനുഷ്യന്റെ കഥ പറഞ്ഞ മുട്ടത്തു വര്‍ക്കിയെ 'കപ്പതീനിവര്‍ക്കി' യായി ആധുനികര്‍ ആക്ഷേപിച്ചു. മുറ്റത്തു നിന്നു ചുറ്റിത്തിരിയുന്ന 'മുറ്റത്തു വര്‍ക്കി'യാണു മുട്ടത്തു വര്‍ക്കിയെന്നും. ഞൊറിമുണ്ടും ചട്ടയും മേക്കാക്കുണുക്കും ധരിച്ച ക്രിസ്ത്യാനിച്ചേടത്തിയെ വരച്ചുകാട്ടിയ മുട്ടത്തു വര്‍ക്കിയെ 'പള്ളിമതിലേല്‍ക്കിളുത്ത നസ്രാണി വര്‍ക്കി' യെന്നാക്ഷേപിച്ച അവര്‍ ഒന്നു മനസ്സിലാക്കിയില്ല: മലയോര കര്‍ഷകന്റെ മുറ്റത്തു ചുറ്റിത്തിരിയുന്ന മുട്ടത്തുവര്‍ക്കി സഹൃദയരായ മുഴുവന്‍ മലയാളികളുടെയും മനസ്സിന്റെ ശ്രീകോവിലില്‍ രത്‌നസിംഹാസനം പണിത് ഉപവിഷ്ടനായെന്ന്.

മുട്ടത്തു വര്‍ക്കിയുടെ തൂലികയില്‍നിന്നും ഇതള്‍വിരിഞ്ഞ പ്രണയകാവ്യങ്ങളില്‍ പ്രഭാത പുഷ്പങ്ങളുടെ നൈര്‍മല്യമുണ്ടായിരുന്നു. മഞ്ഞുതുള്ളിയുടെ പരിശുദ്ധിയുണ്ടായിരുന്നു. ഊഷ്മളസ്‌നേഹത്തിന്റെ ആര്‍ദ്രതയുണ്ടായിരുന്നു. തന്റെ ഗ്രാമത്തിലെ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് അദ്ദേഹം കൂടുതല്‍ ശോഭ നല്‍കി. വയലോരങ്ങളില്‍ വിടരുന്ന കൈതപ്പൂക്കള്‍ക്ക് കാല്പനികതയുടെ സൗന്ദര്യം നല്‍കി: ഗ്രാമവൃക്ഷങ്ങളിലിരുന്നു പാടിയ കുയിലുകളുടെ പാട്ടുകള്‍ക്ക് അനശ്വരപ്രേമത്തിന്റെ ഈണം നല്‍കി. ഗ്രാമകന്യകമാരുടെ മെയ്യഴകിന് ഏഴു വര്‍ണ്ണങ്ങളും നല്‍കി. അവരുടെ ഇടനെഞ്ചില്‍ പ്രേമസാഫല്യത്തിന്റെ കുളിര്‍മഴ പെയ്യിച്ച, അവരുടെ ആത്മാവിന്റെ അന്തരാളങ്ങളില്‍ അവാചാനുഭ്യൂതികളുടെ തായമ്പക കൊട്ടിച്ച അക്ഷരങ്ങളുടെ തമ്പുരാന്‍! ആ അനശ്വര കഥാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരവിന്റെ ആയിരം പുഷ്പദളങ്ങള്‍ അര്‍പ്പിക്കട്ടെ!

ന്യൂയോര്‍ക്കിലെ വിചാരവേദി
യില്‍ മെയ് 12ന് അവതരിപ്പിച്ചത്
G.Kuttickal 2013-06-02 03:41:18
Muttathu Varkey was de-graded just because he was a Christian and was a loner. the novel Chemmeen is a pure romantic one just like any other novels written by Varkey. But Varkey's novels are categorized as ' pynkili ' novels just because of the jealousy of other writers . Thakazi's chemmeen is a romantic story about a fisher woman and a wealthy man. it is the same kind of stories we see in varkey's novels. I do not understand why he is been typecasted ans insulted by other writers and critics ? i do not consider that greatness with chemmeen . it is purely a romantic novel or a pynkili katha.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക