Image

മൂല്യ തകര്‍ച്ചയും തകരുന്ന ഇന്ത്യയും: ജോസ് കാടാപുറം

ജോസ് കാടാപുറം Published on 22 August, 2013
മൂല്യ തകര്‍ച്ചയും തകരുന്ന ഇന്ത്യയും: ജോസ് കാടാപുറം
രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് കൊമ്പുകുത്തുമ്പോള്‍ ഓഹരി വിപണിയിലും വമ്പിച്ച ഇടിവു നേരിടുന്നു. ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് രൂപ ഇത്രയും താഴ്ച നേരിട്ടത്. ഒരു ഡോളറിന്‍ മേല്‍ 65രൂപ വരെ മാര്‍ക്കറ്റിലുണ്ട് . ഇതൊരു പക്ഷേ 70 രൂപയിലേക്ക് എത്തിയേക്കും.

ഇങ്ങനെ വന്നാല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് കൈയ്യിലിരിക്കുന്ന ഡോളറിന് വിലയുണ്ട്, എന്നാലത് നമ്മുടെ രൂപയാകുമ്പോള്‍ അതിന് പുല്ലുവില എന്നാകുമ്പോള്‍ നാട്ടില്‍ പോയി അല്പം ചിലവാക്കി കളയാമെന്നുവച്ചാല്‍ കളികാര്യമാകും.

എന്തെങ്കിലും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍  സാധനങ്ങളുടെ അതേ തൂക്കത്തില്‍ തന്നെ ഇന്‍ഡ്യന്‍ രൂപ കൊടുക്കേണ്ടി വരും. ഇതവിടെ നിക്കട്ടെ, രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ മൂന്ന് സാമ്പത്തിക പ്രശ്‌നങ്ങള്‍ (1) വിലക്കയറ്റം (2) തൊഴിലില്ലായ്മ (3) വിദേശ വ്യാപാര കമ്മി. ഈ മൂന്നു കാര്യങ്ങളും തകര്‍ന്നടിഞ്ഞ ഇന്‍ഡ്യന്‍ റൂപിയുടെ ദൂരവ്യാപകഫലങ്ങളാണ്. വിലക്കയറ്റത്തിന്റെ പ്രധാന കാര്യങ്ങളിലൊന്ന് ഊഹക്കച്ചവടമാണെന്ന് പരക്കെ സമ്മതിക്കുന്ന കാര്യമാണ്. അതുപോലെ രൂപ താഴെ പോകുന്നത് തകരുന്ന ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയുടെ സൂചനയാണ്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടാന്‍ തുടങ്ങി.

കറന്‍സിയുടെ മൂല്യം നിര്‍ണ്ണയിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്, ഒന്നാമത്തെത് പണപ്പെരുപ്പം രണ്ടാമത്തെത് വിദേശ നാണ്യ ശേഖരത്തിന്റെ നില. ഇതാണെങ്കില്‍ ബാലന്‍സ് ഓഫ് പേയ്‌മെന്റിന്റെ അടിസ്ഥാനത്തിലാണു താനും.

വമ്പിച്ച കറന്റ് അക്കൗണ്ട് മിച്ചമുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഉയര്‍ന്നിരിക്കും, കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യത്തിന്റെ കറന്‍സി മൂല്യം ഇടിഞ്ഞിരിക്കും. ഇതാണ് ഇന്‍ഡ്യയുടെ കഥ. കറന്റ് അക്കൗണ്ട് കമ്മിയാണ് അതുകൊണ്ട് മൂല്യം ഇടിഞ്ഞു കൊണ്ടേയിരിക്കുന്നു. മറ്റു ചില കാരണങ്ങള്‍ രാഷ്ട്രീയ സ്ഥിരത, നിക്ഷേപ കാലാവസ്ഥ, സമ്പദ് ഘടന, പലിശ നിരക്ക് ഇവയൊക്കെ ഇന്‍ഡ്യയില്‍ പ്രതികൂലമായതുകൊണ്ട് മൂല്യം ഇനിയും ഇടിയുമെന്നാണ് സൂചന.

മാത്രമല്ല അമേരിക്കന്‍  Standard and Poor ഇന്‍ഡ്യയുടെ വിദേശ വായ്പയ്ക്കുള്ള ക്രെഡിറ്റ് റേറ്റിംഗ് വളരെ താഴ്ത്തിയിരിക്കുകയാണ്. ഒരു വ്യക്തിയോ സ്ഥാപനത്തിനോ ലോണ്‍ എടുക്കണമെങ്കില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ കിട്ടും. അല്ലാത്തവര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും. നമ്മുക്കിപ്പോള്‍ ലോണേ കിട്ടാന്‍ പാടായിരിക്കുകയാണെന്നാണ് നമ്മുടെ റേറ്റിംഗ് കണ്ടിട്ട് ഈ റേറ്റിംഗ് കമ്പനി പറയുന്നത്.

ഇതു കേട്ടിട്ട് നമ്മുടെ ധനകാര്യ മന്ത്രി ഒട്ടേറെ പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരുന്നു. അവയെല്ലാം വെള്ളത്തിലെ വരപോലെയാണ്. കുംഭകോണങ്ങള്‍ പലതു കഴിഞ്ഞിട്ട് ജയില്‍ പോയ മഹാന്‍മാര്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് നമ്മുടെ രാജ്യത്തല്ലാതെ വേറെ എവിടെ നടക്കും!! മന്ത്രി ബഡ്ജറ്റില്‍ പറഞ്ഞത് കമ്മികുറയ്ക്കുമെന്നാണ്. എന്നാല്‍ ബഡ്ജറ്റ് ഒരു വഴിയ്ക്കും യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറുവഴിക്കുമാണെന്നുള്ളത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

കേരളം, പഞ്ചാബ്, ബംഗാള്‍ ഈ മൂന്നു സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയാണ്. നമ്മുടെ കേരളത്തില്‍ എടിഎമ്മിലും ബാങ്കുകളിലും ഒക്കെ കള്ളനോട്ടിന്റെ കളിയാണ്.   എം.എല്‍.എ മാരെയും മറ്റും വിലയ്ക്കു വാങ്ങേണ്ടി വരുമ്പോള്‍ കള്ളപ്പണം ഉപയോഗിച്ചല്ലേ പറ്റൂ. ആരു ചോദിക്കാന്‍. ഭരണം നിലനിര്‍ത്തുകയാണ് കേരളത്തിലെ പാവപ്പെട്ടവന്റെ ഏറ്റുവും വലിയ കാര്യം?!!,  നമ്മുടെ മന്ത്രിമാര്‍ കൊടിവച്ച കാറില്‍ പറക്കുന്നു പരസ്പരം എല്ലാം പങ്കുവയ്ക്കുന്നു. അവര്‍ക്ക് താരാനുള്ളത് ആകെ നാറുന്ന മാലിന്യം മാത്രം.

നമ്മുടെ പ്രധാന മന്ത്രി എന്ത് സംഭവിച്ചാലും ഒരാഴ്ച കഴിയുമ്പോഴെ അറിയൂ. അദ്ദേഹത്തിന്റെ ബാറ്ററി തീര്‍ന്നിരിക്കുകയാണ്?!! ആരെ ആശ്രയിക്കും, കോര്‍പ്പറേറ്റുകളില്‍ നിന്ന് നികുതി പിരിക്കണം, കള്ളപ്പണം പിടിച്ചെടുത്ത് വരുമാനം കൂട്ടണം. അല്ലാതെ വില വര്‍ദ്ധിപ്പിച്ച് സാധാരണക്കാരനെ കൂടുതല്‍ കുഴപ്പത്തലാക്കുയല്ല വേണ്ടത്..!!

ചുരുക്കത്തില്‍ അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയില്‍ വിദേശ നിക്ഷേപങ്ങള്‍ വേണ്ടെന്നു വെയ്ക്കുകകൂടി ചെയ്തപ്പോള്‍ രൂപയുടെ മൂല്യം വീണ്ടും വീണ്ടും ഇടിഞ്ഞു. ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ തെറ്റായ സാമ്പത്തിക തീരുമാനങ്ങളിലേക്ക് ഇനിയും ഗവണ്‍മെന്റ് പോയാല്‍ ഇന്‍ഡ്യന്‍ രൂപ കൂടുതല്‍ ആഴത്തിലുള്ള താഴ്ച നേരിടേണ്ടി വരും.

Join WhatsApp News
Anthappan 2013-08-22 18:56:42
A well written article
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക